2013, ഏപ്രിൽ 22, തിങ്കളാഴ്‌ച

തീരങ്ങള്‍ നദിയുടെ സ്വത്താവണം ...വാട്ടര്‍മാന്‍ രാജേന്ദ്രസിംഗ്‌


കണ്ണൂര്‍ : കഠിന കാലത്തേക്കുള്ള കരുതല്‍ തുടങ്ങണം. ഇല്ലെങ്കില്‍ തൊണ്ടവറ്റി തീരുന്ന നാളില്‍ ഒരിറ്റുവെള്ളമില്ലാതെ കുഴഞ്ഞുവീഴേണ്ടിവരും... ജലയുദ്ധങ്ങള്‍ ദുഃസ്വപ്‌നം കാണേണ്ടവരായി ഭൂമുഖത്തെ മനുഷ്യരാശി മാറുന്നതിനുള്ള ആശങ്ക ബോധ്യപ്പെടുത്തുകയാണ് വാട്ടര്‍മാന്‍ രാജേന്ദ്രസിംഗ്.

ജലസംരക്ഷണം ഭരണകൂടത്തിന്റെ മാത്രം ഉത്തരവാദിത്തമല്ലെന്നും ഓരോ വ്യക്തിയും ഓരോ തുള്ളി വെള്ളവും സംരക്ഷിക്കുന്നതിനായി മുന്നോട്ടുവരണമെന്നും രാജേന്ദ്രസിംഗ് പറയുമ്പോള്‍ അതിന് അനുഭവത്തിന്റെ കരുത്താര്‍ന്ന പിന്‍ബലമുണ്ട്.

രാജസ്ഥാനിലെ ആരവല്ലി മലനിരകളിലെ ഗ്രാമങ്ങളില്‍ നടത്തിയ ജലസംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെ ലോകശ്രദ്ധനേടിയ രാജേന്ദ്രസിംഗ് കേരളത്തിന്റെ ജലപ്രശ്‌നങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കുന്നു.

ഓരോ മഴത്തുള്ളിയും പിടിച്ചുവെച്ച് കടുത്ത വരള്‍ച്ചയുടെ കാലത്തേക്ക് കരുതിവെക്കണമെന്നാണ് രാജേന്ദ്രസിംഗ് പറയുന്നത്. കേരളത്തിലെ 44 നദികളും പരിപോഷിപ്പിക്കുന്നതിനാണ് ശ്രദ്ധനല്‍കേണ്ടത്. നദീ സംരക്ഷണത്തോടൊപ്പം നദീതീരത്തിന്റെ സംരക്ഷണത്തിന് പ്രഥമപരിഗണന നല്‍കണം. മാലിന്യം കലരുന്നത് തീരങ്ങള്‍ വഴിയാണ്. മാലിന്യം വഹിച്ചുവരുന്ന ഓടകള്‍ നദികളിലേക്ക് തള്ളിവിടരുത്. തീരങ്ങള്‍ ഏറ്റെടുക്കുന്നതോടെ ഇതുവഴിയുള്ള മാലിന്യനിക്ഷേപം തടയാനാകും.


തീരങ്ങള്‍ നിയമം മൂലം നദിയുടെ സ്വത്താവണം. റിവര്‍ ബെല്‍റ്റ് യാഥാര്‍ത്ഥ്യമായാല്‍ ഒരുപരിധിവരെ പുഴകളേയും നദികളേയും സംരക്ഷിക്കാനാകും. നദീതീരങ്ങളില്‍ നടക്കുന്ന ഘനന പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും നിരോധിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറയുന്നു.

മഴവെള്ള സംരക്ഷണത്തിന് ഊന്നല്‍ നല്‍കണം. ഇക്കാര്യത്തില്‍ കേരളത്തില്‍ തന്നെ വിജയിച്ച പ്രോജക്ടുകള്‍ മാതൃകയാക്കണം. മഴപെയ്യുമ്പോഴല്ല, മഴക്കുമുമ്പേ ഇതിനുള്ള ഒരുക്കങ്ങള്‍ നടത്തണം. പെയ്യുന്ന മഴ ഭൂമിക്കടിയിലേക്കെത്തിക്കാനാണ് ശ്രദ്ധിക്കേണ്ടത്. മഴക്കുഴികള്‍ വ്യാപകമാക്കണം. കല്ലുകള്‍ക്കിടയിലൂടെ വെള്ളം ഊര്‍ന്നുതാഴാന്‍ കഴിയണം. കോണ്‍ക്രീറ്റ് നിലങ്ങളില്‍ ഇതിന് സാധ്യമല്ല. എന്നാല്‍ ചെങ്കല്‍ പാകിയ നിലങ്ങളിലൂടെ വെള്ളം ഊര്‍ന്ന് ഭൂമിക്കടിയിലേക്ക് പോകും.

നദികളുടെ സ്വാഭാവിക പ്രവാഹം തടസ്സപ്പെടുത്താതെ ചെക്ക് ഡാമുകള്‍ സ്ഥാപിക്കുന്നത് തീര പ്രദേശങ്ങളിലും സമീപസ്ഥലങ്ങളിലും ജലലഭ്യത വര്‍ധിപ്പിക്കും. എന്നാല്‍ ശാസ്ത്രീയമായല്ലാതെ നിര്‍മ്മിക്കുന്ന തടയണകള്‍ നീരൊഴുക്കിനെ ബാധിക്കും. ജലസ്രോതസ്സുകളുടെ സംരക്ഷണത്തിന് സാങ്കേതിക വിദ്യയുടെ സഹായം ആവശ്യമാണ്. ജല സംഭരണികളില്‍ നിന്ന് വെള്ളം ആവിയായി മാറുന്നത് കൊടുംചൂട് കാരണമാണ്. ഇത് തടയാന്‍ സംഭരണികള്‍ക്ക് ചുറ്റും വ്യക്ഷങ്ങള്‍ നട്ടുപിടിപ്പിക്കണം.

കുടിവെള്ളത്തിന്റെ വിലയറിഞ്ഞ നാട്ടില്‍ നിന്നാണ് ഞാന്‍ വരുന്നത്. അവിടുത്തെ സ്ത്രീകള്‍ യൗവനം പാഴാക്കിയത് കിലോമീറ്ററുകളോളം താണ്ടി കുടിവെള്ളം കൊണ്ടുവരാനാണ്. എന്നാല്‍ അനുഭവത്തിലൂടെ രാജസ്ഥാന്‍ ഏറെ പഠിച്ചു. രാജസ്ഥാനിലെ ആല്‍വാര്‍ ജില്ലയിലെ രൂക്ഷമായ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കണ്ടത് അങ്ങിനെയാണ്. കൂട്ടായ ശ്രമത്തിലൂടെ 7 നദികളെ പുനരുജ്ജീവിപ്പിക്കാന്‍ സാധിച്ചു.

പതിനായിരത്തിലധികം തടയണകളാണ് ഇവിടെ ജനകീയകൂട്ടായ്മയില്‍ നിര്‍മ്മിച്ചത്. ഇപ്പോള്‍ അവിടം ജലസമ്പുഷ്ടമാണ്. രാജേന്ദ്രസിംഗ് പറഞ്ഞു.

ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയമായും സാങ്കേതികവിദ്യയുടെ സഹായത്തോടെയും നടപ്പിലാക്കിയില്ലെങ്കില്‍ കേരളത്തിന്റെ ജലഭാവി ഏറെ ക്ലേശകരമാകുമെന്നും രാജേന്ദ്രസിംഗ് പറഞ്ഞു. ഭൂമിയെ അറിയാതെയുള്ള വികസനം രാജ്യത്തിന് ആപത്ത് സൃഷ്ടിക്കുമെന്നും ഭാവിക്കുവേണ്ടിയുള്ള കരുതിവെപ്പില്‍ വിട്ടുവീഴ്ച പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരില്‍ ജലസംരക്ഷണ സെമിനാറില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മാഗ്‌സാസെ അവാര്‍ഡ് ജേതാവായ രാജേന്ദ്രസിംഗ്. 2008ല്‍ ഭൂമിയെ സംരക്ഷിക്കുന്ന 50 പേരില്‍ ഒരാളായി രാജേന്ദ്രസിംഗിനെ തെരഞ്ഞെടുത്തിരുന്നു.

അന്താരാഷ്ട്ര നദീ പുരസ്‌കാരം നേടിയ രാജേന്ദ്രസിംഗ് ജലസംരക്ഷണ പ്രവര്‍ത്തനം ബോധ്യപ്പെടുത്താന്‍ രാജസ്ഥാനിലെ വിവിധ ഗ്രാമങ്ങളില്‍ വാട്ടര്‍ പാര്‍ലമെന്റ് സംഘടിപ്പിച്ചിരുന്നു. അഞ്ച് അന്താരാഷ്ട്ര ജല സമ്മേളനം, ജലയാത്ര എന്നിവ സംഘടിപ്പിച്ച അദ്ദേഹം രാജ്യത്ത് മാതൃകാപരമായ ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്.
Posted On: 4/21/2013 
ചന്ദ്രിക ദിനപത്രം 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ