2013, ഏപ്രിൽ 16, ചൊവ്വാഴ്ച

വരള്‍ച്ചയും അട്ടപ്പാടിയുടെ അനുഭവവും
ഡോ. ടി.എം. തോമസ് ഐസക്‌


കഴിഞ്ഞമാസമാണ് കൃഷ്ണവനം ഞാനാദ്യമായി കാണുന്നത്. നിയമസഭാ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ അട്ടപ്പാടി സന്ദര്‍ശനമായിരുന്നു സന്ദര്‍ഭം. കമ്മിറ്റി കഴിഞ്ഞ് നേരം ഏറെ വൈകിയതുകൊണ്ട് വനത്തിനുള്ളിലേക്ക് പോകേണ്ടെന്നുവെച്ചു. കുന്നുമുഴുവന്‍ ഇടതൂര്‍ന്ന മരങ്ങളും മുളകളും കുറ്റിച്ചെടികളുമുണ്ട്. പക്ഷേ, ഉണങ്ങി ഇലകൊഴിഞ്ഞ് തവിട്ടുനിറത്തിലായിരുന്നു. ''വരണ്ട ഇലകൊഴിയും വനമാണ്. ജൂണിലെ മഴയോടെ വീണ്ടും പച്ചനിറമാകും.'' കൂടെയുണ്ടായിരുന്ന അഹാഡ്‌സിലെ രാധാകൃഷ്ണനും ഷൈനും വിശദീകരിച്ചു. പക്ഷേ, കാട്ടുതീ തടയാനുള്ള ലൈനുകള്‍ വെട്ടിയിട്ടിട്ടില്ല. എപ്പോള്‍ വേണമെങ്കിലും തീപിടിക്കാം. 'ഒരു തീനാമ്പു വീണാല്‍ അന്ത്യമാകു'മെന്നായിരുന്നു ഇതുസംബന്ധിച്ച മാതൃഭൂമി റിപ്പോര്‍ട്ടിന്റെ തലവാചകം. അഹാഡ്‌സ് ഇല്ലാതായതോടെ വാച്ചര്‍മാരും ഇല്ല. തടിവെട്ടിനെക്കുറിച്ചും ചന്ദനമോഷണത്തെക്കുറിച്ചും നായാട്ടുസംഘങ്ങളെക്കുറിച്ചുമെല്ലാം പല പത്രറിപ്പോര്‍ട്ടുകളും കണ്ടു. എങ്കിലും കൃഷ്ണവനം ഇന്നും നിലനില്ക്കുന്നു.

കേരളത്തിലെ പരിസ്ഥിതിപ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ അവിസ്മരണീയമായ ഒരേടാണ് കൃഷ്ണവനം. ബൊമ്മിയാംപടി ഊരിനു പിന്നിലെ 'അങ്ങുമിങ്ങും വിറകൊണ്ടുനില്ക്കുന്ന മെലിഞ്ഞ മരങ്ങള്‍' അടയാളമിട്ട 'ഊഷരഭൂമി' എങ്ങനെ ഒരു സംഘം പരിസ്ഥിതിപ്രവര്‍ത്തകര്‍ കൃഷ്ണവനമാക്കിമാറ്റിയെന്ന് അറിയണമെങ്കില്‍ സുഗതകുമാരി ടീച്ചറിന്റെ 'കാടിനു കാവല്‍' വായിക്കുക.
 

'വരള്‍ച്ചയും പൊടിക്കാറ്റും ജലക്ഷാമവും കൊണ്ട് പൊറുതിമുട്ടിയ അട്ടപ്പാടി'യുടെ മുഖച്ഛായ മാറ്റുന്നതിന് തുടക്കമിട്ട കൃഷ്ണവനമായിരുന്നു, പിന്നീട് അവിടെ നടന്ന വനവത്കരണത്തിന്റെ മാതൃക. കൃഷ്ണവനം 130 ഏക്കറായിരുന്നെങ്കില്‍ പുതിയ നൂറ്റാണ്ടിന്റെ ആരംഭവര്‍ഷങ്ങളില്‍ നടന്ന പരിസ്ഥിതി പുനഃസ്ഥാപനപ്രവര്‍ത്തനത്തിന്റെ ഭാഗമായി 4,000 ഹെക്ടര്‍ തരിശുവനപ്രദേശത്ത് ശാസ്ത്രീയ മണ്ണ്ജലസംരക്ഷണം നടത്തി വനമാക്കി. ശുഷ്‌കിച്ച കാടുകളുടെ 8,000 ഹെക്ടര്‍ പ്രദേശം വനസംരക്ഷണപ്രവര്‍ത്തനങ്ങളിലൂടെ സ്വാഭാവിക പുനര്‍ജീവനത്തിന് വഴിയൊരുക്കി. കാട് വളര്‍ന്നപ്പോള്‍ ഉറവകള്‍ പൊട്ടി. ആനയും കരടിയും മാനും മയിലുമെല്ലാം തിരിച്ചെത്തി. 34 കിലോമീറ്റര്‍ മഴനിഴല്‍ പ്രദേശമായ അട്ടപ്പാടിയിലൂടെ ഒഴുകി ശിരുവാണിപ്പുഴ വഴി ഭവാനിയിലേക്ക് ഒഴുകുന്ന കൊടങ്കരപ്പള്ളം പുനര്‍ജനിച്ചതിന്റെ ഇതിഹാസം മധു ഇറവങ്കര ഡോക്യുമെന്ററിയാക്കിയിട്ടുണ്ട്. നദി പുനര്‍ജനിച്ചപ്പോള്‍ പുഴക്കരയിലെ ജീവിതം വീണ്ടും തളിര്‍ത്തതെങ്ങനെയെന്ന് സണ്ണി ജോസഫിന്റെ ഫ്രെയിമുകള്‍ പറഞ്ഞുതരും.

വനത്തില്‍ മാത്രമല്ല സ്വകാര്യഭൂമികളിലും മണ്ണ്ജല സംരക്ഷണപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി. 1,500 ഏക്കര്‍ തരിശുഭൂമിയില്‍ പുതുതായി നെല്‍കൃഷിയിറക്കി. 5,000 ഏക്കറില്‍ അഗ്രോ ഫോറസ്റ്ററി പ്ലാന്റേഷനുകള്‍ വളര്‍ന്നു. പുല്ലുവളര്‍ന്നപ്പോള്‍ കന്നുകാലികളും പെരുകി. കാടുണ്ടെങ്കിലേ നാടുള്ളൂ എന്ന് അട്ടപ്പാടി തിരിച്ചറിഞ്ഞു.

പരിസ്ഥിതി പുനഃസ്ഥാപനമെങ്ങനെ നടപ്പാക്കാം എന്നതിന് അട്ടപ്പാടി ഒരു സാധനാപാഠമാണ്. ഇതിന് നേതൃത്വം നല്‍കിയത് 'അട്ടപ്പാടി ഹില്‍ ഡെവലപ്പ്‌മെന്റ് സൊസൈറ്റി' അഥവാ 'അഹാഡ്‌സ്' എന്ന സ്ഥാപനവും. 200 കോടിയില്‍പ്പ്പരം രൂപ ജപ്പാന്‍ സഹായധനത്തോടെയുള്ള പരിസ്ഥിതി പുനഃസ്ഥാപന പദ്ധതി നടപ്പാക്കുന്നതിനാണ് കേരള സര്‍ക്കാര്‍ അഹാഡ്‌സിന് രൂപംനല്‍കിയത്. സര്‍ക്കാര്‍ സ്ഥാപനമാണെങ്കിലും സര്‍ക്കാര്‍ മുറയിലല്ല അഹാഡ്‌സ് പ്രവര്‍ത്തിച്ചത്. ഊരുവികസന സമിതികള്‍, സംയുക്ത വനമാനേജ്‌മെന്റ് സംഘങ്ങള്‍, ഗുണഭോക്തൃസമിതികള്‍, അമ്മക്കൂട്ടങ്ങള്‍ തുടങ്ങി ജനകീയ സമിതികള്‍ ജനങ്ങളെ ആവിഷ്‌കാരത്തിലും നടത്തിപ്പിലും പങ്കാളികളാക്കി, കോണ്‍ട്രാക്ടര്‍രാജ് അവസാനിപ്പിച്ചു.

അതിന്റെ ഫലം, പണിതീര്‍ന്ന കെട്ടിടങ്ങളിലും ചാവടിയൂരിലേതുപോലുള്ള പാലങ്ങളിലുമെല്ലാം കാണാം. അഹാഡ്‌സിന്റെ നേതൃത്വത്തില്‍ ഊരുവികസന സമിതികള്‍ പണിതീര്‍ത്ത രണ്ടായിരത്തോളം വീടുകള്‍ മാത്രം എടുത്താല്‍ മതി. പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി വയനാട്ടില്‍ കണ്ടതിന് നേര്‍വിപരീതമായ ചിത്രമാണ് അട്ടപ്പാടിയില്‍ കണ്ടത്. കഴിഞ്ഞ അഞ്ചുവര്‍ഷം വയനാട്ടില്‍ ആദിവാസികള്‍ക്ക് അനുവദിച്ച വീടുകളില്‍ പത്തുശതമാനം പോലും പണിതീര്‍ന്നിട്ടില്ല. ഇടനിലക്കാരും കോണ്‍ട്രാക്ടര്‍മാരും വിലസുന്നു. നല്ല വീട് പണിതാല്‍ ആദിവാസികള്‍ അവിടെ താമസിക്കില്ല തുടങ്ങിയ സിദ്ധാന്തങ്ങള്‍ പ്രചരിപ്പിക്കുന്നു. അട്ടപ്പാടിയിലെ ഊരുകളില്‍ ചെല്ലുക; വയനാടുമായി യാതൊരു താരതമ്യവുമില്ല. ഓരോ ഊരുവികസന സമിതിയും കൂട്ടായി സാധനസാമഗ്രികള്‍ വാങ്ങുന്നു, വീടുകള്‍ വെക്കുന്നു, വീടുകളുടെ വലിപ്പമാകട്ടെ, കുടുംബാംഗങ്ങളുടെ എണ്ണമനുസരിച്ച് ഏറിയും കുറഞ്ഞുമിരിക്കും. ആള്‍പ്പാര്‍പ്പില്ലാത്ത ഒരു വീടുപോലും കണ്ടില്ല. അട്ടപ്പാടിയില്‍ കണ്ടത് പുതിയൊരു ആദിവാസി വികസന അനുഭവമായിരുന്നു.

'അവികസനത്തിന്റെ വികസനം' എന്നത് അന്‍ന്ദ്രെ ഗുന്തര്‍ ഫ്രാങ്കിന്റെ പ്രസിദ്ധമായൊരു പരികല്പനയാണ്. ഇതിന്റെ പൂര്‍ണ അര്‍ഥം മനസ്സിലാകണമെങ്കില്‍ അട്ടപ്പാടിയുടെ വികസനചരിത്രം പഠിച്ചാല്‍മതി. കേരളത്തിലെ ഏക ട്രൈബല്‍ ബ്ലോക്ക് ആയതിനാല്‍ പഞ്ചവത്സരപദ്ധതിപ്പണം ഇങ്ങോട്ടൊഴുകി. വികസനത്തോടൊപ്പം കുടിയേറ്റക്കാരും വന്നു. നിനച്ചിരിക്കാതെ ആദിവാസികള്‍ കമ്പോളത്തിന്റെ കയങ്ങളിലേക്ക് എറിയപ്പെട്ടു. ആരെയാണോ വികസിപ്പിക്കാന്‍ സര്‍ക്കാര്‍ ഇറങ്ങിപ്പുറപ്പെട്ടത്, അവര്‍ക്ക് ഭൂമിയും കാടും നഷ്ടപ്പെട്ടു. 


എസ്.എം. വിജയാനന്ദ് സെന്‍ റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് സ്റ്റഡീസില്‍ സമര്‍പ്പിച്ച എം.ഫില്‍. പ്രബന്ധം ഈ അവികസനത്തിന്റെ ചരിത്രമാണ് പ്രതിപാദിക്കുന്നത്. അതുകൂടി വായിക്കുമ്പോഴേ അഹാഡ്‌സിന്റെ പ്രവര്‍ത്തനത്തിന്റെ മഹത്ത്വം മനസ്സിലാകൂ. ഞങ്ങള്‍ പോയ ഊരുകളിലെല്ലാം എത്ര ആത്മവിശ്വാസത്തോടും തന്റേടത്തോടും കൂടിയാണ് സ്ത്രീകള്‍ അടക്കമുള്ള ആദിവാസികള്‍ കാട്ടുകള്ളന്മാരുടെയും കോണ്‍ട്രാക്ടര്‍മാരുടെയും തിരിച്ചുവരവിനെതിരെ പ്രതികരിച്ചത്.

ആദിവാസിക്ഷേമത്തെക്കുറിച്ച് മാത്രമല്ല, വരള്‍ച്ചയെ എങ്ങനെ നേരിടണമെന്നതിനെക്കുറിച്ചും കേരളത്തിന് അട്ടപ്പാടിയില്‍നിന്ന് ഏറെ പഠിക്കാനുണ്ട്. ഒലിച്ച് സമുദ്രത്തിലേക്കിറങ്ങാനോ ആവിയായി പ്പോകാനോ അനുവദിക്കാതെ കെട്ടിനിര്‍ത്തുകയാണെങ്കില്‍, സംസ്ഥാനത്തെ പത്തടി വെള്ളത്തിലാഴ്ത്താന്‍ വേണ്ട മഴവെള്ളം ഇവിടെ പെയ്യുന്നുണ്ട്. പണ്ടൊക്കെ പശ്ചിമഘട്ടത്തില്‍ പെയ്യുന്ന മഴവെള്ളത്തില്‍ നല്ലൊരു ഭാഗം വനാന്തരത്തില്‍ത്തന്നെ ശേഖരിക്കപ്പെടുമായിരുന്നു. കാട്ടിലെ ചവറും ദ്രവിച്ച ജൈവപദാര്‍ഥങ്ങളും പ്രകൃത്യായുള്ള ഒരു സ്‌പോഞ്ചുപോലെ ഈര്‍പ്പം സംരക്ഷിച്ച് നിലനിര്‍ത്തുമായിരുന്നു. ഈ വെള്ളമാണ് വനമണ്ണിലൂടെ ഭൂമിക്കടിയിലേക്ക് കിനിഞ്ഞിറങ്ങി ഉറവകളായിമാറി അരുവികളില്‍ എത്തിയിരുന്നത്. മഴക്കാലം കഴിയുമ്പോള്‍ നദികളിലെ ജലപ്രവാഹത്തിന് ആശ്രയം ഇത്തരം ഉറവകളാണ്. ഒരു ഹെക്ടര്‍ കാടിന് ഇപ്രകാരം 30,000 ഘനമീറ്റര്‍ മഴവെള്ളം സംഭരിച്ച് ക്രമേണയായി വിട്ടുകൊടുക്കാന്‍ ശേഷിയുണ്ടെന്നാണ് കണക്ക്. 

വനങ്ങള്‍ വെട്ടിവെളുപ്പിച്ചു. സമതലങ്ങളിലെ തോടുകളും കുളങ്ങളും തൂര്‍ന്നു. വയലുകള്‍ നികത്തി. ഇപ്പോള്‍ പരിഹാരമായി ആയിരക്കണക്കിന് തടയണകള്‍ പണിയാന്‍ പോകുന്നു. അതോടൊപ്പം നിലവിലുള്ള കുളങ്ങള്‍ വൃത്തിയാക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്കെ നല്ലതു തന്നെ. പക്ഷേ, ഇവ ഫലപ്രദമാകണമെങ്കില്‍ സമഗ്രമായ നീര്‍ത്തടപദ്ധതിയുടെ ഭാഗമായി ഇവയൊക്കെ നിര്‍മിക്കണം. 

നീര്‍ത്തട വികസനത്തെക്കുറിച്ച് വാചകമടിയല്ലാതെ ഒന്നും നടക്കുന്നില്ല. ഇവിടെയാണ് അട്ടപ്പാടിയുടെ വിജയം പ്രസക്തമാകുന്നത്. നീര്‍ത്തടം എന്നാല്‍, വളരെ ലളിതമായ ഒരു സങ്കല്പമാണ്. നമ്മുടെ നാട് കുന്നും ചെരിവുകളും താഴ്‌വരകളും നിറഞ്ഞതാണ്. താഴ്‌വരകളിലാണ് വയലുകള്‍. പക്ഷേ, വയലുകളിലെ വെള്ളം അവിടെ പെയ്യുന്ന മഴവെള്ളം മാത്രമല്ലല്ലോ. കുന്നിന്‍ചെരിവുകളില്‍ പെയ്യുന്ന മഴവെള്ളം ഏലയിലേക്ക് ഒലിച്ചുവരുന്നു. ഏലാ വികസനത്തിന് ഏലയെ മാത്രം കണ്ടാല്‍പോര. അങ്ങോട്ട് വെള്ളം ഒഴുക്കിയെത്തിക്കുന്ന കുന്നിന്‍ചെരിവുകളെയടക്കം ഒറ്റ യൂണിറ്റായി കാണണം. 

കുന്നിന്‍ചെരിവിലെ വെള്ളം പരമാവധി അവിടെത്തന്നെ മണ്ണിലേക്ക് കിനിഞ്ഞിറങ്ങാനുള്ള നടപടികള്‍ സ്വീകരിക്കണം. 'ഓടുന്ന വെള്ളത്തെ നടത്തുക, നടക്കുന്ന വെള്ളത്തെ ഇരുത്തുക, ഇരിക്കുന്ന വെള്ളത്തെ ഇറക്കുക' എന്നതാണ് തത്ത്വം. എങ്കില്‍ വര്‍ഷംമുഴുവന്‍ ഉറവകളിലൂടെ താഴ്‌വരകളില്‍ വെള്ളം ലഭിച്ചുകൊണ്ടിരിക്കും. താഴ്‌വരകളില്‍ വെള്ളം പരമാവധി സംഭരിക്കുന്നതിനും മിച്ചംവരുന്നത് ഒഴുക്കിക്കളയുന്നതിനും നടപടികളുണ്ടാവണം. ഓരോ നീര്‍ത്തടത്തിനും എത്ര വെള്ളം ലഭിക്കുന്നു എന്നു കണക്കുണ്ടായാല്‍ മണ്ണിന്റെ സ്വഭാവവും കൂടി കണക്കിലെടുത്ത് അവിടെ എന്തെല്ലാം കൃഷിചെയ്യാം എന്ന് തീരുമാനിക്കാം. പിന്നെ കാര്‍ഷിക അനുബന്ധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാം. ഇതാണ് നീര്‍ത്തടാസൂത്രണം. 

ഇത്തരം ആസൂത്രണത്തിന് തൊഴിലുറപ്പുപദ്ധതി പ്രയോജനപ്പെടുത്താം. ജനകീയാസൂത്രണത്തിന്റെ ഭാഗമായി കേരളത്തിലെ എല്ലാ സൂക്ഷ്മനീര്‍ത്തടങ്ങളുടെയും ചിത്രം അടയാളപ്പെടുത്തിയിട്ടുണ്ട്. പിന്നീട് പല ആവശ്യങ്ങള്‍ക്കായി ഓരോന്നിനെയും കുറിച്ച് എത്രയോ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. അതുകൊണ്ട് കാത്തിരിക്കേണ്ട. വേണമെങ്കില്‍ ഇപ്പോള്‍ത്തന്നെ തുടങ്ങാം. വേണ്ട പാഠങ്ങള്‍ അട്ടപ്പാടിയിലുമുണ്ട്. 

പക്ഷേ, ഇന്ന് അട്ടപ്പാടിയിലെത്തിയാല്‍ അവിടെ പഠിപ്പിക്കാനാരുമുണ്ടാകില്ല. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി കേരള സര്‍ക്കാര്‍ അഹാഡ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചിരിക്കുകയാണ്. കാടുകളുടെ സംരക്ഷണത്തിനായുള്ള 200-ല്‍പ്പരം വാച്ചര്‍മാര്‍ എല്ലാവരും തന്നെ ആദിവാസികളാണ്. അവരെപ്പോലും പിരിച്ചുവിട്ടിരിക്കുന്നു. തടിവെട്ടുകാര്‍ വീണ്ടും സജീവമായിട്ടുണ്ട്. ചുരമിറങ്ങുമ്പോള്‍ എന്റെ കാറിന് ഒരു വിറകുലോറിയുടെ അകമ്പടിയുണ്ടായിരുന്നു. 

അഹാഡ്‌സിന് പകരം പുത്തന്‍കൂറ്റ് സന്നദ്ധസംഘടനകള്‍ രംഗപ്രവേശം ചെയ്തുകഴിഞ്ഞു. അഹാഡ്‌സിന്റെ ഏറ്റവും വലിയ ശത്രുക്കള്‍ കോണ്‍ട്രാക്ടര്‍മാരും അവരെ പിന്തുണയ്ക്കുന്ന രാഷ്ട്രീയനേതാക്കളുമാണെന്ന് എന്നോടൊപ്പമുണ്ടായിരുന്ന സി.പി.എം. നേതാവ് രാമകൃഷ്ണന്‍ പറഞ്ഞു. ഇതുതന്നെയായിരുന്നു കളക്ടറേറ്റിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയും അഭിപ്രായം. 

അഹാഡ്‌സിനെ പരിസ്ഥിതി പുനഃസ്ഥാപനപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഒരു സ്വയംഭരണ സ്ഥാപനമായി രൂപാന്തരപ്പെടുത്താന്‍ പരിപാടിയുണ്ടായിരുന്നു. ആദിവാസി വാച്ചര്‍മാരെ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിനു കീഴിലേക്ക് മാറ്റുന്നതിനും അട്ടപ്പാടി പോലൊരു പ്രോജക്ടിന് വയനാട്ടില്‍ രൂപംനല്‍കുന്നതിനും കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. ഒരു തുടര്‍പരിപാടിയായി അട്ടപ്പാടിയില്‍ ഒരു കാര്‍ഷിക പാക്കേജും രൂപകല്പന ചെയ്തിരുന്നു. ഇവയെല്ലാം ജലരേഖകളായി. കാര്‍ഷിക പാക്കേജ് എന്തെന്ന് തങ്ങള്‍ക്കറിയില്ല എന്ന് ഊരുകളില്‍ പരാതി. ഊരുവികസന സമിതികളും സംയുക്ത വനമാനേജ്‌മെന്റ് സമിതികളും മറ്റും നിഷ്‌ക്രിയരായിക്കഴിഞ്ഞു. ജനകീയസമിതികള്‍ക്കുവേണ്ടി ഓരോ പ്രദേശത്തും പണിത ഓഫീസ് കെട്ടിടങ്ങള്‍ പൂട്ടിക്കിടക്കുന്നു. ആര്‍ക്കൊക്കെയോ ഒരു വൈരാഗ്യബുദ്ധിയുള്ളതുപോലെയാണ് കാര്യങ്ങളുടെ പോക്ക്. നമ്മുടെ ഏറ്റവും ആവേശകരമായ ഒരു വികസന അനുഭവമാണ് അട്ടപ്പാടിയിലേത് ; അത് നശിപ്പിക്കരുത്.  മാത്രഭൂമി ദിനപത്രം  16/04/2013

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ