2013, ഫെബ്രുവരി 27, ബുധനാഴ്‌ച

 പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വികസനം മതി: മുസ്ലിം ലീഗ്            

കോഴിക്കോട്

പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വികസനമാണ് മുസ്ലിം ലീഗ് ലക്ഷ്യം വയ്ക്കുന്നതെന്ന് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. സംസ്ഥാനത്തിന്‍റെ പൊതു വികസന നിലപാടും അങ്ങനെയാവണം. 

അതിനുവേണ്ടി ലീഗ് യുഡിഎഫ് സര്‍ക്കാരില്‍ സമ്മര്‍ദശക്തിയാവണമെന്നും തങ്ങള്‍ പറഞ്ഞു. നിത്യ ഹരിത ഭൂമി വീണ്ടെടുക്കപ്പെട്ട പ്രകൃതി’എന്ന മുദ്രാവാക്യവുമായി മുസ്ലിം ലീഗ് കോഴിക്കോ ട് നളന്ദയില്‍ നടത്തിയ പരിസ്ഥിതി സെമിനാറില്‍ നയപ്രഖ്യാപന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

പരിസ്ഥിതിക്കുനേരേ നിരന്തരം ഉയരുന്ന വെല്ലുവിളികളെ നേരിടുകയെന്ന ലക്ഷ്യവുമായി ഒരു രാഷ്ട്രീയപാര്‍ട്ടി എന്ന നിലയില്‍ ലീഗ് രംഗത്തുവരികയാണ്. കോഴിക്കോട് തുടക്കമിട്ട സെമിനാര്‍ സംസ്ഥാന വ്യാപകമായി നടത്തും. ഗ്രാമങ്ങളിലും പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച ബോധവത്കരണ പരിപാടികള്‍ നടത്തും. നെല്‍കൃഷി പാടേ നശിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇനിമുതല്‍ പാടം നികത്തുന്നത് കര്‍ശനമായി തടയണം. ഇതിനായി ലീഗ് രംഗത്തുവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവര്‍ത്തക ദയാഭായ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കേരളത്തെ സാക്ഷരരായ ജനങ്ങള്‍ തന്നെയാണ് മലിനമാക്കുന്നതെന്ന് ദയാഭായ് പറഞ്ഞു. എംപി. വീരേന്ദ്രകുമാര്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, അഡ്വ. ശിവന്‍ മഠത്തില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ. കുട്ടി അഹമ്മദ് കുട്ടി സ്വാഗതവും ഉമ്മര്‍ പാണ്ടികശാല നന്ദിയും പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ