2013, ഏപ്രിൽ 11, വ്യാഴാഴ്‌ച

കാരുണ്യഭവനവും ഹരിതരാഷ്ട്രീയവും; മുസ്‌ലിംലീഗിന് പുതിയ മുഖം


സിറാജ് കാസിം  കോട്ടയ്ക്കല്‍: ബൈത്തുറഹ്മ എന്ന കാരുണ്യഭവന പദ്ധതിക്ക് പിന്നാലെ ഹരിത രാഷ്ട്രീയവും പ്രാവര്‍ത്തികമാക്കി മുസ്‌ലിംലീഗ് കേരളത്തിന്റെ പൊതുസമൂഹത്തില്‍ പുതിയ അടയാളങ്ങള്‍ രേഖപ്പെടുത്തുന്നു. സമ്പന്നരുടെ കൂടെ മാത്രം സഞ്ചരിച്ചുകൊണ്ടിരിക്കുന്നവരെന്ന ആരോപണങ്ങള്‍ക്ക് ഒരു പരിധി വരെയുള്ള മറുപടിയായാണ് ലീഗ് പുതിയ ആശയങ്ങള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. നൂറുകണക്കിന് പാവപ്പെട്ടവര്‍ക്ക് ആശ്രയമായ ബൈത്തുറഹ്മ പദ്ധതിയിലൂടെ രാഷ്ട്രീയ എതിരാളികളുടെ പോലും പ്രശംസ നേടിയ ലീഗ് ഹരിതരാഷ്ട്രീയത്തിന്റെ പച്ച മുഖവുമായാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. കോണ്‍ഗ്രസ്സിനുപോലും കൃത്യമായി നടപ്പാക്കാന്‍ കഴിയാത്ത ഹരിതരാഷ്ട്രീയത്തിന്റെ വിജയകരമായ നടത്തിപ്പ് ലീഗിന്റെ സംഘടനാ സംവിധാനത്തിന്റെ കരുത്തും വെളിവാക്കുന്നുണ്ട്.

അഞ്ചാംമന്ത്രി നേട്ടത്തിന് പിന്നാലെ പുതിയ ലോക്‌സഭാ സീറ്റിന് വേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തുന്ന ലീഗിന് 'പ്ലസ്' പോയന്‍റാവുകയാണ് പുതിയ പ്രവര്‍ത്തന ശൈലി. സമ്പന്നരുടെ കൂടെ നില്‍ക്കുന്നവരെന്ന ആരോപണങ്ങള്‍ക്ക് തടയിടാന്‍ കഴിയാതെ 2006ലെ നിയമസഭാതിരഞ്ഞെടുപ്പില്‍ അടിതെറ്റിയ പാര്‍ട്ടിയുടെ തിരിച്ചുവരവിന് കളമൊരുക്കിയതില്‍ പുതിയ ചിന്തകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. കുഞ്ഞാലിക്കുട്ടി അടക്കമുള്ള പ്രബലര്‍ വീണുപോയ തിരഞ്ഞെടുപ്പ് നല്‍കിയ പാഠങ്ങള്‍ കൃത്യമായി ഉള്‍ക്കൊണ്ടാണ് ലീഗ് സംഘടനയില്‍ അഴിച്ചുപണി നടത്തിയത്. സാധാരണക്കാര്‍ക്കും പൊതുസമൂഹത്തിനും അനുഗുണമായനിലപാടുകള്‍ സ്വീകരിക്കണമെന്ന ബഹുഭൂരിപക്ഷത്തിന്റെ വാദങ്ങള്‍ മുഖവിലക്കെടുത്ത് ലീഗ് നേതൃത്വം നടത്തിയ പ്രവര്‍ത്തനങ്ങളാണ് പാര്‍ട്ടിക്ക് ഇപ്പോള്‍ പുതിയ മുഖം നല്‍കിയിരിക്കുന്നത്.

കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തന ചരിത്രത്തിലെ വേറിട്ട സംരംഭമായിരുന്നു ബൈത്തുറഹ്മ പദ്ധതി. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണാര്‍ത്ഥം 2011 ആഗസ്തിലാണ് ലീഗ് ജില്ലാ കമ്മിറ്റി ഈ ഭവനപദ്ധതി തുടങ്ങിയത്. തുടക്കത്തില്‍

150 കേന്ദ്രങ്ങളില്‍ ഒരേസമയം 150 വീടുകള്‍ക്കാണ് തറക്കല്ലിട്ടത്. എന്നാല്‍ സംഘാടകരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് പദ്ധതിക്ക് ആവേശകരമായ പ്രതികരണം ലഭിച്ചതോടെ വീടുകളുടെ എണ്ണം ഇരട്ടിയായി ഉയര്‍ത്തുകയായിരുന്നു. ഇപ്പോള്‍ 212 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറി. 300-ഓളം വീടുകളുടെ നിര്‍മാണം നടന്നുകൊണ്ടിരിക്കുകയാണ്. പദ്ധതിക്ക് തുക കണ്ടെത്തുന്നതിനായി പാര്‍ട്ടി നടത്തിയ വിഭവ ശേഖരണ പരിപാടിയില്‍ ഒറ്റ ദിവസംകൊണ്ട് പിരിഞ്ഞുകിട്ടിയത് ഒരുകോടി രൂപയായിരുന്നു. ജാതിമതഭേദമെന്യേ എല്ലാവരും പദ്ധതിയോട് സഹകരിച്ചത് ലീഗിന്റെ പുതിയ രാഷ്ട്രീയമുഖത്തിന് കിട്ടിയ അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്.

ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ രാജ്യത്തിനുതന്നെ മാതൃകയായ ബൈത്തുറഹ്മ പദ്ധതി നടപ്പാക്കിയതിന് പിന്നാലെയാണ് ലീഗ് പരിസ്ഥിതി നയവുമായി രംഗത്തെത്തുന്നത്. പരിസ്ഥിതി സംരക്ഷണത്തില്‍ പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കുന്ന നയരേഖ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് കോഴിക്കോട്ടുനടന്ന സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. ഈ വിഷയത്തില്‍ പ്രാദേശിക നേതാക്കള്‍ക്കും ഭരണകര്‍ത്താക്കള്‍ക്കുമായി പ്രത്യേകം സെമിനാറുകളും കണ്‍വെന്‍ഷനുകളും സംഘടിപ്പിക്കാന്‍ സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചത് പരിസ്ഥിതിവിഷയത്തില്‍ പാര്‍ട്ടിക്കുള്ള താത്പര്യം എത്രമാത്രമാണെന്ന് കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്.

പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സി.പി.എം നേതാക്കളുമായി വേദി പങ്കിടുന്നതില്‍ തെറ്റില്ലെന്ന ലീഗ് നേതൃത്വത്തിന്റെ നിലപാടും ഏറെ ശ്രദ്ധേയമാണ്. വ്യാഴാഴ്ച കുറ്റിപ്പുറത്ത് സംഘടിപ്പിച്ച നിളാ സംരക്ഷണ പരിപാടിയില്‍ ഇടതുപക്ഷത്തെ പ്രമുഖ നേതാക്കളെ കൊണ്ടുവരാനായത് ലീഗിന്റെ പുതിയ പ്രവര്‍ത്തന ശൈലിയുടെ വിജയമായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പാര്‍ട്ടിയുടെ എല്ലാ തലങ്ങളിലും പാരിസ്ഥിതിക അവബോധം കൊണ്ടുവരാനുള്ള ശ്രമങ്ങളും സംസ്ഥാന നേതൃത്വം നടത്തുന്നുണ്ട്. ശാഖാകമ്മിറ്റികള്‍ക്ക് കര്‍മപരിപാടികള്‍ അച്ചടിച്ച് കൈപ്പുസ്തകമായി നല്‍കാനാണ് ആലോചിക്കുന്നത്. ലോക പരിസ്ഥിതിദിനമായ ജൂണ്‍ അഞ്ചിന് കൈപ്പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിക്കാനാണ് പാര്‍ട്ടി അണിയറയില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്
.മാത്രഭൂമി ദിനപത്രം .12/04/2013 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ