2013, മേയ് 18, ശനിയാഴ്‌ച

ഇനിയുള്ള പോരാട്ടങ്ങള്‍ വെള്ളത്തിനുവേണ്ടി

എം.പി. വീരേന്ദ്രകുമാര്‍

പ്രകൃതിയില്ലാതെ മനുഷ്യന് നിലനില്‍പ്പില്ല. അവന്‍ ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും
കഴിക്കുന്ന ആഹാരവും കാണുന്ന വെളിച്ചവും പ്രകൃതിയാണവന് നല്കിക്കൊണ്ടിരിക്കുന്നത്.
ഭൂമിയും ആകാശവും സമുദ്രവും മനുഷ്യനാണ് ആവശ്യം.
അത്യാര്‍ത്തിയോടെ താത്കാലിക നേട്ടങ്ങള്‍ സ്വന്തമാക്കുന്നതിനിടയില്‍ അതവന്‍ മറന്നുപോകുന്നു


കേന്ദ്ര ഗ്രൗണ്ട് വാട്ടര്‍ ബോര്‍ഡ് രാജ്യത്തിലെ ഭൂഗര്‍ഭ ജലസ്രോതസ്സുകള്‍ കണക്കിലെടുത്ത് ഭൂപ്രദേശങ്ങളെ സുരക്ഷിതം, അര്‍ധ ഗുരുതരം, ഗുരുതരം, അമിത ചൂഷിതം എന്നിങ്ങനെ നാലായി വിഭജിച്ചിട്ടുണ്ട്.ബ്ലോക്ക്, മണ്ഡലം, താലൂക്ക് അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍, 839 എണ്ണം അമിത ചൂഷിത വിഭാഗത്തിലും 226 എണ്ണം അര്‍ധ ഗുരുതര വിഭാഗത്തിലും ഉള്‍പ്പെടുന്നതായി ബോര്‍ഡ് കണ്ടെത്തുകയുണ്ടായി.
കേരളത്തില്‍ കൊല്ലങ്കോട്, തൃത്താല, പാലക്കാട് എന്നീ പ്രദേശങ്ങള്‍ ഗുരുതരാവസ്ഥ നേരിടുന്നു; ചിറ്റൂരാകട്ടെ, അമിതചൂഷിതവും.
2004-ല്‍ ലഭ്യമായ വിവരങ്ങളുടെയടിസ്ഥാനത്തില്‍, കാസര്‍കോട് ബ്ലോക്ക് അമിത ചൂഷിതവിഭാഗത്തിലാണുള്‍പ്പെട്ടിരുന്നത്. സുല്‍ത്താന്‍ ബത്തേരി, തലശ്ശേരി, കൂത്തുപറമ്പ് തുടങ്ങിയവ അര്‍ധ ഗുരുതര വിഭാഗത്തിലും.
ഇന്ത്യയില്‍ ഭൂഗര്‍ഭജലം അമിതമായി ചൂഷണം ചെയ്യപ്പെടുന്നതായി ലോകബാങ്ക് നടത്തിയ ഒരു പഠനത്തില്‍ വ്യക്തമായിരുന്നു. ജലസേചനാവശ്യങ്ങളുടെ 60 ശതമാനം ഭൂഗര്‍ഭജലമുപയോഗിച്ചാണ് നടത്തുന്നത്. ഗ്രാമീണ-നഗര ജലവിതരണത്തിന്റെ 60 ശതമാനം ആശ്രയിക്കുന്നതും ഭൂഗര്‍ഭജലത്തെത്തന്നെ. അടുത്ത 15 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഭൂഗര്‍ഭജലത്തിന്റെ 60 ശതമാനവും ഗുരുതരാവസ്ഥയിലാകുമെന്ന് പ്രസ്തുത പഠനം മുന്നറിയിപ്പ് നല്‍കുന്നു.

വെള്ളം സംബന്ധിച്ചുള്ള നമ്മുടെ ദേശീയനയം വളരെ ദുര്‍ബലമാണ്. ജലസ്രോതസ്സുകള്‍ നിലനിര്‍ത്തുകയും സംരക്ഷിക്കുകയും ചെയ്യേണ്ട കാര്യത്തില്‍, കൃഷി, ഗ്രാമീണവികസനം, നഗരവികസനം, ശാസ്ത്ര-സാങ്കേതികം, ശൂന്യാകാശം, ആണവോര്‍ജം, പരിസ്ഥിതി-വനം, ആസൂത്രണ കമ്മീഷന്‍, ഊര്‍ജം, വൈദ്യുതി, കപ്പല്‍ ഗതാഗതം, ജലം തുടങ്ങിയ നിരവധി വകുപ്പുകള്‍ ഉള്‍പ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ പ്രശ്‌നപരിഹാരം അസാധ്യമോ അല്ലെങ്കില്‍ അതീവ സങ്കീര്‍ണമോ ആണ്. കൂടാതെ, ദേശീയ ജലനയത്തില്‍ പഴുതുകളേറെയുണ്ടുതാനും.

ലോകത്തിലെ മൊത്തം ജനസംഖ്യയുടെ 37 ശതമാനം അധിവസിക്കുന്ന ഇന്ത്യയ്ക്കും ചൈനയ്ക്കും ലോകജലലഭ്യതയുടെ 10.8 ശതമാനം കൊണ്ട് അവയുടെ ആവശ്യങ്ങള്‍
നിര്‍വഹിക്കേണ്ടിവരും. 2030 ആകുമ്പോഴേക്ക് ഇന്ത്യയ്ക്കും ചൈനയ്ക്കും അതിരൂക്ഷമായ
ജലക്ഷാമവും ജലമലിനീകരണവും പാഴ്‌വസ്തുക്കള്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളും നേരിടേണ്ടിവരുംആഗോളതലത്തില്‍ ആഫ്രിക്കയല്ല, ഏഷ്യയാണ് ഏറ്റവും ഊഷരവും വരണ്ടതുമായ ഭൂഖണ്ഡം. ആഫ്രി ക്കയില്‍, ഒരു വ്യക്തിയുടെ പ്രതിശീര്‍ഷ ജലോപഭോഗം 6,380 ക്യുബിക് മീറ്ററാണ്. അതിന്റെ പകുതിപോലും ഒരു ഏഷ്യക്കാരന് ലഭ്യമാകുന്നില്ല. ഭക്ഷ്യ-വ്യാവസായിക ഉത്പാദനത്തിനും മുനിസിപ്പാലിറ്റികളുടെ ജലവിതരണത്തിനും ഏറ്റവും കൂടുതല്‍ വെള്ളം ആവശ്യമാകുന്നത് ഏഷ്യാഭൂഖണ്ഡത്തിലാണ്.
'വാട്ടര്‍: ഏഷ്യാസ് ന്യൂ ബാറ്റ്ല്‍ ഗ്രൗണ്ട്' എന്ന തന്റെ രചനയില്‍ പ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ ബ്രഹ്മാ ചെല്ലാനി ഏഷ്യയിലെ ഗുരുതരമായ കുടിവെള്ളപ്രശ്‌നത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ട്. ജലലഭ്യതയിലുള്ള കുറവ് സാമ്പത്തികവളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ, മറ്റു സ്റ്റേറ്റുകളുമായി നദീജലം പങ്കുവെക്കുന്നതിനോടനുബന്ധിച്ച സംഘര്‍ഷങ്ങള്‍, ദീര്‍ഘകാലമായി തുടരുന്ന അതിര്‍ത്തിത്തര്‍ക്കങ്ങള്‍, ദരിദ്രജനവിഭാഗങ്ങള്‍ക്കനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങള്‍ തുടങ്ങിയവയെക്കുറിച്ചൊക്കെ ചെല്ലാനി തന്റെ പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്.

ലോകത്തിലെ മൊത്തം ജനസംഖ്യയുടെ 37 ശതമാനം അധിവസിക്കുന്ന ഇന്ത്യയ്ക്കും ചൈനയ്ക്കും ലോകജലലഭ്യതയുടെ 10.8 ശതമാനം കൊണ്ട് അവയുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കേണ്ടിവരും. 2030 ആകുമ്പോഴേക്ക് ഇന്ത്യയ്ക്കും ചൈനയ്ക്കും അതിരൂക്ഷമായ ജലക്ഷാമവും ജലമലിനീകരണവും പാഴ്‌വസ്തുക്കള്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളും നേരിടേണ്ടിവരും. പാകിസ്താന്‍, ഉസ്‌ബെക്കിസ്താന്‍, ഇറാന്‍, ഇറാഖ്, സിറിയ, ജോര്‍ദാന്‍, സൗദി അറേബ്യ തുടങ്ങിയ അയല്‍ രാജ്യങ്ങളും കടുത്ത ജലപ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. നദീജലം പങ്കുവെക്കല്‍ സംബന്ധിച്ച് അന്തര്‍ദേശീയതലത്തില്‍ ഉന്നയിക്ക പ്പെട്ടുകൊണ്ടിരിക്കുന്ന അവകാശവാദങ്ങള്‍ അത്യന്തം സംഘര്‍ഷാ ത്മകമായ സ്ഥിതിവിശേഷങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.
'പമ്പ് വിപ്ലവ'ത്തിന്റെ പ്രഭവകേന്ദ്രമാണ് ഇന്ത്യ. ചെറുകിട കൃഷിക്കാര്‍ മാത്രം 210 ലക്ഷം പമ്പുകളു പയോഗിച്ച് വന്‍തോതില്‍ ജല മൂറ്റല്‍ നടത്തിവരുന്നുണ്ട്. പ്രതിവര്‍ഷം പത്തുലക്ഷം പമ്പുകള്‍ കൂടി പുതിയതായി ഈ ശൃംഖലയില്‍ അണിചേരുന്നു. ഇന്ത്യയില്‍ കുഴല്‍ക്കിണറുകള്‍ പ്രതിവര്‍ഷം 200 ക്യൂബിക് കിലോമീറ്റര്‍ ഭൂഗര്‍ഭജലം ഭൗമോപരിതലത്തിലേക്ക് പമ്പുചെയ്തുകൊണ്ടിരിക്കുന്നുണ്ട്. ഭൂഗര്‍ഭജലം അമിതമായി ചൂഷണം ചെയ്യുന്നത്, കൊടുംവരള്‍ച്ചയിലേക്കുനയിക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല. പണ്ടുകാലത്ത് 'സര്‍വംസഹ' എന്ന് ഭൂമിക്ക് പര്യായമുണ്ടായിരുന്നു. അത് പഴയ സുകൃതകാലം. മക്കള്‍ നടത്തുന്ന മുലയൂറ്റല്‍ സഹിക്കാനാവാതെ അമ്മയിപ്പോഴനുഭവിക്കുന്നത് മരണവേദനതന്നെ.

ഏഷ്യാഭൂഖണ്ഡം ഏറ്റവും വിസ്തൃതവും ജനസാന്ദ്രതയേറിയതും ദ്രുതഗതിയില്‍ വികിസിച്ചുകൊണ്ടിരിക്കുന്നതുമായ ഭൂവിഭാഗമാണ്. വികസനാവശ്യങ്ങള്‍ക്കായി നടത്തുന്ന വന്‍തോതിലുള്ള ജലചൂഷണം കാരണം ഏഷ്യന്‍ രാജ്യങ്ങളെ 'ജലസംഘര്‍ഷിതങ്ങ'ളെന്നു സ്വീഡിഷ് ഹൈഡ്രോളജിസ്റ്റ് മലിന്‍ ഫാളെന്‍മാര്‍ക്ക് വിശേഷിപ്പിച്ചിട്ടുണ്ട്. പ്രകൃതിവിഭവങ്ങളുടെ മേലുള്ള ആധിപത്യത്തിനായി ഭാവിയില്‍ നടക്കുന്ന യുദ്ധങ്ങള്‍ എണ്ണയ്ക്കുവേണ്ടിയായിരിക്കില്ല, വെള്ളത്തിനുവേണ്ടിയായിരിക്കും.
വെള്ളപ്രശ്‌നത്തെ രൂക്ഷമാക്കുന്ന മറ്റൊരു ഘടകം 'ജലസേചനവ്യാപന'മാണ്. 1960-നും 2000-ത്തിനുമിടയ്ക്ക് ഏഷ്യന്‍ നാടുകളില്‍ ജലസേചനനിരക്കില്‍ ഇരട്ടിയിലേറെ വര്‍ധനയുണ്ടായിട്ടുണ്ട്. ദക്ഷിണേഷ്യ, ചൈന, ദക്ഷിണ പൂര്‍വേഷ്യ എന്നിവിടങ്ങളിലാണ് ലോകത്തിലെ ജലസേചിതകൃഷിഭൂമിയുടെ 50 ശതമാനത്തിലേറെയുള്ളത്. ആഗോളതലത്തില്‍, 74 ശതമാനം ശുദ്ധജലം ഏഷ്യന്‍നാടുകള്‍ ജലസേചനത്തിനായി ഉപയോഗിക്കുന്നുവെന്നത് ആശ ങ്കയുളവാക്കുന്ന സ്ഥിതിവിശേഷമാണ്.
ഏഷ്യയിലെ വന്‍വ്യാവസായികവളര്‍ച്ചയാണ് അപായകരമായ മറ്റൊരു ഘടകം. ജലസേചനത്തേ ക്കാളേറെ വ്യവസായികോത്പാദനപ്രക്രിയയില്‍ കൂടുതല്‍ വെള്ളം ഉപയോഗിക്കപ്പെടുന്നു എന്നതും ഗുരുതരമായ വെല്ലുവിളിയു യര്‍ത്തുന്നു. അതുപോലെത്തന്നെ നഗരവത്കരണവും ജലോപഭോഗവര്‍ധനയ്ക്കുള്ള മറ്റൊരു പ്രധാന കാരണമാണെന്ന് വിദഗ്ധമതം.
ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പാരിസ്ഥിതിക പരിഗണനകളില്ലാതെ, ഏഷ്യന്‍നാടുകളില്‍ പണിതുയര്‍ത്തിയിട്ടുള്ള, ഇപ്പോഴും പണിതുകൊണ്ടിരിക്കുന്ന, അണക്കെട്ടുകളും ജലസംഭരണികളും മറ്റും ഈ ഭൂഖണ്ഡത്തില്‍ ജലസ്രോതസ്സുകള്‍ നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ്.
ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് നിര്‍മാതാക്കളായ ചൈനയിലാണ് ലോകത്തിലെ 50,000 പടുകൂറ്റന്‍ ഡാമുകളില്‍ പകുതിയിലേറെയുമുള്ളത്. ഡാമുകളിലെയും മൂന്ന് വന്‍ റിസര്‍വോയറുകളിലെയും ലക്ഷക്കണക്കിന് ഘനമീറ്റര്‍ ജലം സൃഷ്ടിക്കുന്ന സമ്മര്‍ദത്തിന്റെ ഫലമായി ഭൂമിയുടെ അച്ചുതണ്ട് ഒരിഞ്ചുകണ്ട് ചെരിഞ്ഞിട്ടുണ്ട്. അപായകരമായ ഈ വ്യതിയാനം ചൈനയെ മാത്രമല്ല, ലോകത്തെ മുഴുവന്‍ ബാധിക്കും.
1949-ല്‍ പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈന സ്ഥാപിതമായപ്പോള്‍, സ്വര്‍ഗവും മനുഷ്യരും തമ്മിലുള്ള സൗഹൃദമായിരുന്നു ചൈനയുടെ ആദര്‍ശമായി ഉയര്‍ത്തിക്കാണിക്കപ്പെട്ടത്. ഏറെ താമസിയാതെ അതുപക്ഷേ, മാവോ സേതുങ്ങിന്റെ 'മനുഷ്യന്‍ പ്രകൃതിയെ കീഴടക്കണം' എന്ന പ്രമാണത്തിനു വഴിമാറി. മനുഷ്യന്റെ ഇച്ഛാശക്തികൊണ്ട് ഭൗതികലോകത്തെ നിയന്ത്രിക്കണമെന്ന പ്രഖ്യാപനമാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവ് മാവോ നടത്തിയതെന്ന് പ്രശസ്ത ചിന്തകനും ഗ്രന്ഥകാരനുമായ ജൂഡിത്ത് ഷാപിരൊ വിലയിരുത്തുന്നു.
പ്രകൃതിയില്ലാതെ മനുഷ്യന് നിലനില്‍പ്പുതന്നെയില്ല. അവന്‍ ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും കഴിക്കുന്ന ആഹാരവും കാണുന്ന വെളിച്ചവും പ്രകൃതിയാണവന് നല്‍കിക്കൊണ്ടിരിക്കുന്നത്. ഭൂമിയും ആകാശവും സമുദ്രവും മനുഷ്യനാണ് ആവശ്യം. അത്യാര്‍ത്തിയോടെ താത്കാലിക നേട്ടങ്ങള്‍ സ്വന്തമാക്കുന്നതിനിടയില്‍ അതവന്‍ മറന്നുപോകുന്നു.

കടുത്ത ജലദൗര്‍ലഭ്യം വെള്ളത്തിന്റെ അമിതമായ മൂല്യവര്‍ധനയ്ക്ക് കാരണമായിട്ടുണ്ട്. കുടിവെള്ള വില്പനരംഗത്ത്, സ്വകാര്യമേഖലയുടെ വളര്‍ച്ച ഭീതിജനകമായി വര്‍ധിച്ചു കൊണ്ടിരിക്കുന്നു. ഫ്രഞ്ച് കോര്‍പ്പറേറ്റ് കുത്തകകളായ വിവെന്‍ഡി, സ്യൂയസ് എന്നിവയാണ് ലോകകുടിവെള്ള വിപണിയിലെ 70 ശതമാനം നിയന്ത്രിക്കുന്നത്. '21-ാം നൂറ്റാണ്ടിലെ എണ്ണ' എന്നാണ് ചെല്ലാനി വെള്ളത്തെ വിശേഷിപ്പിക്കുന്നത്. എണ്ണയ്ക്കുപകരം പ്രകൃതിവാതകമോ, കല്‍ക്കരിയോ ഉപയോഗിക്കാനാവും. എന്നാല്‍, വെള്ളത്തിനും പകരം വെള്ളം മാത്രം. ദീര്‍ഘകാലനിക്ഷേപസാധ്യതകള്‍ കണക്കിലെടുക്കുമ്പോള്‍, എണ്ണമേഖലയേക്കാള്‍ വന്‍ലാഭസാധ്യത കുടിവെള്ളവിപണിയിലാണ് എന്ന് ബഹുരാഷ്ട്രകുത്തകകള്‍ മനസ്സിലാ ക്കിയിട്ടുണ്ട്.
'മാതൃഭൂമി ബുക്‌സ്' പ്രസിദ്ധീകരിച്ച 'രോഷത്തിന്റെ വിത്തുകള്‍' (2002), പ്രൊഫ. പി.എ. വാസുദേവനുമായി ചേര്‍ന്നെഴുതിയ 'ലോകവ്യാപാരസംഘടനയും ഊരാക്കുടുക്കുകളും' (2002), 'അധിനിവേശത്തിന്റെ അടിയൊ ഴുക്കുകള്‍' (2004), ഒലീവ് ബുക്‌സ് പ്രസിദ്ധീകരിച്ച 'വേണം നിതാന്ത ജാഗ്രത' (2010) തുടങ്ങിയ എന്റെ രചനകളില്‍ കുടിവെള്ളം സ്വകാര്യവത്കരിക്കുന്നതടക്കമുള്ള പ്രശ്‌നങ്ങ ളെക്കുറിച്ച് വളരെ വിശദമായി ത്തന്നെ ചര്‍ച്ച ചെയ്തിട്ടുണ്ട്.

അഴിമതിനിറഞ്ഞ മാനേജ്‌മെന്റ്, കുറഞ്ഞ നിക്ഷേപം, വറ്റിക്കൊണ്ടിരിക്കുന്ന നദികള്‍ എന്നിവ കാരണം ദേശീയ ജലസേചന സംവിധാനം കുത്തഴിഞ്ഞ അവസ്ഥയിലാണ്. സാധാരണക്കാര്‍ക്ക് ഈ സംവിധാനത്തില്‍നിന്ന് ആശാവഹമായ ഒന്നും തന്നെ പ്രതീക്ഷിക്കാനില്ല. അതു ബോധ്യപ്പെട്ടതുകൊണ്ടാണ് അവര്‍ വ്യാപകമായി കുഴല്‍ക്കിണറുകള്‍ കുഴിച്ച് പ്രശ്‌നങ്ങള്‍ക്ക് അവരുടേതായ സ്വന്തം വഴികള്‍ കണ്ടെത്തുന്നത്. ഭൂഗര്‍ഭജലവിതാനം താഴുന്നതനുസരിച്ച് കൂടുതല്‍ കൂടുതല്‍ ആഴത്തില്‍ കുഴല്‍ക്കിണറുകള്‍ കുഴിക്കേണ്ടിവരുന്നു. എന്നിട്ടും വെള്ളം കിട്ടാതെ വരുമ്പോള്‍, അതിനായി ചെലവഴിച്ച പണം നഷ്ടപ്പെട്ടതിന്റെ ഫലമായി പാപ്പരായിപ്പോയ നിരവധി കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.
ഇക്കണക്കിന് മുന്നോട്ടുപോയാല്‍, കോടാനുകോടി ഇന്ത്യക്കാര്‍ക്ക് അവരുടെ ഭൂമി ഊഷരമായ മരുപ്രദേശമായി മാറുന്നതിന് സാക്ഷ്യം വഹിക്കേണ്ടിവരും.ചില പ്രദേശങ്ങളില്‍ അഞ്ചുപത്ത് വര്‍ഷങ്ങള്‍ക്കകം ഭൂഗര്‍ഭജലം പൂര്‍ണമായും വറ്റിവരണ്ടുപോകും. തമിഴ്‌നാട്ടില്‍ മരുഭൂവത്കരണപ്രക്രിയ ആസന്നമാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ആഗോള ജലപ്രതിസന്ധിയെക്കുറിച്ച് പഠിക്കാന്‍ 2008-ല്‍ രൂപവത്കൃതമായ 'ദ 2030 വാട്ടര്‍ റിസോഴ്‌സസ് ഗ്രൂപ്പ്' എന്ന വിദഗ്ധ സംഘം നടത്തിയ പഠനം, 2030 ആകുമ്പോഴേക്കും ഇന്ത്യയ്ക്ക് ആവശ്യമായ വെള്ളത്തിന്റെ പകുതിപോലും രാജ്യത്തുണ്ടാവില്ല എന്ന കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യയിലെ പ്രമുഖ നദികളായ ഗംഗയും യമുനയും കൃഷ്ണയും ഗോദാവരിയും മറ്റും അനുദിനം വറ്റിവരണ്ടുകൊണ്ടിരിക്കുന്നു. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ, ഗംഗ വറ്റി വരളുമെന്ന് പ്രവചനങ്ങളുണ്ട്. ഹിമാലയന്‍ യാത്രകള്‍ക്കിടെ ഈ മഹാനദി നേരിട്ടുകൊണ്ടിരിക്കുന്ന മഹാവിപത്തുകള്‍ നേരില്‍ക്കണ്ടിട്ടുണ്ട്. അപ്പോള്‍ തോന്നിയ മാനസികവ്യഥ 'ഹൈമവതഭൂവില്‍' എന്ന എന്റെ രചനയില്‍ ഇങ്ങനെ കുറിച്ചിട്ടുണ്ട്:

''ഹ്രസ്വമാണ് നിന്റെ ആയുസ്സെങ്കിലും അമ്മേ, നീയൊഴുകുക... വരാന്‍ പോകുന്ന ദുരന്തത്തെക്കുറിച്ച് നീ അറിയാതിരിക്കുക. മനുഷ്യന്‍ തീര്‍ത്തുകൊണ്ടിരിക്കുന്ന ദുരന്തങ്ങളില്‍ നീ ഒടുങ്ങുന്നതിനു മുമ്പ്, ആര്‍ത്ത് തിമര്‍ത്ത്, ശംഖ-ദുന്ദുഭീ ഘോഷങ്ങള്‍ മുഴക്കി, പാദങ്ങളില്‍ മണിനാദമുതിര്‍ക്കുന്ന പാദസരങ്ങളണിഞ്ഞ്, മാരിവില്‍ വര്‍ണങ്ങള്‍ മാറില്‍ വാരിപ്പൂശി, പ്രിയപ്പെട്ട ഗംഗേ, നീയൊഴുകുക.''ജീവജലം കനിഞ്ഞരുളുന്ന നദി അമ്മയാണ്. ലോകത്ത് എല്ലായിടത്തും സംസ്‌കൃതികളുയര്‍ന്നുവന്നത് നദീതിരങ്ങളിലാണ്. നദികള്‍ മരിക്കുമ്പോള്‍, സംസ്‌കാരങ്ങളും നശിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ