2013, മേയ് 5, ഞായറാഴ്‌ച

എണ്ണയുടെ നാട്ടില്‍ ഒരു സൗരോര്‍ജ നിലയം



Posted on: 04 May 2013

ചിത്രങ്ങളും എഴുത്തും: രമേഷ് മോനോന്‍[



എണ്ണയുടെ നാട്ടില്‍ സൗരോര്‍ജ നിലയമോ! അതെ, യുണൈറ്റഡ് അറബ് എമിരൈറ്റിലെ ഷാംസ് സൗരോര്‍ജ നിലയം, ലോകത്തിലെ തന്നെ ഏറ്റവും വലിയ സൗരോര്‍ജ നിലയങ്ങളിലൊന്നാണ്. അബുദാബിയില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ഷാംസ് നിലയം കഴിഞ്ഞ മാര്‍ച്ച് 17 നാണ് പ്രവര്‍ത്തനമാരംഭിച്ചത്.

പാരബോളിക് ട്രഫ് ടെക്‌നോളജി ഉപയോഗിക്കുന്ന ഷാംസ് 1 ( Shams 1 ) ആണ് ഇപ്പോള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ള ആദ്യഘട്ടം. സൗരോര്‍ജത്തെ താപോര്‍ജമായി പരിവര്‍ത്തനം ചെയ്ത് അതുപയോഗിച്ച് 100 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ഷാംസ് 1 ന് സാധിക്കും. ഷാംസ് 2, ഷാംസ് 3 സ്‌റ്റേഷനുകള്‍ താമസിയാതെ കമ്മീഷന്‍ ചെയ്യും.

ഷാംസ് 1 നിലയത്തില്‍ 100 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുക വഴി, പ്രതിവര്‍ഷം 175,000 ടണ്‍ കാര്‍ബണ്‍ഡയോക്‌സയ്ഡ് അന്തരീക്ഷത്തില്‍ വ്യാപിക്കുന്നത് ചെറുക്കാനാകുമെന്നാണ് കണക്ക്. 20,000 ഭവനങ്ങളില്‍ വെളിച്ചമെത്തിക്കാന്‍ ഇത്രയും വൈദ്യുതികൊണ്ട് കഴിയും.

സൗരോര്‍ജം ആഗിരണം ചെയ്യാന്‍ 258,048 പരാബോളിക് ട്രഫ് ദര്‍പ്പണങ്ങള്‍ ഷാംസ് 1 നിലയത്തിലുണ്ട്. ഈ ദര്‍പ്പണങ്ങളും അനുബന്ധ ഉപകരണങ്ങളുമെല്ലാംകൂടി രണ്ടര ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് വ്യാപിച്ചിരിക്കുന്നു.

അബുദാബി ഫ്യൂച്ചര്‍ എനര്‍ജി കമ്പനിക്ക് കീഴിലുള്ള ഷാംസ് പവര്‍ കമ്പനിയാണ് ഈ സൗരോര്‍ജ നിലയം നിര്‍മിച്ചത്. സ്പാനിഷ്, ഫ്രഞ്ച് കമ്പനികള്‍ നിര്‍മാണത്തില്‍ സഹകരിച്ചു.






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ