2013, ഫെബ്രുവരി 27, ബുധനാഴ്‌ച

വീണ്ടെടുക്കപ്പെടേണ്ട ഹരിത ഭൂമി

മുസ്‌ലിംലീഗ് കേരള സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി സംരക്ഷിക്കേണ്ടുന്ന ആവശ്യകത സാധാരണ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് സംസ്ഥാന വ്യാപകമായി കാമ്പയിന്‍ ആരംഭിക്കാന്‍ പോവുകയാണ്. ഇന്ന് കോഴിക്കോട്ട് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ പരിസ്ഥിതി നയപ്രഖ്യാപനം നടത്തുന്നതോടൊപ്പം കാമ്പയിന് തുടക്കമാകും. 'നിത്യഹരിത ഭൂമി, വീണ്ടെടുക്കപ്പെട്ട പ്രകൃതി' എന്ന മുദ്രാവാക്യത്തോടെ നടക്കുന്ന പ്രചാരണ പരിപാടികളുടെ ഭാഗമായി ബോധവല്‍ക്കരണ പരിപാടികള്‍, വിളംബര ജാഥകള്‍, കവല യോഗങ്ങള്‍, ശില്‍പശാലകള്‍, സെമിനാറുകള്‍, പ്രകൃതി പഠന കേമ്പുകള്‍ എന്നിവ സംഘടിപ്പിക്കും. 

പരിസ്ഥിതിയെ എന്തുവിലകൊടുത്തും സംരക്ഷിക്കേണ്ട ബാധ്യത നാമേറ്റെടുത്തില്ലെങ്കില്‍ മനുഷ്യന്റെ ഭൂമിയിലെ ചരിത്രത്തോട് മാത്രമല്ല പ്രപഞ്ച നാഥനോടും നാം സമാധാനം പറയേണ്ടിവരുമെന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിക്കഴിഞ്ഞിരിക്കുന്നു. മനുഷ്യന്റെ കരങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് കരയിലും കടലിലും വിതക്കപ്പെട്ട നാശങ്ങള്‍ എന്ന വിശുദ്ധ ഖുര്‍ആന്റെ വീക്ഷണം പ്രകൃതിയുടെ വിഷയത്തില്‍ നൂറുശതമാനവും യാഥാര്‍ത്ഥ്യമായി പുലര്‍ന്നതിന് മനുഷ്യകുലം സാക്ഷി. 


ആധുനിക മനുഷ്യന്റെ ചിന്താശൂന്യമായ പ്രവര്‍ത്തനങ്ങളുടെയും സാമൂഹ്യ ദ്രോഹത്തിന്റെ പടിയും കടന്നുപോയ അത്യാര്‍ത്തിയുടെയും വരും തലമുറകളോടുണ്ടാകേണ്ട പ്രതിബദ്ധതയും സ്‌നേഹവും ഇല്ലായ്മയുടെയും ഫലങ്ങളാണ് ഭീകരമായ ഈ നാശത്തിന് വഴിവെച്ചത്. പ്രകൃതി ചൂഷണമെന്ന പ്രയോഗം എത്ര ലാഘവത്തോടെയാണ് ഇതുവരെ എല്ലാ ഭാഷകളിലും ഉപയോഗിച്ചുപോന്നത്. ആധുനിക സംസ്‌കാരത്തിന്റെ മുദ്രാവാക്യംപോലുമായി അത് മാറി. പുരോഗതിയെയും വികസനത്തെയും അമേരിക്കപോലുള്ള ചില രാജ്യങ്ങള്‍ പ്രകൃതി സംരക്ഷണത്തിന്റെ നേര്‍ എതിര്‍വശത്ത് പ്രതിഷ്ഠിച്ച് നിര്‍ത്തിയാണ് ഒരു മുഖച്ചുളിവുമില്ലാതെ നില്‍ക്കുന്നത്. ലോകത്തുള്ള രാജ്യങ്ങളൊക്കെ പ്രകൃതി സംരക്ഷിച്ചാല്‍ മതി. ഞങ്ങള്‍ക്ക് അതൊന്നും ബാധകമല്ലെന്നതാണ് ഇവരുടെ നിലപാട്.


ഈ രാജ്യങ്ങളുടെ രീതിയില്‍തന്നെ പ്രകൃതിയെ കാണുന്ന മനുഷ്യര്‍ നമുക്കിടയിലുമുണ്ട്. കുന്നിടിച്ച് നിരപ്പാക്കുന്നതുവഴി കോടികളുടെ സമ്പാദ്യമുണ്ടാക്കുന്നവരും മണലൂറ്റി പുഴ നശിപ്പിക്കുന്നവരും പഴയ വാഹനങ്ങളും മറ്റുംവഴി വായു മലിനീകരിക്കുന്നവരും ശബ്ദ മലിനീകരണം ഉണ്ടാക്കുന്നവരും ജല സ്രോതസ്സുകള്‍ നശിപ്പിക്കുന്നവരും റോഡരികുകളിലേക്കും പൊതുവഴികളിലേക്കും പുഴ, തോട് എന്നിവയിലേക്കും മാലിന്യങ്ങള്‍ വലിച്ചെറിയുന്നവരുംവരെ ഇതില്‍പെടും. 


ഈ സാമൂഹിക ദ്രോഹങ്ങളെ കണ്ടില്ലെന്ന് നടിക്കുന്ന അധികൃതരും ചെയ്യുന്നത് മറ്റൊന്നല്ല. സാമൂഹ്യ ബോധവും പ്രകൃതി സ്‌നേഹവും അതുപോലുള്ള ഗുണങ്ങളും സംസ്‌കാരത്തിന്റെ ഭാഗമാണ്. ആധുനിക യന്ത്ര സംസ്‌കാരത്തിന്റെ അല്ല പരമ്പരാഗത സംസ്‌കാരത്തിന്റെയും മത വിശ്വാസാചാരങ്ങളുടെയും മരത്തില്‍ വസിക്കുന്ന ഭൂതങ്ങളോട് വീട് ഉണ്ടാക്കാനാണ് ക്ഷമിക്കണം എന്ന് യാചിച്ചുകൊണ്ട് മരംമുറിക്കുന്ന തച്ചുശാസ്ത്രമുള്ള നാടാണ് കേരളം. വൃക്ഷത്തൈ നടുന്നത് പുണ്യകര്‍മ്മമായി നിര്‍ദ്ദേശിച്ച നബി തിരുമേനിയുടെ അനുചരന്‍മാരുടെ നാട്. ഈ പാരമ്പര്യവും മതവിശ്വാസവും കൃത്യമായി നിലനിര്‍ത്തിയിരുന്നുവെങ്കില്‍ ഇവിടെ പ്രകൃതി എന്നോ രക്ഷപ്പെടുമായിരുന്നു.


ഭൂമി മനുഷ്യനുവേണ്ടി സൃഷ്ടിക്കപ്പെട്ടതാണ് എന്നത് ശരിയാണ്. പക്ഷേ, ഓരോ തലമുറയും ഇതിനെ വായിക്കേണ്ടത് വരാന്‍പോകുന്ന മുഴുവന്‍ തലമുറയെയും മുന്നില്‍കണ്ടാണ്. നമ്മുടെ തലമുറയോടെ ചരിത്രം അവസാനിച്ചുവെന്ന് കരുതരുത്. അങ്ങനെ കരുതുന്നതാണ് ആധുനിക മനുഷ്യന്റെ ദുര്യോഗം. പ്രകൃതി പൂജിക്കപ്പെടാനോ ആരാധിക്കപ്പെടാനോ ഉള്ളതല്ല. ഈ മനോഭാവവും പ്രകൃതിയെ ചൂഷണംചെയ്യുന്ന മനോഭാവംപോലെ അപകടകരമാണ്. ആദ്യത്തേതില്‍ മനുഷ്യനേ ഇല്ല. തെരുവുപട്ടിക്കും കുരങ്ങനും ഉള്ള വിലപോലും മനുഷ്യന് കല്‍പിക്കാത്ത പ്രവണത പ്രകൃതി സംരക്ഷണത്തിന്റെ പേരില്‍ പ്രോത്സാഹിപ്പിക്കപ്പെട്ടുകൂടാ. 


മനുഷ്യന്റെ നിലനില്‍പിനായിരിക്കണം പ്രകൃതി സംരക്ഷിക്കപ്പെടേണ്ടത്. മനുഷ്യനാണ് പ്രധാനം. പ്രകൃതിയും മനുഷ്യനും ശത്രുക്കളെപ്പോലെ മുഖാമുഖം നില്‍ക്കുന്ന ഒരു സാഹചര്യം ഉണ്ടാവുക സാധ്യമല്ല. ഇനി അഥവാ ഉണ്ടായാല്‍ അവിടെ മനുഷ്യന് തന്നെയാണ് പ്രാധാന്യം കല്‍പിക്കേണ്ടത്. കാഴ്ചപ്പാടിലെ ഈ സന്തുലനം വളരെ പ്രധാനപ്പെട്ടതാണ്.


വായു മലിനീകരണം ഒഴിവാക്കി ശുദ്ധവായുവിന്റെ ലഭ്യത ഉറപ്പാക്കാനുള്ള നടപടികള്‍ ആവിഷ്‌കരിക്കുക, ജല ലഭ്യത ഉറപ്പാക്കുകയും മാലിന്യം ഒഴിവാക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുക, മണ്ണ് സംരക്ഷണവും നീര്‍മറികളുടെ സംരക്ഷണവും പോഷണവും ഉറപ്പാക്കുന്നതിന് പഞ്ചായത്തുകളെ പ്രേരിപ്പിക്കുക, ജൈവ കൃഷിക്കും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ പ്രോത്സാഹനത്തിനും പരിപാടികള്‍ ആവിഷ്‌കരിക്കുക, 'നാട്ടുപച്ച' എന്ന പേരില്‍ അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ച് അടുക്കളത്തോട്ടങ്ങളും ഔഷധ ഉദ്യാനങ്ങളും ഉണ്ടാക്കുന്നതിന് നേതൃത്വം നല്‍കുക, മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് വിവിധ പരിപാടികളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുക, ഹരിതവല്‍ക്കരണത്തിന് നാടുനീളെ മരം വെച്ചുപിടിപ്പിക്കുക എന്നീ പരിപാടികള്‍ മുസ്‌ലിംലീഗിന്റെ കാമ്പയിനില്‍ ഉള്‍പ്പെടുന്നു. കൂടാതെ നദികളുടെ സംരക്ഷണത്തിന് സംരക്ഷണ സമിതികളുടെ രൂപവല്‍ക്കരണം, നദീ സംരക്ഷണ ജാഥകള്‍, നീര്‍മറി സമിതികളുടെ രൂപവല്‍ക്കരണം, സൂര്യോര്‍ജ്ജ ഉപയോഗം വര്‍ധിപ്പിക്കുന്നതിന് പ്രചാരണ പരിപാടികള്‍ എന്നിവയും ഇതിലുള്‍പ്പെടുന്നു.


മുസ്‌ലിംലീഗിന്റെ ഹരിത രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി നടക്കുന്ന ഈ കാമ്പയിനുമായും അനുബന്ധ പരിപാടികളുമായും പ്രകൃതിയെ സ്‌നേഹിക്കുന്ന മുഴുവന്‍ ആളുകളും കക്ഷി, മത, രാഷ്ട്രീയ ഭേദമെന്യേ സഹകരിക്കുമെന്ന് തന്നെയാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്:

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ