2013, മാർച്ച് 31, ഞായറാഴ്‌ച


  അകക്കാഴ്ച[ മാത്രഭൂമി ] 
ജലസന്ദേശങ്ങള്‍ 
ജലസന്ദേശങ്ങള്‍ (മെസേജസ് ഫ്രം വാട്ടര്‍). ജപ്പാന്‍കാരനായ മസാരു ഇമോട്ടയുടെ പുസ്തകത്തിന്റെ പേര് അതാണ്. മനോഹരമായ ഒരു ചിത്രപുസ്തകം. ചിത്രങ്ങളൊക്കെ ജലകണികകളുടേത്. ഇമോട്ടയുടെ ചിത്രങ്ങളിലെ ജലകണികകള്‍ കരയുകയും ചിരിക്കുകയും ദേഷ്യപ്പെടുകയും പരിഭവിക്കുകയും നിരാശപ്പെടുകയും ഒക്കെ ചെയ്യും. ഓരോ വാക്കിനും, ചിന്തയ്ക്കും, വികാരത്തിനും ജലത്തില്‍ ഭാവമാറ്റം സൃഷ്ടിക്കാനാവുമെന്നാണ് ഇമോട്ട പറയുന്നത്. ദൃശ്യങ്ങള്‍ക്കും, സംഗീതത്തിനും ജലത്തെ സ്വാധീനിക്കാനാവുമെന്നും ഇമോട്ടോയുടെ ഫോട്ടോകള്‍ കാണിച്ചു തരുന്നു. കുട്ടിക്കാലത്ത് കാലിഡോസ്‌കോപ്പിലൂടെ കണ്ട ദൃശ്യങ്ങള്‍ പോലെയാണ് ഇമോട്ടോയുടെ ജലകണിക ചിത്രങ്ങള്‍. സുന്ദരം, അത്ഭുതകരം, ആനന്ദദായകം - പുസ്തകം കണ്ട്, വായിച്ച് മനസ്സ് നിറഞ്ഞ് ഇന്റര്‍നെറ്റില്‍ മസാരു ഇമോട്ടോയെ തിരഞ്ഞു.

വിവരങ്ങള്‍ നിരവധി തെളിഞ്ഞു, ഒപ്പം ഇമോട്ടോയുടേത് സ്യൂഡോ സയന്‍സാണെന്നും, ബേസിക് ഫിസിക്‌സിനെതിരാണെന്നുമുള്ള ശാസ്ത്രജ്ഞരുടെ അഭിപ്രായങ്ങളും.

സ്യൂഡോ സയന്‍സോ, യഥാര്‍ത്ഥ സയന്‍സോ- ആ ചിത്രങ്ങള്‍ മനോഹരമാണ്, ആഹ്‌ളാദം തരുന്നവയാണ്. ജലത്തെക്കുറിച്ചുള്ള സുന്ദരമായ ഓര്‍മ്മ നിലനിര്‍ത്തുന്നതാണ്.

രാജസ്ഥാനില്‍ നിന്ന് മടങ്ങുമ്പോള്‍ ഇമോട്ടോയുടെ ജലസന്ദേശങ്ങള്‍ ഓര്‍മ്മയില്‍ വന്നു.

അവിടുത്തെ ജലകണികകളുടെ ചിത്രങ്ങള്‍ എടുക്കുമ്പോള്‍ അവയ്‌ക്കെന്തു ഭാവമായിരിക്കും? ഇല്ലായ്മയുടെ, വറുതിയുടെ, സംഘര്‍ഷത്തിന്റെ ചിത്രങ്ങള്‍ ഇമോട്ടോയുടെ പുസ്തകത്തിലില്ല, മരുഭൂമിയിലെ ജലചിത്രങ്ങള്‍ക്ക് ചിരിയും, തിളക്കവുമുണ്ടാവുമോ?

സ്‌കൂള്‍ പാഠപുസ്തകത്തില്‍ നിന്നാണ് സഹാറയും, താര്‍ മരുഭൂമിയും അന്തമില്ലാതെ മനസ്സില്‍ നീണ്ടുകിടക്കാന്‍ തുടങ്ങിയത്. 'ആല്‍കെമിസ്റ്റും' (പാവ്‌ലോ കൊയ്‌ലോ), 'ആടു ജീവിത' (ബെന്യാമിന്‍)വും മരുഭൂമിയിലെ ജീവിതത്തുടിപ്പ് ഹൃദയത്തിന് പകര്‍ന്നേകി. അപ്പോഴും വെള്ളമില്ലായ്മ ഇത്ര ഭീകരമാണെന്ന് ഞാനോര്‍ത്തതേയില്ല. കുടങ്ങളില്‍ വെള്ളം നിറയ്ക്കാന്‍ ദൂരദൂരങ്ങള്‍ താണ്ടുന്ന മനുഷ്യരെ നേരില്‍ക്കാണും വരെ, ഒരു കിണറില്‍ നിന്ന് നൂറോളം പേര്‍ ഒരേസമയം വെള്ളം കോരിയെടുക്കുന്നത് കാണുന്നതുവരെ ജലദൗര്‍ലഭ്യവും മരുഭൂമി പോലെ ഒരു സങ്കല്‍പ്പം മാത്രമായിരുന്നു. പക്ഷെ, രാജസ്ഥാനിലെ ഗ്രാമങ്ങള്‍ പഠിപ്പിച്ചു തന്ന പാഠങ്ങള്‍ എന്റെ ജലചിന്തകളെ മാറ്റിമറിച്ചു.

അവിടെ കുറ്റബോധത്തോടെയാണ് ഞാന്‍ വെള്ളം കുടിച്ചത്, കുളിച്ചത്, നനച്ചത്. സ്വര്‍ണ്ണത്തെക്കാള്‍ വിലയേറിയതാണ് ജീവജലം എന്ന് കുടമേന്തിവരുന്ന ഓരോ സ്ത്രീയും/പുരുഷനും എന്നെ ഓര്‍മ്മിപ്പിച്ചു. കേരളത്തില്‍ പാഴാക്കിക്കളഞ്ഞ, കളയുന്ന വെള്ളത്തെക്കുറിച്ച് ഞാന്‍ നൊമ്പരപ്പെട്ടു.
വെള്ളം നിറച്ച കുടങ്ങള്‍ പേറുന്നത് മനുഷ്യര്‍ മാത്രമല്ല, തീവണ്ടികളും, വാഹനങ്ങളും വെള്ളവുമായി കൂകിപ്പായുന്നുണ്ട് രാജസ്ഥാനില്‍. ഭൂമിയില്‍ വീഴുന്ന ഓരോ തുള്ളി വെള്ളത്തിന്റെയും വില അറിയുന്നതിനാല്‍ സംഭരിച്ചുവയ്ക്കാന്‍ അവര്‍ പരമ്പരാഗതരീതികളും ആധുനിക രീതികളുമൊക്കെ ഉപോഗപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. ജൊഹാഡ്, ഖദീന്‍ തുടങ്ങിയ മഴവെള്ള സംഭരണികളിലൂടെ വര്‍ഷം മുഴുവന്‍ മഴവെള്ളം സൂക്ഷിച്ചുവയ്ക്കാന്‍ അവര്‍ ശ്രമിക്കുന്നു. ചരിവുപ്രദേശങ്ങളില്‍ കുളങ്ങളുണ്ടാക്കി മണ്ണുകൊണ്ട് ഭിത്തികള്‍ കെട്ടി ജൊഹാഡ്കളില്‍ മഴയെ പിടിച്ച് വയ്ക്കുന്നു.

പണ്ട് ഇതൊന്നും ഇങ്ങനെയൊന്നും ആയിരുന്നില്ലെന്ന് പഴമക്കാര്‍ പറയുന്നുമുണ്ട്. രാജസ്ഥാനും ഉണ്ടായിരുന്നത്രെ വെള്ളം സമൃദ്ധമായിരുന്നൊരു ഭൂതകാലം. വരളുകയാണത്രെ കേരളവും. നാളെ നമ്മുടെ കുഞ്ഞുങ്ങളോടും നമുക്കിങ്ങനെ പറയേണ്ടി വരുമോ?

കേരളം - 44 നദികളുടെ നാട്, ശുദ്ധജലം നിറഞ്ഞ നിരവധി കായലുകള്‍, നിറയെ നിറയെ കുളങ്ങള്‍, നിലയ്ക്കാത്ത മഴയുടെ നാട്.

ഗംഗ അവളുടെ രാജസ്ഥാനി പാഠപുസ്തകത്തില്‍ പഠിച്ചത് ഓര്‍ത്തെടുത്ത് ചോദിച്ചു:

''സത്യമാണോ അതൊക്കെ? നിങ്ങള്‍ക്ക് വെള്ളം കൊണ്ടു വരാന്‍ കിലോമീറ്ററുകള്‍ നടക്കേണ്ടി വരാറില്ലേ?''

ഇല്ല എന്നു മറുപടി നല്‍കുമ്പോള്‍ കേരളത്തിന്റെ ഭാവിയുടെ ചിത്രം അതാവല്ലേ എന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു പോയി. കഥകള്‍, കണക്കുകള്‍ വിരല്‍ ചൂണ്ടുന്നത് വരണ്ടുപോകുന്ന നാളെകളിലേക്കാണല്ലോ.

വികസനം - ഷോപ്പിംഗ് മാളുകള്‍, മള്‍ട്ടിപ്ലെക്‌സുകള്‍, ഫൈസ്റ്റാര്‍ ഹോട്ടലുകള്‍, ആശുപത്രികള്‍, വാട്ടര്‍ തീം പാര്‍ക്കുകള്‍, സ്‌പെഷ്യല്‍ ഇക്കണോമിക് സോണുകള്‍ - വനം വെട്ടിയും, നദികളിലെ മണലൂറ്റിയും, ചതുപ്പുകള്‍, പാടങ്ങള്‍ ഒക്കെ നികത്തിയും വികസിച്ചു കൊണ്ടേയിരിക്കുകയാണ് കേരളം. ഭൂമിക്ക് മേലോട്ടാണ് വികസനം, ഭൂമിക്കടിയില്‍ എന്തുണ്ട് എന്ന് ചിന്തിക്കാന്‍ മറന്നു പോകാത്തത് ഭൂഗര്‍ഭജലം ്ഊറ്റുമ്പോള്‍ മാത്രമാണ്. അതും അനുദിനം കുറഞ്ഞു പോകുകയാണെത്രെ.

ലക്ഷക്കണക്കിന് ഇന്ത്യന്‍ ഗ്രാമങ്ങളിലെ കോടിക്കണക്കിന് മനുഷ്യര്‍ നേരിടുന്ന ജലക്ഷാമമെന്ന ഭീകരത ഇങ്ങ് കേരളത്തില്‍ വരാതിരിക്കാന്‍ എന്തുചെയ്യണം? ദാഹിച്ച് തളര്‍ന്ന എനിക്ക് കുടത്തില്‍ നിന്ന് ഒരു ഗ്ലാസ് വെള്ളം പകര്‍ന്ന് തന്ന് തോഗി എന്ന രാജസ്ഥാനി ഗ്രാമത്തിലെ ശാന്തി ഉത്തരം പറഞ്ഞു തന്നു:

''നിങ്ങള്‍ ഇപ്പോഴേ ശ്രദ്ധിക്കണം. ഭൂമി വരണ്ടുപോവാതെ നനവ് നിലനിര്‍ത്തണം. ഇപ്പോഴും ധാരാളം മഴ പെയ്യുന്നില്ലേ അവിടെ. ഒരു തുള്ളി കളയരുത്. മഴക്കണിറുകള്‍ ഉണ്ടാക്കി ഒക്കെ സൂക്ഷിച്ചുവയ്ക്കണം. മണ്ണിനടിയിലേക്ക് വെള്ളം ചെന്നെത്തിക്കൊണ്ടേയിരിക്കണം. സിമന്റിടാതെ മണ്ണില്‍ തന്നെ കുഴികള്‍ കുഴിക്കണം. ആ കുഴികള്‍ ഭൂമിയുടെ ഉള്ള് നനച്ചുകൊണ്ടേയിരിക്കും. അപ്പോള്‍ കിണറുകള്‍ വറ്റുകയില്ല, മരുഭൂമികള്‍ ഉണ്ടാകില്ല.''

ശാന്തി പറഞ്ഞപ്പോള്‍ ഓര്‍മ്മവന്നത് പണ്ട് പറമ്പിലുണ്ടായിരുന്ന കുളങ്ങളെക്കുറിച്ചായിരുന്നു. രണ്ട് വാല്‍ക്കിണറുകള്‍ ഉള്‍പ്പെടെ ആറ് കുളങ്ങള്‍, നിരവധി തെങ്ങിന്‍ തടങ്ങള്‍, വീഴുന്ന മഴവെള്ളമൊക്കെ ഭൂമിക്കടിയിലേക്ക് ചെന്നു ചേര്‍ന്നിരുന്നു. മഴക്കാലത്ത് ഭൂമിക്ക് നിറഞ്ഞു കവിയാതെ വയ്യായിരുന്നു. ഉള്ളില്‍ നിന്ന് പൊട്ടിയൊഴുകിയിരുന്ന ഉറവുകള്‍ ഭൂമിയുടെ ഉന്മാദം തന്നെയായിരുന്നു. ആ ജലപ്രവാഹങ്ങള്‍ മസാരു ഇമോട്ടയുടെ ജലചിത്രങ്ങള്‍ പോലെ പൊട്ടിച്ചിരിച്ചിരുന്നു, താങ്ങാനാവാത്ത സന്തോഷം പങ്കുവച്ചിരുന്നു, ജലത്തിന്റെ ആനന്ദനൃത്തം. ഇന്ന് ഉറവുകള്‍ ഭൂമിക്കടിയില്‍ മയങ്ങിക്കിടക്കുകയാണോ, ഇല്ലാതായതാണോ. എങ്ങനെയാണ്, എവിടെയാണ്, ഉറവുകള്‍ക്ക് പൊട്ടിത്തിമിര്‍ത്ത് വരാനാവുക? വീട്ടുപരിസരങ്ങളൊക്കെ കോണ്‍ക്രീറ്റും സിമന്റുമിട്ട് 'വൃത്തി'യാക്കിയിരിക്കുകയല്ലേ. ഒരു തുള്ളി വെള്ളം ഭൂമിയിലേക്കോ, ഒരു ഉറവ പുറത്തേക്കോ വരില്ല, അത്ര ബന്തവസ്സാണ്!

ടാറിട്ട റോഡുകളിലൂടെയുള്ള വെള്ളം പണ്ട് ഇരുവശത്തുമുള്ള മണ്‍തിട്ടകളിലൂടെ, ഓടകളിലൂടെ ഭൂമിയിലേക്ക് മടങ്ങുമായിരുന്നു. ഇന്ന് തെരുവോരങ്ങളൊക്കെ കോണ്‍ക്രീറ്റും ടൈല്‍സുമിട്ട് സുന്ദരമാക്കി പൂച്ചെടികളും നട്ടുവെച്ചു. വഴിയോരത്ത് മരം നടുന്നതിനെക്കാള്‍ ഫാഷന്‍ പൂച്ചെടികള്‍ നടുന്നതാണ്. പെയ്യുന്ന മഴയൊക്കെ കടലില്‍ ചെന്നു ചേരുന്നത് നിസ്സംഗരായി കാണുന്നതിനും നമുക്ക് മടിയില്ല. കുളങ്ങള്‍, തോടുകള്‍, ചിറകള്‍ - ജലസംഭരണത്തിന്, ജലസേചനത്തിന്, ജലവിതരണത്തിന് എന്തെല്ലാം തനത് മാര്‍ഗ്ഗങ്ങളുണ്ടായിരുന്നു. മാലിന്യക്കൂമ്പാരങ്ങളായി അടഞ്ഞുകിടക്കുകയാണ് ഇന്ന് അവയില്‍ ഏറെയും. ശുദ്ധജലസ്രോതസ്സുകളൊക്കെ വികസനത്വരയില്‍ മലിനീകരിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്യുന്നത് കണ്ട് നില്‍ക്കാനേ പൊതുസമൂഹത്തിന് കഴിയുന്നുള്ളൂ. പുഴയോരങ്ങളും കായലോരങ്ങളും ഭൂമാഫിയയുടെ സ്വന്തം കേന്ദ്രങ്ങളായിക്കഴിഞ്ഞു. ജലമലിനീകരണത്തിന്റെ വിപത്തുകള്‍ അറിഞ്ഞു തുടങ്ങിയിട്ടും റിസോര്‍ട്ടുകള്‍ക്കും ഫ്ലാറ്റ് സമുച്ചയങ്ങള്‍ക്കും തീരത്തെങ്ങും അനുമതി ലഭിച്ചു കൊണ്ടേയിരിക്കുന്നു.

ഇന്നത്തെ മനുഷ്യന്റെ താല്‍ക്കാലിക ഭ്രമങ്ങള്‍ക്ക് വില നല്‍കേണ്ടിവരുന്നത് നാളെയുടെ പ്രപഞ്ച ജീവിതമാണ്. മക്കള്‍ക്ക് വേണ്ടി മാളികകളും ബാങ്ക് അക്കൗണ്ടുകളും ഉണ്ടാക്കുമ്പോള്‍ അവര്‍ക്കായി കുടിവെള്ളം കരുതിവയ്ക്കാന്‍ ആരും ഓര്‍ക്കുന്നു കൂടിയില്ല. ശുദ്ധവായുവും, കുടിവെള്ളവും, സമശീതോഷ്ണകാലാവസ്ഥയുമൊക്കെ ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നവര്‍ക്ക് വാങ്ങാനാവില്ല എന്ന് ചിന്തിക്കാത്തത് മന:പ്പൂര്‍വ്വമോ വിവരമില്ലായ്മ കൊണ്ടോ?

റോഡരികില്‍ മരം നട്ടുപിടിപ്പിച്ച് വെള്ളമൊഴിച്ച് വളര്‍ത്തുന്നതിന് സ്ത്രീകളെ സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ സുഹൃത്ത് നിയമം പറയുന്നു - റോഡ് പി.ഡബ്ല്യു.ഡിയുടേതാണ്. അവിടെ നിങ്ങളെങ്ങനെ മരം നടും?

മരം നടാതെ, മഴക്കിണര്‍ കുഴിക്കാതെ, മുന്നോട്ടു പോകാനാവില്ലെന്നും, ഇപ്പോള്‍ ചെയ്തില്ലെങ്കില്‍ പിന്നൊരിക്കലും അത് ചെയ്യാനാകില്ലെന്നും വ്യക്തമാവുമ്പോഴും ഒന്നും ചെയ്യാതെ തന്നെ മുന്നോട്ടു പോവുന്നത് ഞാനൊരാള്‍ മാത്രമല്ല.


ഇനിയുള്ള യുദ്ധങ്ങള്‍ ജലത്തിന് വേണ്ടിയുള്ളതാവുമെന്ന് പറഞ്ഞത് സായിപ്പാണ്; ലോകബാങ്ക് വൈസ്പ്രസിഡന്റ്ആയിരുന്ന ഇ സ്മയില്‍ സെറാഗിള്‍ഡിന്‍. വീട്ടുകാര്‍ തമ്മില്‍, ഗ്രാമങ്ങള്‍ തമ്മില്‍, സംസ്ഥാനങ്ങള്‍ തമ്മില്‍, രാജ്യങ്ങള്‍ തമ്മില്‍ യുദ്ധങ്ങളെത്രയാണ് നടക്കുന്നത് വെള്ളത്തിനു വേണ്ടി. മുല്ലപ്പെരിയാറും കാവേരിയും നമ്മുടെ മുന്നില്‍ തന്നെ. ചൈന ത്‌സാങ്‌പോയിലെ ജലമെടുക്കാന്‍ അണക്കെട്ടുണ്ടാക്കുമ്പോള്‍ പ്രശ്‌നമാകുന്നത് ബ്രഹ്മപുത്രയ്ക്കാണ്, ബ്രഹ്മപുത്രയുടെ ജലനിരപ്പ് കുറയും, കാരണം മറ്റൊന്നുമല്ല, ത്‌സാങ്‌പോയും ബ്രഹ്മപുത്രയും ഒന്നുതന്നെയാണ്. ആഫ്രിക്കയില്‍ ബോട്‌സ്വാനയും നമീബിയയും തമ്മില്‍ വെള്ളത്തിന് വേണ്ടി വഴക്കാണ്. ജോര്‍ദ്ദാന്റെ ജലസമ്പത്ത് ഇസ്രായേലിന്റെ അധീനതയിലാണ്. ഭൂമിയില്‍ ജലക്ഷാമമുണ്ടാകുന്നത് ജലക്കുറവ് കൊണ്ടല്ലെന്നും, ജലസംഭരണ-വിതരണത്തിലെ അധീശത്വമനസ്ഥിതി കൊണ്ടാണെന്നും പറയുന്നുണ്ട് ചിലര്‍.

ചൂടുകൂടുകയാണ് ഓരോ ദിവസവും. കോണ്‍ക്രീറ്റ് വനങ്ങള്‍ പ്രസരിപ്പിക്കുന്ന താപം, എയര്‍കണ്ടീഷനറുകള്‍ വമിപ്പിക്കുന്ന ചൂട് - ജലമാണ്, മരമാണ് ഉത്തരം. കേരളത്തിന് അതിന് കഴിയും. ശക്തമായ ത്രിതലഭരണസംവിധാനം, അയല്‍ക്കൂട്ടങ്ങള്‍, കുടുംബശ്രീ കൂട്ടായ്മകള്‍ - ഇച്ഛാശക്തി മാത്രമാണ് ആവശ്യം. ശരിയായ ദിശാബോധവും, നേതൃത്വവും.''ഗ്രാമീണ ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായം വരള്‍ച്ചാ ദുരിതാശ്വാസം'' ആണെന്ന് പ്രശസ്ത പത്രപ്രവര്‍ത്തകന്‍ സായ്‌നാഥ് ''നല്ലൊരു വരള്‍ച്ചയെ എല്ലാവരും ഇഷ്ടപ്പെടുന്നു'' എന്ന പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്. തീസ്‌രി ഫസല്‍ (മൂന്നാം വിള) എന്ന് ഗ്രാമീണര്‍ കളിയാക്കി വിളിക്കുന്ന വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ രീതിയല്ല; നേതൃത്വമല്ല, ആവശ്യം. നിലനില്‍പ്പിന് വേണ്ടി പോരാടുന്ന ആത്മാര്‍ത്ഥതയുടെ നേതൃമാര്‍ഗ്ഗമാണ് തെളിഞ്ഞുവരേണ്ടത്.

പ്രപഞ്ചം സന്ദേശങ്ങളിലൂടെ മുന്നറിയിപ്പുകള്‍ നല്‍കിക്കൊണ്ടേയിരിക്കും. അത് കേള്‍ക്കാന്‍ കഴിയാത്ത കാതുകള്‍ക്ക് മരുഭൂമികള്‍ ഉണ്ടാകുന്നത് കാണേണ്ടിവരും, കൊടുംചൂടില്‍ ഉരുകേണ്ടിവരും.

1981-ല്‍ കെ. ബാലചന്ദര്‍ ''തണ്ണീര്‍, തണ്ണീര്‍'' എന്ന തമിഴ് സിനിമയിലൂടെ തമിഴ്‌നാട്ടിലെ വെള്ളമില്ലായ്മയുടെ കഥ ഹൃദയസ്പര്‍ശിയായി ചിത്രീകരിച്ചു. ആ തമിഴ് ബോധം, മഴക്കിണറുകളിലൂടെ വെള്ളം സംഭരിക്കുന്നതിലും അതുവഴി ജലദൗര്‍ലഭ്യം പരിഹരിക്കുന്നതിലും അവര്‍ പിന്തുടര്‍ന്നു. മഴ മലയാള സാഹിത്യത്തിലും സിനിമയിലും മാര്‍ക്കറ്റ് വാല്യുവുള്ള കാല്‍പ്പനികതയാണ്. പക്ഷേ പ്രവൃത്തിപഥത്തില്‍ സാമൂഹ്യബോധം ഇനിയും ഉരുത്തിരിയേണ്ടിയിരിക്കുന്നു.

ഒരു തുള്ളി വെള്ളം പോലും ഉണ്ടാക്കാന്‍ കഴിയില്ലെങ്കിലും ഓരോ തുള്ളി വെള്ളവും മലിനമാക്കാതെ, നഷ്ടപ്പെടുത്താതെ സംരക്ഷിക്കാന്‍ പറ്റുമെന്ന വലിയ അറിവ് ഓരോ മനുഷ്യനും ഉള്ളില്‍ പേറേണ്ടിയിരിക്കുന്നു; ഒപ്പം വരുംതലമുറയ്ക്ക് പറഞ്ഞ് കൊടുക്കേണ്ടിയുമിരിക്കുന്നു. അലക്‌സാണ്ടര്‍ ഫ്രേറ്ററുടെ ''ചേസിംഗ് ദ മണ്‍സൂണ്‍'' എന്ന പുസ്തകം തിരുവനന്തപുരത്ത് നിന്ന് ചിറാപുഞ്ചിയിലേയ്ക്ക് മഴയെത്തേടിയുള്ള യാത്രയുടെ ഓര്‍മ്മക്കുറിപ്പാണ്. നമുക്കും ഇനി മഴയെ പിന്തുടര്‍ന്ന് (ചേസ് ചെയ്ത്) നടക്കാം, മഴയെ ഭൂമിയിലും മനസ്സിലും പിടിച്ചു വയ്ക്കാം. മഴ പ്രകൃതിയുടെ ചിരിയാണ്, മനുഷ്യന് ചിരിക്കാനും മഴ വേണം, വെള്ളമായി, തണുപ്പായി, സാന്ത്വനമായി. മസാരു ഇമോട്ടയുടെ ജലചിത്രങ്ങളുടെ ചിരിയുടെ സന്ദേശവും അതുതന്നെയാണ്, ജലം തരുന്ന സന്ദേശങ്ങള്‍, ചിരിയുടെ സന്ദേശങ്ങള്‍, നിലനില്‍പ്പിന്റെ ഉറപ്പുകള്‍.
binakanair@gmail.com

2013, മാർച്ച് 28, വ്യാഴാഴ്‌ച

വെള്ളമൂറ്റാന്‍ ചിറ്റൂരില്‍ മുപ്പതിനായിരത്തിലേറെ കുഴല്‍ക്കിണറുകള്‍

പാലക്കാട്: കൊടുംവരള്‍ച്ചയില്‍ നാടുരുകുമ്പോള്‍ ചിറ്റൂര്‍മേഖലയില്‍ കാര്‍ഷികാവശ്യത്തിനെന്ന പേരില്‍ അമിതമായ ജലചൂഷണം. ചിറ്റൂര്‍ ബ്ലോക്കില്‍ 103 ശതമാനം ജലചൂഷണം നടക്കുന്നതായാണ് റിപ്പോര്‍ട്ട്. അമിത ജലചൂഷണം നടക്കുന്നതായി കണ്ടെത്തിയതിനാല്‍ കുഴല്‍ക്കിണര്‍ കുഴിക്കാന്‍ മുന്‍കൂര്‍ അനുമതി വാങ്ങേണ്ട സംസ്ഥാനത്തെ ഏക ബ്ലോക്കാണ് ചിറ്റൂര്‍. ഭൂജലവകുപ്പധികൃതര്‍ നടത്തിയ പഠനത്തിലാണ് ജലചൂഷണം എല്ലാ പരിധികളും ലംഘിച്ചതായി കണ്ടെത്തിയിട്ടുള്ളത്.

വടകരപ്പതി, എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ, പട്ടഞ്ചേരി, പെരുമാട്ടി, നല്ലേപ്പിള്ളി, എലപ്പുള്ളി പഞ്ചായത്തുകളാണ് ചിറ്റൂര്‍ മേഖലയില്‍ ഉള്‍പ്പെടുന്നത്. കുഴല്‍ക്കിണര്‍ കുഴിക്കുന്ന കാര്യത്തിലോ ഭൂഗര്‍ഭജലം ഉപയോഗിക്കുന്ന കാര്യത്തിലോ ഒരു നിയന്ത്രണവും നിലവിലില്ല. നിയന്ത്രിക്കാനാവശ്യമായ സംവിധാനമോ, അധികാരമോ ഭൂജലവകുപ്പിന് ഇല്ല.
2005-'06 കാലഘട്ടത്തില്‍ ഭൂജലവകുപ്പ് ജില്ലയില്‍ കിണറുകളുടെ വിവരശേഖരണം നടത്തിയിരുന്നു. 35,000 കിണറുകളാണ് അന്ന് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ പകുതിയിലധികവും കുഴല്‍ക്കിണറുകളാണ്. ചിറ്റൂര്‍ മേഖലയില്‍ മാത്രം 5000 കുഴല്‍ക്കിണറുകള്‍ ഉണ്ടെന്നാണ് അന്നത്തെ കണക്ക്. പിന്നീടുള്ള ആറര വര്‍ഷംകൊണ്ട് ചിറ്റൂര്‍മേഖലയില്‍ 5000ത്തിലധികം കുഴല്‍ക്കിണറുകള്‍ക്ക് കൂടി സ്ഥാനനിര്‍ണയം നടത്തിയിട്ടുണ്ട്.
എന്നാല്‍, ഇതിന്റെ രണ്ടിരട്ടിയോളം കിണറുകള്‍ സ്വകാര്യ ഏജന്‍സികള്‍വഴി ചിറ്റൂര്‍ ബ്ലോക്കിലുണ്ടാക്കിയിട്ടുണ്ട്. ഈ കണക്കുകള്‍വെച്ച് ബ്ലോക്കില്‍ 30,000ത്തിലധികം കുഴല്‍ക്കിണറുകളുണ്ടെന്നാണ് കണക്ക്. രണ്ടുവര്‍ഷത്തിനകം ഭൂഗര്‍ഭജലവിതാനം അഞ്ചുമീറ്ററിലധികം താഴ്ന്നുപോയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
വരള്‍ച്ചയോടൊപ്പം അമിതമായ ജലചൂഷണവും ഇതിനു കാരണമാണ്. ഉണ്ടാക്കിയ കുഴല്‍ക്കിണറുകളില്‍ 20 ശതമാനം വെള്ളമില്ലാതെ ഉപേക്ഷിക്കപ്പെട്ടിട്ടുണ്ട്.
അതിര്‍ത്തിപഞ്ചായത്തുകളില്‍ ഒരാള്‍ക്കുതന്നെ മൂന്നും നാലും കിണറുകളാണുള്ളത്. അഞ്ച് കുതിരശക്തി (എച്ച്.പി.)യുള്ള മോട്ടോര്‍ ഉപയോഗിക്കാവുന്ന കുഴല്‍ക്കിണറുകള്‍ക്കാണ് ജില്ലാ ഭൂജലവകുപ്പ് അനുമതി നല്‍കുന്നത്. ഇതില്‍ കൂടുതലുള്ളതിന് സംസ്ഥാന ഭൂജല അതോറിട്ടിയില്‍നിന്ന് അംഗീകാരം വാങ്ങണം.
ഇതൊഴിവാക്കാന്‍ വന്‍കിട കര്‍ഷകര്‍ കൃഷിഭൂമി കുടുംബത്തിലെ പലരുടെ പേരുകളിലാക്കി ഓരോരുത്തര്‍ക്കും പ്രത്യേകം കുഴല്‍ക്കിണറിന് അപേക്ഷിക്കുകയാണ് പതിവ്. ഇത് അനുവദിക്കാതിരിക്കാന്‍ അധികൃതര്‍ക്കുമാകില്ല.
വന്‍കിട തെങ്ങിന്‍തോപ്പുകളിലാണ് അമിതമായ ജലചൂഷണം നടക്കുന്നത്. ഒരു തെങ്ങിന് നാലു ദിവസത്തിലൊരിക്കല്‍ 70 ലിറ്റര്‍ വെള്ളം മതിയെന്നാണ് ശാസ്ത്രീയമായ കണക്ക്. അതായത് ഒരേക്കര്‍ തെങ്ങിന്‍തോട്ടം നനയ്ക്കാന്‍ 5000 ലിറ്റര്‍ വെള്ളം മതിയാകും. എന്നാല്‍, ഒരേസമയം 20,000 ലിറ്റര്‍ വെള്ളംവരെ കര്‍ഷകര്‍ തോട്ടത്തില്‍ അടിച്ചുകയറ്റുകയാണ് ചെയ്യുന്നത്. അതിര്‍ത്തിപഞ്ചായത്തുകളിലെ കര്‍ഷകരാണ് ഈ രീതി പ്രയോഗിച്ചുവരുന്നത്.
തടങ്ങളില്‍ കെട്ടിനില്‍ക്കുന്ന വെള്ളത്തിന്റെ ഏഴുശതമാനം മാത്രമാണ് വീണ്ടും ഭൂമിക്കടിയിലേക്ക് പോകുക. ബാക്കി ജലം മുഴുവന്‍ നീരാവിയായും മറ്റും പാഴായിപ്പോകുന്നെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ചുരുക്കത്തില്‍ 30,000 കുഴല്‍ക്കിണറുകളില്‍നിന്ന് ഊറ്റിയെടുക്കുന്ന വെള്ളത്തിന്റെ പകുതിയോളം പാഴാക്കുകയാണെന്നര്‍ഥം.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ കുഴല്‍ക്കിണര്‍ ഉപയോഗിക്കുന്ന പ്രദേശവും ചിറ്റൂരാണെന്നാണ് ലഭ്യമായ വിവരം. എന്നാല്‍ കര്‍ഷകര്‍ക്കിടയിലെ അജ്ഞത മാറ്റാന്‍ കൃഷിവകുപ്പിനോ പാടശേഖരസമിതി തുടങ്ങിയ സംവിധാനങ്ങള്‍ക്കോ ഇതുവരെ കഴിഞ്ഞിട്ടില്ല. പാഴായിപ്പോകുന്ന വെള്ളമുണ്ടെങ്കില്‍ത്തന്നെ അനേകം കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ കഴിയും.[

ഗിരീഷ് കടുന്തിരുത്തി ]

2013, മാർച്ച് 23, ശനിയാഴ്‌ച

പരിസ്ഥിതി സുരക്ഷക്ക് കര്‍മപദ്ധതി.മുസ്ലിം ലീഗ്


    പരിസ്ഥിതി സുരക്ഷക്ക് കര്‍മപദ്ധതി: മുസ്ലിം ലീഗ്                                                                                                                              കോഴിക്കോട്: പരിസ്ഥിതി നയം പ്രാവര്‍ത്തികമാക്കാന്‍ മുസ്‌ലിംലീഗ് കര്‍മപദ്ധതികള്‍ ആവിഷ്‌കരിച്ചതായി ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീറും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുസ്‌ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി തീരുമാനങ്ങള്‍ ലീഗ്ഹൗസില്‍ വിശദീകരിക്കുകയായിരുന്നു ഇരുവരും.

സംസ്ഥാന വൈസ് പ്രസിഡണ്ട് കുട്ടി അഹമ്മദ്കുട്ടി ചെയര്‍മാനായ സ്റ്റിയറിംഗ് കമ്മിറ്റിക്ക് കീഴില്‍ എട്ട് ടാസ്‌ക് ഫോഴ്‌സുകള്‍ക്ക് രൂപം നല്‍കി. ബോധവല്‍ക്കരണം, നാട്ടുപച്ച, നദീതട സംരക്ഷണം, ശില്‍പശാല, പാരമ്പര്യേതര ഊര്‍ജ്ജ വികസനം, ഹരിതവല്‍ക്കരണം, കാര്‍ഷിക വികസനം, നാട്ടറിവ് എന്നീ വിഭാഗങ്ങളില്‍ ഗ്രാമതലങ്ങളില്‍ പ്രചാരണം ശക്തമാക്കും.

ജില്ല-മണ്ഡലം കേന്ദ്രങ്ങളില്‍ ബഹുജനങ്ങളെ പങ്കെടുപ്പിച്ച് ബോധവല്‍ക്കരണമാണ് പ്രഥമ പരിപാടി. അയല്‍ക്കൂട്ടം മാതൃകയില്‍ നാട്ടുപച്ചക്ക് രൂപം നല്‍കി ഗൃഹസന്ദര്‍ശനം നടത്തി അടുക്കളത്തോട്ടങ്ങള്‍ക്കും ജൈവകൃഷിക്കും മാലിന്യ നിര്‍മ്മാര്‍ജനത്തിനും പ്രോത്സാഹനം നല്‍കും. വനിതാലീഗിന്റെ നേതൃത്വത്തിലായിരിക്കുമിത്.

നാശത്തിലായ നദികളും പുഴകളും വീണ്ടെടുക്കാന്‍ ബഹുജന പങ്കാളിത്തത്തോടെ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കും. ജനപ്രതിനിധികള്‍ക്കും പ്രവര്‍ത്തകര്‍ക്കും പാരിസ്ഥിതിക അവബോധം നല്‍കാന്‍ ശില്‍പശാല സംഘടിപ്പിക്കും. പാരമ്പര്യേതര ഊര്‍ജ്ജ സംരക്ഷണത്തിനു സമൂഹത്തെ തയാറാക്കും. മരം നട്ടുപിടിപ്പിച്ചും സംരക്ഷിച്ചും ഹരിതവല്‍ക്കരണത്തിലൂടെ പ്രകൃതി സംരക്ഷണത്തിനു ഊന്നല്‍ നല്‍കും.

നെല്ല് തുടങ്ങിയ കാര്‍ഷികവിളകള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കി കര്‍ഷക കൂട്ടായ്മ സംഘടിപ്പിക്കും. പഴയ കര്‍ഷകരുടെ അറിവ് ഉപയോഗപ്പെടുത്തി പരമ്പരാഗത കൃഷി തിരിച്ചുകൊണ്ടുവരും. ഇവ നടപ്പിലാക്കാന്‍ കാര്‍ഷികരംഗത്തെ വിദഗ്ധരെ ഉപയോഗപ്പെടുത്തും.
ഫഌക്‌സ് ബോര്‍ഡുകള്‍ ഇല്ലായ്മ ചെയ്യുന്നതിന്റെ ഭാഗമായി ഉപയോഗം നിയന്ത്രിക്കും. ക്രമേണ ഫഌക്‌സിനോട് വിടപറയാനാണ് ഉദ്ദേശിക്കുന്നതെന്ന് മജീദ് പറഞ്ഞു.

യോഗത്തില്‍ പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് സ്വാഗതം പറഞ്ഞു. ഭരണകാര്യങ്ങള്‍ ദേശീയ ട്രഷറര്‍ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയും ദേശീയ രാഷ്ട്രീയവും ആനുകാലിക രാഷ്ട്രീയ സംഭവങ്ങളും ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി.യും വിശദീകരിച്ചു.

സംസ്ഥാന സെക്രട്ടറി ടി.എം സലീം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് കെ. കുട്ടി അഹമ്മദ്കുട്ടി 'ഹരിത അജണ്ട' വിശദീകരിച്ചു.

സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, എം.പി അബ്ദുസമദ് സമദാനി എം.എല്‍.എ, സിറാജ് ഇബ്രാഹിം സേട്ട്, വൈസ് പ്രസിഡണ്ടുമാരായ എം.ഐ തങ്ങള്‍, സി.ടി അഹമ്മദലി, വി.കെ അബ്ദുല്‍ഖാദര്‍ മൗലവി, സെക്രട്ടറിമാരായ അഡ്വ. പി.എം.എ സലാം, ടി.പി.എം സാഹിര്‍, പി.വി അബ്ദുല്‍വഹാബ്, മന്ത്രിമാരായ ഡോ. എം.കെ മുനീര്‍, പി.കെ അബ്ദുറബ്ബ്, എം.എല്‍.എ.മാര്‍, ജില്ലാ പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറിമാര്‍, പോഷക ഘടകം പ്രതിനിധികള്‍ പ്രസംഗിച്ചു. സെക്രട്ടറി എം.സി മായിന്‍ഹാജി നന്ദി പറഞ്ഞു.

'ജലം ജീവാമൃതം': എം.എസ്.എഫ് കാമ്പയിന്‍

കോഴിക്കോട്: ലോക ജലദിനത്തില്‍ എം എസ് എഫ് സംസ്ഥാന വ്യാപകമായി 'ജലം ജീവാമൃതം കാമ്പയിന്‍ സംഘടിപ്പിച്ചു. പ്രാദേശിക തലങ്ങളില്‍ ഉപയോഗശൂന്യമായ ജലാശയങ്ങളെ പുനരുജ്ജീവിപ്പിച്ചും ജലമലിനീകരണത്തിനെതിരെ പ്രതിഷേധങ്ങളും ബോധവല്‍കരണങ്ങളും സംഘടിപ്പിച്ചു. ജലത്തിന്റെ അമിതമായ ഉപയോഗം നിയന്ത്രിക്കുന്നതിനും ജലലഭ്യതക്കായി തണ്ണീര്‍ തടങ്ങള്‍, പുഴകള്‍, തോടുകള്‍ സംരക്ഷിക്കേണ്ടതിന്റെ അനിവാര്യതയും ബോധ്യപ്പെടുത്തുന്ന പ്രചരണങ്ങളും നടത്തി.

കോഴിക്കോട് ജില്ലാ കമ്മിറ്റി കല്ലായി പുഴയോരത്ത് പുഴയോര സംഗമം സംഘടിപ്പിച്ചു. ജല സംരക്ഷണ പ്രതിജ്ഞയെടുത്തു. കോഴിക്കോടിന്റെ സംസ്‌കാരവുമായി ഇടചേര്‍ന്ന് കിടക്കുന്ന കല്ലായി പുഴയുടെ സംരക്ഷണത്തിന് അധികൃതര്‍ ജാഗ്രത കാണിക്കണമെന്നും സംഗമം ഉദ്ഘാടനം ചെയ്ത സംസ്ഥാന ജന: സിക്രട്ടറി പി ജി മുഹമ്മദ് ആവശ്യപ്പെട്ടു. ജില്ല പ്രസിഡണ്ട് വി അബ്ദുല്‍ ജലീല്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് മൊയ്തീന്‍ ബാബു കല്ലായി പുഴ സംരക്ഷണ സമിതി കണ്‍വീനര്‍ ഫൈസല്‍ പള്ളികണ്ടി, മുജീബ്, ഷംസീര്‍, ഷാഹുല്‍, ഷുഹൈബ്, ഷിബിന്‍ പ്രസംഗിച്ചു.ജന സിക്രട്ടറി മിസ്ഹബ് കീഴരിയൂര്‍ സ്വാഗതവും ട്രഷറര്‍ ഷിജിത്ത് ഖാന്‍ നന്ദിയും പറഞ്ഞു. 

മലപ്പുറം ജില്ല കമ്മിറ്റി തിരൂരങ്ങാടി പെരുമ്പുഴയില്‍ നടത്തിയ പുഴയോര സംഗമം ഒഡേപക് ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വിംഗ് കണ്‍വീനര്‍ സലീം വടക്കന്‍ ജില്ല പ്രസിഡണ്ട് എന്‍ എ ഖരീം, ജന സിക്രട്ടറി കെ എം ഷാഫി, കുഞ്ഞന്‍ ഹാജി, എം പി കുഞ്ഞിമൊയ്തീന്‍, എം എം ബാവ ഹാജി, അഷറഫ് തെന്നല, പി വി നൗഷാദ്. ജാഫര്‍ മണ്ണിങ്ങല്‍ സംസാരിച്ചു. സംഗമത്തിനു ശേഷം പുഴയില്‍ ഇറങ്ങി പ്രതിജ്ഞയെടുത്തു. 

വയനാട് പൊഴുതന പഞ്ചായത്തിലെ ആറാം മൈല്‍ പള്ളിതോടില്‍ തടയണ നിര്‍മിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് സി എച്ച് ഫസല്‍, സലീം മേമന, എം പി നവാസ്, ലുഖാമാനുല്‍ ഹഖീം, ആസിഫലി, ഷൗഖത്തലി നേത്രത്വം നല്‍കി. 

ഏറ്റവും ശുദ്ധമായ വായു മലപ്പുറത്തും പത്തനംതിട്ടയിലും



Published on  23 Mar 2013










ബാംഗ്ലൂര്‍: രാജ്യത്തെ 180 നഗരങ്ങളിലെ വായുവിന്റെ ശുദ്ധിപരിശോധനയില്‍ ജയിച്ചത് മലപ്പുറവും പത്തനംതിട്ടയും. സള്‍ഫറിന്റെയും നൈട്രജന്റെയും ഡയോകൈ്‌സഡുകളും പൊടിപടലവും ആണ് കണക്കാക്കിയത്. ഈ രണ്ടു പട്ടണങ്ങളിലും വായുവിലെ മാലിന്യങ്ങള്‍ നിശ്ചിത നിലവാരത്തിലും 50 ശതമാനം താഴെയാണെന്നു കണ്ടു.

തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, വയനാട് തുടങ്ങിയ പട്ടണങ്ങളില്‍ വായുവിലെ മാലിന്യങ്ങള്‍ നിശ്ചിതനിലവാരത്തിലും കൂടുതലാണ്.

സി.എസ്.ഇ.യും കെ.എസ്.പി.സി.ബി.യും ചേര്‍ന്ന് ബാംഗ്ലൂരില്‍ നടത്തിയ ശില്പശാലയില്‍ അവതരിപ്പിച്ച പേപ്പറിലുള്ളതാണ് ഈ വിവരം.

ഇന്ത്യന്‍ നഗരങ്ങളില്‍ ശുദ്ധവായു കിട്ടാനും ഗതാഗതക്കുരുക്ക് കുറയ്ക്കാനും കര്‍ശനമായ തുടര്‍നടപടികള്‍ ആവശ്യമാണെന്ന് ബാംഗ്ലൂരില്‍ വെള്ളിയാഴ്ച നടന്ന ശില്പശാലയില്‍ അഭിപ്രായമുയര്‍ന്നു. ബസ് പോലുള്ള പൊതുവാഹനങ്ങളെ പ്രോത്സാഹിപ്പിക്കുകയും കാറുകളുടെ പെരുപ്പം നിയന്ത്രിക്കുകയും വേണം.

ന്യൂഡല്‍ഹിയിലെ സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോമെന്‍റും (സി.എസ്.ഇ.) കര്‍ണാടക സംസ്ഥാന മലിനീകരണനിയന്ത്രണ ബോര്‍ഡും (കെ.എസ്.പി.സി.ബി.) ചേര്‍ന്നാണ് നഗരങ്ങളിലെ ശുദ്ധവായുവും ഗതാഗതരംഗവും സംബന്ധിച്ച ശില്പശാല നടത്തിയത്.

എറ്റവും വലിയ പത്ത് കൊലയാളികളിലൊന്ന് മലിനവായുവാണെന്ന് ലോകാരോഗ്യസംഘടന പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ടിലുണ്ട്. ഇന്ത്യയില്‍ എറ്റവും വലിയ അഞ്ച് കൊലയാളികളിലൊന്നാണ് മലിനവായു.

തെക്കേയിന്ത്യയിലെ പകുതിയോളം നഗരങ്ങളില്‍ വായുവിലെ പൊടിപടലങ്ങള്‍ നിശ്ചിത നിലവാരത്തിലും അധികമാണെന്ന് കേന്ദ്ര മലിനീകരണനിയന്ത്രണ ബോര്‍ഡ് കണക്കാക്കുന്നു. തൂത്തുക്കുടി, വിജയവാഡ, ഹുബ്ലി-ധാര്‍വാഡ് എന്നിവിടങ്ങളില്‍ ഇത് ഗുരുതരാവസ്ഥയിലാണ്. പൊടിപടലങ്ങള്‍ ബാംഗ്ലൂര്‍, സേലം തുടങ്ങി 14 നഗരങ്ങളില്‍ വളരെ ഉയര്‍ന്ന അളവിലും ചെന്നൈയും തിരുവനന്തപുരവും ഉള്‍പ്പെടെ 17 നഗരങ്ങളില്‍ ഉയര്‍ന്ന അളവിലുമാണ്.

ബാംഗ്ലൂരില്‍ വായുവിലെ പൊടിപടലങ്ങളുടെ 41 ശതമാനത്തിനും നൈട്രജന്‍ ഓകൈ്‌സഡുകളുടെ 67 ശതമാനത്തിനും കാരണം വാഹനങ്ങളാണ്. ഡീസല്‍ കത്തുമ്പോഴുള്ള പുക അര്‍ബുദത്തിന് കാരണമാകും. ചില യൂറോപ്യന്‍ രാജ്യങ്ങളിലും യു.എസ്സിലും ജപ്പാനിലും ശുദ്ധമായ ഡീസലുണ്ട്. അതിലെ സള്‍ഫറിന്റെ നിലവാരം 10 പി.പി.എം.ആണ്. ഇന്ത്യന്‍ നഗരങ്ങളില്‍ കിട്ടുന്ന ഡീസലിലെ ഈ നിലവാരം 50 മുതല്‍ 350 വരെയാണ്.

ഡീസലിന് ബസ്സുകള്‍ താരതമ്യേന കൂടുതല്‍ വില കൊടുക്കേണ്ട അവസ്ഥയും ബസ്സുകള്‍ക്ക് കൂടുതല്‍ നികുതി ചുമത്തുന്നതും ബസ് യാത്രക്കൂലി കൂടാനിടയാക്കുന്നു. ജനങ്ങള്‍ ബസ്സിനുപകരം ഇരുചക്രവാഹനങ്ങള്‍ തിരഞ്ഞെടുക്കുന്നതും അങ്ങനെ കൂടുതല്‍ ഗതാഗതക്കുരുക്കും വായുമലിനീകരണവും ഉണ്ടാകുന്നതുമാണ് ഫലമെന്നും ശില്പശാലയില്‍ പ്രഭാഷകര്‍ ചൂണ്ടിക്കാട്ടി.

ബാംഗ്ലൂര്‍ മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനില്‍ എത്തനോള്‍ ചേര്‍ത്ത ഡീസല്‍ ഉപയോഗിച്ച ബസ്സുകളില്‍നിന്നുള്ള പുക 70 ശതമാനം കുറവാണെന്നു കണ്ടതായി കോര്‍പറേഷനിലെ മുഖ്യ മെക്കാനിക്കല്‍എന്‍ജിനീയര്‍ സി.ജി. ആനന്ദ് പറഞ്ഞു. കെ.എസ്.പി.സി.ബി. ചെയര്‍മാന്‍ വാമന്‍ എന്‍. ആചാര്യ മുഖ്യപ്രഭാഷണം നടത്തി. സി.എസ്.ഇ.യിലെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അനുമിത റോയ്ചൗധരി, ലേക്‌സൈഡ് മെഡിക്കല്‍ സെന്‍ററിലെ ഡോ.എച്ച്. പരമേശ്, സെന്‍റര്‍ ഫോര്‍ ഇന്‍ഫ്രാസ്ട്രക്ചറിലെ അസി.പ്രൊഫ. ആശിഷ് വര്‍മ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. 

2013, മാർച്ച് 22, വെള്ളിയാഴ്‌ച

മാര്‍ച്ച് :22 ലോക ജല ദിനം

കടപ്പാട് മാത്രഭൂമി 




http://www.mathrubhumi.com/zoomin/world-water-day/348455/index.html

ദരിദ്രര്‍ വെള്ളം കിട്ടാതെ മരിക്കുന്ന കാലം


1970-എഴുപതുകള്‍ മുതല്‍ക്കു തന്നെ ഗൗരവമായ ശ്രദ്ധ കൊടുക്കേണ്ട ഒന്നായി നിലനില്‍ക്കുന്ന പ്രശ്‌നമാണ് ആഗോള ജലപ്രതിസന്ധി. 21-ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ലോകം കാണാന്‍ പോകുന്ന യുദ്ധങ്ങള്‍ ജലത്തിനു വേണ്ടിയുള്ളതായിരിക്കും എന്ന ആശങ്ക ദശകങ്ങള്‍ക്കു മുമ്പേ ഉടലെടുത്തിരുന്നു. ആ ആശങ്കയ്ക്ക് ആധാരമായ സംഗതികളുടെ ഇന്നത്തെ അവസ്ഥ പരിശോധിക്കുമ്പോള്‍ മനസ്സിലാവുക പ്രശ്‌ന പരിഹാരം ഇന്നും വിദൂരതയിലാണെന്നാണ്. ഒരു ചെറിയ ഭേദഗതിയോടെ ആ ആശങ്ക ഇന്നും നിലനില്‍ക്കുന്നു: ജലത്തിനായി ഇന്ന് യുദ്ധം ചെയ്യുന്നത് ദരിദ്രനാണ്. അവന്റെ പട്ടിണിയും യാതനയും പതിന്മടങ്ങ് വര്ദ്ധിക്കാന്‍ ഒരു പ്രധാന കാരണം ഇന്ന് ജലപ്രതിസന്ധി കൂടിയാണ്.

തുടക്കം ഇരുപതാം ശതകത്തില്‍

പ്രതിസന്ധിയുടെ ഘടകങ്ങള്‍: മനുഷ്യോപയോഗത്തിനുള്ള ജലത്തിന്റെ ദൌര്‍ലഭ്യവും അതിന്റെ മലിനീകരണവുമാണ് ഈ പ്രതിസന്ധിയിലെ പ്രധാന ഘടകങ്ങള്‍. ഭൂമിയുടെ ജലസമ്പത്ത് നിശ്ചിതമാണ്, അത്് കൂടുകയോ കുറയുകയോ ചെയ്യുന്നില്ല. ലഭ്യതയുടെ പ്രശ്‌നങ്ങളാണിവിടെ പ്രതിസന്ധി തീര്ക്കുന്നത്. 

ലോകജനസംഖ്യയില്‍ നൂറ് കോടിയിലധികം ആളുകള്‍ക്ക് ശുദ്ധമായ കുടിവെള്ളം എന്ന ലക്ഷ്യം അപ്രാപ്യമായി തീര്‍ന്നിരിക്കുന്നു ഇന്ന്. ഭൂഗര്‍ഭജലത്തിന്റെ അമിത ഊറ്റിയെടുക്കല്‍ ക്യഷിയ്ക്കാവശ്യമായ ജലത്തിന്റെ ദൗര്‍ലഭ്യം സ്യഷ്ടിക്കുന്നു.

ജലമലിനീകരണം പ്രതിസന്ധിയെ കൂടുതല്‍ രൂക്ഷമാക്കുന്നു. ഉള്ള ജലസ്രോതസ്സുകള്‍ തന്നെ മലിനമാകുന്ന അവസ്ഥ. ലോകത്ത് ഇന്ന് നടക്കുന്ന മരണങ്ങളില്‍ വലിയ പങ്കും ജലജന്യരോഗങ്ങള്‍ മൂലമോ ശുദ്ധജലത്തിന്റെ ദൗര്‍ലഭ്യം മൂലമോ ആണ്. ലോകബാങ്കിന്റെ കണക്കനുസരിച്ച് ലോകജനസംഖ്യയെ ബാധിക്കുന്ന രോഗങ്ങളുടെ 88 ശതമാനവും അശുദ്ധജലത്തിന്റെ ഉപയോഗവും ശുചിയായി ജീവിക്കാനാവശ്യമായ ജലത്തിന്റെ ഇല്ലായ്മയും മൂലമുള്ളതാണ്. വികസ്വര, ദരിദ്രരാഷ്ട്രങ്ങളിലെ സ്ത്രീകളെല്ലാവരും ചേര്‍ന്ന് നിത്യവും ജലശേഖരണത്തിനായി 20 കോടി മണിക്കൂര്‍ ചെലവഴിക്കുന്നു 

ദരിദ്രരാഷ്ട്രങ്ങള്‍ മാത്രമല്ല ഈ പ്രതിസന്ധിയുടെ പിടിയില്‍ അമരാന്‍ പോകുന്നത്. യൂറോപ്പിലെയും അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലെയും വികസിതരാഷ്ട്രങ്ങള്‍ക്കും ഇത് ഒരു വെല്ലുവിളിയായി നിലനില്‍ക്കുന്നു. അമേരിക്കയിലെ ജലവിഭവ വകുപ്പിന്റെ കണക്കനുസരിച്ച് നഗരജനസംഖ്യ ഇപ്പോഴത്തെ നിലയില്‍ വര്‍ദ്ധിച്ചാല്‍ വരും വര്‍ഷങ്ങളില്‍ അവിടുത്തെ വന്‍ നഗരങ്ങള് മിക്കവയും ജലക്ഷാമത്തിന്റെ പിടിയിലാകും. 

ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ ക്യഷിയാവശ്യത്തിനായി പമ്പുകള്‍ ഉപയോഗിച്ച് നടത്തുന്ന വന്‍തോതിലുള്ള വെള്ളമൂറ്റല്‍ ആ രാജ്യങ്ങളുടെ ജലനിരപ്പില്‍ വലിയ കുറവുണ്ടാക്കുമെന്നും ഭാവിയില്‍ ഇത് രൂക്ഷമായ ജലദൌര്‍ലഭ്യത്തിനു കാരണമാകും എന്ന് കരുതപ്പെടുന്നു. ഇതേ പ്രശ്‌നം പാകിസ്ഥാന്‍, ഇറാന്‍, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളെയും കാത്തിരിക്കുന്നു. ഈ സ്ഥിതി തുടര്ന്നാല്‍ ഈ നൂറ്റാണ്ടിന്റെ പകുതിയോടെ 300 കോടി ജനങ്ങളെങ്കിലും ഗുരുതരമായ ജലക്ഷാമത്തിനു ഇരയാകും എന്ന് അന്താരാഷ്ട്ര സംഘടനകള്‍ പറയുന്നു.

അപ്രത്യക്ഷമായേക്കാവുന്ന നദികള്‍

യു.എന്‍ കാലാവസ്ഥാ റിപ്പോര്‍ട്ട് അനുസരിച്ച് വലിയൊരു ദുരന്തം 2035 ഓടെ ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ചൈന, നേപ്പാള്‍, മ്യാന്മാര്‍ തുടങ്ങിയ രാജ്യങ്ങളെക്കാത്തിരിക്കുന്നു. ആഗോളതാപനം ഈ നിലയില്‍ തുടര്‍ന്നാല്‍ ഈ രാജ്യങ്ങളിലെ ജലലഭ്യതയുടെ വലിയ സ്രോതസ്സുകളായ വന്‍നദികളുടെ ഉറവയായ ഹിമാലയന്‍ ഗ്ലേസിയറുകള്‍ അപ്രത്യക്ഷമാകും എന്നതാണാ ദുരന്തം. അങ്ങിനെ വന്ന്്് ഗംഗ, സിന്ധു, ബ്രഹ്മപുത്ര, യാംഗ്ട്‌സി, മെക്കോംഗ് തുടങ്ങിയ ഭീമന്‍ നദികള്‍ ഇല്ലാതായാല്‍ ഈ രാഷ്ട്രങ്ങളുടെ അവസ്ഥ എന്താകും? ഇന്ത്യയില്‍ മാത്രം ഗംഗാനദിയെ ആശ്രയിച്ച് ജീവിക്കുന്ന ആളുകളുടെ എണ്ണം 50 കോടിയാണ്.

ജലപ്രതിസന്ധി മനുഷ്യനെ മാത്രമല്ല ജൈവമണ്ഡലത്തെ ഒട്ടാകെ ബാധിക്കും. ജലത്തിന്റെ ഇല്ലാതാകല്‍ ഇല്ലാതാക്കിക്കളയുന്നത് വനങ്ങളെയും അവയില്‍ പാര്‍ക്കുന്ന പക്ഷി മ്യഗാദികളെയും കൂടിയാണ്.ജലത്തിന്റെ രാഷ്ട്രീയം
ജലപ്രതിസന്ധി പലപ്പോഴും പ്രാദേശിക ജനവിഭാഗങ്ങള്‍ തമ്മിലോ രാഷ്ട്രങ്ങള്‍ തമ്മിലോ പരസ്പര പോരാട്ടത്തിലും കലാശിക്കുന്നു. രാഷ്ട്രങ്ങളുടെ അതിര്‍ത്തികളിലൂടെ ഒഴുകുന്നതും നിരന്തരമായ പരസ്പര സ്പര്‍ദ്ധയ്ക്കും പോരാട്ടത്തിനും കാരണമാകുന്നതുമായ 250 ലധികം നദികള്‍ ലോകത്തിലുണ്ടെന്ന് കണക്കാക്കപ്പെടുന്നു. അന്തര്‍ദേശീയ ജലതര്‍ക്കങ്ങളെ പരിഹരിക്കാന്‍ 'ഹെത്സിങ്കി ചട്ടങ്ങള്' എന്ന പേരില്‍ അന്താരാഷ്ട്രനിയമം നിലവിലുണ്ടെങ്കിലും പലപ്പോഴും പ്രശ്‌നം ഈ ചട്ടങ്ങളുടെ വരുതിയില്‍ നില്‍ക്കാതെ പോകുന്നു. 

ചില പ്രശ്‌നങ്ങളിലെങ്കിലും രാജ്യങ്ങള്‍ തമ്മില്‍ സ്വതവേയുള്ള അതിര്‍ത്തിത്തര്‍ക്കങ്ങളുടെ ഭാഗമായും ജലത്തര്‍ക്കങ്ങള്‍ ഉടലെടുക്കുന്നു. യൂഫ്രട്ടീസ്, ടൈഗ്രിസ് നദികളിലെ ജലത്തിന്റെ അവകാശത്തിന്മേല്‍ ഇറാന്‍, ഇറാഖ്, സിറിയ തുടങ്ങിയ രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിന് വര്‍ഷങ്ങളുടെ വയസ്സുണ്ട്. അവ പലപ്പോഴും പരസ്പരയുദ്ധത്തിന്റെ വക്കില്‍ വരെ കൊണ്ടെത്തിച്ചിട്ടുണ്ട് ആ രാജ്യങ്ങളെ. 1974-ല്‍ സിറിയ യൂഫ്രട്ടീസില്‍ നിര്‍മ്മിച്ചു കൊണ്ടിരുന്ന ഡാം തകര്‍ക്കാന്‍ ഇറാഖ് സേന സിറിയന്‍ അതിര്‍ത്തി കടന്ന സംഭവം ഇത്തരത്തിലുള്ള ഒന്നാണ്. 

സമാനമായ തര്‍ക്കങ്ങള്‍ എല്ലാ ഭൂഖണ്ഡങ്ങളിലും അരങ്ങേറിയിട്ടുണ്ട്, മിക്കവയും ഇപ്പോഴും തുടരുകയും ചെയ്യുന്നു. ഹംഗറിയും ചെക്കോസ്ലോവാക്യയും തമ്മില്‍ ഉടലെടുത്ത തര്‍ക്കം, തെക്ക്,വടക്കന്‍ കൊറിയകള്‍ തമ്മിലുള്ളത്, ഇസ്രായേലും പാലസ്തീനും തമ്മിലുള്ളത്, ഈജിപ്തും എത്യോപ്യയും തമ്മിലുള്ളത് എന്നിങ്ങനെ തുടരുന്നു അവ. മിക്കവയും മധ്യസ്ഥ ശ്രമങ്ങളിലൂടെയും മറ്റും തീര്ക്കാന്‍ കഴിയാത്തത്ര സങ്കീര്‍ണമാണെന്ന് അന്താരാഷ്ട്ര ഏജന്‍സികള്‍ പറയുന്നു.

പരിഹാരമാര്‍ഗങ്ങള്‍ വിദൂരതയിലോ?

പ്രശ്‌നം ഗുരുതരം എന്ന് എല്ലാവരും തിരിച്ചറിയുന്നു, പക്ഷെ പരിഹാരം ആരുടെ കയ്യിലുമില്ല. ഭൂമി മുഴുവന്‍ പരന്നുകിടക്കുന്ന സമുദ്രജലത്തെ ശുദ്ധീകരിച്ച് ഉപയോഗിക്കാന്‍ ഊര്‍ജ്ജം വേണം, വലിയ പണച്ചെലവ് നേരിടുന്ന മാര്‍ഗം. ദരിദ്ര രാജ്യങ്ങള്ക്ക് തികച്ചും അസാധ്യമായ ഒന്ന്. ഒരിക്കല്‍ ഉപയോഗിച്ച ജലത്തെ വീണ്ടും ശുദ്ധിയാക്കി ഉപയോഗിക്കുന്ന മാര്‍ഗത്തിനും പണച്ചെലവേറെയാണ്. ഇവയൊക്കെ സമ്പന്ന രാജ്യങ്ങള്‍ക്ക് മാത്രമേ സാധ്യമാകൂ. ഇസ്രായേല്‍, സിംഗപ്പൂര്‍, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ ഈ മാര്‍ഗം ഉപയോഗിക്കുന്നെങ്കിലും അവരുടെ ആവശ്യത്തിന്റെ ചെറിയൊരു ഭാഗം മാത്രമേ ഇത്തരത്തില്‍ ഉത്പാദിപ്പിക്കാന്‍ കഴിയുന്നുള്ളു.
നിര്‍ദ്ദേശിക്കപ്പെടുന്ന മറ്റൊരു പരിഹാരമായ ഭൂഗര്‍ഭജലത്തിന്റെ ഉപയോഗ നിയന്ത്രണം എന്നത് ക്യഷിയെ പ്രതികൂലമായി ബാധിക്കും എന്നതിനാല്‍ പല രാജ്യങ്ങള്‍ക്കും സ്വീകാര്യമല്ലാത്ത ഒന്നാണ്.

എല്ലാ രാജ്യങ്ങളും തങ്ങളുടെ പരിസ്ഥിതിയെ, പ്രത്യേകിച്ച് നീര്‍ത്തടങ്ങള്‍, നദീസ്രോതസ്സുകള്‍ എന്നിവയെ സംരക്ഷിക്കുകയും അതു വഴി ജലത്തിന്റെ സ്വാഭാവികമായ ശേഖരിക്കപ്പെടലും ഒഴുക്കും വര്‍ദ്ധിക്കുകയും ചെയ്താല്‍ പ്രതിസന്ധിയെ തരണം ചെയ്യാന്‍ സാധിക്കും എന്ന് പാരിസ്ഥിതികമായ പരിഹാരങ്ങളെക്കുറിച്ച് നടത്തപ്പെട്ട പഠനങ്ങള്‍ പറയുന്നു. കൂടാതെ ജനസംഖ്യാ വര്‍ദ്ധനവ് പിടിച്ചു നിര്‍ത്തുന്നത് പ്രശ്‌നപരിഹാരത്തെ വലിയ തോതില്‍ സഹായിക്കും എന്നതും തീര്‍ച്ചയാണ്.2013 : ലോക ജലസഹകരണ വര്‍ഷം
ജലപ്രതിസന്ധിയുടെ ഗുരുതരാവസ്ഥ ലോകത്തെ ബോധ്യപ്പെടുത്തുന്നതിനും പ്രശ്‌നപരിഹാരത്തിനാവശ്യമായ നയരൂപീകരണം അടക്കമുള്ള കാര്യങ്ങളില്‍ ചര്‍ച്ച നടത്തുന്നതിനുമായാണ് ഐക്യരാഷ്ട്ര സംഘടന, 2013 ലോക ജലസഹകരണ വര്‍ഷം ആയി ആചരിക്കാന്‍ തീരുമാനിച്ചത്. 2010 ല്‍ ആയിരുന്നു ഈ തീരുമാനം കൈക്കൊണ്ടത്. കൂടാതെ 2013 മാര്‍ച് 22 ലോക ജലദിനമായി ആചരിക്കാനും തീരുമാനിക്കപ്പെട്ടു. ഈ ഒരു വര്‍ഷം ജലസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ജലസ്രോതസ്സുകളുടെ വീണ്ടെടുപ്പിനെക്കുറിച്ചും പരിപാടികള്‍ ലോകവ്യാപകമായി നടക്കും. പോഷകസംഘടനയായ 'യുനെസ്‌കോ' യുടെ നേത്യത്വത്തിലാണ് പരിപാടികള്‍ നടക്കുക. ജലപ്രതിസന്ധിയെ തരണം ചെയ്യുന്നതിനായി പരസ്പരസഹകരണത്തിന്റെ പുതിയ പാതകള്‍ തേടേണ്ടതുണ്ട് എന്നതാണ് വര്‍ഷാചരണത്തിന്റെ സന്ദേശം.

ഇക്കഴിഞ്ഞ മാസം ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ ഈ പ്രശ്‌നം സജീവ ചര്‍ച്ചയ്ക്ക് വിധേയമാകുകയും തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്തിട്ടുണ്ട്. ദാവോസും മുന്നോട്ട് വെക്കുന്നത് പുതിയൊരു സഹകരണ പദ്ധതിയാണ്. കൊക്കാ കോള, പെപ്‌സികോ തുടങ്ങി ജലം ഏറെ ഉപയോഗിക്കുന്ന ബഹുരാഷ്ട്രകമ്പനികളും ഗവണ്മെന്റുകളും എന്‍.ജി.ഓ.കളും ചേര്‍ന്നുള്ള പുതിയ സഹകരണ പരീക്ഷണം. എന്നാല്‍ ഇത്തരം 'പാര്‍ട്ണര്‍ഷിപ്പ്' പരിപാടികള്‍ ദരിദ്രരാഷ്ട്രങ്ങള്‍ക്ക് എന്തു നല്‍കും എന്ന കാര്യത്തില്‍ ആശങ്കകള്‍ ഉയരുകയും ചെയ്യുന്നുണ്ട്.

വരും ദശകങ്ങള്‍ ജല സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ നിര്‍ണ്ണായകമാണെന്നും ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ മാലോകരില്‍ ഏറ്റവും നിസ്വരായവര്‍' വെള്ളം കിട്ടാതെ മരിക്കുന്ന' സ്ഥിതി വന്നു ചേരുമെന്നും ഉള്ള അറിവിലേക്ക് ഉണരേണ്ടത് ഇന്ന് ഓരോ മനുഷ്യന്റെയും ആവശ്യമായി വന്നിരിക്കുന്നു. 

ജാഫര്‍ പുല്‍പള്ളി

2013, മാർച്ച് 21, വ്യാഴാഴ്‌ച

മുസ്‌ലിം ലീഗുകാർ കാർഷിക സംസ്‌കാരം വളർത്തിയെടുക്കണം: ടി.എ. അഹമ്മദ് കബീർ


നിളാ നദി @ കുറ്റിപ്പുറം


ഊര്‍ജ്ജം സംരക്ഷിക്കുക വരും തല മുറക്ക് വേണ്ടി :


2013, മാർച്ച് 13, ബുധനാഴ്‌ച

വിശുദ്ധ ഖുര്‍ആന്‍ :സൂറ:AL-Hijr

ഭൂമിയെ നാം വിശാലമാക്കുകയും അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ സ്ഥാപിക്കുകയും, അളവ് നിര്‍ണയിക്കപ്പെട്ട എല്ലാ വസ്തുക്കളും അതില്‍ നാം മുളപ്പിക്കുകയും ചെയ്തിരിക്കുന്നു. (19)നിങ്ങള്‍ക്കും, നിങ്ങള്‍ ആഹാരം നല്‍കിക്കൊണ്ടിരിക്കുന്നവരല്ലാത്തവര്‍ക്കും അതില്‍ നാം ഉപജീവനമാര്‍ഗങ്ങള്‍ ഏര്‍പെടുത്തുകയും ചെയ്തിരിക്കുന്നു. (20)യാതൊരു വസ്തുവും നമ്മുടെ പക്കല്‍ അതിന്‍റെ ഖജനാവുകള്‍ ഉള്ളതായിട്ടല്ലാതെയില്ല. (എന്നാല്‍) ഒരു നിര്‍ണിതമായ തോതനുസരിച്ചല്ലാതെ നാമത് ഇറക്കുന്നതല്ല. (21) മേഘങ്ങളുല്‍പാദിപ്പിക്കുന്ന കാറ്റുകളെ നാം അയക്കുകയും, എന്നിട്ട് ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതരികയും, എന്നിട്ട് നിങ്ങള്‍ക്ക് അത് കുടിക്കുമാറാക്കുകയും ചെയ്തു. നിങ്ങള്‍ക്കത് സംഭരിച്ച് വെക്കാന്‍ കഴിയുമായിരുന്നില്ല. (22)

2013, മാർച്ച് 6, ബുധനാഴ്‌ച

നാട് മരുഭൂവല്‍ക്കരണത്തിന്റെ ലക്ഷണങ്ങള്‍ കാട്ടുമ്പോള്‍ വടക്കു നിന്നൊരു ഹരിത വാര്‍ത്ത. ദേശീയപാതയില്‍ കിലോമീറ്ററുകളോളം നൂറുകണക്കിന് മരങ്ങള്‍ നട്ട് മാതൃകയാകുകയാണ് കാസര്‍കോട് ചീമേനിയില്‍ അനില്‍കുമാര്‍ എന്ന അദ്ധ്യാപകന്‍.

നാം കേരളീയര്‍ ജലക്ഷാമം കൃഷിചെയ്യുന്നവരോ?

കെ.വി. രാമാനുജന്‍ തമ്പി

പ്രതിവര്‍ഷം ശരാശരി 3,100 മില്ലിമീറ്ററില്‍പരം മഴ ലഭിക്കുന്ന കേരളത്തില്‍ കാലക്ഷേപം നടത്തുന്ന മലയാളി, കേരളത്തില്‍ കുടിവെള്ളം കിട്ടാനില്ലെന്ന പരാതിയുമായി നടക്കുകയാണ്. ഇത്രകണ്ട് മഴ കിട്ടുന്ന മലയാളിയുടെ നാട്ടില്‍ കുടിവെള്ളമില്ലെന്ന് പറയുന്നത് ഭൂഷണമല്ല. കുടിവെള്ള ക്ഷാമം യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിക്കുമെന്ന സാന്ത്വനം അര്‍ഥശൂന്യമാണ്. ഭൂമിയുടെ ഉള്ളില്‍ ജലത്തിന്റെ സ്രോതസ്സുകളില്ലെന്നും മഴയാണ് വന്‍കരകളിലെ ജലസ്രോതസ്സെന്നും തിരിച്ചറിയുകയാണ് നാം ആദ്യം ചെയ്യേണ്ടത്. ഓരോ പൗരനും സുരക്ഷിതമായ തോതില്‍ കഴിയുന്നിടത്തോളം മഴവെള്ളത്തെ അത് പതിക്കുന്ന സ്ഥാനങ്ങളില്‍ത്തന്നെയുള്ള മണ്‍പാളികളിലേക്ക് ക്രമമായ തോതില്‍ നയിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറാകുകയാണ് ഈ അവസ്ഥയില്‍ വേണ്ടത്. ചരിഞ്ഞ ഭൂപ്രതലത്തിലൂടെയുള്ള ഒഴുക്ക് വിനാശകാരിയാണ്. മേല്‍മണ്ണിനെയും ഫലപുഷ്ടിയെയും കൊള്ളയടിച്ചുകൊണ്ടുപോകുന്ന ഓരോ ഒഴുക്കും ഭൂമിയുടെ ജലാഗിരണധാരണശേഷിയെ ഇല്ലാതാക്കുകയും അതിനെ മരുഭൂമിയാക്കുകയും ചെയ്യും. നമ്മുടെ പരിസരങ്ങളില്‍ ഇപ്രകാരം മരുഭൂമികള്‍ രൂപപ്പെടുകയാണ്. പ്രതല ഒഴുക്കിനെ നിയന്ത്രിക്കുകയും ഭൗമാന്തര്‍ജലചംക്രമണ വ്യവസ്ഥകളെ പരമാവധി പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ടുമാത്രമേ നമുക്ക് ഈ ജലക്ഷാമം പരിഹരിക്കാനാകൂ. എത്രയോ വര്‍ഷമായി നാം വിവിധപദ്ധതികളിലൂടെ ജലസംരക്ഷണം നടത്തുന്നു. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയില്‍ എത്ര തൊഴില്‍ദിനങ്ങള്‍ മഴവെള്ളസംരക്ഷണത്തിനായി നാം വിനിയോഗിച്ചു? എത്ര ധനം ഇതിനൊക്കെയായി നാം ചെലവഴിച്ചു? ഒന്നും വേണ്ടവിധമായിരുന്നില്ല എന്നല്ലേ ഇപ്പോഴത്തെ കേരളത്തിന്റെ ജലക്ഷാമം സാക്ഷ്യപ്പെടുത്തുന്നത്? മഹാത്മാഗാന്ധി ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയുടെ സര്‍ഗശേഷികള്‍ നമ്മുടെ മഴയെ പ്രയോജനപ്പെടുത്താനായി ഉപയോഗപ്പെടുത്തണം. പ്രകൃതിയിലെ സ്വാഭാവിക സംവിധാനങ്ങളെ മഴവെള്ളസംരക്ഷണാര്‍ഥം സ്ഥായിയായി ശക്തിപ്പെടുത്താനും നാളിതുവരെ നാം നടപ്പാക്കിയ ജലസംരക്ഷണപ്രവര്‍ത്തനങ്ങളിലെ വിടവുകള്‍ നികത്താനും അവ വിനിയോഗിക്കപ്പെടണം. ഈ പദ്ധതി നമ്മുടെ ജലസുരക്ഷയ്ക്കും ഭക്ഷ്യസുരക്ഷയ്ക്കും ശക്തമായ അടിത്തറയാകണം. സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെ ജലസംരക്ഷണപദ്ധതികളെല്ലാം മഹാത്മാഗാന്ധി ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയുടെ പങ്കിടാനാകുന്ന ശേഷികളെയെല്ലാം പ്രയോജനപ്പെടുത്താന്‍ ശ്രദ്ധിക്കണം. ഭൂപ്രതലത്തിലെ സ്വാഭാവികമായ നദീതട, വാട്ടര്‍ഷെഡ് സംവിധാനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ജലസംരക്ഷണയജ്ഞം നമുക്ക് ഏറ്റെടുക്കേണ്ടിയിരിക്കുന്നു. മേല്‍മണ്ണിന്റെ സംരക്ഷണമാണ്, ഫലപ്രദമായ ജലസംരക്ഷണത്തിന്റെ ശക്തമായ ഉപാധി. അങ്ങനെയൊരു സമീപനംമാത്രമേ നമുക്ക് ജലസുരക്ഷ പ്രദാനംചെയ്യൂ. നാലോ അഞ്ചോ വര്‍ഷങ്ങള്‍ക്കപ്പുറം മുതലെങ്കിലും നല്ല ഫലങ്ങള്‍ ലഭിച്ചുതുടങ്ങണമെങ്കില്‍ ഇപ്പോഴേ നാം അതിന് ശ്രമിച്ചുതുടങ്ങണം. ഓരോ പ്രദേശത്തും നമുക്ക് ലഭിക്കുന്ന മഴയുടെ പകുതിയെങ്കിലും മഴപതിക്കുന്ന സ്ഥാനത്ത് വെച്ചുതന്നെയോ സമീപസ്ഥാനങ്ങളില്‍വെച്ചോ ഭൂപ്രതലത്തിലെ മണ്‍പാളികളിലൂടെ ഉള്ളിലേക്ക് പ്രവേശിക്കാന്‍ സഹായകമായ തോതില്‍ വെള്ളത്തിന്റെ ഉപരിതലഒഴുക്കിനെ നിയന്ത്രിച്ചുനിര്‍ത്തുക എന്നതാണ് ജലക്ഷാമം സ്ഥായിയായി പരിഹരിക്കുന്നതിനുള്ള അടിസ്ഥാന ഉപായം. ചരിവുള്ള ഭൂപ്രതലങ്ങളിലെ പ്രതല ഒഴുക്കിന്റെ തോതിനെയും പ്രവേഗത്തെയും വരുതിയിലാക്കാനും പ്രതല ഒഴുക്കുവഴിയുള്ള മഴവെള്ളത്തിന്റെ ക്രമാതീതമായ നഷ്ടം പ്രാദേശികാടിസ്ഥാനത്തില്‍ത്തന്നെ തടയുന്നതിനും സഹായകമായ സംരക്ഷണഘടനകളുടെ സമഗ്ര 'ജലസംരക്ഷണജാലിക' ഓരോ തുണ്ട് ഭൂമിയിലും സജ്ജീകരിക്കുകയാണ് ഇതിനായി ചെയ്യേണ്ടത്. പുല്‍വരമ്പുകള്‍, ചെറിയ മണ്‍വരമ്പുകള്‍, മണ്‍ തിടിലുകള്‍, കയ്യാലകള്‍, സംരക്ഷണഭിത്തികള്‍, ചാലുകള്‍ ഇടമുറിഞ്ഞ ചാലുകള്‍, വൃക്ഷത്തടങ്ങള്‍, മണ്‍പണകള്‍, പാത്തികള്‍, പുല്‍മെത്തകള്‍, സസ്യവേലികള്‍, മഴക്കുഴികള്‍, കല്ലുകൊണ്ടുള്ള ചെറുതും വലുതുമായ കയ്യാലകള്‍ എന്നിവയുടെ സഹായത്തോടെ ഇത് സാധ്യമാക്കാം. ഇവയില്‍നിന്ന് ഓരോ തുണ്ട് ഭൂമിയിലേക്കും അനുയോജ്യമായവ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. ഇപ്രകാരത്തിലുള്ള സജ്ജീകരണങ്ങളെ അതിജീവിച്ച് സമീപത്തുള്ള ചെറുതും വലുതുമായ ഒഴുക്കുചാലുകളില്‍ എത്തുന്ന വെള്ളത്തിന്റെ ഒഴുക്കിനെ മന്ദീഭവിപ്പിക്കാനുതകുന്ന തരത്തിലുള്ള ഘടനകള്‍ അവയില്‍ നിര്‍മിക്കുകയാണ് അനുബന്ധമായി ചെയ്യേണ്ടത് (എന്നാല്‍, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പലപ്പോഴും ഒഴുക്കിന്റെ തോത് വര്‍ധിക്കാനിടയാക്കുന്ന തരത്തില്‍ ചാലുകളുടെ ആഴവും വീതിയും കൂട്ടുകയാണ് ചെയ്തുവരുന്നത്.) തീരേ ആഴംകുറഞ്ഞ വളരെ ചെറിയ മഴക്കുഴികള്‍ ഉപയോഗയോഗ്യതയും പ്രവര്‍ത്തനക്ഷമതയും പരിശോധിക്കാതെ വ്യാപകമായി ഉണ്ടാക്കുന്ന രീതി പരിമിതപ്പെടുത്തുകയും മഴവെള്ളം സമാഹൃതമായി ഒഴുകിയെത്തുന്ന സ്ഥാനങ്ങള്‍ കണ്ടെത്തി അത്തരം സ്ഥാനങ്ങളില്‍ വേണ്ടത്ര വലിപ്പമുള്ള മഴക്കുഴികള്‍ നിര്‍മിക്കുകയുമാണ് വേണ്ടത്. സാധാരണസ്ഥിതിയില്‍ ഇത്തരം കുഴികള്‍ക്ക് ഒരു ഘനമീറ്റര്‍ മുതല്‍ അഞ്ച് ഘനമീറ്റര്‍ വരെ വലിപ്പമാകാം. കൂടാതെ, ചെറുതും വലുതുമായ പാതകളിലൂടെയും മൈതാനങ്ങളിലൂടെയും ഒഴുകിവരുന്ന മഴവെള്ളത്തെ ശേഖരിക്കാനാവശ്യമായ വലിപ്പത്തോടുകൂടിയ സാമാന്യം വലിപ്പമുള്ള മഴവെള്ളക്കുഴികളും യുക്തമായ സ്ഥാനങ്ങളില്‍ നിര്‍മിക്കാന്‍ ശ്രദ്ധിക്കണം. എല്ലാതരം മഴക്കുഴികളിലും ശേഖരിക്കപ്പെടുന്ന എക്കല്‍ കാലാകാലങ്ങളില്‍ ശേഖരിച്ച് (മഴക്കുഴികള്‍ ഇല്ലായിരുന്നെങ്കില്‍ എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോകുമായിരുന്ന അമൂല്യമായ ഒരു വിഭവമാണിത്) ബന്ധപ്പെട്ട പരിസരഭൂമിയില്‍ വിതറാനും ശ്രദ്ധിക്കണം. എന്നാല്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ഇത്തരം പ്രവൃത്തികള്‍ വളരെ ശാസ്ത്രീയമായ പരിശോധനയ്ക്കുശേഷംമാത്രമേ ഏറ്റെടുക്കാവൂ. വാട്ടര്‍ഷെഡ്ഡ് തത്ത്വങ്ങള്‍ക്ക് അനുസൃതമായി മേല്പറഞ്ഞ മണ്ണ്, ജല സംരക്ഷണപ്രവൃത്തികളെ സമഞ്ജസിപ്പിക്കാന്‍കഴിഞ്ഞാല്‍ നമ്മുടെ വിജയം ശാശ്വതവും അഭൂതപൂര്‍വവുമായിരിക്കും. മേല്പറഞ്ഞ പ്രവൃത്തികളൊക്കെ മഹാത്മാഗാന്ധി തൊഴിലുറപ്പുപദ്ധതിയില്‍ ഏറ്റെടുത്ത് വിജയകരമായി ചെയ്യാന്‍ കഴിയുന്നവയാണ്. വെള്ളക്കെട്ടുമൂലം പ്രശ്‌നങ്ങളില്ലാത്ത സ്ഥാനങ്ങളിലൊരിടത്തും ചാലുകളുടെ ആഴവും വീതിയും കൂട്ടുന്ന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അതുപോലെത്തന്നെ, കാട്ടുപടര്‍പ്പുകളും സസ്യാവശിഷ്ടങ്ങളും കത്തിച്ചുകളയുന്നതും തരിശുപറമ്പുകള്‍, പൊതുസ്ഥലങ്ങള്‍, തോടുകളുടെ വശങ്ങള്‍, റോഡുകളുടെ പാര്‍ശ്വങ്ങള്‍ എന്നിവിടങ്ങളിലുള്ള സസ്യങ്ങളെ കിളച്ച് മണ്ണിളക്കി നശിപ്പിക്കുന്നതും നിയന്ത്രിക്കണം. ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നമ്മുടെ സസ്യവൈവിധ്യത്തെയും മണ്ണിന്റെ പോഷകശേഷിയെയും ഇല്ലാതാക്കും. ഭൂതാപന വര്‍ധനയ്ക്ക് ആക്കംകൂട്ടുകയും ചെയ്യും. അസൗകര്യമായി കാണപ്പെടുന്ന കാട്ടുപടര്‍പ്പുകളും കളകളും വെട്ടുകത്തികളോ കത്രികകളോ ഉപയോഗിച്ച് മണ്ണിന് ഇളക്കംതട്ടാത്തവിധം മുറിച്ച് നീക്കംചെയ്യുകയും അത്തരം അവശിഷ്ടങ്ങളെ കമ്പോസ്റ്റ്‌നിര്‍മാണത്തിന് ഉപയോഗപ്പെടുത്തുകയുമാണ് വേണ്ടത്. ഓരോ ഭൂമിയിലെയും പ്രാദേശികസ്ഥിതികളുടെ അടിസ്ഥാനത്തില്‍ ആവശ്യമാകുന്ന എല്ലാ പ്രവൃത്തികളും നടപ്പാക്കാന്‍ വേണ്ടിവരുന്ന ചെലവ് ഭൂവുടമകള്‍ക്ക് സ്വന്തമായി കണ്ടെത്താന്‍ പ്രയാസമായിരിക്കും. സംഘടിത മനുഷ്യാധ്വാനത്തിനാണ് ഈ ചെലവിന്റെ 70 ശതമാനത്തിലേറെ ആവശ്യമായി വരുന്നത്. ഭൂവുടമകള്‍ക്ക് ഇക്കാര്യത്തില്‍ ശ്രദ്ധിക്കാന്‍ കഴിയാത്തതിന്റെ ഒരു പ്രധാനകാരണവും ഇതാണ്. എന്നാല്‍, ഈ പ്രതിസന്ധിയൊക്കെ മറികടക്കാനുള്ള വഴികള്‍ തൊഴിലുറപ്പുപദ്ധതിയില്‍ ഉണ്ട്. കേരളത്തിന്റെ ഭൂഘടനയുടെ പശ്ചാത്തലത്തില്‍ ജലസംരക്ഷണത്തിന് ഉപകാരപ്പെടുന്നതാണ് 'വാട്ടര്‍ഷെഡ്ഡ് അധിഷ്ഠിത ജലസംരക്ഷണ സമീപനം'. വെള്ളത്തിന്റെ സ്വതഃസിദ്ധമായ ചലനപ്രകൃതങ്ങളെ സ്ഥായിയായ ജലലഭ്യതയ്ക്ക് പ്രയോജനപ്പെടുത്തുന്നതിനുള്ള സാധ്യതകളാണ് സമതലങ്ങളിലുള്ളവയൊഴികെയുള്ള എല്ലാ വാട്ടര്‍ഷെഡ്ഡുകളും തുറന്നുതരുന്നത്. ഓരോ വാട്ടര്‍ഷെഡ്ഡും സ്വാഭാവികവും ലളിതവുമായ ഒരു പാരിസ്ഥിതിക സ്വയംപര്യാപ്തത നിലനിര്‍ത്താന്‍ പാകത്തിലുള്ള ഘടനാവിശേഷങ്ങളുള്ള ഒരു ആവാസവ്യവസ്ഥയാണ്. അതില്‍ മനുഷ്യന്‍ വരുത്തിയ തിരുത്തലുകളും മാറ്റങ്ങളും ഉണ്ടാക്കിയ വൈകല്യങ്ങള്‍ ക്രമേണ പരിഹരിക്കുകയും ഓരോ വാട്ടര്‍ഷെഡ്ഡിന്റെയും സ്വാഭാവികമായ 'വാട്ടര്‍ ഷെഡ്ഡിങ്' പ്രക്രിയ (നീര്‍മറി പ്രക്രിയ) പുനഃസ്ഥാപിക്കുകയും ചെയ്തുകൊണ്ട് കേരളത്തിലെ ജലക്ഷാമം സ്ഥായിയായി പരിഹരിക്കാനുള്ള ശ്രമങ്ങളാണ് നാം നടത്തേണ്ടത്. സംസ്ഥാനത്തെ ഓരോ ഗ്രാമപ്പഞ്ചായത്തും അതിന്റെ പരിധിയില്‍വരുന്ന എല്ലാ വാട്ടര്‍ഷെഡ്ഡുകളുടെയും സമഗ്രവികസനത്തിനുള്ള മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിക്കഴിഞ്ഞിട്ടുള്ളതിനാല്‍ കേരളത്തിലെ ജലക്ഷാമം പരിഹരിക്കുന്നതിനുള്ള കര്‍മപരിപാടികള്‍ ഏറ്റെടുക്കുന്നതിന് ഫലപ്രദമായ സാഹചര്യങ്ങള്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ത്തന്നെ സജ്ജമായിരിക്കയാണ്. ചെയ്യേണ്ടത് ചെയ്യുകയാണിപ്പോള്‍ വേണ്ടത്. ഗ്രാമസഭകളും പ്രാദേശിക ഭരണകൂടങ്ങളും ഇതിനാവശ്യമായ സന്നാഹങ്ങളൊരുക്കാന്‍ മുന്‍കൈ എടുക്കണം. ഗ്രാമസഭാതലത്തില്‍ ജലസംരക്ഷണ ക്ലബ്ബുകള്‍, സംഘങ്ങള്‍ എന്നിവ രൂപവത്കരിക്കുക, വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് മഴവെള്ളസംരക്ഷണം സംബന്ധിച്ച് ബോധവത്കരണം നടത്തുക, തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെടുന്ന പ്രവര്‍ത്തകര്‍ക്ക് പ്രത്യേക പരിശീലനം സംഘടിപ്പിക്കുക, ഗ്രാമസഭാതലത്തില്‍ ജലസംരക്ഷണ സന്ദേശയാത്രകള്‍ സംഘടിപ്പിക്കുക, മഴവെള്ളസംരക്ഷണസന്ദേശങ്ങളടങ്ങിയ കലണ്ടറുകള്‍/കാര്‍ഡുകള്‍ ഓരോ വീട്ടിലും എത്തിക്കുക, ലോക ഭൂജല ദിനാചരണം ഉചിതമായും വിപുലമായ പങ്കാളിത്തത്തോടെയും സംഘടിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കാന്‍ ഗ്രാമപ്പഞ്ചായത്തുകള്‍ കൂടുതല്‍ ശ്രദ്ധിക്കണം................................................................  (സോയില്‍ കണ്‍സര്‍വേഷന്‍ മുന്‍ അസി. ഡയറക്ടറാണ് ലേഖകന്‍)........................ആസന്ന മരണം കാത്തു പമ്പാ നദി :http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=13430256&tabId=21&BV_ID=@@@

2013, മാർച്ച് 3, ഞായറാഴ്‌ച

പ്രകൃതിയും മനുഷ്യനും - അഡ്വ. കെ.എന്‍.എ ഖാദര്‍


പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഒരു ചരിത്രദൗത്യം കൂടി മുസ്‌ലിംലീഗ് പാര്‍ട്ടിയുടെ ചുമലില്‍ അര്‍പ്പിച്ചിരിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ പാതയില്‍ സജീവമായി ഇടപെടുവാനും പ്രകൃതിയേയും ഈ ആവാസ വ്യവസ്ഥയേയും കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുവാനും അദ്ദേഹം ആഹ്വാനം ചെയ്തിരിക്കുന്നു. രാഷ്ട്രീയരംഗത്ത് മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുവാനും രോഗികളേയും നിരാലംബരേയും സഹായിക്കുവാനും പാര്‍ട്ടിയെ സജ്ജമാക്കിയ ശിഹാബ്തങ്ങളുടെ വഴിയില്‍ ഒരു പുതിയ അദ്ധ്യായം കൂടി രചിക്കുവാന്‍ ഇപ്പോഴത്തെ പാര്‍ട്ടി നേതൃത്വം മുന്നോട്ടുവന്നത് ശ്ലാഘനീയമാണ്.

കേരളം നദികളുടെ നാടാണ്. സഹ്യപര്‍വ്വത നിരകളില്‍ നിന്നും ചെറുതും വലുതുമായ 44 നദികള്‍ ഉത്ഭവിക്കുന്നു. ഇതില്‍ 41 എണ്ണം പടിഞ്ഞാറോട്ടും 3 എണ്ണം കിഴക്കോട്ടും ഒഴുകുന്നു. കേരളീയ ജീവിതത്തിന്റെ ആത്മാവ് ഈ 44 നദികളും അവയുടെ 900-ത്തില്‍ അധികം വരുന്ന പോഷക നദികളുമാണ്. മനുഷ്യസംസ്‌കാരത്തിന്റെ കോട്ടകൊത്തളങ്ങള്‍ എന്നും നദീ തീരങ്ങളും ജലസ്രോതസ്സുകളുടെ സമീപപ്രദേശങ്ങളുമായിരുന്നു. അനുസ്യൂതം ഒഴുകുന്ന ജലവും അടിത്തട്ടിലെ മണലും ജലജീവികളും പുഴയോരസസ്യങ്ങളും ഈ ജൈവ ആവാസവ്യവസ്ഥയുടെ അവിഭാജ്യഘടകങ്ങളാണ്. സഹ്യപര്‍വ്വത നിരകളിലെ മലകളും ഇടനാട്ടിലെ കുന്നുകളും താഴ്‌വരകളും നീര്‍ത്തടങ്ങളും നെല്‍വയലുകളും 34 കായലുകളും 590 കിലോമീറ്റര്‍ നീളം വരുന്ന സമുദ്രതീരവും ചേര്‍ന്നതാണ് കേരളം. കേരളത്തിലെ നദികളുടെ വൃഷ്ടിപ്രദേശം 2873921 ച. കി. മീ. ആണ്. 728730 ലക്ഷം ഘനമീറ്റര്‍ വെള്ളം ഈ നദികളിലൂടെ പ്രതിവര്‍ഷം ഒഴുകുന്നു. ഇതിനെല്ലാം പുറമെ ആറുമാസക്കാലം പെയ്തിറങ്ങുന്ന മഴ കേരളത്തിലെ കാലാവസ്ഥയെ എന്നും സുഖകരമാക്കുന്നു. കേരളത്തില്‍ ഒരു ഹെക്ടര്‍ സ്ഥലത്ത് ഒരുകോടി ഇരുപതുലക്ഷം ലിറ്റര്‍ വെള്ളം ഒരു വര്‍ഷം മഴയായി പെയ്തിറങ്ങുന്നു.

ഈ നദികളെല്ലാം തന്നെ മരിച്ചുകൊണ്ടിരിക്കുകയാണ്. ആയിരക്കണക്കിന് വര്‍ഷങ്ങളിലെ ഭൗമപ്രവര്‍ത്തനത്തിന്റെ ഫലമായി രൂപം കൊണ്ടതാണ് നദികളിലെ മണല്‍. ശരാശരി 15 അടി ഘനത്തില്‍ കാണപ്പെടുന്ന ഈ മണല്‍ നിക്ഷേപം നദിയുടെ മജ്ജയും മാംസവുമാണ്. മണലില്ലാത്ത നദികള്‍ വെറും അസ്ഥിപഞ്ജരമാണ്. നദീതടത്തിലെ ജലവിതാനം നിയന്ത്രിക്കുക, മത്സ്യങ്ങള്‍ തുടങ്ങി ശുദ്ധജലജീവികളേയും ജല സസ്യങ്ങളേയും പോറ്റിവളര്‍ത്തുക, നീരൊഴുക്ക് ക്രമപ്പെടുത്തുക തുടങ്ങിയ ജോലികളെല്ലാം നിര്‍വ്വഹിക്കുന്നത് ഈ മണല്‍ നിക്ഷേപമാണ്. യാതൊരു തത്വദീക്ഷയുമില്ലാതെ മണല്‍ ഖനനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നതിനാല്‍ താമസിയാതെ കേരളം ഒരു ഊഷരഭൂമിയായി മാറും. നദികളുടെ ജീവന്‍ കാത്തു സംരക്ഷിക്കുന്ന മണല്‍ വാരിത്തീര്‍ക്കുന്നതിന് പുറമെ നിരന്തരമായി മാലിന്യം നിക്ഷേപിച്ച് നദികളെയും നമ്മുടെ സ്വന്തം ജീവനേയും നാം അപകടപ്പെടുത്തുകയാണ്.

കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകമായ ശാസ്താംകോട്ട തടാകവും അഷ്ടമുടിക്കായലും വേമ്പനാട് കോള്‍നിലവും രാജ്യാന്തരപ്രാധാന്യം ഉള്ളവയാണ്. 151250 ഹെക്ടര്‍ വിസ്തൃതിയില്‍ ആലപ്പുഴ , കോട്ടയം, എറണാകുളം ജില്ലകളിലായി വേമ്പനാട് കായല്‍ വ്യാപിച്ചുകിടക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ നീര്‍ത്തടമാണിത്. മണിമല , മീനച്ചില്‍, പമ്പ , അച്ചന്‍കോവില്‍, മൂവാറ്റുപുഴ എന്നിവ ഉള്‍പ്പെടെ പത്തോളം നദികള്‍ ഇതില്‍ വന്നുചേരുന്നു. വെള്ളപ്പൊക്കം നിയന്ത്രിച്ചും കുടിവെള്ള സ്രോതസ്സുകള്‍ നിലനിര്‍ത്തിയും മനുഷ്യജീവിതത്തെ ഈ കായല്‍ സഹായിക്കുന്നു. 373 ഹെക്ടറില്‍ സ്ഥിതി ചെയ്യുന്ന ശാസ്താംകോട്ട തടാകം കൊല്ലം ജില്ലയിലെ കുടിവെള്ള സ്രോതസ്സും ശുദ്ധജല മത്സ്യങ്ങളുടെ ആവാസ സ്ഥാനവുമാണ്. 61400 ഹെക്ടര്‍ വിസ്തീര്‍ണ്ണമുള്ള ആഴമേറിയ കായലാണ് അഷ്ടമുടിക്കായല്‍. ഈ കായലുകളെല്ലാം വറ്റിവരണ്ടുകൊണ്ടിരിക്കുന്നു.

നീര്‍പ്പക്ഷികള്‍, മത്സ്യങ്ങള്‍, സസ്ത്‌നികള്‍, ഉരഗങ്ങള്‍, സസ്യങ്ങള്‍, സൂക്ഷ്മജീവികള്‍ തുടങ്ങിയ ജൈവസമ്പത്തിന്റെ വിസ്മയ ലോകമാണ് തണ്ണീര്‍ത്തടങ്ങള്‍. തണ്ണീര്‍ത്തടങ്ങളെ സംരക്ഷിക്കുവാന്‍ 1971-ല്‍ രൂപീകൃതമായ റംസര്‍ ഉടമ്പടി അതീവപ്രധാനമാണ്. ലോകത്തിലെ 163 രാജ്യങ്ങള്‍ ഇതില്‍ ഒപ്പുവച്ചിട്ടുണ്ട്. സ്വിറ്റ്‌സര്‍ലന്റിലെ ഗ്ലാന്റ് ആസ്ഥാനമായ റംസര്‍ പ്രസ്ഥാനം തണ്ണീര്‍ത്തടങ്ങളുടെ പട്ടികയില്‍ ഈ മൂന്നുകായലുകളേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആകെ 2065 തണ്ണീര്‍ത്തടങ്ങളാണ് റംസര്‍ പട്ടികയിലുള്ളത്. ഇതില്‍ 26 എണ്ണം ഇന്ത്യയിലാണ്. ഈ തണ്ണീര്‍ത്തടങ്ങളെ സംരക്ഷിക്കുവാനുള്ള ബാദ്ധ്യത ലോകരാഷ്ട്രങ്ങളെല്ലാം ഏറ്റെടുത്തിട്ടുള്ളതാണ്.

മനുഷ്യശരീരത്തില്‍ രക്തമെന്നതുപോലെ ഭൂമിയുടെ ശരീരത്തില്‍ സദാ ചംക്രമണം ചെയ്തുകൊണ്ടിരിക്കുന്നത് നദികളാണ്. രക്തം അശുദ്ധമാവുകയോ കുറയുകയോ ഒഴുക്കു തടയപ്പെടുകയോ ചെയ്താല്‍ നാം രോഗികളായി തീരുന്നു. ഭൂമിയുടെ ഗതിയും അതു തന്നെയാണ്. രോഗം മൂര്‍ദ്ധന്യദശയെ പ്രാപിക്കുമ്പോള്‍ ജീവികള്‍ മരിക്കുന്നത് പോലെ ഭൂമിയും മരിക്കുക തന്നെ ചെയ്യും. എല്ലാ സംസ്‌കാരവും നദീതീരങ്ങളിലാണ് ആവിര്‍ഭവിക്കുകയും പുഷ്പിക്കുകയും ചെയ്തിട്ടുള്ളത്. നദികളോടൊപ്പം നാഗരികതകളും മണ്ണടിയുന്നു. മനുഷ്യന്‍ ഉള്‍പ്പെടെ സകല ജീവജാലങ്ങളും ജലത്തില്‍ നിന്നാണ് ഉത്ഭവിച്ചിട്ടുള്ളത്. നമ്മുടെ ശരീരത്തില്‍ 70 ശതമാനവും ജലമാണ്.

അമ്മയുടെ ഉദരത്തിലാകുമ്പോള്‍ മനുഷ്യന്റെ കുഞ്ഞ് 90 ശതമാനവും ജലരൂപത്തിലാണ്. ഗര്‍ഭപാത്രത്തിലെ ദ്രാവകത്തില്‍ കിടന്നാണ് നാം വളരുന്നത്. നാം ജീവിക്കുന്ന ഭൂമിയിലും 70 ശതമാനം ജലം തന്നെയാണ്. മറ്റേതെങ്കിലും ഗ്രഹങ്ങളില്‍ ജീവികള്‍ ഉണ്ടോ എന്ന് അന്വേഷിക്കുന്ന ശാസ്ത്രജ്ഞന്‍മാര്‍ ആദ്യം നോക്കുന്നത് അവിടെ ജലം ഉണ്ടോ എന്നാണ്. വായയും നാവും സദാ ഉമിനീരുകൊണ്ട് നനഞ്ഞിരിക്കുമ്പോള്‍ മാത്രമേ നമുക്ക് സംസാരിക്കുവാനും ആഹാരം കഴിക്കുവാനും ആവുകയുള്ളൂ. നമ്മുടെ രണ്ടുകണ്ണുകളിലും നാസാദ്വാരങ്ങളിലും ചെവിക്കകത്തും ഒരു നിശ്ചിതയളവില്‍ ജലാംശം ഉള്ളപ്പോള്‍ മാത്രമേ അവ പ്രവര്‍ത്തിക്കുകയുള്ളൂ.

നദികളെ സ്വന്തം മാതാവായി കരുതിയവരാണ് ഇന്ത്യക്കാര്‍. ക്രൈസ്തവര്‍ കുഞ്ഞുങ്ങളെ മാമോദീസ മുക്കുന്നത് ജലത്തിലാണ്. മുസ്‌ലിംകള്‍ നമസ്‌കാരത്തിന് വേണ്ടി അംഗശുദ്ധി വരുത്തുന്നത് ജലംകൊണ്ടാണ്. പുണ്യം കിട്ടുവാന്‍ നദികളില്‍ സ്‌നാനം ചെയ്യുന്ന സ്വഭാവമാണ് ഭാരതീയ പാരമ്പര്യം. ക്ഷേത്രക്കുളങ്ങള്‍ തൊട്ട് മഹാകുംഭമേള വരെയുള്ള ഭക്തന്‍മാരുടെ പ്രയാണം പുണ്യജലം തേടിയുള്ളതാണ്.

ഹജ്ജിന് പോകുന്നവര്‍ മടങ്ങിയെത്തുന്നത് സംസം ജലവുമായിട്ടാണ്. ജലത്തിന്റെ മാഹാത്മ്യം പറഞ്ഞറിയിക്കുവാന്‍ സാദ്ധ്യമല്ലാത്തവിധം വിസ്തൃതമാണ്. ചുരുക്കിപ്പറഞ്ഞാല്‍ ജീവന്റെ ആധാരം ജലമാണ്. കടലും നദികളും കായലുകളും കുളങ്ങളും മഴയുമൊക്കെ യഥാവിധി നിലനില്‍ക്കുകയും തുടരുകയും ചെയ്യുമ്പോള്‍ മാത്രമേ ജീവന്‍ നിലനില്‍ക്കുകയുള്ളൂ. ഇത്രയും മഹത്തായ ജലം മലിനമാകുമ്പോള്‍ ശുദ്ധീകരിച്ച് വീണ്ടും നമുക്ക് തിരിച്ചു നല്‍കുന്നത് പ്രകൃതിയാണ്. ഭൂമിയിലെ പാഴ്ജലം പൂര്‍ണ്ണമായി ശുദ്ധീകരിക്കുവാന്‍ കോടാനുകോടി ഡോളര്‍ ചെലവാക്കിയാലും നമുക്കാകില്ല. പ്രകൃതി അത് ഭംഗിയായി നിറവേറ്റുന്നു. പ്രകൃതിക്ക് നാശം വരുത്തിയാല്‍ പിന്നെ ശുദ്ധജലമോ ജീവിതമോ നമുക്ക് അന്യമായിത്തീരും.

യാതൊരു തത്വദീക്ഷയുമില്ലാതെ മണല്‍ ഖനനം ചെയ്യുന്നതും മലിനവസ്തുക്കളും വിഷവസ്തുക്കളും നദികളിലേക്ക് വലിച്ചെറിയുന്നതും കാരണം നമ്മുടെ നദികള്‍ക്കെല്ലാം ഏറെ നാശം സംഭവിച്ചിരിക്കുന്നു. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന ഈ നടപടി അവസാനിപ്പിക്കേണ്ടതുണ്ട്. പാരിസ്ഥിതിക ദുരന്തത്തില്‍ നിന്ന് ഭൂമിയെ രക്ഷിക്കുവാന്‍ നടന്നുവരുന്ന അനേകം പരിശ്രമങ്ങളില്‍ ഇന്ത്യയും കേരളവും പങ്കുചേരേണ്ടതുണ്ട്. പ്രൊഫസര്‍ മാധവ് ഗാഡ്ഗില്‍ ചെയര്‍മാനായ പശ്ചിമഘട്ട വിദഗ്ധസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഈ രംഗത്ത് ഒരു പുതിയ അദ്ധ്യായമാണ്.

ഹരിത രാഷ്ട്രീയത്തിന്റെ ഭരണഘടനയായി അതിനെ കാണേണ്ടതുണ്ട്. എന്തു ബുദ്ധിമുട്ട് സഹിക്കേണ്ടി വന്നാലും ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണ്ണമായും അംഗീകരിച്ചു നടപ്പിലാക്കുകയാണ് വേണ്ടത്. മഹാരാഷ്ട്രയിലെ സിന്ധ്ദുര്‍ഗ് ജില്ലയിലെ 25 ഗ്രാമപഞ്ചായത്തുകള്‍ തങ്ങളുടെ ഭൂപ്രദേശങ്ങളെ പാരിസ്ഥിതിക വിലോല മേഖലയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസ്സാക്കിയിട്ടുണ്ട്. വികസനവും പരിസ്തിതിയും ആരോഗ്യകരമായി സമന്വയിപ്പിക്കണം. പരിസ്ഥിതി സംരക്ഷണത്തിന്റെ പക്ഷത്തുനില്‍ക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ക്ക് വേണ്ടത്ര കഴിഞ്ഞിട്ടില്ല. പ്രാദേശിക രാഷ്ട്രീയത്തെ തന്നെ ഇന്ന് നിയന്ത്രിക്കുന്നത് മണല്‍ മാഫിയകളാണ്.

കേരളത്തിലെ 1000 ഗ്രാമപഞ്ചായത്തുകളിലും ഇതര നഗരസഭാപ്രദേശങ്ങളിലും ഈ മാഫിയക്ക് ശക്തമായ വേരുകളുണ്ട്. വിവിധ പാര്‍ട്ടികളില്‍പ്പെട്ട അനേകം രാഷ്ട്രീയ പ്രവര്‍ത്തകരും പ്രാദേശിക ഭരണ നേതൃത്വവും ജനപ്രതിനിധികളും അനേകായിരം ഉദ്യോഗസ്ഥന്മാരും മണല്‍ഖനന മാഫിയയുടെ കണ്ണികളാണ്. ഒരു പാര്‍ട്ടിയും ഈ ഗൂഢസംഘത്തിന്റെ പിടിയില്‍ അകപ്പെടാത്തതായി ഉണ്ടാകില്ല. നഗരങ്ങള്‍ ഓരോ ദിവസവും ഉത്പാദിപ്പിക്കുന്ന മാലിന്യങ്ങള്‍ ജനവാസ കേന്ദ്രങ്ങളില്‍ കുന്നുകൂട്ടിയും നദികളിലേക്ക് വലിച്ചെറിഞ്ഞും കേരളീയര്‍ സ്വന്തം ആയുസ്സിന്റെ നീളം കുറക്കുകയാണ്.

ഈ സാഹചര്യത്തില്‍ ഹൈദരലി ശിഹാബ് തങ്ങളുടെ പ്രഖ്യാപനം പ്രാധാന്യമേറിയതും സന്ദര്‍ഭോചിതവുമാണ്. പ്രകൃതിയിലേക്കുള്ള മടക്കവും പരിസ്ഥിതി സംരക്ഷണവും തങ്ങളുടെ അജണ്ടയായി ഏറ്റെടുത്ത ആദ്യ രാഷ്ട്രീയ കക്ഷി മുസ്‌ലിംലീഗാണ്. കാലാവസ്ഥാവ്യതിയാനം പോലുള്ള ദുരന്തങ്ങള്‍ പതുക്കെയാണ് സഞ്ചരിക്കുന്നത് എങ്കിലും ഭൂമിയിലെ ആവാസവ്യവസ്ഥയെ തന്നെ തകര്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു. കായലുകളും പുഴകളും ഇതര തണ്ണീര്‍ത്തടങ്ങളും നെല്‍ വയലുകളും വറ്റി വരളുന്നു. കൊടുങ്കാറ്റും സുനാമിയു പേമാരിയും ഭൂകമ്പവും ഉല്‍ക്കാപതനവും ആശങ്കാജനകമാണ്. വന്യമൃഗങ്ങള്‍ കാടുകള്‍ ഉപേക്ഷിച്ച് നഗരങ്ങളിലേക്ക് ഇറങ്ങിക്കൊണ്ടിരിക്കുന്നു.

മൃഗങ്ങള്‍ക്ക് ഭൂമിയില്‍ സമാധാനത്തോടെ ഇരപിടിച്ചും ഉല്ലസിച്ചും യഥേഷ്ടം മേഞ്ഞുനടന്നു ജീവിക്കുവാനുള്ള അവകാശമുണ്ട്. വന്യജീവികളുടെ വാസസ്ഥലങ്ങള്‍ മനുഷ്യന്‍ നിരന്തരമായി കൈയ്യേറുന്നതുകൊണ്ടാണ് അത്തരം ജീവജാലങ്ങള്‍ നാട്ടിലേക്കിറങ്ങുന്നത്. നാമാകട്ടെ അവയെ കൊന്നൊടുക്കുന്നു. പറവകള്‍ക്കാകാശവും പാമ്പുകള്‍ക്ക് മാളവും നഷ്ടപ്പെട്ടിരിക്കുന്നു. ജലത്തില്‍ ജലജീവികളായ മത്സ്യങ്ങള്‍ക്കും സസ്യങ്ങള്‍ക്കും അവയുടെ വാസസ്ഥലവും നഷ്ടമായിക്കഴിഞ്ഞു. ദുരാഗ്രഹിയായ മനുഷ്യന്‍ ഭൂമിയെ മാത്രമല്ല ഇതര ഗ്രഹങ്ങളേയും കീഴ്‌പ്പെടുത്തുവാനുള്ള ശ്രമത്തിലാണ്. പക്ഷിമൃഗാദികളും സസ്യലതാദികളും ഇടകലര്‍ന്ന് മനുഷ്യരോടൊപ്പം എന്നെന്നുമുണ്ടാകണം. ഈ പ്രപഞ്ചവും അതിലെ സകല ജീവജാലങ്ങളേയും സൃഷ്ടിച്ചത് ഒരേയൊരു ദൈവമാണ്.

പ്രത്യേകമായ ഒരു ഉദ്ദേശ്യമില്ലാതെ യാതൊന്നും സൃഷ്ടിക്കപ്പെട്ടിട്ടില്ല. സൂര്യചന്ദ്രന്മാരേയും നക്ഷത്രങ്ങളേയും ഗ്രഹങ്ങളേയും സൃഷ്ടിച്ച അതേ കരങ്ങളാണ് മനുഷ്യരേയും സൃഷ്ടിച്ചത്. വായുവും വെള്ളവും അഗ്നിയും ആകാശവും മണ്ണും പരസ്പരം ബന്ധിതമാണ്. ഈ പ്രകൃതിയോട് നാം ചെയ്യുന്ന ഓരോ പാപവും നമ്മോടുതന്നെയാണെന്ന് വിസ്മരിക്കാതിരിക്കുക............................................

ഭൂമിയെ തിരിച്ചു പിടിക്കാന്‍ മുസ്‌ലിംലീഗ്

                                                                                                       ''ബുഷ് ഒരു എണ്ണ-വിഷവാതക മനുഷ്യനാണ്''-- അമേരിക്കയിലെ വാഷിംഗ്ടണ്‍ പോസ്റ്റ് പത്രത്തിലെ കോളമിസ്റ്റ് മേരി മെക് ഗോറി, ജോര്‍ജ് ബുഷിനെ കളിയാക്കി പറഞ്ഞതാണിത്. ഊര്‍ജോത്പാദനമെന്ന പേരില്‍ അമേരിക്കയിലെ ഗ്രാമ-നഗര പ്രദേശങ്ങളെ വിഷലിപ്തമാക്കിയ ബുഷിനെ അവിടുത്തെ മാധ്യമ പ്രവര്‍ത്തകര്‍ വിശേഷിപ്പിക്കുന്നത്, പരിസ്ഥിതിയെ കടന്നാക്രമിക്കുന്നതില്‍ റൊണാള്‍ഡ് റീഗന്‍ മുതലുള്ളവരില്‍ ഏറ്റവും മോശമായ പ്രസിഡണ്ട് എന്നാണ്. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്കയിലെ ഭരണാധികാരി അധികാരം എന്ന അഹങ്കാരത്താല്‍ വീണ്ടു വിചാരമില്ലാതെ പരിസ്ഥിതിക്കും പ്രകൃതിക്കുംമേല്‍ നടത്തിയ ഏകപക്ഷീയ കൈയേറ്റത്തിലുള്ള ആ ജനതയുടെ പ്രതികരണമാണിത്.
ജോര്‍ജ് ബുഷ് എന്ന ലോകം കണ്ട സ്വേച്ഛാധിപതിയുടെ പരിവേഷമുള്ള ഒരു രാഷ്ട്രത്തലവനും പ്രമുഖ രാഷ്ട്രീയ കക്ഷിയുടെ തലവനുമായ ഭരണാധികാരിയുടെ ഗണത്തില്‍, വികസനത്തിന്റെ പേരില്‍ പരിസ്ഥിതിനാശം വരുത്തിയ ഒട്ടേറെ ലോക നേതാക്കളെ ആഗോള തലത്തില്‍ നമുക്ക് കാണാം. ഭരണഘടന പ്രകാരം അധികാരത്തിലെത്തിയ ഭരണാധികാരികള്‍ അധികാരത്തിന്റെ ഗിരിശൃംഖത്തിലെത്തുമ്പോള്‍ താന്‍ ചവുട്ടിക്കയറിവന്ന ജനപഥങ്ങള്‍ മറക്കുകയാണ്. അധികാര ലഹരിയില്‍ വ്യവസായ-ഖനന- കോര്‍പറേറ്റ് മാഫിയകളുടെയും മറ്റ് ലോബികളുടെയും നിയന്ത്രണത്തിലാകുന്ന ഭരണാധികാരികള്‍ അവരുടെ സ്വാര്‍ഥതാല്‍പര്യങ്ങള്‍ സംരക്ഷിക്കാനായി വഴിവിട്ടു പ്രവര്‍ത്തിക്കുന്നതിനാല്‍ പരിസ്ഥിതി നാശം അടക്കമുള്ള പലവിധ അവമതികള്‍ക്കും കൂട്ടുനില്‍ക്കുന്ന കാഴ്ചയാണ് പരക്കെയുള്ളത്.
എന്നാല്‍ ഈ നിര്‍ണായകാവസ്ഥയിലാണ് പരിസ്ഥിതി- പ്രകൃതി- ഭൗമ സംരക്ഷണം എന്ന കാലികപ്രസക്തിയുള്ള പ്രഖ്യാപനവുമായി കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയായ മുസ്‌ലിംലീഗ് രംഗത്തെത്തുന്നത്. രാജ്യ പുരോഗതിയുടെ ആണിക്കല്ലുകളില്‍ പ്രധാനമായ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനത്തിന് മുസ്‌ലിംലീഗ് മുന്നിട്ടിറങ്ങുന്നത് ശ്ലാഘനീയം തന്നെയാണ്. ഒരു രാഷ്ട്രീകക്ഷി എന്ന നിലക്ക് രാഷ്ട്രീയവും സാമൂഹികവും സാമുദായികവുമായ വിവിധ വികസന പ്രവര്‍ത്തനങ്ങളിലൂടെ വര്‍ഷങ്ങളായി കേരളീയ മണ്ഡലത്തില്‍ നിലനില്‍ക്കുന്ന മുസ്‌ലിംലീഗില്‍ നിന്നു ഇത്തരമൊരു പുരോഗമനാശയം ഉരുത്തിരിഞ്ഞത് വളരെ പ്രതീക്ഷ നല്‍കുന്നതാണ്.
പാരിസ്ഥിതിക നാശത്തിന്റെ പശ്ചാതലത്തില്‍ അത്യന്തം ഗൗരവപരമായ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനം നടത്തുക എന്ന മഹദ് ലക്ഷ്യവുമായി അടുത്തിടെ മുസ്‌ലിംലീഗ് കോഴിക്കോട്ട് പരിസ്ഥിതി പുന:സ്ഥാപന പ്രഖ്യാപന സെമിനാര്‍ സംഘടിപ്പിച്ചു. ദേശീയ തലത്തില്‍ പ്രാധാന്യമുള്ള പല രാഷ്ട്രീയ പാര്‍ട്ടികളും സജീവമായ കേരളത്തില്‍ ആദ്യമായാണ് ഗൗരവതരമായ പരിസ്ഥിതി സംരക്ഷണ പ്രഖ്യാപനവുമായി ഒരു രാഷ്ട്രീയകക്ഷി ജനശ്രദ്ധ നേടുന്നത്. കോണ്‍ഗ്രസ്, സി.പി.എം. ഉള്‍പ്പെടുന്ന വിവിധ ഇടതുപക്ഷ പാര്‍ട്ടികള്‍, ബി.ജെ.പി, ജനതാദള്‍, മറ്റ് ചെറുപാര്‍ട്ടികള്‍ തുടങ്ങിയവയെല്ലാം രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി അണികളെ സജീവമാക്കുന്നതിനും മാധ്യമ- ജനശ്രദ്ധയാകര്‍ഷിക്കാനുമൊക്കെയായി കേവലം ഒരു അനുഷ്ഠാനം ആയിട്ടാണ് ഇതുവരെയും പരിസ്ഥിതി സംരക്ഷണം എന്ന പരിപാടി നടത്തിപ്പോന്നിരുന്നത്. ഈ കൗതുകകരമായ അവസ്ഥയിലേക്കാണ് തികച്ചും ഗൗരവപരമായ പ്രവര്‍ത്തന അജണ്ട നിശ്ചയിച്ച് ലീഗ് കോഴിക്കോട്ട്, രാജ്യാന്തര പരിസ്ഥിതി സെമിനാര്‍ സംഘടിപ്പിച്ചത്. അതുകൊണ്ടുതന്നെ ഇത് ദേശീയ ശ്രദ്ധയാകര്‍ഷിക്കുകയാണ്. ദേശീയ- രാജ്യാന്തര പ്രശസ്തയായ ദയാഭായി എന്ന പരിസ്ഥിതി പ്രവര്‍ത്തകയെ സംഘടിപ്പിച്ച് നടത്തിയ സെമിനാര്‍ ദേശീയ ശ്രദ്ധയാകര്‍ഷിക്കപ്പെട്ടു. പരിസ്ഥിതി സംരക്ഷണത്തില്‍ അതീവ പ്രാധാന്യമുള്ള 15ഓളം സംരക്ഷണ പ്രവര്‍ത്തനങ്ങളാണ് തങ്ങളുടെ അണികളെ പങ്കെടുപ്പിച്ച് പ്രാവര്‍ത്തികമാക്കാന്‍ പോകുന്നതെന്നാണ് ലീഗ് നേതൃത്വം പ്രഖ്യാപിച്ചത്. ആഗോള തലത്തില്‍ മഹാദുരന്തമായിക്കൊണ്ടിരിക്കുന്ന പാരിസ്ഥിതിക വിനാശത്തിന്റെ ഭീതിതവശങ്ങള്‍ മനുഷ്യരാശിയെ ഓര്‍മപ്പെടുത്തുന്നതായിരുന്നു കോഴിക്കോട്ടെ സെമിനാര്‍. ഭൂമുഖത്ത് ഏറ്റവുമൊടുവിലെത്തിയ മനുഷ്യന്‍ ചെറുപുഴുവിനെ മുതല്‍ വന്‍ പര്‍വതങ്ങളുള്‍പ്പെടെ, സര്‍വതിനെയും സംഹരിക്കുന്ന ജീവിത രീതിയിലൂടെ ഭൂമിയിലെ എല്ലാവിധ പാരിസ്ഥിതിക വ്യവസ്ഥകളും കീഴ്‌മേല്‍ മറിക്കുകയാണിന്ന്.
44 പുഴകള്‍, ലോക പ്രശസ്ത കായലുകള്‍, ചെറുതും വലുതുമായ എണ്ണമറ്റ ജലാശയങ്ങള്‍, തണീര്‍ത്തടങ്ങള്‍ എന്നിവ കൊണ്ടനുഗൃഹീതമായ ദൈവത്തിന്റെ സ്വന്തം നാട്, പക്ഷേ പതുക്കെ കൊടുംവരള്‍ച്ചയുടെ പിടിയിലമരുകയാണെന്ന സത്യം മറുന്നുകൂടാ. ഹരിതഗൃഹ വാതകങ്ങളുടെ അമിതമായ പുറന്തള്ളലും ഓസോണ്‍ പാളി ശോഷണവും മൂലമുള്ള ആഗോളതാപനത്തിന്റെ ഫലമായി കേരളം അടക്കമുള്ള ഇടങ്ങള്‍ തീചൂളയായി മാറിയതിനു പിന്നിലെ മുഖ്യകാരണം ഹരിതാഭ നിലനിര്‍ത്തി, മഴ മേഘങ്ങളെ തടഞ്ഞ്, തണുപ്പിച്ച് മഴപൊഴിക്കുന്ന കന്യാവനങ്ങള്‍ നശിപ്പിച്ചതും കാലാവസ്ഥാ വൃതിയാനവുമാണെന്ന തിരിച്ചറിവിലേക്കാണ് കോഴിക്കോട്ടെ സെമിനാര്‍ ജാലകം തുറന്നത്.
സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളും നയങ്ങളും ഒരിക്കലും പരിസ്ഥിതി വിരുദ്ധമായിക്കൂടാ എന്ന നിര്‍ബന്ധ സമീപനമാണ് ഇക്കാര്യത്തില്‍ മുസ്‌ലിംലീഗിനുണ്ടാവുക എന്നും ഏതെങ്കിലും വികസന പ്രവര്‍ത്തനം പരിസ്ഥിതി നാശത്തിലേക്ക് നയിക്കുമെന്ന് കണ്ടാല്‍ ലീഗ് പ്രകൃതി സംരക്ഷണത്തിന്റെ ഭാഗത്തു നില്‍ക്കുമെന്നും സെമിനാറില്‍ പ്രഖ്യാപിച്ചത് സമൂഹം അതീവപ്രാധാന്യത്തോടെയാണ് കാണുന്നത്. ലോക പരിസ്ഥിതി ദിനം പോലുള്ള ദിവസങ്ങളില്‍ രാഷ്ട്രീയ- ഭരണ തലങ്ങളില്‍ നടക്കുന്ന മരംനടലും പ്ലാസ്റ്റിക് പെറുക്കലുമടക്കമുള്ള ചില 'വാര്‍ഷികാചാരങ്ങള്‍' നടത്തി മാധ്യമ- സമൂഹശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിക്കുന്ന മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ക്കുള്ള അനിവാര്യമായ ഒരു മറുപടികൊടുക്കലായിരിക്കണം മുസ്‌ലിംലീഗിന്റെ പുതിയ ഉദ്യമം എന്ന് ആഗ്രഹിക്കുകയാണിവിടെ.
കടുത്ത പാരിസ്ഥിതിക നാശം നേരിടുന്ന കേരളത്തിന്റെ കാര്യത്തില്‍ ഇത്തരമൊരു ധീരമായ പ്രഖ്യാപനം വളരെ പ്രതീക്ഷയുണര്‍ത്തുന്നതാണ്. എല്ലാതരം വികസന പ്രവര്‍ത്തനങ്ങള്‍ക്കും വിലങ്ങുതടിയാവുന്നത് കേരളത്തിലെ പരിസ്ഥിതി വാദികളാണെന്നാണ് ചില മന്ത്രിമാരടക്കമുള്ള രാഷ്ട്രീയക്കാരുടെ വാദം. അടുത്തിടെ വിവാദമായ പരിസ്ഥിതി പ്രശ്‌നങ്ങളായ പശ്ചിമ ഘട്ട സംരക്ഷണം, ആറന്‍മുള വിമാനത്താവള പദ്ധതി, തിരുവനന്തപുരത്തെ വിളപ്പില്‍ശാല മാലിന്യപ്രശ്‌നം, പാത്രക്കടവ്- പൂയംകുട്ടി ജലവൈദ്യുതി പദ്ധതികള്‍ തുടങ്ങിയവയില്‍ പല രാഷ്ട്രീയ കക്ഷികളും സ്വീകരിച്ച നിലപാട് പരിസ്ഥിതി സൗഹൃദമല്ലെന്നത് ഖേദകരം തന്നെയാണ്. ഈ അവസ്ഥയില്‍, വീണ്ടുവിചാരമില്ലാത്തതും വെറും ലാഭേച്ഛയിലൂന്നിയതുമായ വികസനത്തിന്റെ പേരില്‍ പ്രകൃതിയെയും ഭൂമിയെയും നശിപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നത് മുസ്‌ലിംലീഗിന്റെ നയമായിരിക്കില്ല എന്ന് കോഴിക്കോട്ടെ സെമിനാറില്‍ ധീരപൂര്‍വം വ്യക്തമാക്കിയത് ആശാവഹമാണ്..................................................................[ഇന്ദുകേഷ് തൃപ്പനച്ചി]

പരിസ്ഥിതി: ലീഗിന്റേത് നിസ്വാര്‍ഥ സമീപനം

                                                                 പശ്ചിമഘട്ട സംരക്ഷണം ഉറപ്പാക്കുന്ന മാധവ്ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ തുരങ്കം വക്കാനുള്ള വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ ഗൂഢനീക്കം കണ്ട് സ്തബ്ധരായിരിക്കുകയാണ് കേരളത്തിലെ പ്രകൃതി- പരിസ്ഥിതി സ്‌നേഹികള്‍. പാരിസ്ഥിതികമായി അതീവ ദുര്‍ബലമായ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന പശ്ചിമ ഘട്ട വനപ്രദേശത്തിന്റെ സുസ്ഥിരമായ സംരക്ഷണം ഉറപ്പാക്കുന്നതാണ് മാധവ്ഗാഡ്ഗില്‍ റിപ്പോര്‍ട്ട്. ഗുജറാത്തിലെ തപി നദീതാഴ്‌വര മുതല്‍ കന്യാകുമാരിയും കടന്ന് ശ്രീലങ്കവരെ വ്യാപിച്ചു കിടക്കുന്ന പശ്ചിമഘട്ട മലനിരകളില്‍ 1490 കിലോ മീറ്റര്‍ നീളമുള്ള ഭാഗമാണ് മാധവ്ഗാഡ്ഗില്‍ പാനലിന്റെ പരിധിയില്‍ വരുന്നത്.

ലോകത്തെ തന്നെ അപൂര്‍വ ജൈവവൈവിധ്യ പ്രദേശമായ പശ്ചിമഘട്ടത്തിന്റെ സുസ്ഥിര സംരക്ഷണം ഉറപ്പാക്കുന്ന മാധവ്ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ പല ശുപാര്‍ശകളെയും രാഷ്ട്രീയ പാര്‍ട്ടികളടക്കമുള്ളവര്‍ എതിര്‍ക്കുകയാണ്. കര്‍ഷകരുടെ ഭൂമി നഷ്ടപ്പെടും, തോട്ടം ഉടമകളുടെ സ്ഥലം നഷ്ടമാകും, ഖനനം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുമ്പോള്‍ വന്‍ തോതിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലാകും എന്നൊക്കെയാണ് രാഷ്ട്രീയക്കാരുടെ വാദമുഖങ്ങള്‍. എന്നാല്‍ അനിവാര്യമായ പ്രകൃതി- പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനത്തിലൂടെ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ജൈവവൈവിധ്യമേഖലയെ സംരക്ഷിക്കുന്നതിനുപകരം തോട്ടം- ഖനന മാഫിയകള്‍ക്ക് സഹായകരമാവുന്ന തരത്തില്‍ ഇതിനെ എതിര്‍ക്കുന്നത് ജനതയോടുള്ള വെല്ലുവിളിയായേ കണക്കാക്കാനാവൂ.
ഗ്രാമ പഞ്ചായത്തില്‍ ഒരു വാര്‍ഡിലെ ഗുണഭോക്താവിന് കോഴിയോ ആടോ നല്‍കാന്‍ പോലും കൊടിയുടെ അടിസ്ഥാനത്തില്‍ തരംതിരിവ് നടത്തുന്ന രാഷ്ട്രീയ പാര്‍ട്ടികളുള്ള ഒരു സംവിധാനത്തിലാണ് ഉപാധിയേതുമില്ലാതെ നമ്മുടെ ഭൂമിയേയും പുഴകളേയും തോടുകളെയും വനങ്ങളെയുമൊക്കെ സംരക്ഷിക്കുമെന്ന ദൃഢപ്രതിജ്ഞയുമായി മുസ്‌ലിംലീഗ് രംഗത്തെത്തിയിരിക്കുന്നത്. നേരമ്പോക്കിനുപോലും മറ്റു രാഷ്ട്രീയ കക്ഷികള്‍ അടുത്തകാലത്ത് ഇത്തരമൊരു പ്രഖ്യാപനം നടത്തിയിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. വിദ്യാര്‍ത്ഥി- യുവജന- അദ്ധ്യാപക- തൊഴിലാളി തുടങ്ങി സമൂഹത്തിലെ എല്ലാവിഭാഗം ആളുകളിലും അതാത് സംഘടനകളുമായി ശക്തമായ അടിത്തറയുള്ള മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ എന്തുകൊണ്ടാണ് കേരളത്തിന്റെ പ്രകൃതി നാശത്തിനെതിരെ ഇതുവരെയും മൗനം പാലിച്ചത് എന്നത് ചര്‍ച്ചാ വിഷയമാക്കേണ്ടതാണ്.
മണ്ണിനെയും കര്‍ഷകനെയും സംരക്ഷിക്കുന്ന പാര്‍ട്ടി എന്ന് ചരിത്രാതീതമായി അവകാശപ്പെടുന്ന സി.പി.എം. എന്താണ് വര്‍ഷങ്ങളായി ഇക്കാര്യത്തില്‍ ചെയ്തു പോരുന്നത്? എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ തുടങ്ങിയവയെപ്പോലുള്ള ക്രിയാത്മകമായ യുവജന സംഘടനയുള്ള ആ പാര്‍ട്ടിക്ക് എന്തുകൊണ്ട് ഇത്തരം പ്രവര്‍ത്തനത്തില്‍ താല്‍പര്യം കാണിച്ചൂകൂടാ. സ്വാതന്ത്ര്യ സമരപ്പോരാട്ടത്തിലൂടെയും മറ്റും ഭാരതത്തിന്റെ പൈതൃകം അവകാശമുള്ള പാര്‍ട്ടിയായ കോണ്‍ഗ്രസ് ഈ വിഷയത്തില്‍ മുന്നോട്ട് വരണം. കേരളത്തിന്റെ വികസന കാര്യത്തില്‍ ഒരു രാഷ്ട്രീയ കക്ഷി എന്ന നിലക്കുപോലും ഇടപെട്ട് പരിചയമില്ലാത്ത ബി.ജെ.പിയുടെ കാര്യം ഇവിടെ പരാമര്‍ശിക്കുന്നതുകൊണ്ട് വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ല.
നമ്മുടെ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ സ്ത്രീപീഡനം, ക്രമസമാധാനം, വിലക്കയറ്റം, ആഗോളവല്‍ക്കരണം, സാമ്രാജ്യത്വം തുടങ്ങി, ഒന്നു തുമ്മിയാല്‍ വരെ ജനകീയ പ്രക്ഷോഭങ്ങളും പ്രതിഷേധ മാര്‍ച്ചും ബന്ദും ഹര്‍ത്താലും ഒക്കെയായി തെരുവിലിറങ്ങുന്ന കാഴ്ചക്കാണ് സാധാരണക്കാരന്‍ സാക്ഷിയാകുന്നത്. എന്നാല്‍ വര്‍ഷങ്ങളായി പ്രകൃതി- പരിസ്ഥിതി വിനാശത്തിനെതിരായി ഈ പാര്‍ട്ടികള്‍ ഒരു ചെറുവിരല്‍ പോലും അനക്കുന്നില്ലെന്നതാണ് വസ്തുത. രാഷ്ട്രീയക്കാരുടെ പരമപ്രധാന ലക്ഷ്യമായി വോട്ടു ബാങ്ക് എന്ന കള്ളിയില്‍ പെടുന്നില്ല ഇത്തരം പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനം എന്നതു തന്നെയാണ് ഈ രംഗത്ത് വിയര്‍പ്പൊഴുക്കാന്‍ പ്രമുഖ രാഷ്ട്രീയ കക്ഷികള്‍ തയാറാവാത്തതിന് കാരണം. മറ്റേത് പ്രശ്‌നത്തിലും ഇടപെടുമ്പോള്‍ അവിടെ പരോക്ഷമായെങ്കിലും ഏതെങ്കിലും ഒരു ജനവിഭാഗത്തെ തങ്ങളുടെ താല്‍പര്യത്തിനനുസരിച്ച് വളച്ചൊടിച്ച് വോട്ടാക്കി മാറ്റാം എന്ന രാഷ്ട്രീയ തന്ത്രമാണ് അവര്‍ പയറ്റുന്നത്.
എന്നാല്‍ ഇവിടെയാണ് മുസ്‌ലിംലീഗിന്റെ നിസ്വാര്‍ഥ സമീപനം പ്രസക്തമാവുന്നത്. ഇതേക്കുറിച്ച് സയ്യിദ് ഹൈദരലി തങ്ങളുടെ വെളിപ്പെടുത്തല്‍ നോക്കുക: ''ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ മുസ്‌ലിംലീഗാണ് ഇത്തരം ഒരു കര്‍മ പരിപാടി ഏറ്റെടുത്ത് രംഗത്തെത്തിയത്. രാഷ്ട്രീയമായ ഒരു ലാഭവും ഇതില്‍ നിന്ന് പാര്‍ട്ടി ലക്ഷ്യമാക്കുന്നില്ല. ഭൂമിയെ സ്‌നേഹിക്കുന്ന, മനുഷ്യ സമൂഹത്തെ സ്‌നേഹിക്കുന്ന, ഭൂമിയില്‍ ജീവന്‍ തുടര്‍ന്ന് നില്‍ക്കണം എന്നാഗ്രഹിക്കുന്ന എല്ലാ നല്ല മനുഷ്യരുടെയും കൈകളില്‍ ഈ കാലഘട്ടം ഏല്‍പിക്കുന്ന ദൗത്യം ഞങ്ങള്‍ ഏറ്റെടുക്കുകയാണ്. ഇതിലേക്ക് കക്ഷിരാഷ്ട്രീയ ഭേദമെന്യെ എല്ലാവിഭാഗം ആളുകളുടെയും പിന്തുണ ഞങ്ങള്‍ പ്രതീക്ഷിക്കുകയാണ്.''
പതിറ്റാണ്ടുകളായുള്ള ഗള്‍ഫ് ജീവിതം മലബാര്‍ മേഖലയുടെ സാമ്പത്തിക- സാമൂഹിക മേഖലയില്‍ വന്‍ പുരോഗതിക്ക് കാരണമായിട്ടുണ്ട്. വര്‍ഷംതോറും ആയിരക്കണക്കിന് കോടി രൂപയാണ് ഗള്‍ഫ് പ്രവാസികള്‍ കേരളത്തിലേക്കയക്കുന്നത്. പ്രവാസികള്‍ ഇത്തരത്തില്‍ അയക്കുന്ന ഗള്‍ഫ് പണം നാട്ടിലെ വിവിധ സംരംഭങ്ങള്‍ക്കും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗപ്പെടുത്തുന്നതിലൂടെ മലബാര്‍ മേഖലയിലെ തൊഴില്‍ സാധ്യത വര്‍ധിക്കുന്നുണ്ട്. ഈ മേഖലയിലെ റോഡുകള്‍, പാലങ്ങള്‍, വന്‍കിട പാര്‍പ്പിട, വ്യാപാര സമുച്ചയങ്ങള്‍, മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങളിലൂടെ ആയിരക്കണക്കിനാളുകള്‍ക്കാണ് തൊഴില്‍ ലഭിക്കുന്നത്. അതേസമയം ഇത്തരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ സ്വാഭാവികമായും മണ്ണ്, ജലം, വനം, മണല്‍, പുഴ തുടങ്ങിയ പ്രകൃതി സമ്പത്തുകള്‍ക്ക് കോട്ടം തട്ടില്ലേ എന്ന സംശയം സ്വാഭാവികമാണ്.
എന്നാല്‍ ഇവിടെയാണ് മുസ്‌ലിംലീഗ് പ്രസിഡണ്ട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ദീര്‍ഘവീക്ഷണത്തിലൂന്നിയ ആസൂത്രണം ശ്രദ്ധേയമാകുന്നത്. കോഴിക്കോട്ടെ സെമിനാറില്‍ വികസന പ്രവര്‍ത്തനങ്ങളും പരിസ്ഥിതി സംരക്ഷണവും എന്ന വിഷയത്തെക്കുറിച്ച് തങ്ങള്‍ വ്യക്തമാക്കിയ നയം അതീവ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഹൈദരലി തങ്ങളുടെ വാക്കുകള്‍ നോക്കുക: ''മനുഷ്യന്റെ ഭൗതിക സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് വികസന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടപ്പാക്കുന്ന തിരക്കിലാണ് നാം ഇന്ന്. എന്നാല്‍ അനിയന്ത്രിതമായ വികസനം ഭൂമിയില്‍ സാധ്യമല്ലെന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഏത് തരം വികസനവും പരിസ്ഥിതി സൗഹൃദമാക്കാന്‍ ശക്തമായ നടപടികള്‍ മുസ്‌ലിംലീഗിന്റെ ഭാഗത്തു നിന്നുമുണ്ടാകും''.
ഏതെങ്കിലും വികസന പ്രവര്‍ത്തനം നമ്മുടെ ഭൂമിക്കും പ്രകൃതിക്കും ഭീഷണി ഉയര്‍ത്തുന്നതായാല്‍ ലീഗ് അതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നാണ് ഇതില്‍ നിന്ന് വെളിപ്പെടുന്നത്. എല്ലാതരം പാരിസ്ഥിതിക സന്തുലിതാവസ്ഥയും കീഴ്‌മേല്‍ മറിക്കുന്ന തരത്തിലുള്ള വികസന ബോധമുള്ള ചില രാഷ്ട്രീയ -ഭരണ -ഉദ്യോഗസ്ഥ കൂട്ടുകെട്ട് നിലനില്‍ക്കുന്ന ഒരു വ്യവസ്ഥിതിയില്‍ ഇത്തരം ധീരമായ നീക്കം എന്തുകൊണ്ടും അഭിനന്ദനാര്‍ഹമാണ്. മുസ്‌ലിംലീഗിന്റെ ഔദ്യോഗിക നിറം പച്ചയായത് കേവലം യാദൃച്ഛികമാവാം. എന്നാല്‍ നാം അധിവസിക്കുന്ന ഈ ഭൂമിയെയും പ്രകൃതിയേയും സംരക്ഷിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്ന ഒരു രാഷ്ട്രീയ കക്ഷിയുടെ പരമ്പരാഗതമായ ഔദ്യോഗിക വര്‍ണം പ്രകൃതിയുടെ ഹരിതാഭമായ പച്ച തന്നെയായത് കേവലം കൗതുകത്തിനപ്പുറം ഒരു നിയോഗം തന്നെയായിരിക്കുകയാണെന്ന് പറയാതെ വയ്യ.
ഘടനാപരമായി വിവിധ ശ്രേണികളാല്‍ രൂപവല്‍കരിക്കപ്പെട്ട മുസ്‌ലിംലീഗ് എന്ന രാഷട്രീയ കക്ഷിക്ക് സമൂഹത്തിലെ താഴേത്തട്ടില്‍ വരെ നിര്‍ണായക സ്വാധീനം ചെലുത്തി പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനം ക്രിയാത്മകമായി നിര്‍വഹിക്കാന്‍ സാധിക്കുമെന്നതില്‍ സംശയമില്ല. എം.എസ്.എഫ്, യൂത്ത്‌ലീഗ് തുടങ്ങിയ യുവജന സംഘടനകളുടെ ജനകീയ പ്രവര്‍ത്തന ഫലമായി സമൂഹത്തിലെ അടിസ്ഥാന വിഭാഗത്തിനു പോലും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്താനാകും. ഇതിനു പുറമെ, മത- സാമുദായിക സംഘടനകളുടെ കൂടി സഹകരണം ഉറപ്പാക്കി ഈ രംഗത്ത് ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാം. മദ്രസകള്‍, മറ്റ് മതപഠന - വിജ്ഞാന കേന്ദ്രങ്ങള്‍ എന്നിവയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇതേക്കുറിച്ചുള്ള ബോധവല്‍ക്കരണവും ക്ലാസുകളും നല്‍കുന്നതിലൂടെ അവരില്‍ പ്രകൃതിസംരക്ഷണ അവബോധം വളര്‍ത്താനും ഇത്തരം പ്രവര്‍ത്തനങ്ങളിലേക്ക് കുട്ടികളെ ആകര്‍ഷിക്കാനും സാധിക്കും. ഇതിനുപുറമെ, ആരാധനക്കായി പള്ളികളിലെത്തുന്ന വിശ്വാസികളിലും പരിസ്ഥിതി -പ്രകൃതി സംരക്ഷണ പ്രവര്‍ത്തനത്തിന്റെ അനിവാര്യതയെക്കുറിച്ച് ബോധവല്‍ക്കരണം നടത്താം.
അഹന്തയും അഹങ്കാരവും കൊണ്ട് അന്ധനായി, വീണ്ടുവിചാരമില്ലാതെ പ്രകൃതിക്കുമേല്‍ കടന്നുകയറ്റം നടത്തുന്ന മനുഷ്യന്‍ സ്വന്തം വര്‍ഗത്തിന്റെ തന്നെ അന്തകനായിത്തീരുകയാണ്. അതോടെ ഭൂമി ഒരു ശവപ്പറമ്പായി മാറും. പക്ഷേ, അപ്പോള്‍ അവിടെ ശവങ്ങള്‍ കൊത്തിവലിക്കാന്‍ ഒരു കഴുകന്‍ പോലും ഉണ്ടാവില്ലെന്നതായിരിക്കും യാഥാര്‍ത്ഥ്യം. ദിനംപ്രതി മനുഷ്യന്‍ സംഹാരമൂര്‍ത്തിയാവുകയാണ്. അവന്‍ കാടും നാടും നശിപ്പിക്കുകയാണ്. ചിത്രശലഭങ്ങളും പക്ഷികളും മൃഗങ്ങളുമൊക്കെ അവന്റെ പടയോട്ടത്തില്‍ നശിക്കുന്നു. ഇന്നലെ കണ്ടതൊന്നും ഇന്ന് കാണാനില്ല. നാളത്തെ സ്ഥിതി ഇതിലും ഭീകരവും ദയനീയവുമാകും. ഇത്തരം ആസുരമായ അവസ്ഥയില്‍, ഭൂമിയില്‍ ജീവന്റെ നിലനില്‍പ്പിനാധാരമായ പ്രകൃതിയെയും പരിസ്ഥിതിയെയും കാത്തുരക്ഷിക്കാനുള്ള മുസ്‌ലിംലീഗിന്റെ ആത്മാര്‍ത്ഥ ശ്രമങ്ങളില്‍ നമുക്കും ഉപാധികളില്ലാതെ കണ്ണിചേരാം......................................

[ഇന്ദുകേഷ് തൃപ്പനച്ചി]