2013, മേയ് 2, വ്യാഴാഴ്‌ച

വൈദ്യുത പ്രതിസന്ധി പരിഹരിക്കുവാന്‍ സര്‍ക്കാറും ജനങ്ങളും ചെയ്യേണ്ടത്‌



Vishwabahdrananda shakthibodhiവൈദ്യുതിയാണ് ഇന്നത്തെ കേരളത്തിലെ ഏറ്റവും വലിയ പ്രശ്‌നം. മഹാരാഷ്ട്ര, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പതിവുള്ളതുപോലെ ആറുമണിക്കൂര്‍ വൈദ്യുത ബന്ധ വിച്ഛേദനം  നടപ്പാക്കിയാലല്ലാതെ ഇന്നത്തെ നിലയില്‍ കേരളത്തിന്റെ വൈദ്യുത പ്രതിസന്ധി മറികടക്കാനാവില്ല എന്നത്രേ വൈദ്യുത മന്ത്രി തന്നെ പറയുന്നത്! ഉപഭോഗത്തിനനുസരിച്ച് ഉല്പാദനം വര്‍ധിക്കുന്നില്ല എന്നതാണ് വൈദ്യുത പ്രതിസന്ധിയുടെ മൂലകാരണം. അതിനാല്‍ ഉല്പാദനം വര്‍ധിപ്പിക്കുവാന്‍ എന്തുചെയ്യണം എന്നതിനെ കേന്ദ്രീകരിച്ചാണ് ചര്‍ച്ചകളും നടപടികളും ഉണ്ടാവേണ്ടത്. കേരളത്തില്‍ വേണ്ടത്ര ഊക്കോടെയും ഊന്നലോടെയും നടക്കാത്തതും അത്തരം ചര്‍ച്ചകളാണ്. വല്ല വിധേനയും അഞ്ചു വര്‍ഷം ഭരണത്തിലിരിക്കാനുള്ള ചൊടുക്കു വിദ്യകള്‍ കാണിക്കുക എന്നതിനപ്പുറം ഭാവിയെ കരുപ്പിടിപ്പിക്കുന്നതിനുള്ള ഉള്‍ക്കാഴ്ചയോടെ ക്ഷമാപൂര്‍വം കാര്യങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പാക്കുന്ന രീതി കേരളത്തിലെ രാഷ്ട്രീയക്കാര്‍ക്ക് പൊതുവേ പതിവില്ല. ഇതിനുള്ള തെളിവ് ഗതാഗത മേഖലയില്‍ തന്നെയുണ്ട്. ഇത്രയും ദൈര്‍ഘ്യമേറിയ കടലോരത്തോടുകൂടിയ ഒരു ഭൂപ്രദേശം ലോകത്തുതന്നെ അപൂര്‍വമായിരുന്നിട്ടും കേരളത്തില്‍ കടലോരത്തോടു ബന്ധപ്പെടുത്തി പ്രവര്‍ത്തിക്കുന്ന ഒരു ജലഗതാഗത സര്‍വീസുപോലും ഇനിയും വികസിപ്പിച്ചെടുക്കാന്‍ ഭരണധുരന്ധരന്മാര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇത്തരം പദ്ധതികള്‍ വിഭാവനം ചെയ്യാനും നടപ്പിലാക്കാനുമുള്ള സര്‍ഗാത്മകമായ സാഹസികതയുടേയും ഇച്ഛാശക്തിയുടെയും അഭാവം നമ്മുടെ വൈദ്യുതോല്പാദന മേഖലയിലും ഉണ്ട്. നദീമൂലത്തെ അണക്കെട്ടില്‍ സംഭരിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള ചെറുതും വലുതുമായ പദ്ധതികളുടെ നടത്തിപ്പിനും അറ്റകുറ്റ പണികള്‍ക്കുമായി പണവും സമയവും അളവറ്റ നിലയില്‍ ചെലവിട്ടു വരുന്ന നമ്മുടെ സംസ്ഥാനം, കടല്‍ത്തിരകളുടെ പ്രഹരശക്തിയെ വൈദ്യുതിയാക്കി രൂപാന്തരപ്പെടുത്തുന്നതിനുള്ള ചെറിയൊരു പദ്ധതിപോലും ആവിഷ്‌കരിച്ചു നടപ്പാക്കുവാന്‍ കാര്യക്ഷമമായ യാതൊരു നീക്കവും ഇന്നേവരെ നടത്തിയിട്ടില്ല. നമ്മുടെ ശാസ്ത്രജ്ഞന്മാര്‍ക്കും എന്‍ജിനീയര്‍മാര്‍ക്കും ഇത്തരം പദ്ധതികള്‍ ആസൂത്രണം ചെയ്യാനും വിജയകരമാക്കി തീര്‍ക്കാനും വേണ്ടുന്ന തലച്ചോറില്ലേ?
അഴിവും ഒഴിവും അറ്റ കടല്‍ത്തിര പോലെതന്നെ കേരളത്തില്‍ സുലഭമായി ലഭിക്കുന്ന മറ്റൊരു ഊര്‍ജ സ്രോതസ്സാണ് സൂര്യപ്രകാശം! സൗരോര്‍ജ പാനലുകള്‍ ഉപയോഗിച്ച് കഷ്ടിച്ച് രണ്ടുലക്ഷം രൂപ ചെലവില്‍ സ്വയം രൂപകല്പന ചെയ്ത വൈദ്യുതോല്പാദന സംവിധാനത്തിലൂടെ സ്വന്തം വീട്ടാവശ്യങ്ങള്‍ക്ക് ആവശ്യമായത്രയും വൈദ്യുതി ഉല്‍പാദിപ്പിക്കുവാനും ഫ്രിഡ്ജും എ സിയും വാട്ടര്‍ഹീറ്ററും ഉള്‍പ്പെടെ സകലവും യഥേഷ്ടം പ്രവര്‍ത്തിപ്പിക്കുവാനും രവീന്ദ്ര നായര്‍ എന്ന ഒരു എഞ്ചിനീയര്‍ തിരുവനന്തപുരത്തു വിജയിച്ചു! ഇത്തരം പരീക്ഷണങ്ങളെ മാതൃകയാക്കിയെടുത്ത് കേരളത്തിലെ ഓരോ കെട്ടിട മേലാപ്പിലും സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് ആവശ്യത്തിനു വൈദ്യുതി ഉല്‍പ്പാദിപ്പിക്കുവാന്‍ കേരളത്തിനാകും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളെ മാത്രം സോളാര്‍ സംവിധാനമുപയോഗിച്ചുള്ള വൈദ്യുതോല്‍പാദനത്തിനായി സജ്ജീകരിച്ചാല്‍ മാത്രം വേണ്ടത്ര വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാകും. മുടക്കുമുതല്‍ കൂടുതലാകുമെങ്കിലും വൈദ്യുതിക്ക് മുടക്കമില്ലാത്ത കേരളം ഉണ്ടാകുവാന്‍ സൗരോര്‍ജത്തെയും കടല്‍ത്തിരകളേയും ആശ്രയിച്ചുകൊണ്ടുള്ള വൈദ്യുതോല്പാദനത്തിലേക്ക് നമ്മുടെ ശ്രദ്ധ തിരിഞ്ഞേ പറ്റൂ.
വേണ്ടത്ര വൈദ്യുതിയില്ലാതെ കാര്‍ഷികവും വ്യാവസായികവും വിനോദസഞ്ചാരപരവുമായ വികസനമൊന്നും സാധ്യമാകില്ലെന്നും വികസനവാദികളായ രാഷ്ട്രീയനേതൃത്വങ്ങള്‍ തിരിച്ചറിയണം! ഇതുകൂടാതെ ഒരൊറ്റ നഗരമെന്നു തോന്നാവുന്ന നിലയില്‍ മാറിക്കൊണ്ടിരിക്കുന്ന കേരളം പ്രതിദിനം പുറത്തേക്കു തള്ളുന്ന വിസര്‍ജ്യമായ മാലിന്യക്കൂമ്പാരത്തിലെ ജൈവ മാലിന്യങ്ങളെ സംഭരിച്ച്, ബയോഗ്യാസാക്കി  രൂപാന്തരപ്പെടുത്തി, അതില്‍ നിന്നു വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനുള്ള ചെറുതും വലുതുമായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള പ്രേരണയും സഹായവും നിര്‍ദേശങ്ങളും നഗരസഭകള്‍ക്കും പഞ്ചായത്തുകള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും ഉണ്ടാക്കുന്നതിനു വേണ്ടുന്ന മാര്‍ഗരേഖകളും വിദഗ്ധര്‍ പുറപ്പെടുവിക്കണം! ഇതുവഴി മാലിന്യപ്രശ്‌നത്തേയും വൈദ്യുത പ്രശ്‌നത്തേയും വലിയ അളവില്‍ പരിഹരിക്കാനാവും! ഇങ്ങനെ ചെയ്യാവുന്നതുപോലും ചെയ്യാതേയും ചെയ്യേണ്ടത് എന്തെന്ന് ഗൗരവത്തോടെ ചിന്തിച്ചു നടപടിയെടുക്കാതേയും വൈദ്യുത കമ്മിയെപ്പറ്റി കരഞ്ഞു നിലവിളിച്ചും കാതരഭാഷയില്‍ വൈദ്യുതി ബോര്‍ഡ് നഷ്ടത്തിലാണെന്നും സ്വകാര്യവത്കരണമല്ലാതെ പോംവഴിയില്ലെന്നും വൈദ്യുതകമ്മി നികത്താന്‍ ആണവ വൈദ്യുതിയെ ആശ്രയിക്കാതെ വയ്യെന്നും ഒക്കെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഏതൊരു നടപടിയും ജനജീവിതത്തിനും ജനാധിപത്യത്തിനും പരിസ്ഥിതിക്കും ദ്രോഹം ചെയ്യുന്നതു മാത്രമാണ്.
രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥന്മാര്‍ക്കും കീശ വീര്‍പ്പിക്കുന്നതിനുള്ള കോഴപ്പണം ആണവ വൈദ്യുതി നിലയങ്ങള്‍ നടപ്പാക്കാന്‍ തീരുമാനിച്ചാല്‍ കിട്ടും. പക്ഷേ സൂര്യനില്‍ നിന്നോ കടല്‍ത്തിരകളില്‍ നിന്നോ മാലിന്യങ്ങളില്‍ നിന്നോ  വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ ശ്രമിച്ചാല്‍ ഒരു ചില്ലിക്കാശുപോലും കോഴ കിട്ടില്ല. ഇതു പോലെ വൈദ്യുതമേഖല സ്വകാര്യവത്കരിച്ചാലല്ലാതെ പ്രതിസന്ധി പരിഹരിക്കാനാവില്ലെന്ന സ്ഥിതി വരുത്തിയാലും കേരളത്തിന്റെ  വൈദ്യുതമേഖല ഏറ്റെടുക്കാന്‍ കാത്തുനില്ക്കുന്നവരില്‍നിന്നു കൈക്കോഴ കിട്ടും.ചുരുക്കത്തില്‍ ‘കമ്മീഷന്‍ കിട്ടില്ല’ എന്നതല്ലാതെ മറ്റൊരു മതിയായ കാരണവും ആണവേതര വൈദ്യുതോല്പാദനത്തിലൂടെ വൈദ്യുതമേഖലയെ സ്വയം പര്യാപ്തമാക്കി പൊതുമേഖലയില്‍ നിലനിര്‍ത്തുന്ന നടപടികള്‍ കൈക്കൊള്ളുവാന്‍ തടസ്സമായിട്ടില്ല എന്നതാണു വാസ്തവം! കോഴ കിട്ടുന്നതിനു വഴിയുള്ള കാര്യങ്ങള്‍ മാത്രമേ ചെയ്യൂ എന്ന ‘കീഴ് വഴക്ക’ത്തില്‍നിന്ന് വിമുക്തരായ ഒരു രാഷ്ട്രീയ നേതൃത്വം വിചാരിച്ചാല്‍ പരിഹരിക്കാവുന്ന പ്രതിസന്ധികളേ ഇപ്പോഴും നമ്മുടെ വൈദ്യുത ഉല്പാദന-വിതരണ മേഖലയിലുളളൂ.  ഇതുവരെ സൂചിപ്പിച്ചത് കേരളത്തിലെ വൈദ്യുതി രംഗവുമായി ബന്ധപ്പെട്ട് ഭാവിയില്‍ ഫലം ചെയ്യാവുന്ന കാര്യങ്ങളെ കുറിച്ചാണ്. ഉടനടി ഫലം പുറപ്പെടുവിക്കാവുന്ന ചില കാര്യങ്ങള്‍ കൂടി ചെയ്യേണ്ടതുണ്ട്. അതാകട്ടെ ചെയ്യേണ്ടത് ജനങ്ങളാണ്. മൊബൈലും കംപ്യൂട്ടറും ഉള്‍പ്പെടെയുള്ള സാങ്കേതികോപകരണങ്ങള്‍ കാറിലോ മറ്റോ സഞ്ചരിക്കുമ്പോള്‍ അതില്‍ നിന്നുതന്നെ റീചാര്‍ജ് ചെയ്യുന്നതിനുളള സംവിധാനവും ശ്രദ്ധയും ജനങ്ങള്‍ കൈക്കൊള്ളണം. ഇതുവഴി ‘പലതുള്ളി പെരുവെള്ളം’ എന്ന  ന്യായേന സാരമായ വൈദ്യുതോപഭോഗ കമ്മി ഉണ്ടാക്കാനാവും! ഇതുപോലെ ഇസ്തിരിയിടുന്നതിന് വൈദ്യുതി ഉപയോഗിക്കാതെ ചിരട്ട കത്തിച്ച കനലാല്‍ ചൂടുപിടിപ്പിക്കാവുന്ന നാടന്‍ തേപ്പുപെട്ടികള്‍ ഉപയോഗിക്കാനും ശ്രമിക്കണം. വാര്‍ഡുകള്‍ തോറും ഇത്തരം തേപ്പുപെട്ടികള്‍ ഉപയോഗിച്ച് മിതമായ നിരക്കില്‍ വസ്ത്രങ്ങള്‍ ഇസ്തിരിയിട്ടു കൊടുക്കുന്ന ഒരു ഉന്തുവണ്ടി സംവിധാനം പഞ്ചായത്തുകള്‍ ഉള്‍പ്പെടെയുള്ള പ്രാദേശിക ഭരണകൂടങ്ങള്‍ വഴി നടപ്പാക്കുന്നതും ജനോപകാരപ്രദമായ വൈദ്യുതോപഭോഗ നിയന്ത്രണ നടപടിയാകും. പട്ടികളെ പിടിയ്ക്കാന്‍ പ്രതിവര്‍ഷം ആളുകളെ കൂലികൊടുത്ത് ഏര്‍പ്പെടുത്തുവാന്‍ അധികാരമില്ലാതെ വരില്ലല്ലോ. വേണമെന്നു വെച്ചാല്‍ ചെയ്യാവുന്നതാണ് ഇക്കാര്യം. ഇത്തരം പണികള്‍ ചെയ്യാന്‍ മാന്യനായ മലയാളി തയ്യാറാവില്ലെങ്കിലും എന്തും ചെയ്യാന്‍ തയ്യാറുള്ള അന്യ സംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ സുലഭമാണല്ലോ. ഇസ്തിരിയിടുന്ന തൊഴില്‍ ചെയ്യാന്‍ മലയാളി തയ്യാറാവില്ലെങ്കിലും അന്യ സംസ്ഥാനത്തൊഴിലാളികളെ കരാര്‍ വ്യവസ്ഥയില്‍ ഏര്‍പ്പെടുത്തി ഇസ്തിരിയിടുവിപ്പിക്കുന്ന കോണ്‍ട്രാക്ടറാവാന്‍ മലയാളി തയ്യാറായിരിക്കും. അതിനാല്‍ ആ വഴിക്കും പരിശ്രമിക്കാവുന്നതാണ്. ഇതിനേക്കാളെല്ലാം ഉപരിയായി രാത്രികാലങ്ങളില്‍ ക്രൈസ്തവ–ഹൈന്ദവ ദേവാലയങ്ങള്‍ ശ്രീനാരായണഗുരു പ്രതിഷ്ഠകള്‍ എന്നിവയെ കേന്ദ്രീകരിച്ച്  കത്തിക്കുന്ന അലങ്കാരദീപങ്ങള്‍ വഴിയായുള്ള വൈദ്യുതധൂര്‍ത്ത് നിയന്ത്രിക്കണം.
വീടുവെയ്പ്, വിവാഹം എന്നിവയെപ്രതി നടന്നുവരുന്ന ധൂര്‍ത്തടിക്കെതിരെ ജനങ്ങളെ ഉദ്‌ബോധിപ്പിക്കുന്ന ധാര്‍മിക സ്ഥാപനങ്ങള്‍, അലങ്കാരാര്‍ഥം വിളക്കുകള്‍ കത്തിച്ച് വൈദ്യുതി ധൂര്‍ത്തടിക്കുന്നത് സ്വയം നിയന്ത്രിക്കണം. വൈദ്യുതി ഉപയോഗമൊക്കെ നിലവില്‍ വരുന്നതിനു മുന്നേ തന്നെ നിലവിലുള്ളതാണ് ദൈവഭക്തരും ആരാധനാലയങ്ങളും എന്നതിനാല്‍ അലങ്കാരദീപങ്ങള്‍ ഉപയോഗിക്കാതിരുന്നാല്‍ സാരമായ ഒരു ഗ്ലാനിയും ദൈവഭക്തിക്കോ ആരാധനാലയങ്ങള്‍ക്കോ സംഭവിക്കുകയില്ലെന്നും മതമേലധ്യക്ഷന്മാരും എസ് എന്‍ ഡി പി പോലുള്ള ധാര്‍മിക പ്രസ്ഥാനങ്ങളും തിരിച്ചറിയണം. നാട് വൈദ്യുതദാരിദ്ര്യം അനുഭവിക്കുമ്പോള്‍ വൈദ്യുതി അനാവശ്യമായി പാഴാക്കി അലങ്കാര ദീപങ്ങള്‍ കത്തിക്കേണ്ടതില്ലെന്നു തീരുമാനിക്കുവാനുള്ള ധാര്‍മികമാതൃക മതമേലധ്യക്ഷന്മാരും ശ്രീനാരായണീയ പ്രസ്ഥാനക്കാരുമൊക്കെ കാണിക്കണം. അലങ്കാര ദീപങ്ങള്‍ കത്തിച്ച് വൈദ്യുതി പാഴാക്കുന്ന ഏര്‍പ്പാട് മുസ്‌ലിംകള്‍ക്കിടയില്‍ നന്നേ കമ്മിയാണ്. ഇക്കാര്യം തിരിച്ചറിയാന്‍ രാത്രികാലങ്ങളില്‍ നാഷണല്‍ ഹൈവേയിലൂടെ സഞ്ചരിച്ചാല്‍ മാത്രം മതിയാകും. പവര്‍കട്ടിനെ ഏറ്റവും കൂടുതല്‍ ശപിക്കുന്ന വ്യാപാരികള്‍, അവരില്‍ തന്നെ തുണി, സ്വര്‍ണം, ഫര്‍ണിച്ചറുകള്‍, സാനിറ്ററികള്‍ എന്നിവ കച്ചവടം ചെയ്യുന്നവര്‍ ആണ് വൈദ്യുതി കമ്മി അനുഭവിക്കുന്ന കേരളസംസ്ഥാനത്ത് വൈദ്യുതി പാഴാക്കിക്കളയുന്ന വിധം അലങ്കാര ദീപങ്ങളാല്‍ സ്വന്തം സ്ഥാപനങ്ങള്‍ മൂടി വര്‍ണാഭമാക്കുന്നത്.
ഇതും നിയന്ത്രിക്കാന്‍  അവര്‍ സ്വമേധയാ തയ്യാറാകണം. ഇല്ലെങ്കില്‍ പവര്‍കട്ട് കൂടിക്കൂടി വരും. വൈദ്യുതി ധൂര്‍ത്തടിക്കുന്ന ജനത അവരെ തന്നെയാണ് ഇരുളിലേക്ക് തള്ളിവിടുന്നത്. ഇതു തിരിച്ചറിയാനുള്ള ജനാധിപത്യബോധം ദൈവഭക്തരും വ്യാപാരികളും ശ്രീനാരായണീയരും ഉള്‍പ്പെടുന്ന പ്രബുദ്ധ കേരളത്തില്‍ നിന്ന് ഉണ്ടാവേണ്ടതല്ലേ?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ