2013, ഫെബ്രുവരി 28, വ്യാഴാഴ്‌ച

വയനാട്ടില്‍ രാജവെമ്പാലയും കാടിറങ്ങുന്നു


  1. #കാലാവസ്ഥാ വ്യതിയാനം പ്രശ്‌നമാകുന്നു
     കല്പറ്റ: കാലാവസ്ഥാ വ്യതിയാനം ആവാസ വ്യവസ്ഥയിലുണ്ടാക്കിയ മാറ്റങ്ങള്‍മൂലം വയനാട്ടില്‍ രാജവെമ്പാലകള്‍ ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്നത് പതിവാകുന്നു.ഉള്‍വനങ്ങളിലെ നിത്യഹരിത മഴക്കാടുകളില്‍ മാത്രം കാണപ്പെട്ടിരുന്ന രാജവെമ്പാലകള്‍ നാട്ടിലിറങ്ങുന്നത് അപൂര്‍വമായിരുന്നു. എന്നാല്‍, മേപ്പാടി, കല്പറ്റ വനം റെയ്ഞ്ചുകളുടെ പരിധിയില്‍ ഒരുവര്‍ഷത്തിനിടെ ജനവാസ മേഖലകളിലിറങ്ങിയ എട്ട് രാജവെമ്പാലകളെയാണ് വനംവകുപ്പ് പിടികൂടി വനത്തില്‍ വിട്ടത്.പാമ്പുപിടിത്ത വിദഗ്ധന്‍ മേപ്പാടി സി.എ. അഹമ്മദ് ബഷീറിന്റെ സഹായത്തോടെയാണ് വനംവകുപ്പ് ഇവയെ പിടികൂടിയത്. വരള്‍ച്ചമൂലം ഉള്‍വനങ്ങളിലെ മഴക്കാടുകളുടെ നാശം, റിസോര്‍ട്ട് ഉള്‍പ്പെടെ വനമേഖലയിലെ നിര്‍മാണ പ്രവര്‍ത്തനം, ജലക്ഷാമം, കാട്ടുതീ എന്നിവയൊക്കെ രാജവെമ്പാലകള്‍ നാട്ടിലിറങ്ങാന്‍ കാരണമാകുന്നുണ്ട്.എന്നാല്‍, ഇതുസംബന്ധിച്ച് ശാസ്ത്രീയ പഠനങ്ങളൊന്നും നടന്നിട്ടില്ല. വയനാട്ടില്‍ വരള്‍ച്ച അനുഭവപ്പെട്ട കഴിഞ്ഞ നാലുമാസത്തിനിടെ അഞ്ച് രാജവെമ്പാലകളെയാണ് പിടികൂടി വനത്തില്‍ വിട്ടത്. നട്ടുച്ചയ്ക്കുപോലും സൂര്യവെളിച്ചം കടന്നെത്താത്ത വയനാടന്‍ മഴക്കാടുകളില്‍ സസുഖം വാഴുകയായിരുന്നു മുമ്പൊക്കെ രാജപദവിയുള്ള ഈ ഉഗ്ര വിഷപ്പാമ്പുകള്‍. എന്നാല്‍, കാലാവസ്ഥാ വ്യതിയാനത്തിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയ 2005 മുതലാണ് ഇവയെ ജനവാസ കേന്ദ്രങ്ങളില്‍നിന്ന് പിടികൂടിത്തുടങ്ങിയതെന്ന് ബഷീര്‍ പറയുന്നു.ഒഫിയോ ഫാഗുസ് ഹന്നാ എന്ന ശാസ്ത്രീയ നാമമുള്ള രാജവെമ്പാല ലോകത്ത് ഏറ്റവും നീളമുള്ള വിഷപ്പാമ്പാണ്. ഒറ്റക്കടിയിലെ വിഷം 20 പേരെ കൊല്ലാന്‍ പര്യാപ്തമാണ്. 13 മുതല്‍ 18 അടിവരെ നീളവും 20 കിലോഗ്രാം വരെ ഭാരവും വരും. ശരീരത്തിന്റെ മൂന്നിലൊരുഭാഗം ഉയര്‍ത്തിനിര്‍ത്താന്‍ കഴിയുന്ന രാജവെമ്പാലകള്‍ ഉഗ്ര ശീല്‍ക്കാരവും പുറപ്പെടുവിക്കാറുണ്ട്. 20 വര്‍ഷമാണ് ആയുസ്സ്.ലക്കിടിയിലെ ഒരു റിസോര്‍ട്ടില്‍നിന്ന് ഒരാഴ്ചയ്ക്കിടെ രണ്ട് രാജവെമ്പാലകളെയാണ് ബഷീറിന്റെ സഹായത്തോടെ വനപാലകര്‍ പിടികൂടിയത്. ഫിബ്രവരി 20ന് പിടികൂടിയ രാജവെമ്പാലയ്ക്ക് 12 അടിയും 26ന് പിടികൂടിയതിന് 15 അടിയും നീളമുണ്ട്.
ടി.എം. ശ്രീജിത്ത്‌

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ