കെ. കുട്ടി അഹമ്മദ് കുട്ടി
1972-ല്‍ ഐക്യരാഷ്ട്രസഭ ആരംഭിച്ച ലോക പരിസ്ഥിതിദിനം, കാലിക പ്രാധാന്യമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ട് ശ്രദ്ധേയമാകാറുണ്ട്. ഈ വര്‍ഷത്തെ പരിസ്ഥിതി ദിനത്തിന്റെ ആശയം ഭക്ഷണവുമായി ബന്ധപ്പെട്ട് മിതവ്യയ ചിന്തകളുണ്ടാകുകയും സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കംകൂട്ടുകയും ചെയ്യുക (Think, Eat, Save) എന്നതാണ്.
ഭക്ഷണം പാഴാക്കിക്കളയുന്നതിനും നഷ്ടപ്പെടുത്തുന്നതിനും എതിരെയുള്ള പ്രചാരണമാണ് ഉദ്ദേശിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള Food and Agriculture Organization (FAO) പറയുന്നത് ഓരോ വര്‍ഷവും 1.3 ബില്യണ്‍ ടണ്‍ ഭക്ഷണം പാഴാക്കിക്കളയുന്നു എന്നാണ്. ഇത് സബ്‌സഹാറന്‍ ആഫ്രിക്കയില്‍ മൊത്തം ഉല്‍പാദിപ്പിക്കുന്ന ഭക്ഷ്യവിഭവങ്ങളുടെ അളവിന് തുല്യമാണ്.
അതേസമയം, ലോകത്ത് ഏഴിലൊരാള്‍ ഉറങ്ങാന്‍ പോകുന്നത് വിശക്കുന്ന വയറുമായാണ്. പാഴാക്കിക്കളയുന്ന ഭക്ഷണമുണ്ടെങ്കില്‍ നല്ലൊരളവോളം പട്ടിണി മാറ്റാന്‍ കഴിയുമെന്ന് ഓര്‍ക്കേണ്ടതുണ്ട്. ദുര്‍വ്യയം ഒഴിവാക്കാന്‍ ഭക്ഷ്യസുരക്ഷയെക്കുറിച്ച് ആശങ്കയുയര്‍ന്ന ഇക്കാലത്തെങ്കിലും തയാറായേ പറ്റൂ എന്നാണ് ലോക പരിസ്ഥിതി ദിന സന്ദേശം നല്‍കുന്ന മുന്നറിയിപ്പ്.
വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ''പടര്‍ത്തപ്പെട്ടതും അല്ലാത്തതുമായ എല്ലാ തോട്ടങ്ങളും ഈത്തപ്പനകളും പലതരം കനികളും കൃഷികളും പരസ്പരം തുല്യത തോന്നുന്നതും എന്നാല്‍ സാദൃശ്യമില്ലാത്തതുമായ ഒലീവും ഉറുമാമ്പഴവും എല്ലാം സൃഷ്ടിച്ചുണ്ടാക്കിയത് അവനാകുന്നു. കായ്ക്കുമ്പോള്‍ അതിന്റെ ഫലങ്ങള്‍ നിങ്ങള്‍ ഭക്ഷിച്ചുകൊള്ളുക. അതിന്റെ വിളവെടുപ്പ് ദിവസം അതിലുള്ള ബാധ്യത നിങ്ങള്‍ കൊടുത്തു തീര്‍ക്കുകയും ചെയ്യുക. നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്. ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല.'' (6/141). ഭക്ഷ്യവിഭവങ്ങള്‍ പാഴാക്കിക്കളയരുത് എന്ന് വ്യക്തമായി താക്കീതു നല്‍കുകയാണ് ഖുര്‍ആന്‍.
മഹാത്മജിയുടെ പ്രസക്തമായ ഒരു വചനമുണ്ട്. ഭൂമിയില്‍ നിങ്ങളുടെ ആവശ്യത്തിനുള്ളതെല്ലാമുണ്ട്. എന്നാല്‍ നിങ്ങളുടെ ആര്‍ത്തിക്കുള്ളതില്ല. ആര്‍ത്തി തീര്‍ക്കാനുള്ള അമിത ചൂഷണം ഒഴിവാക്കി ആവശ്യത്തിനു മാത്രം പ്രകൃതിയിലെ ഏതു വിഭവവും ഉപയോഗിക്കാനുള്ള ശീലം വളര്‍ത്തിയെടുത്തേ പറ്റൂ.
നാട്ടിന്‍പുറങ്ങളില്‍ പോലും ഭക്ഷണ ദുര്‍വ്യയം ചെയ്യുന്ന പ്രവണത വളരെകൂടിവരികയാണ്. വിവാഹങ്ങള്‍, സല്‍ക്കാരങ്ങള്‍, ആഡംബര പാര്‍ട്ടികള്‍ എന്നിവയിലൊക്കെ എത്ര ഭക്ഷണമാണ് പാഴാക്കിക്കളയുന്നത്. തീന്‍മേശക്ക് മുകളില്‍ നിരത്തിയിരിക്കുന്ന നാനാതരം വിഭവങ്ങളില്‍ വളരെ ചെറിയ ഒരംശം മാത്രമേ ഭക്ഷിക്കുന്നുള്ളൂ. ബാക്കിവരുന്ന ഭക്ഷ്യാവശിഷ്ടങ്ങള്‍ മാലിന്യം വര്‍ദ്ധിപ്പിക്കുന്നതിനും കാരണമായിത്തീരുന്നു. ഇങ്ങനെ ഭക്ഷണം യഥേഷ്ടം പാഴാക്കിക്കളയുമ്പോള്‍ എത്രപേര്‍ ഭക്ഷണം കിട്ടാതെ പട്ടിണിയില്‍ കഴിയുന്നു എന്നാരും ഓര്‍ക്കാറില്ല. അയല്‍വാസി പട്ടിണികിടക്കുമ്പോള്‍ വയറ് നിറച്ച് ഉണ്ണുന്നവന്‍ എന്നില്‍പ്പെട്ടവനല്ല എന്ന നബിവചനം ഓര്‍ക്കുക.
ഏഴ് ബില്യണ്‍ ജനങ്ങളെ പുലര്‍ത്താനാവശ്യമായ വിഭവങ്ങളുണ്ടാക്കാന്‍ ഭൂമി പാടുപെടുമ്പോള്‍ എഅഛയുടെ കണക്കനുസരിച്ച് ആഗോള ഭക്ഷ്യഉല്‍പാദനത്തിന്റെ മൂന്നില്‍ ഒന്ന് പാഴാവുകയോ നഷ്ടപ്പെടുകയോ ചെയ്യുന്നു. ഭക്ഷണം പാഴായിപോകുന്നത്, പ്രകൃതി വിഭവങ്ങളുടെ ശോഷണത്തിനും കാരണമാകുന്നു. ഇത് പരിസ്ഥിതിക്ക് ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു.
ഈ വര്‍ഷത്തെ പ്രചാരണം ഭക്ഷണം പാഴായിപ്പോകുന്നത് കുറക്കാനും ഭക്ഷ്യോല്‍പാദനം പരിസ്ഥിതിക്കുമേലുണ്ടാക്കുന്ന ദോഷകരമായ സ്വാധീനം കുറക്കാനും കൂടിയുള്ളതാണ്. അതോടൊപ്പം ഭക്ഷ്യോല്‍പാദന പ്രക്രിയ കാര്യക്ഷമമാക്കാനും കൂടിയാണ്. ഭക്ഷണം പാഴാക്കിക്കളയുമ്പോള്‍ ഭക്ഷ്യോല്‍പാദനത്തിനായി ഉപയോഗിക്കപ്പെട്ട എല്ലാ ഘടകങ്ങളും വസ്തുക്കളും നഷ്ടപ്പെടുകയാണ്. ഇതൊക്കെ സമൂഹത്തിന്റെ മുഴുവന്‍ മനസ്സിലും ആഴത്തില്‍ വരുന്ന വിധത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.
അമിത ഭക്ഷണത്തെക്കുറിച്ച് കൂടി ചിന്തിക്കുന്നത് ഈ സമയത്ത് ആവശ്യമാണ്. ഇത് കേരളത്തെ സംബന്ധിച്ചിടത്തോളം പ്രസക്തവുമാണ്. വാരിവലിച്ച് തിന്നുന്ന ശീലം ഉണ്ടാക്കിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഭീതിദമായ വിധം വര്‍ധിച്ചിരിക്കുന്നു. കേരളത്തിലെ ആരോഗ്യ മേഖലയുടെ നേട്ടങ്ങള്‍ ഒരു കാലത്ത് വികസിത പാശ്ചാത്യ രാജ്യങ്ങളെ കവച്ചുവെച്ചിരുന്നു. ഇന്ന് നിഷേധാത്മകമായ പ്രവണതകളാണ് ആരോഗ്യരംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
പണ്ട് പോഷകാഹാരക്കുറവ് മൂലവും പട്ടിണിമൂലവുമുള്ള രോഗങ്ങളായിരുന്നു ഏറെ അലട്ടിയിരുന്നത്. ഇന്ന് ഇവയെകൂടാതെ അമിത ഭക്ഷണം കൊണ്ടുണ്ടാകുന്ന രോഗങ്ങളും വര്‍ധിച്ചിരിക്കുകയാണ്.
കേരളീയ സമൂഹം നിര്‍മ്മാര്‍ജ്ജനം ചെയ്ത പകര്‍ച്ചവ്യാധികള്‍ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരുന്നതോടൊപ്പം ജീവിതശൈലീ രോഗങ്ങളും വര്‍ധിച്ചുവരികയാണ്. പരിസര മലിനീകരണം ഒഴിവാക്കുന്നതോടൊപ്പം ഭക്ഷണ രീതിയിലും മാറ്റങ്ങള്‍ വരുത്താന്‍ നമ്മള്‍ നിര്‍ബന്ധം കാണിക്കേണ്ടതുണ്ട്. ഈ വര്‍ഷത്തെ പരിസ്ഥിതി സന്ദേശവുമായി ബന്ധപ്പെട്ട് ചില പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യേണ്ടതുണ്ട്.
1. പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത ഭക്ഷണ പദാര്‍ത്ഥങ്ങളുടെ പ്രചാരണം.
2. വീട്ടിലെ അടുക്കളയില്‍നിന്നുതന്നെ ഭക്ഷണത്തിന് മിതത്വം പാലിക്കാനുള്ള ശീലം. ആവശ്യത്തിനുള്ള ഭക്ഷണം മാത്രമേ പാകം ചെയ്യാന്‍ പാടുള്ളൂ എന്ന ബോധം ഉണ്ടാക്കിയെടുക്കണം.
3. ഒരു കാരണവശാലും ഭക്ഷ്യമാലിന്യമുണ്ടാക്കാന്‍ അനുവദിക്കരുത്.
4. നല്ല ഭക്ഷണ രീതി, പ്രകൃതിക്കനുയോജ്യമായ പാചകം എന്നിങ്ങനെ ഭക്ഷണവുമായി ബന്ധപ്പെട്ടുള്ള പരിസ്ഥിതി സംരക്ഷണ രീതി പ്രചരിപ്പിക്കുക.
5. മിതവ്യയ ശീലങ്ങള്‍ പുതുതലമുറയില്‍ വളര്‍ത്തിയെടുക്കുക.
6. അമിത ഭക്ഷണം മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍, ജീവിത ശൈലീ രോഗങ്ങള്‍ എന്നിവയെക്കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കുകയും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി ജനങ്ങളില്‍ ആരോഗ്യകരമായ ഭക്ഷണ രീതികളും ജീവിത ശൈലികളും ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്യുക.
ഓരോ വര്‍ഷവും പരിസ്ഥിതിദിനം നമുക്കു നല്‍കുന്ന സന്ദേശങ്ങള്‍ ഭൂമിയും ജീവജാലങ്ങളും നിലനില്‍ക്കുന്നതിനാവശ്യമായ വിധത്തില്‍ പരിസ്ഥിതിയെ സംരക്ഷിക്കാന്‍ മനുഷ്യരാശിക്കു പ്രചോദനം നല്‍കാനാണ്. പരിസ്ഥിതി നാശം ഭൂമിയുടേയും ജീവജാലങ്ങളുടേയും നിലനില്‍പിനു തന്നെ ഭീഷണിയായി വന്നപ്പോഴാണ് ലോകരാഷ്ട്രങ്ങള്‍ ഈ രംഗത്തേക്ക് ഇറങ്ങിത്തിരിച്ചത്.
ഐക്യരാഷ്ട്രസഭയുടെ ഏജന്‍സികളും ലോകരാജ്യങ്ങളും പ്രചാരണപ്രവര്‍ത്തനങ്ങളും നിയമനിര്‍മ്മാണവുമൊക്കെ നടത്തിയിട്ടും പരിസ്ഥിതി സംരക്ഷണ രംഗത്ത് ഏറെ മുന്നേറാന്‍ നമുക്ക് കഴിഞ്ഞില്ല. അതുകൊണ്ട് പരിസ്ഥിതിദിന സന്ദേശങ്ങളും ആശയങ്ങളും മനസ്സിന്റെ ആഴങ്ങളില്‍ ഉള്‍കൊണ്ട് പ്രവര്‍ത്തന രംഗത്തിറങ്ങാന്‍ ഓരോ മനുഷ്യനും തയാറാകേണ്ടതുണ്ട്.