2013, ഏപ്രിൽ 9, ചൊവ്വാഴ്ച

വെള്ളവും കരാറും സര്‍വത്ര തുള്ളി നനക്കാനില്ലത്രെ


കെ.പി. ജലീല്‍
 രണ്ട് ലോക മഹായുദ്ധങ്ങള്‍ നാം നടത്തിയത് സമ്പത്തിനും അധികാരത്തിനും വേണ്ടിയായിരുന്നു. എന്നാല്‍ ഇനിയൊരു ലോക മഹായുദ്ധം ഉണ്ടാവുകയാണെങ്കില്‍ അത് വെള്ളത്തിന് വേണ്ടിയായിരിക്കുമെന്ന് ക്ലേവ് ക്രസല്‍ എഴുതിയ ബ്ലൂ ഗോള്‍ഡ് എന്ന ജലത്തെ സംബന്ധിച്ച ആധികാരിക ഗ്രന്ഥം പറയുന്നു. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നതു പോലെ അനിവാര്യമാണ് മനുഷ്യന് വെള്ളവും. ഒരുദിവസം ശരാശരി അറുപത് ലിറ്റര്‍ വെള്ളമാണ് ഒരാള്‍ ഉപയോഗിക്കുന്നതെന്നാണ് ആഗോള കണക്ക്. എന്നാല്‍ ശരാശരി മലയാളിക്ക് ഇത് 500 ലിറ്റര്‍ വരെയാണ്. പ്രകൃതിയില്‍ ലഭിക്കുന്നതിന്റെ ഒരുശതമാനം മാത്രം വെള്ളമാണ് മനുഷ്യന്‍ ഉപയോഗിക്കുന്നത്. കേരളത്തില്‍ ലഭിക്കുന്ന 3000 മി.മീറ്റര്‍ മഴയില്‍ 70 ശതമാനവും കാലവര്‍ഷത്തില്‍ നിന്ന് ലഭിക്കുന്നതാണ്. 17 ശതമാനം തുലാവര്‍ഷത്തില്‍ നിന്നും 13 ശതമാനം ഇടമഴയില്‍ നിന്നും ലഭിക്കുന്നു. ഇത്രയും വെള്ളം എവിടെ പോകുന്നു? 80 ശതമാനവും അറബികടലിലേക്കാണ് ഒഴുകുന്നത്.

മണിക്കൂറില്‍ 100 കി.മീറ്റര്‍ വേഗതയില്‍ പോകുന്ന ഒരു വാഹനത്തിനെ സങ്കല്‍പ്പിക്കുക. ഭാരതപ്പുഴയിലെ വെള്ളം കാലവര്‍ഷത്തില്‍ അറബിക്കടലിലെത്താന്‍ ഈ വേഗതയില്‍ വെറും രണ്ടുമണിക്കൂര്‍ മതി. ഭൂമിയിലേക്ക് വെള്ളത്തിന്റെ ഇറങ്ങിപ്പോക്ക് ഇല്ലാത്തതാണ് പലപ്പോഴും ജലക്ഷാമത്തിന് കാരണമാകുന്നത്. പാലക്കാട് ജില്ലയിലെ കിഴക്കന്‍ മേഖലയില്‍ നിന്ന് അറബിക്കടലിലേക്ക് കുത്തനെയുള്ള ഇറക്കമാണ്. 209 കി.മീറ്റര്‍ കൊണ്ട് ഭാരതപ്പുഴയിലെ വെള്ളം പൊന്നാനിയില്‍ എത്തുന്നു. പറളി, ലെക്കിടി, വെള്ളിയാങ്കല്ല്, യാക്കര എന്നിവിടങ്ങളിലെ തടയണകള്‍ മാത്രമാണ് സമീപവാസികളുടെ ജലസ്രോതസാകുന്നത്. ചിറ്റൂര്‍ പുഴയില്‍ നിന്നും ഏകദേശം ജില്ലയുടെ 40 ശതമാനം മേഖലയില്‍ വെള്ളമെത്തുന്നു. എന്നാല്‍ ജനുവരി മുതല്‍ ആരംഭിക്കുന്ന വേനല്‍ മൂന്നുമാസക്കാലം ഈ കണക്കുകളെല്ലാം തെറ്റിക്കുകയാണ്. ഷൊര്‍ണൂരില്‍, നിളയുടെ തീരപ്രദേശമായിട്ടു പോലും ജനം കുടിവെള്ളത്തിന് കേഴുകയാണ്. ഇവിടെയുള്ള താത്ക്കാലിക തടയണ വറ്റിയിട്ട് നാളുകളായി. കിഴക്കന്‍ പ്രദേശങ്ങളില്‍ അഞ്ചു പഞ്ചായത്തുകളിലും ചിറ്റൂര്‍-തത്തമംഗലം നഗര പ്രദേശത്തും ടാങ്കര്‍ ലോറികളെയാണ് ജനം വേനല്‍ക്കാലത്ത് ആശ്രയിക്കേണ്ടി വരുന്നത്.

35235 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ് സംസ്ഥാനത്ത് ലഭിക്കുന്നത്. എന്നിട്ടും രണ്ടുമാസം കൊണ്ട് ഈ വെള്ളം മുഴുവന്‍ ഒലിച്ചുപോയി മലയാളി കുടങ്ങളുമായി ലോറികള്‍ക്ക് കാവല്‍ നില്‍ക്കുന്നു. കേരളത്തിലെ 53 അണക്കെട്ടുകളില്‍ 15 എണ്ണവും പാലക്കാട് ജില്ലയിലാണ്. ഇതില്‍ പത്തെണ്ണവും പശ്ചിമഘട്ട മേഖലയിലെ പറമ്പികുളം വനപ്രദേശത്താണ്. കേരളത്തിന്റെ ഭൂമിയായിട്ടും ഈ ഡാമുകളെല്ലാം നിയന്ത്രിച്ചു വരുന്നത് തമിഴ്‌നാടാണ്. പണ്ടെങ്ങോ ഉണ്ടാക്കിയ കരാര്‍ മാത്രമാണ് ഇന്നും മലയാളിക്ക് ആശ്രയം. തൂണക്കടവില്‍ നിന്ന് പറമ്പിക്കുളം ആളിയാര്‍ കരാര്‍ പ്രകാരം പ്രതിവര്‍ഷം 7.25 ടി.എം.സി വെള്ളമാണ് പാലക്കാട് ജില്ലയിലെ 20000ത്തോളം ഹെക്ടര്‍ വരുന്ന കാര്‍ഷിക മേഖലക്ക് തമിഴ്‌നാട്ടില്‍ നിന്ന് ലഭിക്കേണ്ടത്. എന്നാല്‍ ഇതിന്റെ മൂന്നിലൊന്നു പോലും ലഭിക്കുന്നില്ല എന്നതാണ് സത്യം. ഈ കരാര്‍ ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലേക്ക് പോകാനിരിക്കുകയാണ്. ആളിയാര്‍ വെള്ളം ഇതിനകം തന്നെ തമിഴ്‌നാട് നിര്‍ത്തി കഴിഞ്ഞു. കിഴക്കന്‍ മേഖലയിലെ ജനങ്ങള്‍ കുടിവെള്ളത്തിനും മറ്റും ആശ്രയിച്ചിരുന്ന ജലസ്രോതസാണ് ഇതുവഴി നിഷേധിക്കപ്പെടുന്നത്.കേരളത്തിലെ ഏറ്റവും വലിയ നദിയായ പെരിയാറില്‍ ഭാരതപ്പുഴയുടേതില്‍ നിന്ന് വ്യത്യസ്തമല്ല ജലത്തിന്റെ നില. മണല്‍മാഫിയ കയ്യടക്കിയ ഭാരതപ്പുഴയും പെരിയാറും വെള്ളം കെട്ടി നിര്‍ത്താന്‍ മണലില്ലാതെ കേഴുകയാണിന്ന്. ഏകദേശം മൂന്നുവര്‍ഷത്തിനകം ഭാരതപ്പുഴയിലെ മുഴുവന്‍ മണലും ഊറ്റി കഴിഞ്ഞിരിക്കുമെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. പെരിയാറിന്റെ തീരപ്രദേശമായ ഇടുക്കി ജില്ലയിലും മറ്റും കുടിവെള്ളക്ഷാമം രൂക്ഷമാണ്. ഡിസംബറില്‍ തന്നെ പെരിയാറില്‍ വെള്ളം താഴ്ന്നത് പത്തുവര്‍ഷത്തില്‍ ഇതാദ്യമാണെന്ന് കര്‍ഷകര്‍ പറയുന്നു. നിരവധി കുടിവെള്ള പദ്ധതികളുടെയും അണക്കെട്ടുകളുടെയും സ്രോതസാണ് പെരിയാര്‍.

പാലക്കാട് ജില്ലയില്‍ കരാര്‍ പ്രകാരമുള്ള വെള്ളം കിട്ടാതെ നശിച്ചത് അരലക്ഷത്തോളം ഏക്കര്‍ നെല്‍കൃഷിയാണ്. മുന്‍കാലങ്ങളില്‍ നീര്‍ത്തടങ്ങളെയും കിണറുകളെയും മറ്റും ആശ്രയിച്ചിരുന്നവര്‍ ഇന്ന് എവിടെയും നനവിന് വേണ്ടി കാത്തിരിക്കുകയാണ്. പട്ടഞ്ചേരി തുടങ്ങിയ കിഴക്കന്‍ മേഖലകളില്‍ കുഴല്‍കിണറുകള്‍ വ്യാപകമാണിന്ന്. എന്നിട്ടുപോലും 500 അടിയോളം താഴ്ത്തിയിട്ടും വെള്ളമില്ലാതെ ഉപയോഗ്യശൂന്യമായ നിരവധി കുഴല്‍കിണറുകള്‍ ഇവിടെയുണ്ട്. കുടിവെള്ളം കിട്ടാക്കനിയാവുകയും ഭൂഗര്‍ഭജലം അഭൂതപൂര്‍വമായി താഴ്ന്നുപോവുകയും ചെയ്യുമ്പോള്‍ മണ്ണ് മാഫിയകളെ പോലെ കുടിവെള്ള മാഫിയയും രംഗത്തെത്തിക്കഴിഞ്ഞു. വയലുകള്‍ നികത്തി കോണ്‍ക്രീറ്റ് വനങ്ങള്‍ സൃഷ്ടിക്കപ്പെടുമ്പോള്‍ മണ്ണിനെ പോലെ വെള്ളവും വില്‍പ്പനച്ചരക്കാവുന്നു. പ്ലാച്ചിമടയിലെ പൂട്ടിയ കോളാ ഫാക്ടറിയും പുതുശ്ശേരിയിലെ പെപ്‌സി കമ്പനിയും ബിയര്‍ ഫാക്ടറികളും മറ്റും ചേര്‍ന്ന് ഈ വില്‍പ്പന നടത്തുകയാണ്. നദികളിലെ മണലെടുപ്പും ഈ കച്ചവടത്തിന്റെ ഭാഗമാണ്. ഫലത്തില്‍ സാധാരണക്കാര്‍ മുതല്‍ സമ്പന്നര്‍ വരെ കുടിക്കേണ്ടി വരുന്നത് രോഗങ്ങള്‍ വരുത്തുന്ന ക്ലോറിന്‍ കലര്‍ത്തിയ വെള്ളമാണ്. കോളിഫോം ബാക്ടീരിയയുടെ അളവ് പാലക്കാട് ജില്ലയിലെ കിണറുകളില്‍ വ്യാപകമായതായി അടുത്തിടെ നടന്ന പഠനങ്ങള്‍ പറയുന്നു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ