2013, മേയ് 18, ശനിയാഴ്‌ച

കുടിവെള്ളം: വേണ്ടത് നിതാന്ത ജാഗ്രത

എം.പി. വീരേന്ദ്രകുമാര്‍




കോടാനുകോടി ഡോളര്‍ വിറ്റുവരവുള്ള 'ബിസിനസ്സാ'ണ് കുത്തകകള്‍ക്ക് കുടിവെള്ളം. നമ്മുടെ നാട്ടിലും കുടിവെള്ളസ്വകാര്യവത്കരണത്തിനുള്ള ഏത് ശ്രമത്തിനെതിരെയും അതിനിശിതമായ പ്രതിരോധമുയരണം. നദികള്‍, കുളങ്ങള്‍, കിണറുകള്‍ തുടങ്ങിയവ സ്വകാര്യവത്കരിച്ചുകഴിഞ്ഞാല്‍ അടുത്ത നീക്കം മഴവെള്ളം സ്വകാര്യവത്കരിക്കാനായിരിക്കും. അതോടെ നമ്മുടെ 
ഓരോ ഗ്രാമവും ഓരോ കൊച്ചബാംബയായിത്തീരും

ലോകം ദ്രുതഗതിയില്‍ ജലപാപ്പരത്തത്തിലേക്ക് നിപതിച്ചുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാല സാഹചര്യങ്ങള്‍, കുടിവെള്ളത്തിന്റെ രാഷ്ട്രീയത്തെ നിരങ്കുശമായ ഭ്രാതൃഹത്യയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നു. ആഗോളകുത്തകകളാകട്ടെ, ജലദൗര്‍ലഭ്യം മുതലെടുത്തുകൊണ്ട്, കുടിവെള്ളക്കച്ചവടത്തില്‍ വന്‍നിക്ഷേപങ്ങള്‍ നടത്തുകയുമാണ്. പ്രശസ്ത ഇന്‍ഡൊനീഷ്യന്‍ എഴുത്തുകാരന്‍ പ്രമോദ്യ അനന്തതൂര്‍ നവസാനമ്രാജ്യത്വത്തിന്റെ അവതാരമായ, മനസ്സാക്ഷിയില്ലാത്ത മൂലധനത്തെക്കുറിച്ച് 'ചൈല്‍ഡ് ഓഫ് ഓള്‍ നേഷന്‍സ്' (1980) എന്ന കൃതിയില്‍ ഇപ്രകാരം പറയുന്നു:
''മൂലധനമെന്ന് ആളുകള്‍ വിശേഷിപ്പിക്കുന്നത് വെറും പണത്തെമാത്രമല്ല. എന്തും ഏതും ലാഭസ്രോതസ്സാക്കിമാറ്റാനുള്ള ഭീകരശ്രമങ്ങളാണ് മൂലധനനിക്ഷേപം എന്ന പദം ഉള്‍ക്കൊള്ളുന്നത്. ഓരോ കവിള്‍ കുടിവെള്ളവും ആഗോളകുത്തകകളുടെ ലാഭം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നു. ഭാവിയില്‍, നാം ശ്വസിക്കുന്ന ജീവവായുവിനും വന്‍വില നല്‍കേണ്ടതായി വന്നേക്കും''. കുടിവെള്ള സ്വകാര്യവത്കരണത്തില്‍ അന്തര്‍ഭവിച്ച വിപത്തുകളിലേക്കാണദ്ദേഹം വിരല്‍ചൂണ്ടുന്നത്.
ബൊളീവിയയിലെ കൊച്ചബാംബയിലും (1999) ഘാനയിലെ ആക്രയിലും (2001) കുടിവെള്ള സ്വകാര്യവത്കരണത്തിനെതിരെ ജനകീയ മുന്നേറ്റങ്ങളുണ്ടായി. കൊച്ചബാംബ, ആക്ര പ്രഖ്യാപനങ്ങള്‍ സ്വകാര്യ കുത്തകകള്‍ക്കെതിരെ അണപൊട്ടിയ ജനരോഷത്തിന്റെ മാറ്റൊലികളായിരുന്നു.
പാലക്കാട് ജില്ലയിലെ പ്ലാച്ചിമടയില്‍ കൊക്കകോളയുടെയും പുതുശ്ശേരിയില്‍ പെപ്‌സിയുടെയും ജലചൂഷണത്തിനെതിരെ കേരളത്തിലും ജനകീയ പ്രക്ഷോഭങ്ങളുണ്ടായി. അതിന്റെ ഭാഗമായി 2004 ജനവരി 21-ാം തീയതി പ്ലാച്ചിമടയില്‍ ആരംഭിച്ച് 23-ാം തീയതി പുതുശ്ശേരിയില്‍ സമാപിച്ച ഒരു ലോകജലസമ്മേളനം നടന്നു. 'ബ്ലൂ ഗോള്‍ഡ്' എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ഡോ. മോഡ് ബാര്‍ലൊ (കാനഡ), വാര്‍ഡ് മോര്‍ ഹൗസ് (അമേരിക്ക), ഇന്‍ഷ്വര്‍ ഷോര്‍ലിങ് (സ്വീഡന്‍), ഹെയ്തി ഫൗതാല (ഫിന്‍ലന്‍ഡ്) തുടങ്ങിയ മുപ്പതോളം വിദേശ പരിസ്ഥിതി-മനുഷ്യാവകാശ പ്രവര്‍ത്തകരും ഡോ. സുകുമാര്‍ അഴീക്കോട്, ഡോ. രാജേന്ദ്രസിങ്, ഡോ. അല്‍ഫാത്തൂ ണ്‍, ഡോ. വന്ദനശിവ, വി.എസ്. അച്യുതാനന്ദന്‍, എം.ടി.വാസുദേവന്‍ നായര്‍, മുന്‍ മാതൃഭൂമി പത്രാധിപര്‍ കെ. ഗോപാലകൃഷ്ണന്‍ തുടങ്ങി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള സാംസ്‌കാരിക -പരിസ്ഥിതി പ്രവര്‍ത്തകരും വിവിധ സംഘടനാനേതാക്കളും സമ്മേളനത്തില്‍ സംബന്ധിച്ചിരുന്നു.

2002 ഏപ്രില്‍ 22-ാം തീയതി മുതല്‍ പ്ലാച്ചിമടയിലെ ആദിവാസികള്‍, മയിലമ്മയുടെയും കെ.കൃഷ്ണന്റെയും മറ്റും നേതൃത്വത്തില്‍, കോളക്കമ്പനി നടത്തുന്ന ജലചൂഷണത്തിനെതിരെ ആരംഭിച്ച ഐതിഹാസികസമരത്തിന് പിന്തുണ നല്‍കുന്ന പ്ലാച്ചിമട പ്രഖ്യാപനം അതിജീവനത്തിന്റെ മാഗ്‌നകാര്‍ട്ട തന്നെയായിരുന്നു. ''ജലം ജീവന്റെ ആധാരമാണ്; അത് പ്രകൃതിയുടെ വരദാനമാണ്, അത് ഈ ലോകത്തിലെ സമസ്ത ജീവജാലങ്ങളുടേതുമാണ്'' എന്ന് തുടങ്ങുന്ന, ഡോ. മോഡ് ബാര്‍ലൊവും യശശ്ശരീരനായ ഡോ. സുകുമാര്‍ അഴീക്കോടും ചേര്‍ന്ന് വായിച്ച, ഈ പ്രഖ്യാപനം ആഗോളതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു. പ്ലാച്ചിമടയിലെ സമരനായിക മയിലമ്മ ഇന്ന് നമ്മോടൊപ്പമില്ല. അവിടത്തെ കൊക്കകോള ഫാക്ടറി ഇന്ന് അടഞ്ഞുകിടക്കുകയുമാണ്.

ഒരു വര്‍ഷം കേരളത്തിനാവശ്യമായ കുടിവെള്ളം 88.3 കോടി ഘനമീറ്റര്‍ ആണെന്ന് കണക്കുകള്‍
പറയുന്നു. അതായത്, സംസ്ഥാനത്ത് ലഭിക്കുന്ന മഴയുടെ 0.75 ശതമാനം മാത്രം. മേല്‍ക്കൂരയിലും
മുറ്റത്തും വന്നുവീണ് നഷ്ടപ്പെടുന്ന മഴവെള്ളം സംഭരിച്ചുപയോഗിക്കാന്‍ ഇപ്പോഴും ഫലപ്രദമായ
നടപടികള്‍ നാം സ്വീകരിച്ചിട്ടില്ല



ഐ.എം.എഫ്., ലോകബാങ്ക്, എ.ഡി.ബി. തുടങ്ങിയ അന്തര്‍ദേശീയ ഏജന്‍സികളുടെ അനുഗ്രഹാശിസ്സുകളോടെയാണ് ബഹുരാഷ്ട്ര കുത്തകകള്‍ കുടിവെള്ളമടക്കമുള്ള പ്രകൃതിവിഭവങ്ങള്‍ സ്വകാര്യവത്കരിച്ചുകൊണ്ടിരിക്കുന്നത്. കോടാനുകോടി ഡോളര്‍ വിറ്റുവരവുള്ള 'ബിസിനസ്സാ'ണ് അവര്‍ക്ക് കുടിവെള്ളം. നമ്മുടെ നാട്ടിലും കുടിവെള്ളസ്വകാര്യവത്കരണത്തിനുള്ള ഏതു ശ്രമത്തിനെതിരെയും അതിനിശിതമായ പ്രതിരോധമുയരണം. നദികള്‍, കുളങ്ങള്‍, കിണറുകള്‍ തുടങ്ങിയവ സ്വകാര്യവത്കരിച്ചുകഴിഞ്ഞാല്‍ അടുത്ത നീക്കം മഴവെള്ളം സ്വകാര്യവത്കരിക്കാനായിരിക്കും. അതോടെ നമ്മുടെ ഓരോ ഗ്രാമവും ഓരോ കൊച്ചബാംബയായിത്തീരും.
38,855 ചതുരശ്ര കിലോമീറ്ററാണ് കേരളത്തിന്റെ വിസ്തൃതി. ഇവിടെ ലഭിക്കുന്ന ശരാശരി മഴയാകട്ടെ, 3,000 മില്ലിമീറ്ററും. അങ്ങനെയാകുമ്പോള്‍ കേരളത്തില്‍ വാര്‍ഷികവര്‍ഷപാതത്തിലൂടെ 11,650 കോടി ഘനമീറ്റര്‍ മഴവെള്ളം ലഭിക്കുന്നതായി വേണം കരുതാന്‍. ഇതിന്റെ 35 ശതമാനവും, അതായത് 400 കോടി ഘനമീറ്റര്‍ ജലം കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കാരണം നദികളിലൂടെ ഒഴുകി 48 മണിക്കൂറിനകം അറബിക്കടലില്‍ വിലയം പ്രാപിക്കുന്നു. ഇതിന്റെ അന്‍പതിലൊരു ഭാഗമെങ്കിലും സംഭരിക്കുവാന്‍ നമുക്ക് കഴിഞ്ഞാല്‍ കേരളത്തില്‍ കുടിവെള്ളക്ഷാമം വലിയൊരളവുവരെ നിയന്ത്രിക്കാനാകുമായിരുന്നു.

ഒരു വര്‍ഷം കേരളത്തിനാവശ്യമായ കുടിവെള്ളം 88.3 കോടി ഘനമീറ്റര്‍ ആണെന്ന് കണക്കുകള്‍ പറയുന്നു. അതായത്, സംസ്ഥാനത്ത് ലഭിക്കുന്ന മഴയുടെ 0.75 ശതമാനം മാത്രം. മേല്‍ക്കൂരയിലും മുറ്റത്തും വന്നുവീണ് നഷ്ടപ്പെടുന്ന മഴവെള്ളം സംഭരിച്ചുപയോഗിക്കാന്‍ ഇപ്പോഴും ഫലപ്രദമായ നടപടികള്‍ നാം സ്വീകരിച്ചിട്ടില്ല; തത്സംബന്ധമായി നിയമങ്ങളുണ്ടെങ്കിലും. താത്കാലിക ആശ്വാസനടപടികളല്ല, ദീര്‍ഘവും സുസ്ഥിരവും ശാസ്ത്രീയവുമായ ആസൂത്രണങ്ങളും പദ്ധതികളുമാണ് ഇന്നത്തെ സാഹചര്യങ്ങളില്‍ അനിവാര്യം. ഇതിന് ഭൂഗര്‍ഭജല സംരക്ഷണവും മഴവെള്ളസംഭരണവും ഉപരിതല ജലനിയന്ത്രണവുമെല്ലാം ഉള്‍പ്പെടുന്ന ഒരു സമഗ്ര ജലഉപഭോഗ മാനേജ്‌മെന്റിന് അടിയന്തരമായി രൂപംനല്‍കേണ്ടതുണ്ട്.
നദികള്‍, അരുവികള്‍, നീര്‍ച്ചാലുകള്‍ എന്നിവയില്‍ തടയണകളും അടിയണകളും നിര്‍മിച്ചും കുളങ്ങള്‍, കായലുകള്‍, ചതുപ്പുനിലങ്ങള്‍, വയലുകള്‍ തുടങ്ങിയ ജലസംഭരണകേന്ദ്രങ്ങള്‍ സംരക്ഷിച്ചും മഴക്കുഴികള്‍, ബണ്ടുകള്‍ തുടങ്ങിയവ നിര്‍മിച്ചും വനവത്കരണം, സസ്യാവരണം തുടങ്ങിയവ വ്യാപകമാക്കിയും ലഭ്യമാകുന്ന ജലം സംരക്ഷിക്കുകയാണ് ജലസംരക്ഷണംകൊണ്ടുദ്ദേശിക്കുന്നത്. ജലസ്രോതസ്സുകള്‍ പലതുമുണ്ടെങ്കിലും അവയില്‍ വെള്ളം നിലനിര്‍ത്താനുള്ള ഫലപ്രദമായ നടപടികളൊന്നുമുണ്ടാകുന്നില്ല.
ഈ സാഹചര്യത്തില്‍ ജലക്ഷാമത്തെ നേരിടുവാന്‍ 'മഴവെള്ളക്കൊയ്ത്ത് ' അനിവാര്യമായിരിക്കുന്നു. ജലം ശേഖരിക്കുവാനും ശുദ്ധീകരിക്കുവാനും വേണ്ടി വീടിന്റെ മട്ടുപ്പാവില്‍ വീഴുന്ന മഴവെള്ളം സംഭരിച്ച് സംസ്‌കരിക്കുന്നതാണ് പ്രധാനമായും മഴക്കൊയ്ത്തുകൊണ്ടുദ്ദേശിക്കുന്നത്. പുരപ്പുറത്ത് വീഴുന്ന മഴവെള്ളം പാത്തികളിലൂടെ പി.വി.സി. പൈപ്പുവഴി ഫില്‍ട്ടര്‍ ബക്കറ്റിലെത്തുന്നു. 30 സെ.മീ. ഘനത്തില്‍ പാറക്കല്ലുകള്‍, ചകിരി, ആറ്റുമണല്‍, ചെറിയ കരിങ്കല്‍ചീളുകള്‍, ചിരട്ടക്കരി എന്നിവ ക്രമത്തില്‍ അടുക്കിയ പ്രക്രിയയിലൂടെ ബക്കറ്റിന്റെ ചുവട്ടിലെ സുഷിരങ്ങള്‍വഴി വെള്ളം സംഭരണികളിലെത്തിച്ചേരുന്നു. തുടര്‍ന്ന് കിണറുകളിലേക്കുള്ള ഉറവകളായിത്തീരുന്നു. നൂറ് ചതുരശ്ര മീറ്റര്‍ മേല്‍ക്കൂരയില്‍നിന്ന് ലഭിക്കുന്ന മഴവെള്ളം ഒരു ശരാശരി കുടുംബത്തിന്റെ മൂന്നുമാസത്തെ ആവശ്യങ്ങള്‍ക്ക് പര്യാപ്തമാണെന്ന് അനുഭവങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. മഴവെള്ള സംഭരണവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ പല പദ്ധതികളും ആവിഷ്‌കരിച്ചിരുന്നുവെങ്കിലും അവ നടപ്പാക്കാന്‍ നമുക്കിതുവരെ കഴിഞ്ഞിട്ടില്ല.

മേല്‍ക്കൂരജലം വീട്ടാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നില്ലെങ്കില്‍ അത് മണ്ണിലേക്ക് തന്നെ ഒഴുക്കിവിടാന്‍ സാഹചര്യം സൃഷ്ടിക്കേണ്ടതാണ്. റോഡിലെ ഓടകളിലൂടെ ഒഴുകി നഷ്ടപ്പെടുന്ന വെള്ളം ഭൂമിക്കടിയിലേക്ക് ഒഴുക്കിയാല്‍ മഴക്കാലത്ത് നഗരങ്ങളില്‍ മലിനജലമുയരുന്നതിന് തടയിടാനാവും. ഇതിലൂടെ ഭൂഗര്‍ഭജലവിതാനം ഉയര്‍ത്താനും കഴിയും.
വീട്ടില്‍ന്നിന്നുതന്നെ തുടങ്ങണം ജലസംരക്ഷണപരിപാടികള്‍. കുളിക്കാനും അലക്കാനും എന്തിന് കൈകഴുകാന്‍ വരെ നാം ആവശ്യത്തിലേറെ വെള്ളം ഉപയോഗിക്കുന്നുണ്ട്. നിത്യജീവിതത്തില്‍ ഇങ്ങനെ നടത്തുന്ന ജലദുരുപയോഗത്തെക്കുറിച്ച് ഗൗരവത്തോടെ ആരും ചിന്തിക്കുന്നില്ല. തുണിയലക്കുന്ന വെള്ളം തറകഴുകാനുപയോഗിക്കാം. അടുക്കളയില്‍ നിന്ന് ഒഴുക്കിക്കളയുന്ന വെള്ളം അടുക്കളത്തോട്ടത്തിലേക്കോ തെങ്ങിന്‍ തടത്തിലേക്കോ അല്ലെങ്കില്‍ ഒരു കുഴിയെടുത്ത് അതിലേേക്കാ തിരിച്ചുവിടാവുന്നതാണ്.
കേരളത്തില്‍ പെയ്യുന്ന മഴയുടെ മൂന്നിലൊന്ന് സംഭരിക്കാനായാല്‍ത്തന്നെ ജലക്ഷാമത്തിന് വലിയതോതില്‍ പരിഹാരം കാണാനാകുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. കുഴല്‍ക്കിണറുകള്‍ നിര്‍മിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുക, പുരയിടങ്ങളില്‍ മഴവെള്ളം കെട്ടിനിര്‍ത്തി വറ്റിക്കാനുള്ള സംവിധാനങ്ങളേര്‍പ്പെടുത്തുക, പുരയിടങ്ങള്‍ക്കുചുറ്റും വരമ്പുകള്‍ കെട്ടുക, പുരയിടങ്ങളെ ചെറിയ കള്ളികളാക്കി വരമ്പിട്ടുതിരിക്കുക, കമുക്, മാവ്, പ്ലാവ് മുതലായ വൃക്ഷങ്ങള്‍ക്ക് മിതമായ ആഴത്തിലും ആകാവുന്നത്ര വിസ്തൃതിയിലും തടമെടുക്കുക, മരം മുറിക്കുമ്പോള്‍ പകരം വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കുക, വേനലില്‍ കുളങ്ങള്‍ വൃത്തിയാക്കുക, പാറമടകളില്‍ വെള്ളം സംരക്ഷിച്ച് ഉപയോഗിക്കുക, പാടങ്ങളും ചതുപ്പുകളും കുളങ്ങളും നികത്താതിരിക്കുക, കല്ല്/മണ്‍കയ്യാലകള്‍ കെട്ടിയുയര്‍ത്തുക, ചരിവുള്ള കൃഷിയിടങ്ങളെ തട്ടുകളാക്കിത്തിരിക്കുക, തോടുകളില്‍ തടയണകള്‍ നിര്‍മിക്കുക തുടങ്ങിയവ അടിയന്തരശ്രദ്ധ അര്‍ഹിക്കുന്ന നിര്‍ദേശങ്ങളാണ്.
നമ്മുടെ നാട്ടിന്‍പ്രദേശത്തുകാണുന്ന ചെങ്കല്‍/കരിങ്കല്‍ ക്വാറികള്‍ മികച്ച ജലസംഭരണികളാണ്. പറമ്പില്‍ ലഭിക്കുന്ന മഴവെള്ളം ചാലുകള്‍ കീറി ഈ കുഴികളിലെത്തിച്ചാല്‍ ഭൂഗര്‍ഭജലവിതാനം ഉയരും; അടുത്തുള്ള കിണറുകളില്‍ വേനല്‍ക്കാലത്തും കുടിവെള്ളം ലഭിക്കുകയും ചെയ്യും. ജലസംരക്ഷണ സംബന്ധിയായ ഒന്നുംതന്നെ നിസ്സാരമല്ലെന്ന് ഇനിയെങ്കിലും നാം തിരിച്ചറിയേണ്ടതുണ്ട്.

ഇതോടൊപ്പം ചര്‍ച്ചചെയ്യേണ്ട വിഷയമാണ് ജലമലിനീകരണം. വേണ്ടവിധത്തില്‍ ശുദ്ധീകരിക്കാതെ പുറന്തള്ളുന്ന വിഷവസ്തുക്കളും രാസവസ്തുക്കളുമടങ്ങുന്ന വ്യവസായമാലിന്യങ്ങള്‍ ഒഴിവാക്കിയാല്‍ത്തന്നെ നമ്മുടെ ജലാശയങ്ങള്‍ ഏറെക്കുറേ മാലിന്യമുക്തമാകും. രാസവസ്തുക്കളുപയോഗിക്കാത്ത ജൈവകൃഷിസമ്പ്രദായം സ്വീകരിച്ചാല്‍ ജലമലിനീകരണം വലിയൊരളവുവരെ നിയന്ത്രിക്കാന്‍ കഴിയും. അറവുമാലിന്യങ്ങള്‍, പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍, നാനാവിധത്തിലുള്ള പാഴ്‌വസ്തുക്കള്‍ തുടങ്ങിയവ ജലാശയങ്ങളിലും റോഡുകളിലും മറ്റും തള്ളുന്നത് കേരളത്തിലെ പതിവുകാഴ്ചയാണ്. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ശുദ്ധജലവും ശുദ്ധവായുവും സമൃദ്ധമായുണ്ടായിരുന്ന കേരളത്തിലെ ഗ്രാമങ്ങള്‍ പോലും ഇന്ന് കടുത്ത മലിനീകരണത്തിന്റെ പിടിയിലമര്‍ന്നിരിക്കുന്നു.

പ്രകൃതിയുടെ വരദാനമാണ് ജലം. അതുപയോഗിക്കാന്‍ നമുക്ക് അര്‍ഹതയുള്ളപോലെത്തന്നെ അത് സംരക്ഷിക്കാനും വരുംതലമുറകള്‍ക്കുവേണ്ടി നിലനിര്‍ത്താനും നാം ബാധ്യസ്ഥരാണ്. ജലമടക്കമുള്ള അപൂര്‍വവും അമൂല്യവുമായ പ്രകൃതിവിഭവങ്ങളുടെ നിര്‍ണായക പ്രാധാന്യത്തെക്കുറിച്ച് മഹാത്മജി ദശകങ്ങള്‍ക്കുമുമ്പുതന്നെ തിരിച്ചറിഞ്ഞിരുന്നു. അതേക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാന്‍ തന്റെ പ്രസംഗങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും അദ്ദേഹം നിരന്തരം ശ്രമിക്കുകയും ചെയ്തു. ഗാന്ധിജിയുടെ വിഖ്യാതമായ വാക്കുകള്‍ ഇങ്ങനെ: ''ഭൂമിയില്‍ മനുഷ്യന്റെ ആവശ്യത്തിനുള്ളതുണ്ട്; എന്നാല്‍, അവന്റെ അത്യാര്‍ത്തിക്കാവശ്യമായതൊട്ടില്ലതാനും''. ഇന്നത്തെ പൊള്ളുന്ന സാഹചര്യത്തില്‍ വിലയിരുത്തുമ്പോള്‍, മഹാത്മജിയുടെ വാക്കുകള്‍ പ്രവചനാത്മകമായിരുന്നുവെന്ന് വ്യക്തമാവുന്നു.

മറ്റെന്തിനെക്കാളുമേറെ ഇന്നത്തെ അടിയന്തരാവശ്യം ജലസംരക്ഷണത്തിനായി ഒരു മഹാപ്രസ്ഥാനത്തിന് രൂപംകൊടുക്കുകയും അത് കര്‍ശനമായി നടപ്പാക്കുകയും ചെയ്യുകയെന്നതാണ്. ഇക്കാര്യത്തില്‍ സര്‍ക്കാറുകളെ മാത്രം ആശ്രയിച്ചിട്ടുകാര്യമില്ല. വേണ്ടത്, കുടിവെള്ളം സംരക്ഷിക്കാനും സ്വകാര്യവത്കരണത്തെ ചെറുക്കാനുമുള്ള സമൂഹത്തിന്റെ നിതാന്ത ജാഗ്രതയാണ്; ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ജലസംരക്ഷണ യത്‌നങ്ങളാണ്. മാനവരാശിയെയും ജീവജാലങ്ങളെയും നിലനിര്‍ത്താനുള്ള ഈ നിര്‍ണായകപോരാട്ടത്തില്‍ ആബാലവൃദ്ധം ജനങ്ങളും പങ്കുചേരണം. രാഷ്ട്രീയകക്ഷികള്‍ തിരഞ്ഞെടുപ്പ് വിജയത്തിനുവേണ്ടിയുള്ള താത്കാലികാടിസ്ഥാനത്തിലുള്ള കര്‍മപരിപാടികളെപ്പോലെ ഈ ജീവല്‍പ്രശ്‌നത്തെ കാണരുത്. അഭിപ്രായഭിന്നതകള്‍ മറന്ന് എല്ലാപാര്‍ട്ടികളും ഈ മഹാദുരന്തത്തിനെതിരെ ഒരേവേദിയില്‍ അണിനിരക്കണം. സ്‌കൂള്‍തലംതൊട്ടുള്ള വിദ്യാര്‍ഥികളും രക്ഷിതാക്കളും സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകരും ഈ ജനകീയ കൂട്ടായ്മയില്‍ അണിചേരണം. കുടിവെള്ള പ്രശ്‌നം നമ്മുടേതല്ല, അത് മറ്റുള്ളവരുടേതാണ് എന്ന കുറ്റകരമായ ആലസ്യത്തിലായിരുന്നു നാം. ഇനിയും നാം പൊള്ളുന്ന യാഥാര്‍ഥ്യങ്ങളിലേക്കുണരുന്നില്ലെങ്കില്‍ ഭൂമിയുടെ ഊഷരതയില്‍ ജീവജാലങ്ങളൊടുങ്ങും.
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ