2013, ഏപ്രിൽ 10, ബുധനാഴ്‌ച

സജീവമാകുന്ന പാരിസ്ഥിതിക അവബോധ പ്രവര്‍ത്തനങ്ങള്‍



                                    
ഭൂമിയില്‍ ജീവിച്ചു മരിക്കേണ്ട സര്‍വ്വജീവജാലങ്ങള്‍ക്കുമായി ദൈവം കനിഞ്ഞരുളിയ പ്രകൃതിയുടെ എല്ലാ സൗകര്യങ്ങളും മനുഷ്യന്റെ കൈയേറ്റങ്ങളും അമിതാവേശവും മൂലം ഭീതിജനകമാംവിധം നശിച്ചുകൊണ്ടിരിക്കുകയാണ്. പരിസ്ഥിതി സംരക്ഷിച്ച് പ്രകൃതിയെ വീണ്ടെടുക്കണമെന്ന ചിന്ത ലോകമെങ്ങും വളര്‍ന്നു വരുന്നതിന്റെ ഭാഗമായി ഐക്യരാഷ്ട്രസഭയും ലോകരാഷ്ട്രങ്ങളും ഇത്തരം പരിപാടികളുമായി മുന്നിട്ടിറങ്ങാന്‍ നിര്‍ബന്ധിച്ചു കൊണ്ടിരിക്കുന്നു.

ബ്രസീലിലെ റിയോ ഡി ജനീറോയില്‍ 1992ല്‍ തുടങ്ങി ജനീവയിലും ക്യോട്ടോവിലും നടന്ന ഭൗമ ഉച്ചകോടിയിലും ഉയര്‍ന്നു വന്ന ചര്‍ച്ചകളില്‍ ഓരോ രാജ്യവും പ്രകൃതി സംരക്ഷണം പ്രധാന അജണ്ടയായി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

വിശുദ്ധ ഖുര്‍ആനിലെ 55-ാം അധ്യായമായ അര്‍റഹ്മാനിന്റെ തുടക്ക വചനങ്ങള്‍ കാണുക: ''പരമകാരുണികന്‍ ഈ ഖുര്‍ആന്‍ പഠിപ്പിച്ചു. അവന്‍ മനുഷ്യനെ സൃഷ്ടിച്ചു. അവനെ അവന്‍ സംസാരിക്കാന്‍ പഠിപ്പിച്ചു. സൂര്യനും ചന്ദ്രനും ഒരു കണക്കനുസരിച്ചാകുന്നു സഞ്ചരിക്കുന്നത്. ചെടികളും വൃക്ഷങ്ങളും അല്ലാഹുവിന് പ്രണാമം അര്‍പ്പിച്ചുകൊണ്ടിരിക്കുന്നു. ആകാശത്തെ അവന്‍ ഉയര്‍ത്തുകയും (എല്ലാ കാര്യങ്ങളും തൂക്കിക്കണക്കുവാനുള്ള) തുലാസു അവന്‍ സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ തുലാസില്‍ ക്രമക്കേട് വരുത്താതിരിക്കുവാന്‍ വേണ്ടിയാണിത്. നിങ്ങള്‍ നീതിപൂര്‍വം തൂക്കം ശരിയാക്കുവിന്‍. തുലാസില്‍ നിങ്ങള്‍ കമ്മി വരുത്തരുത്. ഭൂമിയെ അവന്‍ മനുഷ്യര്‍ക്കായി വെച്ചിരിക്കുന്നു''.

പ്രാപഞ്ചിക വ്യവസ്ഥയിലാകെ ദൃശ്യമാകുന്ന സന്തുലിതത്വമായിരിക്കാം ഇവിടെ തുലാസ് കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. അതില്‍ മനുഷ്യന്‍ ക്രമക്കേട് വരുത്തുന്നതോടെ എല്ലാ രംഗത്തും താളപ്പിഴകളുണ്ടാകുന്നു. പ്രാപഞ്ചിക വ്യവസ്ഥയിലെ സന്തുലതത്വത്തിന്റെ സദ്ഫലങ്ങള്‍ അനുഭവിക്കുന്ന മനുഷ്യന്‍ തന്റെ ജീവിത വ്യവഹാരങ്ങളിലും സന്തുലിതത്വം പുലര്‍ത്താന്‍ ന്യായമായും ബാധ്യസ്ഥനാകുന്നു എന്ന് ഓര്‍ക്കണം.

പ്രകൃതി സംരക്ഷണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ രണ്ടു വാദഗതികളാണ് പ്രധാനമായും ഉയര്‍ന്നുവരാറുള്ളത്. ഒന്ന് പ്രകൃതി ഉടമയും മനുഷ്യന്‍ അതിന്റെ അടിമയുമാണ് എന്ന വാദം. പ്രകൃതി പ്രധാനമായ ഈ വാദം മനുഷ്യനെ അപ്രധാനമാക്കുന്നുവെന്നു മാത്രമല്ല, അവനെന്തു സംഭവിച്ചാലും പ്രകൃതിയെ നിലനിര്‍ത്തിയാല്‍ മതിയെന്നാണ് അത്തരക്കാരുടെ വാദം.

രണ്ടാമതൊരു കൂട്ടര്‍ മനുഷ്യനെ ഉടമയും പ്രകൃതിയെ അടിമയുമായി കാണുന്നു. പ്രകൃതിയെയും അതിന്റെ വിഭവങ്ങളെയും എങ്ങനെയും ചൂഷണം ചെയ്യാമെന്നും പ്രകൃതി മനുഷ്യനു വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടതാണെന്നും അത് ഏതു തരത്തില്‍ വേണമെങ്കിലും ഉപയോഗിക്കാമെന്നും ഇക്കൂട്ടര്‍ വാദിക്കുന്നു. എന്നാല്‍ ഈ രണ്ട് വാദഗതികളും പൂര്‍ണമായും ശരിയല്ല. പ്രകൃതി മനുഷ്യനു മാത്രമായി സൃഷ്ടിക്കപ്പെട്ട ഒന്നല്ല. നാം കാണുന്നതും നമുക്ക് കാണാനാവാത്തതുമായ കോടിക്കണക്കിനു ജീവജാലങ്ങള്‍ ഭൂമിയിലുണ്ട്. അവര്‍ക്കെല്ലാമായി ദൈവം സംവിധാനിച്ച ഒന്നാണ് ഭൂമി. അതേസമയം മറ്റു ജീവജാലങ്ങളില്‍ നിന്നു വ്യത്യസ്തമായി ദൈവസൃഷ്ടിയായ മനുഷ്യന് പ്രകൃതിയെ ആസ്വദിക്കാനും അനുഭവിക്കാനുമുള്ള സ്വാതന്ത്ര്യം ദൈവം നല്‍കിയിട്ടുണ്ടുതാനും.

ഇവിടെയാണ് നേരത്തെ പറഞ്ഞ ഖുര്‍ആന്‍ വചനത്തിന്റെ പ്രസക്തി. തുലാസില്‍ നിങ്ങള്‍ അതിക്രമം കാണിക്കരുത് എന്ന താക്കീത് നാം ഗൗരവമായി എടുക്കേണ്ടത് ഈ സാഹചര്യത്തിലാണ്.

പ്രകൃതിയും മനുഷ്യനും ഒരു സഹജീവനമാര്‍ഗമാണ് സ്വീകരിച്ചു വരേണ്ടത്. ഭാര്യ-ഭര്‍തൃ ബന്ധം പോലെ. ഭാര്യാ ഭര്‍ത്താക്കന്‍മാര്‍ക്ക് ഖുര്‍ആന്‍ പ്രയോഗിച്ച പദം 'സൗജ്' എന്നാണ്. അറബി ഭാഷയില്‍ ഈ പദത്തിന്റെ അര്‍ത്ഥം ഇണ എന്നാണ്. പരസ്പരം അറിഞ്ഞും മനസ്സിലാക്കിയും, കൊണ്ടും കൊടുത്തുമായിരിക്കണം ഇണകള്‍ ജീവിക്കേണ്ടത് എന്നര്‍ത്ഥം. അത്തരത്തില്‍ പരസ്പരം അറിഞ്ഞു ജീവിക്കുന്ന ഒരവസ്ഥയാണ് പ്രകൃതിയും മനുഷ്യനും തമ്മിലുണ്ടാകേണ്ടത്.

പ്രകൃതി സംരക്ഷണം സര്‍ക്കാറുകളോ ഔദ്യോഗിക സംവിധാനങ്ങളോ മാത്രം വിചാരിച്ചാല്‍ ഏറ്റെടുത്ത് വിജയിപ്പിക്കാവുന്ന ഒന്നല്ല. ഓരോ പൗരനും തങ്ങളാല്‍ കഴിയുന്നത് ചെയ്യാന്‍ മുന്നോട്ടു വരേണ്ടതായുണ്ട്. ഇണ അനുഭവിക്കുന്ന ദുരവസ്ഥ മറികടക്കാന്‍ അതുകൊണ്ടുമാത്രമെ കഴിയൂ. ഈയൊരു സാഹചര്യത്തിലാണ് മുസ്‌ലിംലീഗ് സംസ്ഥാന നേതൃത്വം പ്രകൃതി സംരക്ഷണമെന്ന ഉദ്യമത്തിന് മുന്നോട്ടുവന്നിട്ടുള്ളത്.

പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കുന്ന നയരേഖ സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ കഴിഞ്ഞ ദിവസം കോഴിക്കോട്ട് പ്രഖ്യാപിച്ചുകഴിഞ്ഞു. പ്രകൃതി വിഭവങ്ങളെ അനുഭവിക്കുന്നതോടൊപ്പം അത് സംരക്ഷിക്കേണ്ട ബാധ്യത ഏറ്റെടുക്കണമെന്നും ദാനം കിട്ടിയ ഈ ഭൂമി, വരും തലമുറക്ക് കേടുകൂടാതെ തിരിച്ചേല്‍പ്പിക്കണമെന്നും വ്യക്തമാക്കുന്ന മുസ്‌ലിംലീഗ് പരിസ്ഥിതി സംരക്ഷണ നയരേഖ കേരളത്തില്‍ പരക്കെ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്.

നയരേഖാ പ്രഖ്യാപനത്തിനു ശേഷം എല്ലാ ജില്ലകളിലും ബോധവല്‍ക്കരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കള്‍ക്കും ഭരണകര്‍ത്താക്കള്‍ക്കുമായി പ്രത്യേകം സംഘടിപ്പിക്കുന്ന സെമിനാറുകളും കണ്‍വന്‍ഷനുകളും നടന്നുവരുന്നു. അതിന്റെ ഭാഗമായി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പരിസ്ഥിതി സംരക്ഷണ നിളാസംഗമം ഏപ്രില്‍ 11ന് കുറ്റിപ്പുറത്ത് നടക്കുകയാണ്. പാര്‍ട്ടിയുടെ മുഴുവന്‍ പോഷക സംഘടനകള്‍ക്കും പ്രത്യേക ചുമതലകളും കര്‍മപരിപാടികളും തയാറാക്കി നല്‍കും. ഓരോ സംഘടനയും അവരുടെ മറ്റു പ്രവര്‍ത്തനങ്ങളോടൊപ്പം പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളും ഏറ്റെടുത്ത് നടപ്പാക്കും.

ഓരോ ശാഖാ - പഞ്ചായത്ത് കമ്മിറ്റികള്‍ക്കും കര്‍മപരിപാടികളുടെ വിശദാംശങ്ങള്‍ അച്ചടിച്ച് കൈപുസ്തകമായി ജൂണ്‍ 5ന് ലോക പരിസ്ഥിതി ദിനത്തില്‍ നല്‍കും. മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍, സാമൂഹിക സാംസ്‌കാരിക സംഘടനകള്‍, സമാന ചിന്താഗതിക്കാര്‍ എന്നിവരെ പരിപാടികളുമായി സഹകരിപ്പിക്കും. കാലഘട്ടത്തിന്റെ ആവശ്യമേറ്റെടുത്തു മുസ്‌ലിംലീഗ് നന്മയുടെ രാഷ്ട്രീയം ഒരിക്കല്‍ കൂടി ഉയര്‍ത്തിപ്പിടിക്കുകയാണ്.


   സലീം കുരുവമ്പലം -----മുസ്‌ലിംലീഗ് പരിസ്ഥിതി സംരക്ഷണ സമിതി സംസ്ഥാന കണ്‍വീനറാണ് ലേഖകന്‍))





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ