2013, ഫെബ്രുവരി 27, ബുധനാഴ്‌ച

മാലിന്യങ്ങളുടെ സ്വന്തംനാട്‌.

കൊച്ചിയില്‍ ഈയിടെ നടന്ന 'എമര്‍ജിങ് കേരള' നിക്ഷേപക സംഗമത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രിയുടെ ഉപദേശകന്‍ സാം പിട്രോഡ നിരത്തുകളിലെ മാലിന്യക്കൂമ്പാരങ്ങള്‍ കണ്ട് ആശങ്കപ്രകടിപ്പിച്ചു. മാലിന്യ സംസ്‌കരണമാണ് കേരളം മുന്‍ഗണന നലേ്കണ്ട വിഷയമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും യോഗത്തിനു തൊട്ടുമുമ്പ് അഭിപ്രായപ്പെട്ടു. എന്നിട്ടും 'എമര്‍ജിങ് കേരള'യ്ക്ക് തിരശ്ശീല വീണപ്പോള്‍ ഈ ദിശയില്‍ വന്ന നിര്‍ദേശങ്ങള്‍ ബ്രഹ്മപുരത്തും കോഴിക്കോട്ടും ഓരോ മാലിന്യ സംസ്‌കരണപ്ലാന്റടക്കം ഏതാനും ചിലതുമാത്രം.

മാലിന്യ സംസ്‌കരണപ്രശ്‌നത്തെ ഗൗരവമായിക്കാണാന്‍ ഉത്തരവാദപ്പെട്ടവര്‍ തയ്യാറാവുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. മാലിന്യനിക്ഷേപത്തെച്ചൊല്ലി കേരളത്തിലെ ഏതാണ്ടെല്ലാ ജില്ലകളിലും ജനകീയ സമരങ്ങളും സംഘര്‍ഷങ്ങളും അരങ്ങേറുകയാണിപ്പോള്‍. നഗരമാലിന്യങ്ങള്‍ ചുമക്കാന്‍ ഗ്രാമങ്ങള്‍ ബാധ്യസ്ഥരല്ലെന്ന നിലപാട് ഗ്രാമീണര്‍ കൈക്കൊണ്ടതോടെയാണിത്. ഈ അശാന്തി ഇനിയുള്ള ഓരോ ദിവസങ്ങളിലും വര്‍ധിക്കുകയേ ഉള്ളൂ. ഇതിന് അടിയന്തരമായ പരിഹാരം കണ്ടേ പറ്റൂ.

മാലിന്യങ്ങള്‍ പെരുകുമ്പോഴും കേരളത്തില്‍ മാലിന്യ സംസ്‌കരണശേഷി പരമദയനീയമാണ്. നഗരമാലിന്യശേഷി ഇരുപതുശതമാനവും മലിനജല സംസ്‌കരണശേഷി പൂജ്യവും. വായു, പരിസ്ഥിതി സംരക്ഷണത്തിലും നാം ഏറെ പിന്നിലാണ്. കേരളത്തിലുണ്ടാകുന്ന മാലിന്യങ്ങളില്‍ 49 ശതമാനവും ഗാര്‍ഹിക മാലിന്യങ്ങളാണ്. (ഗ്രാഫിക്‌സ് കാണുക)-കേന്ദ്ര ആസൂത്രണക്കമ്മീഷന്റെ പഠനഫലമാണ് ഈ കണക്കുകള്‍.

ഗാര്‍ഹിക മാലിന്യം, വ്യാവസായിക മാലിന്യം, ആസ്പത്രി മാലിന്യം, ഹോട്ടല്‍ മാലിന്യം തുടങ്ങി ഇ-മാലിന്യങ്ങള്‍ വരെ നമ്മുടെ ഭാവിയെ ആശങ്കാകുലമാക്കുന്നുണ്ട്. എന്നിട്ടും ഉത്തരവാദികള്‍ ഇവയുടെ സംസ്‌കരണത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ല.

മലിനീകരണത്തിന്റെയും മാലിന്യ സംസ്‌കരണത്തിന്റെയും വിവിധ വശങ്ങള്‍ അന്വേഷിക്കുന്ന പരമ്പര ഇന്ന് തുടങ്ങുന്നു: 


'മാലിന്യങ്ങളുടെ സ്വന്തം നാട്' 


വിളപ്പില്‍ശാലയും ലാലൂരും ചക്കംകണ്ടവും യുദ്ധഭൂമികളാവുന്നതിന്റെ ഉത്തരവാദികള്‍ ആരെന്ന അന്വേഷണത്തേക്കാള്‍ ഫലവത്താവുക പ്രശ്‌നപരിഹാരത്തിന് സഹായകമായ വഴികള്‍ തേടുകയാണ്. അതാകട്ടെ, സമവായത്തിലൂടെയുള്ളതും ശാശ്വതവുമാകണം.


2011 ആഗസ്ത് മൂന്ന്.
തലസ്ഥാനനഗരിയിലെ മാലിന്യം നിറച്ച ലോറികള്‍ വിളപ്പില്‍ശാല ഗ്രാമപ്പഞ്ചായത്തിലേക്ക് പുറപ്പെട്ടു. കൂടെ 2500-ഓളം സായുധ പോലീസുകാരും. എന്നാല്‍, സ്ത്രീകളും കുട്ടികളുമടങ്ങുന്ന വിളപ്പില്‍ശാല നിവാസികള്‍ ലോറികള്‍ തടഞ്ഞു. യുദ്ധസമാനമായ അന്തരീക്ഷത്തിനൊടുവില്‍ മാലിന്യം നിക്ഷേപിക്കാനാവാതെ പോലീസിനും മാലിന്യവണ്ടികള്‍ക്കും മടങ്ങേണ്ടിവന്നു.

വിളപ്പില്‍ശാലയിലെ കേന്ദ്രത്തിന് 1995-ല്‍, കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെയാണ് തുടക്കമിട്ടത്. വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുന്ന വിമാനങ്ങള്‍ക്ക് പക്ഷികള്‍ ഭീഷണിയായതോടെ, മുമ്പ് നഗരത്തിന്റെ പടിഞ്ഞാറുവശത്തായിരുന്ന മാലിന്യകേന്ദ്രം കിഴക്ക്, നഗരത്തോടുചേര്‍ന്നുകിടക്കുന്ന വിളപ്പില്‍ശാലയിലേക്ക് മാറ്റുകയായിരുന്നു.

വിളപ്പില്‍ശാലയില്‍ സംസ്‌കരണപ്ലാന്റ് കൊണ്ടുവരാനുള്ള ആലോചന പിന്നീടാണ് തുടങ്ങിയത്. 2000-ല്‍ വന്ന നിയമപ്രകാരം സുപ്രീംകോടതിയുടെ മാനദണ്ഡങ്ങള്‍ കൂടി അടിസ്ഥാനമാക്കിയാണ് 'പോബ്‌സ് കമ്പനി' ഇവിടെ പ്ലാന്റ് നടത്തിയത്. പത്തുലക്ഷത്തിലേറെ ജനങ്ങള്‍ പാര്‍ക്കുന്ന ഈ നഗരത്തില്‍ കേന്ദ്രീകൃത മാലിന്യസംസ്‌കരണം വേണമെന്നായിരുന്നു കോടതിനിര്‍ദേശം. ജൈവമാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കണം. പ്ലാന്റിലെ ചവര്‍ സംസ്‌കരിച്ച് വളമാക്കണം. വളമുണ്ടാക്കുമ്പോള്‍ പുറന്തള്ളുന്ന വസ്തുക്കള്‍ ശരിയായി മണ്ണിട്ടുമൂടണം. അവ രാസവസ്തുക്കള്‍ കൊണ്ടുണ്ടാക്കിയ ഷീറ്റ് പൊതിഞ്ഞ് 'കളിമണ്‍ ക്യാപ്പ്' ചെയ്യണം. വളനിര്‍മാണത്തിനിടെ പുറത്തുവരുന്ന മലിനജലം സംസ്‌കരിച്ച് ശുദ്ധമാക്കി ഒഴുക്കാന്‍ 'ലിച്ചേറ്റ് ട്രീറ്റ്‌മെന്റ് പ്ലാന്റ്' കൊണ്ടുവരണം-നിര്‍ദേശങ്ങള്‍ ഇങ്ങനെ നീളുന്നു.

എന്നാല്‍, വിളപ്പില്‍ശാലയില്‍ നടന്നത് ഇതൊന്നുമല്ല. പ്രതിദിനം മുന്നൂറ് ടണ്ണോളം മാലിന്യങ്ങള്‍ നഗരത്തില്‍നിന്ന് ലോറികളില്‍ ഇവിടെയെത്തി. എന്നാല്‍, പ്ലാന്റിന്റെ സംസ്‌കരണശേഷി 157 ടണ്‍ മാത്രമായിരുന്നു. ബാക്കി മാലിന്യം അവിടെ കെട്ടിക്കിടന്നു. വിളപ്പില്‍ശാല ദുര്‍ഗന്ധപൂരിതമായി. സഹികെട്ട പ്രദേശവാസികള്‍ പ്രതിഷേധിച്ചു. മാറിമാറിവന്ന സര്‍ക്കാറുകള്‍ ആ പ്രതിഷേധം അവഗണിച്ചു. ആറേക്കറില്‍ തുടങ്ങിയ ചവര്‍ഫാക്ടറി 42 ഏക്കറായി വികസിപ്പിച്ചു.

മലിനജലസംസ്‌കരണ പ്ലാന്റിന് 2007-ല്‍ മന്ത്രിസഭ അംഗീകാരം നല്‍കി. 'ജവാഹര്‍ലാല്‍ നെഹ്രു നാഷണല്‍ അര്‍ബന്‍ റെന്യൂവല്‍ മിഷ'ന്റെ സഹായധനത്തോടെ 2008-ല്‍ പ്ലാന്റിന്റെ പണിതുടങ്ങി. രണ്ടുകൊല്ലം കൂടി കഴിഞ്ഞതും ജനകീയസമരം ശക്തമായി. 2011 ഡിസംബര്‍ 21-ന് വിളപ്പില്‍ശാല പഞ്ചായത്ത് പ്രസിഡന്റ് എസ്. ശോഭനകുമാരി പ്ലാന്റ് പൂട്ടി. അന്നുമുതല്‍ വിളപ്പില്‍ശാല വീണ്ടും യുദ്ധഭൂമിയായി. സംസ്‌കരണപ്ലാന്റ് തുറന്നുപ്രവര്‍ത്തിപ്പിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശവും ജനങ്ങളുടെ സമരംമൂലം നടന്നില്ല. 2011 ഏപ്രില്‍ മുതല്‍ പ്ലാന്റിന്റെ നടത്തിപ്പ് നഗരസഭ നേരിട്ടാണ്.

വിളപ്പില്‍ശാലയിലെ ജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമായ പ്ലാന്റ് തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശോഭനകുമാരി തീര്‍ത്തുപറയുന്നു. എന്നാല്‍, കോടതി ഉത്തരവ് നടപ്പാക്കാന്‍ വിളപ്പില്‍ശാല പഞ്ചായത്തിന്റെ പിടിവാശി ഞങ്ങളെ അനുവദിക്കുന്നില്ലെന്നാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ കെ. ചന്ദ്രികയുടെ ആരോപണം. നഗരവും ഗ്രാമവും തമ്മില്‍ മാലിന്യത്തെച്ചൊല്ലി തര്‍ക്കം മുറുകുമ്പോള്‍ തലസ്ഥാനം പലയിടത്തും ചീഞ്ഞുനാറുകയാണ്.

ലാലൂരിന്റെ കണ്ണീര്‍


കെ. വേണുവിന്റെ പതിനൊന്നുനാള്‍ നീണ്ടുനിന്ന നിരാഹാരസമരത്തിലൂടെയാണ് തൃശ്ശൂര്‍ ജില്ലയിലെ ലാലൂര്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. ജനരോഷത്തെത്തുടര്‍ന്ന് ലാലൂരിലേക്കുള്ള മാലിന്യനീക്കം നിലച്ചു. നഗരമാലിന്യം സേലത്തേക്ക് കൊണ്ടുപോകാന്‍ തുടങ്ങിയെങ്കിലും അതും വിജയിച്ചില്ല. നഗരസിരാകേന്ദ്രങ്ങളില്‍പ്പോലും മൂക്കുപൊത്താതെ നടക്കാനാവാത്ത സ്ഥിതിയാണിപ്പോള്‍.

മുമ്പ് അയ്യന്തോള്‍ പഞ്ചായത്തിന്റെ ഭാഗമായിരുന്ന ലാലൂര്‍ തൃശ്ശൂരിന്റെ മാലിന്യനിക്ഷേപ കേന്ദ്രമായിട്ട് അരനൂറ്റാണ്ടിലേറെയായി. ലാലൂരിന്റെ സമരചരിത്രം 1988-ല്‍ തുടങ്ങുന്നു. ടി.കെ. വാസുവും എ.വി. ആര്യനുമായിരുന്നു സമരനായകര്‍. സമരം പലഘട്ടങ്ങളിലായി നടന്നു. ചര്‍ച്ചകളും നടപ്പാകാത്ത ഉറപ്പുകളുമായി സമരം നീണ്ടു.

2000-ല്‍ തൃശ്ശൂര്‍ കോര്‍പ്പറേഷനായി. ഭരണത്തിലെത്തിയ ഇടതുമുന്നണി സാരഥികള്‍ 'ഓര്‍ഗേവര്‍' യന്ത്രങ്ങളുപയോഗിച്ച് ലാലൂരിലെ മാലിന്യം വളമാക്കാന്‍ തുടങ്ങി. ദിവസേനയെത്തുന്ന 52 ടണ്‍ മാലിന്യത്തില്‍ കുറേ വളമാകുകയും ബാക്കി കുഴിച്ചിടുകയും ചെയ്തു. ലാലൂരില്‍നിന്ന് ഒഴുകിയ മലിനജലം ജനവാസകേന്ദ്രത്തിലെത്തിയതിനെത്തുടര്‍ന്ന് നാട്ടുകാര്‍ സമരം ശക്തമാക്കി. എ.ഡി.ബി. സഹായത്തോടെ പത്തുകോടിയുടെ 'ക്യാപ്പിങ്' പദ്ധതി കൊണ്ടുവന്നെങ്കിലും അതിന് നാട്ടുകാരുടെ വിശ്വാസം ആര്‍ജിക്കാനായില്ല.

2010-ല്‍ പ്രശ്‌നപരിഹാരത്തിനായി അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഇടപെട്ടു. വികേന്ദ്രീകൃത സംസ്‌കരണം ലക്ഷ്യമിട്ട് പത്തിയൂര്‍ ഗോപിനാഥിനെ കോ-ഓര്‍ഡിനേറ്ററാക്കി. ലാലൂര്‍ മാതൃകാ വികേന്ദ്രീകരണ പദ്ധതിക്ക് (ലാംപ്‌സ്) തുടക്കമിട്ടു. പത്തിയൂരിനെ നീക്കിയതോടെ അതും പാളി. ലാലൂര്‍പ്രശ്‌നം ഉന്നയിച്ച് തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ഭരണം പിടിച്ച യു.ഡി.എഫും പ്രശ്‌നപരിഹാരത്തിനായി ഒന്നും ചെയ്യാതെ വന്നപ്പോള്‍ പ്രക്ഷോഭം വീണ്ടുമുണ്ടായി. 'ലാംപ്‌സ്' വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ചു. അതും നടന്നില്ല. ഈ വര്‍ഷം ജനവരി 21-ന് ലാലൂരിലെ മാലിന്യക്കൂമ്പാരത്തില്‍ തീപടര്‍ന്നു. പുകയും ദുര്‍ഗന്ധവുംകൊണ്ട് ജനങ്ങള്‍ വലഞ്ഞു. കെ. വേണു തുടങ്ങിയ നിരാഹാരം ലാലൂരിലെ മാലിന്യങ്ങള്‍ നീക്കാമെന്ന ഉറപ്പില്‍ അവസാനിച്ചു. നഗരമാലിന്യങ്ങള്‍ ഒക്ടോബര്‍ വരെ സേലത്തേക്ക് കൊണ്ടുപോകാന്‍ നഗരസഭ കരാറുണ്ടാക്കി. ഉറപ്പും കരാറും ലംഘിക്കപ്പെട്ടു. ലാലൂരിലെ മാലിന്യം കോള്‍നിലം നികത്താന്‍ ഉപയോഗിക്കണമെന്ന തേറമ്പില്‍ രാമകൃഷ്ണന്റെ നിര്‍ദേശത്തിന് മന്ത്രിസഭ പച്ചക്കൊടി കാട്ടിയെങ്കിലും അതും നടപ്പായില്ല.

ചക്കംകണ്ടത്തെ തീരാദുരിതം


ഗുരുവായൂരിന്റെ മുഴുവന്‍ മാലിന്യങ്ങളും പേറാന്‍ വിധിക്കപ്പെട്ട ചക്കംകണ്ടം ഗ്രാമവാസികള്‍ക്ക് കണ്ണീരൊഴിഞ്ഞ നേരമില്ല. 1952-ല്‍ ഗുരുവായൂരില്‍ ആദ്യലോഡ്ജ് സ്ഥാപിക്കപ്പെട്ടതുമുതല്‍ മാലിന്യങ്ങള്‍ തുറന്നുവിടുന്നത് വലിയതോട്ടിലേക്കാണ്. ഇന്ന് അവിടെയുള്ള എണ്ണമറ്റ ലോഡ്ജുകളില്‍ പലതിനും സെപ്റ്റിക്ക് ടാങ്കുകളില്ല. ഉള്ളവയുടെ തന്നെ ടാങ്കുകള്‍ പൊട്ടി മാലിന്യം വലിയതോട്ടിലേക്ക് ഒഴുകുകയാണ്. ഹോട്ടല്‍ മാലിന്യങ്ങള്‍ ഒഴുകുന്നതും അങ്ങോട്ടുതന്നെ.

നഗരസഭാ പരിധിയിലൂടെ രണ്ടു കിലോമീറ്ററും തൈക്കാട് പഞ്ചായത്തിലൂടെ രണ്ടു കിലോമീറ്ററും ഒഴുകിയാണ് ഈ മാലിന്യങ്ങള്‍ ചക്കംകണ്ടം കായലിലെത്തുന്നത്. തോടിന്റെ ഇരുകരയിലുമുള്ളവര്‍ക്ക് ജീവിതം ദുസ്സഹമാണ്. അമ്പത് ഏക്കറോളം വിസ്തൃതിയുള്ള ചക്കംകണ്ടംകായല്‍ ഏതാണ്ട് മരിച്ചുകഴിഞ്ഞു. മലമടക്കമുള്ള മാലിന്യങ്ങള്‍ നിറഞ്ഞ, കറുത്ത ജലമൊഴുകുന്ന കായല്‍ ഇന്നവര്‍ക്ക് പേടിസ്വപ്നമാണ്. ശ്വാസംമുട്ടലും ത്വക്‌രോഗങ്ങളും ഉദരരോഗവുമൊക്കെ ഇവിടെ വ്യാപകമാണ്.

ചക്കംകണ്ടം നിവാസികള്‍ പ്രതിഷേധമുയര്‍ത്തിയപ്പോള്‍, 1973-ല്‍ കക്കൂസ് മാലിന്യസംസ്‌കരണത്തിന് പ്ലാന്റ് സ്ഥാപിക്കാന്‍ തീരുമാനമായി. ആദ്യം കാളപ്പാടത്ത് സ്ഥാപിക്കാന്‍ നിശ്ചയിച്ച പ്ലാന്റ് ചക്കംകണ്ടത്തേക്ക് മാറ്റാനുള്ള നീക്കം പ്രതിഷേധം വിളിച്ചുവരുത്തി. നാലുപതിറ്റാണ്ടിനുശേഷവും പ്ലാന്റ് നിര്‍മാണവും അഴുക്കുചാല്‍ പദ്ധതിയും എങ്ങുമെത്തിയില്ല.

''ഇതൊരു ക്രിമിനല്‍ കുറ്റമാണ്. സംസ്‌കരിക്കാത്ത ദ്രവമാലിന്യവും മലവും തുറസ്സായ തോടുകളില്‍ നിക്ഷേപിക്കുന്നത് നിയമലംഘനമാണ്. അത് ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയില്ല. ഗുരുവായൂരിലെ മാലിന്യഭാരം ചക്കംകണ്ടം നിവാസികള്‍ ചുമക്കണമെന്ന് പറയുന്നതിനെ ന്യായീകരിക്കാനാവില്ല''-ഗുരുവായൂരിലെ മലിനീകരണത്തിനെതിരായ നിയമയുദ്ധങ്ങളില്‍ സജീവമായി പങ്കെടുക്കുന്ന സി.എഫ്. ജോര്‍ജ് എന്ന 'ജോര്‍ജ് മാഷ്' പറയുന്നു.

1997 ഡിസംബര്‍ 22-ന് മേശപ്പുറത്തുവെച്ച പത്താം നിയമസഭയുടെ പരിസ്ഥിതിസമിതി റിപ്പോര്‍ട്ടില്‍ ഗുരുവായൂര്‍ മാലിന്യങ്ങള്‍ ചക്കംകണ്ടം നിവാസികളില്‍ മാരകരോഗങ്ങളുണ്ടാക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. മാലിന്യങ്ങള്‍ വലിയതോട്ടിലൊഴുക്കുന്നത് നിരോധിക്കണമെന്നും സമിതി നിര്‍ദേശിക്കുന്നു. ഗുരുവായൂരിലെയും സമീപപ്രദേശങ്ങളിലെയും കിണര്‍വെള്ളവും കുളത്തിലെ വെള്ളവും പരിശോധിച്ച സമിതികള്‍ അത് കുടിക്കാന്‍ കൊള്ളില്ല എന്ന നിഗമനത്തിലാണ് എത്തിയത്. ഒടുവില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡും ഇത് ശരിവെച്ചു. 2008 ജനവരിയില്‍ ഡോ. മഹാദേവന്‍പിള്ള, ഡോ. സി.എം. റോയ്, സാറാ ജോസഫ്, പി.സി. അലക്‌സാണ്ടര്‍ എന്നിവരും ഗുരുവായൂരിലെ മലിനീകരണത്തെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കി. അമ്പലക്കുളത്തിലെ വെള്ളം പരിശോധിച്ചപ്പോള്‍ മനുഷ്യമലത്തില്‍നിന്നുണ്ടാകുന്ന കോളിഫോം ബാക്ടീരിയയുടെ എം.പി.എന്‍. കൗണ്ട് നൂറു മില്ലിലിറ്ററില്‍ 1,100 എന്നാണ് കണ്ടത്. കുടിവെള്ളത്തില്‍ അമ്പതും കുളിക്കാനുള്ള വെള്ളത്തില്‍ അഞ്ഞൂറുമാണ് അനുവദനീയമായ അളവ്.

ചക്കംകണ്ടം പ്രശ്‌നത്തില്‍ നഗരസഭയ്ക്ക് യാതൊരു അനക്കവുമില്ല. അതിനിടെ, ചക്കംകണ്ടം കായലില്‍ ആറേക്കര്‍ സ്ഥലം മാലിന്യസംസ്‌കരണ പ്ലാന്റിനായി നഗരസഭ ഏറ്റെടുത്തു. നാട്ടുകാരുടെയും പഞ്ചായത്തിന്റെയും എതിര്‍പ്പുമൂലം അതും എങ്ങുമെത്തിയില്ല.


സമരവീര്യം അക്ഷരങ്ങളിലൂടെയും


മാലിന്യപ്രശ്‌നത്തില്‍ സജീവമായി പ്രതികരിക്കുന്നവരും പലവിധ കാരണങ്ങളാല്‍ പ്രതികരിക്കാന്‍ വിസമ്മതിക്കുന്നവരുമായ എഴുത്തുകാരും സാംസ്‌കാരികപ്രവര്‍ത്തകരുമുണ്ട്. അക്കൂട്ടത്തില്‍ ചക്കംകണ്ടത്തെയും ലാലൂരിലെയും സാധാരണ ജനങ്ങളുടെ പക്ഷത്തുനിന്ന് ധീരമായി പ്രതികരിച്ച രണ്ടുപേരാണ് സാറാ ജോസഫും കെ.ജി. ശങ്കരപ്പിള്ളയും.

ഗുരുവായൂരിലെ മാലിന്യങ്ങള്‍ ചക്കംകണ്ടത്തെ സാധുക്കളുടെ തലയില്‍ കെട്ടിവെക്കുന്നതിനെതിരെ ശബ്ദമുയര്‍ത്തിയ സാറാ ജോസഫ്, അതേ വിഷയം ആധാരമാക്കി 'ആതി' യെന്ന നോവലും രചിച്ചു. അത് കേവലം ഭാവനാസൃഷ്ടിയല്ല. ചക്കംകണ്ടം നിവാസികള്‍ക്കുവേണ്ടി നടന്ന നിയമപോരാട്ടങ്ങളുടെ യഥാതഥമായ റിപ്പോര്‍ട്ടുകളും വാര്‍ത്തകളുമൊക്കെ അതില്‍ അതേപടി ചേര്‍ത്തിട്ടുണ്ട്.

ലാലൂര്‍ സമരത്തില്‍ പങ്കെടുത്ത് നിരാഹാരമനുഷ്ഠിക്കവേ, കെ.ജി. ശങ്കരപ്പിള്ള രചിച്ച കവിതയാണ് 'ലാലൂരെ മതിലകത്ത്'. 'ലാലൂരെ മതിലകത്ത് ചീയുന്നു വാഗ്ദാനം/ചീയുന്നു സാധ്യതകള്‍ ചീയുന്നു രാഷ്ട്രീയം' എന്നു തുടങ്ങി 'പ്രഭുഗര്‍വാലേഴകളെ എച്ചിലെറിഞ്ഞാട്ടരുതേ/പഴിയൊഴിയാന്‍ കഴിവേറും പുതുഭരണപ്പെരുമകളേ' എന്നവസാനിക്കുന്ന കവിത നഗരസഭാധികൃതര്‍ ഒരുപറ്റം സാധുക്കളെ കാലാകാലങ്ങളായി പറഞ്ഞുപറ്റിക്കുന്നതിനെതിരായ പ്രതികരണമാണ്.

മലിനീകരണ പ്രശ്‌നത്തിന്റെ തീവ്രത പുറത്തുകൊണ്ടുവന്ന എണ്ണമറ്റ ലേഖനങ്ങള്‍, ഫീച്ചറുകള്‍, മുസ്തഫ ദേശമംഗലത്തിന്റെ 'പുതിയ കാളിന്ദി പറയുന്നത്' എന്ന ഡോക്യുമെന്ററി എന്നിവയും ഇവിടെ ഓര്‍ക്കേണ്ടതാണ്.
കെ. ശ്രീകുമാര്‍ മാത്രഭൂമി ദിനപത്രം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ