2013, ജൂൺ 10, തിങ്കളാഴ്‌ച

ഭക്ഷ്യസുരക്ഷക്കുവേണ്ടി പരിസ്ഥിതിദിന ചിന്തകള്‍


കെ. കുട്ടി അഹമ്മദ് കുട്ടി

1972-ല്‍ ഐക്യരാഷ്ട്രസഭ ആരംഭിച്ച ലോക പരിസ്ഥിതിദിനം, കാലിക പ്രാധാന്യമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ട് ശ്രദ്ധേയമാകാറുണ്ട്. ഈ വര്‍ഷത്തെ പരിസ്ഥിതി ദിനത്തിന്റെ ആശയം ഭക്ഷണവുമായി ബന്ധപ്പെട്ട് മിതവ്യയ ചിന്തകളുണ്ടാകുകയും സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കംകൂട്ടുകയും ചെയ്യുക (Think, Eat, Save) എന്നതാണ്.

ഭക്ഷണം പാഴാക്കിക്കളയുന്നതിനും നഷ്ടപ്പെടുത്തുന്നതിനും എതിരെയുള്ള പ്രചാരണമാണ് ഉദ്ദേശിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള Food and Agriculture Organization (FAO) പറയുന്നത് ഓരോ വര്‍ഷവും 1.3 ബില്യണ്‍ ടണ്‍ ഭക്ഷണം പാഴാക്കിക്കളയുന്നു എന്നാണ്. ഇത് സബ്‌സഹാറന്‍ ആഫ്രിക്കയില്‍ മൊത്തം ഉല്‍പാദിപ്പിക്കുന്ന ഭക്ഷ്യവിഭവങ്ങളുടെ അളവിന് തുല്യമാണ്.

അതേസമയം, ലോകത്ത് ഏഴിലൊരാള്‍ ഉറങ്ങാന്‍ പോകുന്നത് വിശക്കുന്ന വയറുമായാണ്. പാഴാക്കിക്കളയുന്ന ഭക്ഷണമുണ്ടെങ്കില്‍ നല്ലൊരളവോളം പട്ടിണി മാറ്റാന്‍ കഴിയുമെന്ന് ഓര്‍ക്കേണ്ടതുണ്ട്. ദുര്‍വ്യയം ഒഴിവാക്കാന്‍ ഭക്ഷ്യസുരക്ഷയെക്കുറിച്ച് ആശങ്കയുയര്‍ന്ന ഇക്കാലത്തെങ്കിലും തയാറായേ പറ്റൂ എന്നാണ് ലോക പരിസ്ഥിതി ദിന സന്ദേശം നല്‍കുന്ന മുന്നറിയിപ്പ്.

വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ''പടര്‍ത്തപ്പെട്ടതും അല്ലാത്തതുമായ എല്ലാ തോട്ടങ്ങളും ഈത്തപ്പനകളും പലതരം കനികളും കൃഷികളും പരസ്പരം തുല്യത തോന്നുന്നതും എന്നാല്‍ സാദൃശ്യമില്ലാത്തതുമായ ഒലീവും ഉറുമാമ്പഴവും എല്ലാം സൃഷ്ടിച്ചുണ്ടാക്കിയത് അവനാകുന്നു. കായ്ക്കുമ്പോള്‍ അതിന്റെ ഫലങ്ങള്‍ നിങ്ങള്‍ ഭക്ഷിച്ചുകൊള്ളുക. അതിന്റെ വിളവെടുപ്പ് ദിവസം അതിലുള്ള ബാധ്യത നിങ്ങള്‍ കൊടുത്തു തീര്‍ക്കുകയും ചെയ്യുക. നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്. ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല.'' (6/141). ഭക്ഷ്യവിഭവങ്ങള്‍ പാഴാക്കിക്കളയരുത് എന്ന് വ്യക്തമായി താക്കീതു നല്‍കുകയാണ് ഖുര്‍ആന്‍.

മഹാത്മജിയുടെ പ്രസക്തമായ ഒരു വചനമുണ്ട്. ഭൂമിയില്‍ നിങ്ങളുടെ ആവശ്യത്തിനുള്ളതെല്ലാമുണ്ട്. എന്നാല്‍ നിങ്ങളുടെ ആര്‍ത്തിക്കുള്ളതില്ല. ആര്‍ത്തി തീര്‍ക്കാനുള്ള അമിത ചൂഷണം ഒഴിവാക്കി ആവശ്യത്തിനു മാത്രം പ്രകൃതിയിലെ ഏതു വിഭവവും ഉപയോഗിക്കാനുള്ള ശീലം വളര്‍ത്തിയെടുത്തേ പറ്റൂ.

നാട്ടിന്‍പുറങ്ങളില്‍ പോലും ഭക്ഷണ ദുര്‍വ്യയം ചെയ്യുന്ന പ്രവണത വളരെകൂടിവരികയാണ്. വിവാഹങ്ങള്‍, സല്‍ക്കാരങ്ങള്‍, ആഡംബര പാര്‍ട്ടികള്‍ എന്നിവയിലൊക്കെ എത്ര ഭക്ഷണമാണ് പാഴാക്കിക്കളയുന്നത്. തീന്‍മേശക്ക് മുകളില്‍ നിരത്തിയിരിക്കുന്ന നാനാതരം വിഭവങ്ങളില്‍ വളരെ ചെറിയ ഒരംശം മാത്രമേ ഭക്ഷിക്കുന്നുള്ളൂ. ബാക്കിവരുന്ന ഭക്ഷ്യാവശിഷ്ടങ്ങള്‍ മാലിന്യം വര്‍ദ്ധിപ്പിക്കുന്നതിനും കാരണമായിത്തീരുന്നു. ഇങ്ങനെ ഭക്ഷണം യഥേഷ്ടം പാഴാക്കിക്കളയുമ്പോള്‍ എത്രപേര്‍ ഭക്ഷണം കിട്ടാതെ പട്ടിണിയില്‍ കഴിയുന്നു എന്നാരും ഓര്‍ക്കാറില്ല. അയല്‍വാസി പട്ടിണികിടക്കുമ്പോള്‍ വയറ് നിറച്ച് ഉണ്ണുന്നവന്‍ എന്നില്‍പ്പെട്ടവനല്ല എന്ന നബിവചനം ഓര്‍ക്കുക.

ഏഴ് ബില്യണ്‍ ജനങ്ങളെ പുലര്‍ത്താനാവശ്യമായ വിഭവങ്ങളുണ്ടാക്കാന്‍ ഭൂമി പാടുപെടുമ്പോള്‍ എഅഛയുടെ കണക്കനുസരിച്ച് ആഗോള ഭക്ഷ്യഉല്‍പാദനത്തിന്റെ മൂന്നില്‍ ഒന്ന് പാഴാവുകയോ നഷ്ടപ്പെടുകയോ ചെയ്യുന്നു. ഭക്ഷണം പാഴായിപോകുന്നത്, പ്രകൃതി വിഭവങ്ങളുടെ ശോഷണത്തിനും കാരണമാകുന്നു. ഇത് പരിസ്ഥിതിക്ക് ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു.

ഈ വര്‍ഷത്തെ പ്രചാരണം ഭക്ഷണം പാഴായിപ്പോകുന്നത് കുറക്കാനും ഭക്ഷ്യോല്‍പാദനം പരിസ്ഥിതിക്കുമേലുണ്ടാക്കുന്ന ദോഷകരമായ സ്വാധീനം കുറക്കാനും കൂടിയുള്ളതാണ്. അതോടൊപ്പം ഭക്ഷ്യോല്‍പാദന പ്രക്രിയ കാര്യക്ഷമമാക്കാനും കൂടിയാണ്. ഭക്ഷണം പാഴാക്കിക്കളയുമ്പോള്‍ ഭക്ഷ്യോല്‍പാദനത്തിനായി ഉപയോഗിക്കപ്പെട്ട എല്ലാ ഘടകങ്ങളും വസ്തുക്കളും നഷ്ടപ്പെടുകയാണ്. ഇതൊക്കെ സമൂഹത്തിന്റെ മുഴുവന്‍ മനസ്സിലും ആഴത്തില്‍ വരുന്ന വിധത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.

അമിത ഭക്ഷണത്തെക്കുറിച്ച് കൂടി ചിന്തിക്കുന്നത് ഈ സമയത്ത് ആവശ്യമാണ്. ഇത് കേരളത്തെ സംബന്ധിച്ചിടത്തോളം പ്രസക്തവുമാണ്. വാരിവലിച്ച് തിന്നുന്ന ശീലം ഉണ്ടാക്കിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഭീതിദമായ വിധം വര്‍ധിച്ചിരിക്കുന്നു. കേരളത്തിലെ ആരോഗ്യ മേഖലയുടെ നേട്ടങ്ങള്‍ ഒരു കാലത്ത് വികസിത പാശ്ചാത്യ രാജ്യങ്ങളെ കവച്ചുവെച്ചിരുന്നു. ഇന്ന് നിഷേധാത്മകമായ പ്രവണതകളാണ് ആരോഗ്യരംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

പണ്ട് പോഷകാഹാരക്കുറവ് മൂലവും പട്ടിണിമൂലവുമുള്ള രോഗങ്ങളായിരുന്നു ഏറെ അലട്ടിയിരുന്നത്. ഇന്ന് ഇവയെകൂടാതെ അമിത ഭക്ഷണം കൊണ്ടുണ്ടാകുന്ന രോഗങ്ങളും വര്‍ധിച്ചിരിക്കുകയാണ്.
കേരളീയ സമൂഹം നിര്‍മ്മാര്‍ജ്ജനം ചെയ്ത പകര്‍ച്ചവ്യാധികള്‍ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരുന്നതോടൊപ്പം ജീവിതശൈലീ രോഗങ്ങളും വര്‍ധിച്ചുവരികയാണ്. പരിസര മലിനീകരണം ഒഴിവാക്കുന്നതോടൊപ്പം ഭക്ഷണ രീതിയിലും മാറ്റങ്ങള്‍ വരുത്താന്‍ നമ്മള്‍ നിര്‍ബന്ധം കാണിക്കേണ്ടതുണ്ട്. ഈ വര്‍ഷത്തെ പരിസ്ഥിതി സന്ദേശവുമായി ബന്ധപ്പെട്ട് ചില പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യേണ്ടതുണ്ട്.

1. പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത ഭക്ഷണ പദാര്‍ത്ഥങ്ങളുടെ പ്രചാരണം.
2. വീട്ടിലെ അടുക്കളയില്‍നിന്നുതന്നെ ഭക്ഷണത്തിന് മിതത്വം പാലിക്കാനുള്ള ശീലം. ആവശ്യത്തിനുള്ള ഭക്ഷണം മാത്രമേ പാകം ചെയ്യാന്‍ പാടുള്ളൂ എന്ന ബോധം ഉണ്ടാക്കിയെടുക്കണം.
3. ഒരു കാരണവശാലും ഭക്ഷ്യമാലിന്യമുണ്ടാക്കാന്‍ അനുവദിക്കരുത്.
4. നല്ല ഭക്ഷണ രീതി, പ്രകൃതിക്കനുയോജ്യമായ പാചകം എന്നിങ്ങനെ ഭക്ഷണവുമായി ബന്ധപ്പെട്ടുള്ള പരിസ്ഥിതി സംരക്ഷണ രീതി പ്രചരിപ്പിക്കുക.
5. മിതവ്യയ ശീലങ്ങള്‍ പുതുതലമുറയില്‍ വളര്‍ത്തിയെടുക്കുക.
6. അമിത ഭക്ഷണം മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍, ജീവിത ശൈലീ രോഗങ്ങള്‍ എന്നിവയെക്കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കുകയും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി ജനങ്ങളില്‍ ആരോഗ്യകരമായ ഭക്ഷണ രീതികളും ജീവിത ശൈലികളും ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്യുക.

ഓരോ വര്‍ഷവും പരിസ്ഥിതിദിനം നമുക്കു നല്‍കുന്ന സന്ദേശങ്ങള്‍ ഭൂമിയും ജീവജാലങ്ങളും നിലനില്‍ക്കുന്നതിനാവശ്യമായ വിധത്തില്‍ പരിസ്ഥിതിയെ സംരക്ഷിക്കാന്‍ മനുഷ്യരാശിക്കു പ്രചോദനം നല്‍കാനാണ്. പരിസ്ഥിതി നാശം ഭൂമിയുടേയും ജീവജാലങ്ങളുടേയും നിലനില്‍പിനു തന്നെ ഭീഷണിയായി വന്നപ്പോഴാണ് ലോകരാഷ്ട്രങ്ങള്‍ ഈ രംഗത്തേക്ക് ഇറങ്ങിത്തിരിച്ചത്.

ഐക്യരാഷ്ട്രസഭയുടെ ഏജന്‍സികളും ലോകരാജ്യങ്ങളും പ്രചാരണപ്രവര്‍ത്തനങ്ങളും നിയമനിര്‍മ്മാണവുമൊക്കെ നടത്തിയിട്ടും പരിസ്ഥിതി സംരക്ഷണ രംഗത്ത് ഏറെ മുന്നേറാന്‍ നമുക്ക് കഴിഞ്ഞില്ല. അതുകൊണ്ട് പരിസ്ഥിതിദിന സന്ദേശങ്ങളും ആശയങ്ങളും മനസ്സിന്റെ ആഴങ്ങളില്‍ ഉള്‍കൊണ്ട് പ്രവര്‍ത്തന രംഗത്തിറങ്ങാന്‍ ഓരോ മനുഷ്യനും തയാറാകേണ്ടതുണ്ട്.

2013, മേയ് 18, ശനിയാഴ്‌ച

കുടിവെള്ളം: വേണ്ടത് നിതാന്ത ജാഗ്രത

എം.പി. വീരേന്ദ്രകുമാര്‍
കോടാനുകോടി ഡോളര്‍ വിറ്റുവരവുള്ള 'ബിസിനസ്സാ'ണ് കുത്തകകള്‍ക്ക് കുടിവെള്ളം. നമ്മുടെ നാട്ടിലും കുടിവെള്ളസ്വകാര്യവത്കരണത്തിനുള്ള ഏത് ശ്രമത്തിനെതിരെയും അതിനിശിതമായ പ്രതിരോധമുയരണം. നദികള്‍, കുളങ്ങള്‍, കിണറുകള്‍ തുടങ്ങിയവ സ്വകാര്യവത്കരിച്ചുകഴിഞ്ഞാല്‍ അടുത്ത നീക്കം മഴവെള്ളം സ്വകാര്യവത്കരിക്കാനായിരിക്കും. അതോടെ നമ്മുടെ 
ഓരോ ഗ്രാമവും ഓരോ കൊച്ചബാംബയായിത്തീരും

ലോകം ദ്രുതഗതിയില്‍ ജലപാപ്പരത്തത്തിലേക്ക് നിപതിച്ചുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാല സാഹചര്യങ്ങള്‍, കുടിവെള്ളത്തിന്റെ രാഷ്ട്രീയത്തെ നിരങ്കുശമായ ഭ്രാതൃഹത്യയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നു. ആഗോളകുത്തകകളാകട്ടെ, ജലദൗര്‍ലഭ്യം മുതലെടുത്തുകൊണ്ട്, കുടിവെള്ളക്കച്ചവടത്തില്‍ വന്‍നിക്ഷേപങ്ങള്‍ നടത്തുകയുമാണ്. പ്രശസ്ത ഇന്‍ഡൊനീഷ്യന്‍ എഴുത്തുകാരന്‍ പ്രമോദ്യ അനന്തതൂര്‍ നവസാനമ്രാജ്യത്വത്തിന്റെ അവതാരമായ, മനസ്സാക്ഷിയില്ലാത്ത മൂലധനത്തെക്കുറിച്ച് 'ചൈല്‍ഡ് ഓഫ് ഓള്‍ നേഷന്‍സ്' (1980) എന്ന കൃതിയില്‍ ഇപ്രകാരം പറയുന്നു:
''മൂലധനമെന്ന് ആളുകള്‍ വിശേഷിപ്പിക്കുന്നത് വെറും പണത്തെമാത്രമല്ല. എന്തും ഏതും ലാഭസ്രോതസ്സാക്കിമാറ്റാനുള്ള ഭീകരശ്രമങ്ങളാണ് മൂലധനനിക്ഷേപം എന്ന പദം ഉള്‍ക്കൊള്ളുന്നത്. ഓരോ കവിള്‍ കുടിവെള്ളവും ആഗോളകുത്തകകളുടെ ലാഭം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നു. ഭാവിയില്‍, നാം ശ്വസിക്കുന്ന ജീവവായുവിനും വന്‍വില നല്‍കേണ്ടതായി വന്നേക്കും''. കുടിവെള്ള സ്വകാര്യവത്കരണത്തില്‍ അന്തര്‍ഭവിച്ച വിപത്തുകളിലേക്കാണദ്ദേഹം വിരല്‍ചൂണ്ടുന്നത്.
ബൊളീവിയയിലെ കൊച്ചബാംബയിലും (1999) ഘാനയിലെ ആക്രയിലും (2001) കുടിവെള്ള സ്വകാര്യവത്കരണത്തിനെതിരെ ജനകീയ മുന്നേറ്റങ്ങളുണ്ടായി. കൊച്ചബാംബ, ആക്ര പ്രഖ്യാപനങ്ങള്‍ സ്വകാര്യ കുത്തകകള്‍ക്കെതിരെ അണപൊട്ടിയ ജനരോഷത്തിന്റെ മാറ്റൊലികളായിരുന്നു.
പാലക്കാട് ജില്ലയിലെ പ്ലാച്ചിമടയില്‍ കൊക്കകോളയുടെയും പുതുശ്ശേരിയില്‍ പെപ്‌സിയുടെയും ജലചൂഷണത്തിനെതിരെ കേരളത്തിലും ജനകീയ പ്രക്ഷോഭങ്ങളുണ്ടായി. അതിന്റെ ഭാഗമായി 2004 ജനവരി 21-ാം തീയതി പ്ലാച്ചിമടയില്‍ ആരംഭിച്ച് 23-ാം തീയതി പുതുശ്ശേരിയില്‍ സമാപിച്ച ഒരു ലോകജലസമ്മേളനം നടന്നു. 'ബ്ലൂ ഗോള്‍ഡ്' എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ഡോ. മോഡ് ബാര്‍ലൊ (കാനഡ), വാര്‍ഡ് മോര്‍ ഹൗസ് (അമേരിക്ക), ഇന്‍ഷ്വര്‍ ഷോര്‍ലിങ് (സ്വീഡന്‍), ഹെയ്തി ഫൗതാല (ഫിന്‍ലന്‍ഡ്) തുടങ്ങിയ മുപ്പതോളം വിദേശ പരിസ്ഥിതി-മനുഷ്യാവകാശ പ്രവര്‍ത്തകരും ഡോ. സുകുമാര്‍ അഴീക്കോട്, ഡോ. രാജേന്ദ്രസിങ്, ഡോ. അല്‍ഫാത്തൂ ണ്‍, ഡോ. വന്ദനശിവ, വി.എസ്. അച്യുതാനന്ദന്‍, എം.ടി.വാസുദേവന്‍ നായര്‍, മുന്‍ മാതൃഭൂമി പത്രാധിപര്‍ കെ. ഗോപാലകൃഷ്ണന്‍ തുടങ്ങി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള സാംസ്‌കാരിക -പരിസ്ഥിതി പ്രവര്‍ത്തകരും വിവിധ സംഘടനാനേതാക്കളും സമ്മേളനത്തില്‍ സംബന്ധിച്ചിരുന്നു.

2002 ഏപ്രില്‍ 22-ാം തീയതി മുതല്‍ പ്ലാച്ചിമടയിലെ ആദിവാസികള്‍, മയിലമ്മയുടെയും കെ.കൃഷ്ണന്റെയും മറ്റും നേതൃത്വത്തില്‍, കോളക്കമ്പനി നടത്തുന്ന ജലചൂഷണത്തിനെതിരെ ആരംഭിച്ച ഐതിഹാസികസമരത്തിന് പിന്തുണ നല്‍കുന്ന പ്ലാച്ചിമട പ്രഖ്യാപനം അതിജീവനത്തിന്റെ മാഗ്‌നകാര്‍ട്ട തന്നെയായിരുന്നു. ''ജലം ജീവന്റെ ആധാരമാണ്; അത് പ്രകൃതിയുടെ വരദാനമാണ്, അത് ഈ ലോകത്തിലെ സമസ്ത ജീവജാലങ്ങളുടേതുമാണ്'' എന്ന് തുടങ്ങുന്ന, ഡോ. മോഡ് ബാര്‍ലൊവും യശശ്ശരീരനായ ഡോ. സുകുമാര്‍ അഴീക്കോടും ചേര്‍ന്ന് വായിച്ച, ഈ പ്രഖ്യാപനം ആഗോളതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു. പ്ലാച്ചിമടയിലെ സമരനായിക മയിലമ്മ ഇന്ന് നമ്മോടൊപ്പമില്ല. അവിടത്തെ കൊക്കകോള ഫാക്ടറി ഇന്ന് അടഞ്ഞുകിടക്കുകയുമാണ്.

ഒരു വര്‍ഷം കേരളത്തിനാവശ്യമായ കുടിവെള്ളം 88.3 കോടി ഘനമീറ്റര്‍ ആണെന്ന് കണക്കുകള്‍
പറയുന്നു. അതായത്, സംസ്ഥാനത്ത് ലഭിക്കുന്ന മഴയുടെ 0.75 ശതമാനം മാത്രം. മേല്‍ക്കൂരയിലും
മുറ്റത്തും വന്നുവീണ് നഷ്ടപ്പെടുന്ന മഴവെള്ളം സംഭരിച്ചുപയോഗിക്കാന്‍ ഇപ്പോഴും ഫലപ്രദമായ
നടപടികള്‍ നാം സ്വീകരിച്ചിട്ടില്ലഐ.എം.എഫ്., ലോകബാങ്ക്, എ.ഡി.ബി. തുടങ്ങിയ അന്തര്‍ദേശീയ ഏജന്‍സികളുടെ അനുഗ്രഹാശിസ്സുകളോടെയാണ് ബഹുരാഷ്ട്ര കുത്തകകള്‍ കുടിവെള്ളമടക്കമുള്ള പ്രകൃതിവിഭവങ്ങള്‍ സ്വകാര്യവത്കരിച്ചുകൊണ്ടിരിക്കുന്നത്. കോടാനുകോടി ഡോളര്‍ വിറ്റുവരവുള്ള 'ബിസിനസ്സാ'ണ് അവര്‍ക്ക് കുടിവെള്ളം. നമ്മുടെ നാട്ടിലും കുടിവെള്ളസ്വകാര്യവത്കരണത്തിനുള്ള ഏതു ശ്രമത്തിനെതിരെയും അതിനിശിതമായ പ്രതിരോധമുയരണം. നദികള്‍, കുളങ്ങള്‍, കിണറുകള്‍ തുടങ്ങിയവ സ്വകാര്യവത്കരിച്ചുകഴിഞ്ഞാല്‍ അടുത്ത നീക്കം മഴവെള്ളം സ്വകാര്യവത്കരിക്കാനായിരിക്കും. അതോടെ നമ്മുടെ ഓരോ ഗ്രാമവും ഓരോ കൊച്ചബാംബയായിത്തീരും.
38,855 ചതുരശ്ര കിലോമീറ്ററാണ് കേരളത്തിന്റെ വിസ്തൃതി. ഇവിടെ ലഭിക്കുന്ന ശരാശരി മഴയാകട്ടെ, 3,000 മില്ലിമീറ്ററും. അങ്ങനെയാകുമ്പോള്‍ കേരളത്തില്‍ വാര്‍ഷികവര്‍ഷപാതത്തിലൂടെ 11,650 കോടി ഘനമീറ്റര്‍ മഴവെള്ളം ലഭിക്കുന്നതായി വേണം കരുതാന്‍. ഇതിന്റെ 35 ശതമാനവും, അതായത് 400 കോടി ഘനമീറ്റര്‍ ജലം കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കാരണം നദികളിലൂടെ ഒഴുകി 48 മണിക്കൂറിനകം അറബിക്കടലില്‍ വിലയം പ്രാപിക്കുന്നു. ഇതിന്റെ അന്‍പതിലൊരു ഭാഗമെങ്കിലും സംഭരിക്കുവാന്‍ നമുക്ക് കഴിഞ്ഞാല്‍ കേരളത്തില്‍ കുടിവെള്ളക്ഷാമം വലിയൊരളവുവരെ നിയന്ത്രിക്കാനാകുമായിരുന്നു.

ഒരു വര്‍ഷം കേരളത്തിനാവശ്യമായ കുടിവെള്ളം 88.3 കോടി ഘനമീറ്റര്‍ ആണെന്ന് കണക്കുകള്‍ പറയുന്നു. അതായത്, സംസ്ഥാനത്ത് ലഭിക്കുന്ന മഴയുടെ 0.75 ശതമാനം മാത്രം. മേല്‍ക്കൂരയിലും മുറ്റത്തും വന്നുവീണ് നഷ്ടപ്പെടുന്ന മഴവെള്ളം സംഭരിച്ചുപയോഗിക്കാന്‍ ഇപ്പോഴും ഫലപ്രദമായ നടപടികള്‍ നാം സ്വീകരിച്ചിട്ടില്ല; തത്സംബന്ധമായി നിയമങ്ങളുണ്ടെങ്കിലും. താത്കാലിക ആശ്വാസനടപടികളല്ല, ദീര്‍ഘവും സുസ്ഥിരവും ശാസ്ത്രീയവുമായ ആസൂത്രണങ്ങളും പദ്ധതികളുമാണ് ഇന്നത്തെ സാഹചര്യങ്ങളില്‍ അനിവാര്യം. ഇതിന് ഭൂഗര്‍ഭജല സംരക്ഷണവും മഴവെള്ളസംഭരണവും ഉപരിതല ജലനിയന്ത്രണവുമെല്ലാം ഉള്‍പ്പെടുന്ന ഒരു സമഗ്ര ജലഉപഭോഗ മാനേജ്‌മെന്റിന് അടിയന്തരമായി രൂപംനല്‍കേണ്ടതുണ്ട്.
നദികള്‍, അരുവികള്‍, നീര്‍ച്ചാലുകള്‍ എന്നിവയില്‍ തടയണകളും അടിയണകളും നിര്‍മിച്ചും കുളങ്ങള്‍, കായലുകള്‍, ചതുപ്പുനിലങ്ങള്‍, വയലുകള്‍ തുടങ്ങിയ ജലസംഭരണകേന്ദ്രങ്ങള്‍ സംരക്ഷിച്ചും മഴക്കുഴികള്‍, ബണ്ടുകള്‍ തുടങ്ങിയവ നിര്‍മിച്ചും വനവത്കരണം, സസ്യാവരണം തുടങ്ങിയവ വ്യാപകമാക്കിയും ലഭ്യമാകുന്ന ജലം സംരക്ഷിക്കുകയാണ് ജലസംരക്ഷണംകൊണ്ടുദ്ദേശിക്കുന്നത്. ജലസ്രോതസ്സുകള്‍ പലതുമുണ്ടെങ്കിലും അവയില്‍ വെള്ളം നിലനിര്‍ത്താനുള്ള ഫലപ്രദമായ നടപടികളൊന്നുമുണ്ടാകുന്നില്ല.
ഈ സാഹചര്യത്തില്‍ ജലക്ഷാമത്തെ നേരിടുവാന്‍ 'മഴവെള്ളക്കൊയ്ത്ത് ' അനിവാര്യമായിരിക്കുന്നു. ജലം ശേഖരിക്കുവാനും ശുദ്ധീകരിക്കുവാനും വേണ്ടി വീടിന്റെ മട്ടുപ്പാവില്‍ വീഴുന്ന മഴവെള്ളം സംഭരിച്ച് സംസ്‌കരിക്കുന്നതാണ് പ്രധാനമായും മഴക്കൊയ്ത്തുകൊണ്ടുദ്ദേശിക്കുന്നത്. പുരപ്പുറത്ത് വീഴുന്ന മഴവെള്ളം പാത്തികളിലൂടെ പി.വി.സി. പൈപ്പുവഴി ഫില്‍ട്ടര്‍ ബക്കറ്റിലെത്തുന്നു. 30 സെ.മീ. ഘനത്തില്‍ പാറക്കല്ലുകള്‍, ചകിരി, ആറ്റുമണല്‍, ചെറിയ കരിങ്കല്‍ചീളുകള്‍, ചിരട്ടക്കരി എന്നിവ ക്രമത്തില്‍ അടുക്കിയ പ്രക്രിയയിലൂടെ ബക്കറ്റിന്റെ ചുവട്ടിലെ സുഷിരങ്ങള്‍വഴി വെള്ളം സംഭരണികളിലെത്തിച്ചേരുന്നു. തുടര്‍ന്ന് കിണറുകളിലേക്കുള്ള ഉറവകളായിത്തീരുന്നു. നൂറ് ചതുരശ്ര മീറ്റര്‍ മേല്‍ക്കൂരയില്‍നിന്ന് ലഭിക്കുന്ന മഴവെള്ളം ഒരു ശരാശരി കുടുംബത്തിന്റെ മൂന്നുമാസത്തെ ആവശ്യങ്ങള്‍ക്ക് പര്യാപ്തമാണെന്ന് അനുഭവങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. മഴവെള്ള സംഭരണവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ പല പദ്ധതികളും ആവിഷ്‌കരിച്ചിരുന്നുവെങ്കിലും അവ നടപ്പാക്കാന്‍ നമുക്കിതുവരെ കഴിഞ്ഞിട്ടില്ല.

മേല്‍ക്കൂരജലം വീട്ടാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നില്ലെങ്കില്‍ അത് മണ്ണിലേക്ക് തന്നെ ഒഴുക്കിവിടാന്‍ സാഹചര്യം സൃഷ്ടിക്കേണ്ടതാണ്. റോഡിലെ ഓടകളിലൂടെ ഒഴുകി നഷ്ടപ്പെടുന്ന വെള്ളം ഭൂമിക്കടിയിലേക്ക് ഒഴുക്കിയാല്‍ മഴക്കാലത്ത് നഗരങ്ങളില്‍ മലിനജലമുയരുന്നതിന് തടയിടാനാവും. ഇതിലൂടെ ഭൂഗര്‍ഭജലവിതാനം ഉയര്‍ത്താനും കഴിയും.
വീട്ടില്‍ന്നിന്നുതന്നെ തുടങ്ങണം ജലസംരക്ഷണപരിപാടികള്‍. കുളിക്കാനും അലക്കാനും എന്തിന് കൈകഴുകാന്‍ വരെ നാം ആവശ്യത്തിലേറെ വെള്ളം ഉപയോഗിക്കുന്നുണ്ട്. നിത്യജീവിതത്തില്‍ ഇങ്ങനെ നടത്തുന്ന ജലദുരുപയോഗത്തെക്കുറിച്ച് ഗൗരവത്തോടെ ആരും ചിന്തിക്കുന്നില്ല. തുണിയലക്കുന്ന വെള്ളം തറകഴുകാനുപയോഗിക്കാം. അടുക്കളയില്‍ നിന്ന് ഒഴുക്കിക്കളയുന്ന വെള്ളം അടുക്കളത്തോട്ടത്തിലേക്കോ തെങ്ങിന്‍ തടത്തിലേക്കോ അല്ലെങ്കില്‍ ഒരു കുഴിയെടുത്ത് അതിലേേക്കാ തിരിച്ചുവിടാവുന്നതാണ്.
കേരളത്തില്‍ പെയ്യുന്ന മഴയുടെ മൂന്നിലൊന്ന് സംഭരിക്കാനായാല്‍ത്തന്നെ ജലക്ഷാമത്തിന് വലിയതോതില്‍ പരിഹാരം കാണാനാകുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. കുഴല്‍ക്കിണറുകള്‍ നിര്‍മിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുക, പുരയിടങ്ങളില്‍ മഴവെള്ളം കെട്ടിനിര്‍ത്തി വറ്റിക്കാനുള്ള സംവിധാനങ്ങളേര്‍പ്പെടുത്തുക, പുരയിടങ്ങള്‍ക്കുചുറ്റും വരമ്പുകള്‍ കെട്ടുക, പുരയിടങ്ങളെ ചെറിയ കള്ളികളാക്കി വരമ്പിട്ടുതിരിക്കുക, കമുക്, മാവ്, പ്ലാവ് മുതലായ വൃക്ഷങ്ങള്‍ക്ക് മിതമായ ആഴത്തിലും ആകാവുന്നത്ര വിസ്തൃതിയിലും തടമെടുക്കുക, മരം മുറിക്കുമ്പോള്‍ പകരം വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കുക, വേനലില്‍ കുളങ്ങള്‍ വൃത്തിയാക്കുക, പാറമടകളില്‍ വെള്ളം സംരക്ഷിച്ച് ഉപയോഗിക്കുക, പാടങ്ങളും ചതുപ്പുകളും കുളങ്ങളും നികത്താതിരിക്കുക, കല്ല്/മണ്‍കയ്യാലകള്‍ കെട്ടിയുയര്‍ത്തുക, ചരിവുള്ള കൃഷിയിടങ്ങളെ തട്ടുകളാക്കിത്തിരിക്കുക, തോടുകളില്‍ തടയണകള്‍ നിര്‍മിക്കുക തുടങ്ങിയവ അടിയന്തരശ്രദ്ധ അര്‍ഹിക്കുന്ന നിര്‍ദേശങ്ങളാണ്.
നമ്മുടെ നാട്ടിന്‍പ്രദേശത്തുകാണുന്ന ചെങ്കല്‍/കരിങ്കല്‍ ക്വാറികള്‍ മികച്ച ജലസംഭരണികളാണ്. പറമ്പില്‍ ലഭിക്കുന്ന മഴവെള്ളം ചാലുകള്‍ കീറി ഈ കുഴികളിലെത്തിച്ചാല്‍ ഭൂഗര്‍ഭജലവിതാനം ഉയരും; അടുത്തുള്ള കിണറുകളില്‍ വേനല്‍ക്കാലത്തും കുടിവെള്ളം ലഭിക്കുകയും ചെയ്യും. ജലസംരക്ഷണ സംബന്ധിയായ ഒന്നുംതന്നെ നിസ്സാരമല്ലെന്ന് ഇനിയെങ്കിലും നാം തിരിച്ചറിയേണ്ടതുണ്ട്.

ഇതോടൊപ്പം ചര്‍ച്ചചെയ്യേണ്ട വിഷയമാണ് ജലമലിനീകരണം. വേണ്ടവിധത്തില്‍ ശുദ്ധീകരിക്കാതെ പുറന്തള്ളുന്ന വിഷവസ്തുക്കളും രാസവസ്തുക്കളുമടങ്ങുന്ന വ്യവസായമാലിന്യങ്ങള്‍ ഒഴിവാക്കിയാല്‍ത്തന്നെ നമ്മുടെ ജലാശയങ്ങള്‍ ഏറെക്കുറേ മാലിന്യമുക്തമാകും. രാസവസ്തുക്കളുപയോഗിക്കാത്ത ജൈവകൃഷിസമ്പ്രദായം സ്വീകരിച്ചാല്‍ ജലമലിനീകരണം വലിയൊരളവുവരെ നിയന്ത്രിക്കാന്‍ കഴിയും. അറവുമാലിന്യങ്ങള്‍, പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍, നാനാവിധത്തിലുള്ള പാഴ്‌വസ്തുക്കള്‍ തുടങ്ങിയവ ജലാശയങ്ങളിലും റോഡുകളിലും മറ്റും തള്ളുന്നത് കേരളത്തിലെ പതിവുകാഴ്ചയാണ്. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ശുദ്ധജലവും ശുദ്ധവായുവും സമൃദ്ധമായുണ്ടായിരുന്ന കേരളത്തിലെ ഗ്രാമങ്ങള്‍ പോലും ഇന്ന് കടുത്ത മലിനീകരണത്തിന്റെ പിടിയിലമര്‍ന്നിരിക്കുന്നു.

പ്രകൃതിയുടെ വരദാനമാണ് ജലം. അതുപയോഗിക്കാന്‍ നമുക്ക് അര്‍ഹതയുള്ളപോലെത്തന്നെ അത് സംരക്ഷിക്കാനും വരുംതലമുറകള്‍ക്കുവേണ്ടി നിലനിര്‍ത്താനും നാം ബാധ്യസ്ഥരാണ്. ജലമടക്കമുള്ള അപൂര്‍വവും അമൂല്യവുമായ പ്രകൃതിവിഭവങ്ങളുടെ നിര്‍ണായക പ്രാധാന്യത്തെക്കുറിച്ച് മഹാത്മജി ദശകങ്ങള്‍ക്കുമുമ്പുതന്നെ തിരിച്ചറിഞ്ഞിരുന്നു. അതേക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാന്‍ തന്റെ പ്രസംഗങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും അദ്ദേഹം നിരന്തരം ശ്രമിക്കുകയും ചെയ്തു. ഗാന്ധിജിയുടെ വിഖ്യാതമായ വാക്കുകള്‍ ഇങ്ങനെ: ''ഭൂമിയില്‍ മനുഷ്യന്റെ ആവശ്യത്തിനുള്ളതുണ്ട്; എന്നാല്‍, അവന്റെ അത്യാര്‍ത്തിക്കാവശ്യമായതൊട്ടില്ലതാനും''. ഇന്നത്തെ പൊള്ളുന്ന സാഹചര്യത്തില്‍ വിലയിരുത്തുമ്പോള്‍, മഹാത്മജിയുടെ വാക്കുകള്‍ പ്രവചനാത്മകമായിരുന്നുവെന്ന് വ്യക്തമാവുന്നു.

മറ്റെന്തിനെക്കാളുമേറെ ഇന്നത്തെ അടിയന്തരാവശ്യം ജലസംരക്ഷണത്തിനായി ഒരു മഹാപ്രസ്ഥാനത്തിന് രൂപംകൊടുക്കുകയും അത് കര്‍ശനമായി നടപ്പാക്കുകയും ചെയ്യുകയെന്നതാണ്. ഇക്കാര്യത്തില്‍ സര്‍ക്കാറുകളെ മാത്രം ആശ്രയിച്ചിട്ടുകാര്യമില്ല. വേണ്ടത്, കുടിവെള്ളം സംരക്ഷിക്കാനും സ്വകാര്യവത്കരണത്തെ ചെറുക്കാനുമുള്ള സമൂഹത്തിന്റെ നിതാന്ത ജാഗ്രതയാണ്; ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ജലസംരക്ഷണ യത്‌നങ്ങളാണ്. മാനവരാശിയെയും ജീവജാലങ്ങളെയും നിലനിര്‍ത്താനുള്ള ഈ നിര്‍ണായകപോരാട്ടത്തില്‍ ആബാലവൃദ്ധം ജനങ്ങളും പങ്കുചേരണം. രാഷ്ട്രീയകക്ഷികള്‍ തിരഞ്ഞെടുപ്പ് വിജയത്തിനുവേണ്ടിയുള്ള താത്കാലികാടിസ്ഥാനത്തിലുള്ള കര്‍മപരിപാടികളെപ്പോലെ ഈ ജീവല്‍പ്രശ്‌നത്തെ കാണരുത്. അഭിപ്രായഭിന്നതകള്‍ മറന്ന് എല്ലാപാര്‍ട്ടികളും ഈ മഹാദുരന്തത്തിനെതിരെ ഒരേവേദിയില്‍ അണിനിരക്കണം. സ്‌കൂള്‍തലംതൊട്ടുള്ള വിദ്യാര്‍ഥികളും രക്ഷിതാക്കളും സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകരും ഈ ജനകീയ കൂട്ടായ്മയില്‍ അണിചേരണം. കുടിവെള്ള പ്രശ്‌നം നമ്മുടേതല്ല, അത് മറ്റുള്ളവരുടേതാണ് എന്ന കുറ്റകരമായ ആലസ്യത്തിലായിരുന്നു നാം. ഇനിയും നാം പൊള്ളുന്ന യാഥാര്‍ഥ്യങ്ങളിലേക്കുണരുന്നില്ലെങ്കില്‍ ഭൂമിയുടെ ഊഷരതയില്‍ ജീവജാലങ്ങളൊടുങ്ങും.
 

ഇനിയുള്ള പോരാട്ടങ്ങള്‍ വെള്ളത്തിനുവേണ്ടി

എം.പി. വീരേന്ദ്രകുമാര്‍

പ്രകൃതിയില്ലാതെ മനുഷ്യന് നിലനില്‍പ്പില്ല. അവന്‍ ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും
കഴിക്കുന്ന ആഹാരവും കാണുന്ന വെളിച്ചവും പ്രകൃതിയാണവന് നല്കിക്കൊണ്ടിരിക്കുന്നത്.
ഭൂമിയും ആകാശവും സമുദ്രവും മനുഷ്യനാണ് ആവശ്യം.
അത്യാര്‍ത്തിയോടെ താത്കാലിക നേട്ടങ്ങള്‍ സ്വന്തമാക്കുന്നതിനിടയില്‍ അതവന്‍ മറന്നുപോകുന്നു


കേന്ദ്ര ഗ്രൗണ്ട് വാട്ടര്‍ ബോര്‍ഡ് രാജ്യത്തിലെ ഭൂഗര്‍ഭ ജലസ്രോതസ്സുകള്‍ കണക്കിലെടുത്ത് ഭൂപ്രദേശങ്ങളെ സുരക്ഷിതം, അര്‍ധ ഗുരുതരം, ഗുരുതരം, അമിത ചൂഷിതം എന്നിങ്ങനെ നാലായി വിഭജിച്ചിട്ടുണ്ട്.ബ്ലോക്ക്, മണ്ഡലം, താലൂക്ക് അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍, 839 എണ്ണം അമിത ചൂഷിത വിഭാഗത്തിലും 226 എണ്ണം അര്‍ധ ഗുരുതര വിഭാഗത്തിലും ഉള്‍പ്പെടുന്നതായി ബോര്‍ഡ് കണ്ടെത്തുകയുണ്ടായി.
കേരളത്തില്‍ കൊല്ലങ്കോട്, തൃത്താല, പാലക്കാട് എന്നീ പ്രദേശങ്ങള്‍ ഗുരുതരാവസ്ഥ നേരിടുന്നു; ചിറ്റൂരാകട്ടെ, അമിതചൂഷിതവും.
2004-ല്‍ ലഭ്യമായ വിവരങ്ങളുടെയടിസ്ഥാനത്തില്‍, കാസര്‍കോട് ബ്ലോക്ക് അമിത ചൂഷിതവിഭാഗത്തിലാണുള്‍പ്പെട്ടിരുന്നത്. സുല്‍ത്താന്‍ ബത്തേരി, തലശ്ശേരി, കൂത്തുപറമ്പ് തുടങ്ങിയവ അര്‍ധ ഗുരുതര വിഭാഗത്തിലും.
ഇന്ത്യയില്‍ ഭൂഗര്‍ഭജലം അമിതമായി ചൂഷണം ചെയ്യപ്പെടുന്നതായി ലോകബാങ്ക് നടത്തിയ ഒരു പഠനത്തില്‍ വ്യക്തമായിരുന്നു. ജലസേചനാവശ്യങ്ങളുടെ 60 ശതമാനം ഭൂഗര്‍ഭജലമുപയോഗിച്ചാണ് നടത്തുന്നത്. ഗ്രാമീണ-നഗര ജലവിതരണത്തിന്റെ 60 ശതമാനം ആശ്രയിക്കുന്നതും ഭൂഗര്‍ഭജലത്തെത്തന്നെ. അടുത്ത 15 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഭൂഗര്‍ഭജലത്തിന്റെ 60 ശതമാനവും ഗുരുതരാവസ്ഥയിലാകുമെന്ന് പ്രസ്തുത പഠനം മുന്നറിയിപ്പ് നല്‍കുന്നു.

വെള്ളം സംബന്ധിച്ചുള്ള നമ്മുടെ ദേശീയനയം വളരെ ദുര്‍ബലമാണ്. ജലസ്രോതസ്സുകള്‍ നിലനിര്‍ത്തുകയും സംരക്ഷിക്കുകയും ചെയ്യേണ്ട കാര്യത്തില്‍, കൃഷി, ഗ്രാമീണവികസനം, നഗരവികസനം, ശാസ്ത്ര-സാങ്കേതികം, ശൂന്യാകാശം, ആണവോര്‍ജം, പരിസ്ഥിതി-വനം, ആസൂത്രണ കമ്മീഷന്‍, ഊര്‍ജം, വൈദ്യുതി, കപ്പല്‍ ഗതാഗതം, ജലം തുടങ്ങിയ നിരവധി വകുപ്പുകള്‍ ഉള്‍പ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ പ്രശ്‌നപരിഹാരം അസാധ്യമോ അല്ലെങ്കില്‍ അതീവ സങ്കീര്‍ണമോ ആണ്. കൂടാതെ, ദേശീയ ജലനയത്തില്‍ പഴുതുകളേറെയുണ്ടുതാനും.

ലോകത്തിലെ മൊത്തം ജനസംഖ്യയുടെ 37 ശതമാനം അധിവസിക്കുന്ന ഇന്ത്യയ്ക്കും ചൈനയ്ക്കും ലോകജലലഭ്യതയുടെ 10.8 ശതമാനം കൊണ്ട് അവയുടെ ആവശ്യങ്ങള്‍
നിര്‍വഹിക്കേണ്ടിവരും. 2030 ആകുമ്പോഴേക്ക് ഇന്ത്യയ്ക്കും ചൈനയ്ക്കും അതിരൂക്ഷമായ
ജലക്ഷാമവും ജലമലിനീകരണവും പാഴ്‌വസ്തുക്കള്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളും നേരിടേണ്ടിവരുംആഗോളതലത്തില്‍ ആഫ്രിക്കയല്ല, ഏഷ്യയാണ് ഏറ്റവും ഊഷരവും വരണ്ടതുമായ ഭൂഖണ്ഡം. ആഫ്രി ക്കയില്‍, ഒരു വ്യക്തിയുടെ പ്രതിശീര്‍ഷ ജലോപഭോഗം 6,380 ക്യുബിക് മീറ്ററാണ്. അതിന്റെ പകുതിപോലും ഒരു ഏഷ്യക്കാരന് ലഭ്യമാകുന്നില്ല. ഭക്ഷ്യ-വ്യാവസായിക ഉത്പാദനത്തിനും മുനിസിപ്പാലിറ്റികളുടെ ജലവിതരണത്തിനും ഏറ്റവും കൂടുതല്‍ വെള്ളം ആവശ്യമാകുന്നത് ഏഷ്യാഭൂഖണ്ഡത്തിലാണ്.
'വാട്ടര്‍: ഏഷ്യാസ് ന്യൂ ബാറ്റ്ല്‍ ഗ്രൗണ്ട്' എന്ന തന്റെ രചനയില്‍ പ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ ബ്രഹ്മാ ചെല്ലാനി ഏഷ്യയിലെ ഗുരുതരമായ കുടിവെള്ളപ്രശ്‌നത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ട്. ജലലഭ്യതയിലുള്ള കുറവ് സാമ്പത്തികവളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ, മറ്റു സ്റ്റേറ്റുകളുമായി നദീജലം പങ്കുവെക്കുന്നതിനോടനുബന്ധിച്ച സംഘര്‍ഷങ്ങള്‍, ദീര്‍ഘകാലമായി തുടരുന്ന അതിര്‍ത്തിത്തര്‍ക്കങ്ങള്‍, ദരിദ്രജനവിഭാഗങ്ങള്‍ക്കനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങള്‍ തുടങ്ങിയവയെക്കുറിച്ചൊക്കെ ചെല്ലാനി തന്റെ പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്.

ലോകത്തിലെ മൊത്തം ജനസംഖ്യയുടെ 37 ശതമാനം അധിവസിക്കുന്ന ഇന്ത്യയ്ക്കും ചൈനയ്ക്കും ലോകജലലഭ്യതയുടെ 10.8 ശതമാനം കൊണ്ട് അവയുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കേണ്ടിവരും. 2030 ആകുമ്പോഴേക്ക് ഇന്ത്യയ്ക്കും ചൈനയ്ക്കും അതിരൂക്ഷമായ ജലക്ഷാമവും ജലമലിനീകരണവും പാഴ്‌വസ്തുക്കള്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളും നേരിടേണ്ടിവരും. പാകിസ്താന്‍, ഉസ്‌ബെക്കിസ്താന്‍, ഇറാന്‍, ഇറാഖ്, സിറിയ, ജോര്‍ദാന്‍, സൗദി അറേബ്യ തുടങ്ങിയ അയല്‍ രാജ്യങ്ങളും കടുത്ത ജലപ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. നദീജലം പങ്കുവെക്കല്‍ സംബന്ധിച്ച് അന്തര്‍ദേശീയതലത്തില്‍ ഉന്നയിക്ക പ്പെട്ടുകൊണ്ടിരിക്കുന്ന അവകാശവാദങ്ങള്‍ അത്യന്തം സംഘര്‍ഷാ ത്മകമായ സ്ഥിതിവിശേഷങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.
'പമ്പ് വിപ്ലവ'ത്തിന്റെ പ്രഭവകേന്ദ്രമാണ് ഇന്ത്യ. ചെറുകിട കൃഷിക്കാര്‍ മാത്രം 210 ലക്ഷം പമ്പുകളു പയോഗിച്ച് വന്‍തോതില്‍ ജല മൂറ്റല്‍ നടത്തിവരുന്നുണ്ട്. പ്രതിവര്‍ഷം പത്തുലക്ഷം പമ്പുകള്‍ കൂടി പുതിയതായി ഈ ശൃംഖലയില്‍ അണിചേരുന്നു. ഇന്ത്യയില്‍ കുഴല്‍ക്കിണറുകള്‍ പ്രതിവര്‍ഷം 200 ക്യൂബിക് കിലോമീറ്റര്‍ ഭൂഗര്‍ഭജലം ഭൗമോപരിതലത്തിലേക്ക് പമ്പുചെയ്തുകൊണ്ടിരിക്കുന്നുണ്ട്. ഭൂഗര്‍ഭജലം അമിതമായി ചൂഷണം ചെയ്യുന്നത്, കൊടുംവരള്‍ച്ചയിലേക്കുനയിക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല. പണ്ടുകാലത്ത് 'സര്‍വംസഹ' എന്ന് ഭൂമിക്ക് പര്യായമുണ്ടായിരുന്നു. അത് പഴയ സുകൃതകാലം. മക്കള്‍ നടത്തുന്ന മുലയൂറ്റല്‍ സഹിക്കാനാവാതെ അമ്മയിപ്പോഴനുഭവിക്കുന്നത് മരണവേദനതന്നെ.

ഏഷ്യാഭൂഖണ്ഡം ഏറ്റവും വിസ്തൃതവും ജനസാന്ദ്രതയേറിയതും ദ്രുതഗതിയില്‍ വികിസിച്ചുകൊണ്ടിരിക്കുന്നതുമായ ഭൂവിഭാഗമാണ്. വികസനാവശ്യങ്ങള്‍ക്കായി നടത്തുന്ന വന്‍തോതിലുള്ള ജലചൂഷണം കാരണം ഏഷ്യന്‍ രാജ്യങ്ങളെ 'ജലസംഘര്‍ഷിതങ്ങ'ളെന്നു സ്വീഡിഷ് ഹൈഡ്രോളജിസ്റ്റ് മലിന്‍ ഫാളെന്‍മാര്‍ക്ക് വിശേഷിപ്പിച്ചിട്ടുണ്ട്. പ്രകൃതിവിഭവങ്ങളുടെ മേലുള്ള ആധിപത്യത്തിനായി ഭാവിയില്‍ നടക്കുന്ന യുദ്ധങ്ങള്‍ എണ്ണയ്ക്കുവേണ്ടിയായിരിക്കില്ല, വെള്ളത്തിനുവേണ്ടിയായിരിക്കും.
വെള്ളപ്രശ്‌നത്തെ രൂക്ഷമാക്കുന്ന മറ്റൊരു ഘടകം 'ജലസേചനവ്യാപന'മാണ്. 1960-നും 2000-ത്തിനുമിടയ്ക്ക് ഏഷ്യന്‍ നാടുകളില്‍ ജലസേചനനിരക്കില്‍ ഇരട്ടിയിലേറെ വര്‍ധനയുണ്ടായിട്ടുണ്ട്. ദക്ഷിണേഷ്യ, ചൈന, ദക്ഷിണ പൂര്‍വേഷ്യ എന്നിവിടങ്ങളിലാണ് ലോകത്തിലെ ജലസേചിതകൃഷിഭൂമിയുടെ 50 ശതമാനത്തിലേറെയുള്ളത്. ആഗോളതലത്തില്‍, 74 ശതമാനം ശുദ്ധജലം ഏഷ്യന്‍നാടുകള്‍ ജലസേചനത്തിനായി ഉപയോഗിക്കുന്നുവെന്നത് ആശ ങ്കയുളവാക്കുന്ന സ്ഥിതിവിശേഷമാണ്.
ഏഷ്യയിലെ വന്‍വ്യാവസായികവളര്‍ച്ചയാണ് അപായകരമായ മറ്റൊരു ഘടകം. ജലസേചനത്തേ ക്കാളേറെ വ്യവസായികോത്പാദനപ്രക്രിയയില്‍ കൂടുതല്‍ വെള്ളം ഉപയോഗിക്കപ്പെടുന്നു എന്നതും ഗുരുതരമായ വെല്ലുവിളിയു യര്‍ത്തുന്നു. അതുപോലെത്തന്നെ നഗരവത്കരണവും ജലോപഭോഗവര്‍ധനയ്ക്കുള്ള മറ്റൊരു പ്രധാന കാരണമാണെന്ന് വിദഗ്ധമതം.
ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പാരിസ്ഥിതിക പരിഗണനകളില്ലാതെ, ഏഷ്യന്‍നാടുകളില്‍ പണിതുയര്‍ത്തിയിട്ടുള്ള, ഇപ്പോഴും പണിതുകൊണ്ടിരിക്കുന്ന, അണക്കെട്ടുകളും ജലസംഭരണികളും മറ്റും ഈ ഭൂഖണ്ഡത്തില്‍ ജലസ്രോതസ്സുകള്‍ നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ്.
ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് നിര്‍മാതാക്കളായ ചൈനയിലാണ് ലോകത്തിലെ 50,000 പടുകൂറ്റന്‍ ഡാമുകളില്‍ പകുതിയിലേറെയുമുള്ളത്. ഡാമുകളിലെയും മൂന്ന് വന്‍ റിസര്‍വോയറുകളിലെയും ലക്ഷക്കണക്കിന് ഘനമീറ്റര്‍ ജലം സൃഷ്ടിക്കുന്ന സമ്മര്‍ദത്തിന്റെ ഫലമായി ഭൂമിയുടെ അച്ചുതണ്ട് ഒരിഞ്ചുകണ്ട് ചെരിഞ്ഞിട്ടുണ്ട്. അപായകരമായ ഈ വ്യതിയാനം ചൈനയെ മാത്രമല്ല, ലോകത്തെ മുഴുവന്‍ ബാധിക്കും.
1949-ല്‍ പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈന സ്ഥാപിതമായപ്പോള്‍, സ്വര്‍ഗവും മനുഷ്യരും തമ്മിലുള്ള സൗഹൃദമായിരുന്നു ചൈനയുടെ ആദര്‍ശമായി ഉയര്‍ത്തിക്കാണിക്കപ്പെട്ടത്. ഏറെ താമസിയാതെ അതുപക്ഷേ, മാവോ സേതുങ്ങിന്റെ 'മനുഷ്യന്‍ പ്രകൃതിയെ കീഴടക്കണം' എന്ന പ്രമാണത്തിനു വഴിമാറി. മനുഷ്യന്റെ ഇച്ഛാശക്തികൊണ്ട് ഭൗതികലോകത്തെ നിയന്ത്രിക്കണമെന്ന പ്രഖ്യാപനമാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവ് മാവോ നടത്തിയതെന്ന് പ്രശസ്ത ചിന്തകനും ഗ്രന്ഥകാരനുമായ ജൂഡിത്ത് ഷാപിരൊ വിലയിരുത്തുന്നു.
പ്രകൃതിയില്ലാതെ മനുഷ്യന് നിലനില്‍പ്പുതന്നെയില്ല. അവന്‍ ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും കഴിക്കുന്ന ആഹാരവും കാണുന്ന വെളിച്ചവും പ്രകൃതിയാണവന് നല്‍കിക്കൊണ്ടിരിക്കുന്നത്. ഭൂമിയും ആകാശവും സമുദ്രവും മനുഷ്യനാണ് ആവശ്യം. അത്യാര്‍ത്തിയോടെ താത്കാലിക നേട്ടങ്ങള്‍ സ്വന്തമാക്കുന്നതിനിടയില്‍ അതവന്‍ മറന്നുപോകുന്നു.

കടുത്ത ജലദൗര്‍ലഭ്യം വെള്ളത്തിന്റെ അമിതമായ മൂല്യവര്‍ധനയ്ക്ക് കാരണമായിട്ടുണ്ട്. കുടിവെള്ള വില്പനരംഗത്ത്, സ്വകാര്യമേഖലയുടെ വളര്‍ച്ച ഭീതിജനകമായി വര്‍ധിച്ചു കൊണ്ടിരിക്കുന്നു. ഫ്രഞ്ച് കോര്‍പ്പറേറ്റ് കുത്തകകളായ വിവെന്‍ഡി, സ്യൂയസ് എന്നിവയാണ് ലോകകുടിവെള്ള വിപണിയിലെ 70 ശതമാനം നിയന്ത്രിക്കുന്നത്. '21-ാം നൂറ്റാണ്ടിലെ എണ്ണ' എന്നാണ് ചെല്ലാനി വെള്ളത്തെ വിശേഷിപ്പിക്കുന്നത്. എണ്ണയ്ക്കുപകരം പ്രകൃതിവാതകമോ, കല്‍ക്കരിയോ ഉപയോഗിക്കാനാവും. എന്നാല്‍, വെള്ളത്തിനും പകരം വെള്ളം മാത്രം. ദീര്‍ഘകാലനിക്ഷേപസാധ്യതകള്‍ കണക്കിലെടുക്കുമ്പോള്‍, എണ്ണമേഖലയേക്കാള്‍ വന്‍ലാഭസാധ്യത കുടിവെള്ളവിപണിയിലാണ് എന്ന് ബഹുരാഷ്ട്രകുത്തകകള്‍ മനസ്സിലാ ക്കിയിട്ടുണ്ട്.
'മാതൃഭൂമി ബുക്‌സ്' പ്രസിദ്ധീകരിച്ച 'രോഷത്തിന്റെ വിത്തുകള്‍' (2002), പ്രൊഫ. പി.എ. വാസുദേവനുമായി ചേര്‍ന്നെഴുതിയ 'ലോകവ്യാപാരസംഘടനയും ഊരാക്കുടുക്കുകളും' (2002), 'അധിനിവേശത്തിന്റെ അടിയൊ ഴുക്കുകള്‍' (2004), ഒലീവ് ബുക്‌സ് പ്രസിദ്ധീകരിച്ച 'വേണം നിതാന്ത ജാഗ്രത' (2010) തുടങ്ങിയ എന്റെ രചനകളില്‍ കുടിവെള്ളം സ്വകാര്യവത്കരിക്കുന്നതടക്കമുള്ള പ്രശ്‌നങ്ങ ളെക്കുറിച്ച് വളരെ വിശദമായി ത്തന്നെ ചര്‍ച്ച ചെയ്തിട്ടുണ്ട്.

അഴിമതിനിറഞ്ഞ മാനേജ്‌മെന്റ്, കുറഞ്ഞ നിക്ഷേപം, വറ്റിക്കൊണ്ടിരിക്കുന്ന നദികള്‍ എന്നിവ കാരണം ദേശീയ ജലസേചന സംവിധാനം കുത്തഴിഞ്ഞ അവസ്ഥയിലാണ്. സാധാരണക്കാര്‍ക്ക് ഈ സംവിധാനത്തില്‍നിന്ന് ആശാവഹമായ ഒന്നും തന്നെ പ്രതീക്ഷിക്കാനില്ല. അതു ബോധ്യപ്പെട്ടതുകൊണ്ടാണ് അവര്‍ വ്യാപകമായി കുഴല്‍ക്കിണറുകള്‍ കുഴിച്ച് പ്രശ്‌നങ്ങള്‍ക്ക് അവരുടേതായ സ്വന്തം വഴികള്‍ കണ്ടെത്തുന്നത്. ഭൂഗര്‍ഭജലവിതാനം താഴുന്നതനുസരിച്ച് കൂടുതല്‍ കൂടുതല്‍ ആഴത്തില്‍ കുഴല്‍ക്കിണറുകള്‍ കുഴിക്കേണ്ടിവരുന്നു. എന്നിട്ടും വെള്ളം കിട്ടാതെ വരുമ്പോള്‍, അതിനായി ചെലവഴിച്ച പണം നഷ്ടപ്പെട്ടതിന്റെ ഫലമായി പാപ്പരായിപ്പോയ നിരവധി കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.
ഇക്കണക്കിന് മുന്നോട്ടുപോയാല്‍, കോടാനുകോടി ഇന്ത്യക്കാര്‍ക്ക് അവരുടെ ഭൂമി ഊഷരമായ മരുപ്രദേശമായി മാറുന്നതിന് സാക്ഷ്യം വഹിക്കേണ്ടിവരും.ചില പ്രദേശങ്ങളില്‍ അഞ്ചുപത്ത് വര്‍ഷങ്ങള്‍ക്കകം ഭൂഗര്‍ഭജലം പൂര്‍ണമായും വറ്റിവരണ്ടുപോകും. തമിഴ്‌നാട്ടില്‍ മരുഭൂവത്കരണപ്രക്രിയ ആസന്നമാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ആഗോള ജലപ്രതിസന്ധിയെക്കുറിച്ച് പഠിക്കാന്‍ 2008-ല്‍ രൂപവത്കൃതമായ 'ദ 2030 വാട്ടര്‍ റിസോഴ്‌സസ് ഗ്രൂപ്പ്' എന്ന വിദഗ്ധ സംഘം നടത്തിയ പഠനം, 2030 ആകുമ്പോഴേക്കും ഇന്ത്യയ്ക്ക് ആവശ്യമായ വെള്ളത്തിന്റെ പകുതിപോലും രാജ്യത്തുണ്ടാവില്ല എന്ന കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യയിലെ പ്രമുഖ നദികളായ ഗംഗയും യമുനയും കൃഷ്ണയും ഗോദാവരിയും മറ്റും അനുദിനം വറ്റിവരണ്ടുകൊണ്ടിരിക്കുന്നു. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ, ഗംഗ വറ്റി വരളുമെന്ന് പ്രവചനങ്ങളുണ്ട്. ഹിമാലയന്‍ യാത്രകള്‍ക്കിടെ ഈ മഹാനദി നേരിട്ടുകൊണ്ടിരിക്കുന്ന മഹാവിപത്തുകള്‍ നേരില്‍ക്കണ്ടിട്ടുണ്ട്. അപ്പോള്‍ തോന്നിയ മാനസികവ്യഥ 'ഹൈമവതഭൂവില്‍' എന്ന എന്റെ രചനയില്‍ ഇങ്ങനെ കുറിച്ചിട്ടുണ്ട്:

''ഹ്രസ്വമാണ് നിന്റെ ആയുസ്സെങ്കിലും അമ്മേ, നീയൊഴുകുക... വരാന്‍ പോകുന്ന ദുരന്തത്തെക്കുറിച്ച് നീ അറിയാതിരിക്കുക. മനുഷ്യന്‍ തീര്‍ത്തുകൊണ്ടിരിക്കുന്ന ദുരന്തങ്ങളില്‍ നീ ഒടുങ്ങുന്നതിനു മുമ്പ്, ആര്‍ത്ത് തിമര്‍ത്ത്, ശംഖ-ദുന്ദുഭീ ഘോഷങ്ങള്‍ മുഴക്കി, പാദങ്ങളില്‍ മണിനാദമുതിര്‍ക്കുന്ന പാദസരങ്ങളണിഞ്ഞ്, മാരിവില്‍ വര്‍ണങ്ങള്‍ മാറില്‍ വാരിപ്പൂശി, പ്രിയപ്പെട്ട ഗംഗേ, നീയൊഴുകുക.''ജീവജലം കനിഞ്ഞരുളുന്ന നദി അമ്മയാണ്. ലോകത്ത് എല്ലായിടത്തും സംസ്‌കൃതികളുയര്‍ന്നുവന്നത് നദീതിരങ്ങളിലാണ്. നദികള്‍ മരിക്കുമ്പോള്‍, സംസ്‌കാരങ്ങളും നശിക്കുന്നു.

പല തുള്ളി പെരുവെള്ളം

എം.പി. വീരേന്ദ്രകുമാര്‍


കുടിവെള്ളക്ഷാമം ഒരു വിദൂരപ്രശ്‌നമല്ല. അത് പൂമുഖം കടന്ന് നമ്മുടെ വീടുകളിലെ അടുക്കളകൡ എത്തിയിരിക്കുന്നു. അഥവാ വീട്ടില്‍ വിരുന്നുകാരെത്തുന്നതുപോലും നമ്മുടെചങ്കിടിപ്പ് കൂട്ടുന്നു. കുടിക്കാന്‍ കൊടുക്കാന്‍ വെള്ളമില്ല. കുളിക്കാന്‍ വെള്ളമില്ല. അലക്കാനും മറ്റ് അത്യാവശ്യകാര്യങ്ങള്‍ക്കും വെള്ളമില്ല... കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത്തരമൊരവസ്ഥയെക്കുറിച്ച് നമുക്ക് സങ്കല്പിക്കാന്‍ പോലുമായിരുന്നില്ല
ഇക്കഴിഞ്ഞ മെയ് നാലാംതീയതി ഞാന്‍ ബാംഗ്ലൂരിലായിരുന്നു. രാവിലെ പത്രം വായിച്ചുകൊണ്ടിരിക്കെ ഒരു വാര്‍ത്തയില്‍ കണ്ണുകളുടക്കി-'കുടിവെള്ളത്തര്‍ക്കത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ടു'. ആര്‍.ടി. നഗറിലെ ദാസപ്പ ഗാര്‍ഡന്‍ പ്രദേശത്ത് കുടിവെള്ളവിതരണത്തിന്റെ ചുമതല വഹിച്ച വടിവേല്‍ എന്നയാളെ ആവശ്യത്തിന് വെള്ളം കിട്ടുന്നില്ലെന്ന് പരാതിപ്പെട്ട ശങ്കരപ്പ എന്നയാള്‍ ഒരു പാറയുടെ മുകളിലേക്ക് തള്ളിയിടുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വടിവേല്‍ മരണപ്പെട്ടു. 

ഇതുവരെ കേള്‍ക്കാത്ത മറ്റൊരു വാര്‍ത്തയാണ് നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ കേട്ടത്. കോഴിക്കോട് ജില്ലയിലെ ചില പ്രദേശങ്ങളില്‍ ചെറുകിട ഹോട്ടലുകളും ശീതളപാനീയക്കടകളും കൊടിയ ജലക്ഷാമത്തെത്തുടര്‍ന്ന് പൂട്ടിക്കൊണ്ടിരിക്കുകയാണ്. ചിലേടങ്ങളില്‍നിന്ന് ആളുകള്‍ വീടൊഴിഞ്ഞ്‌പോകാനും തുടങ്ങിയിട്ടുണ്ട്. ബാലുശ്ശേരിയുടെ പ്രാന്തപ്രദേശങ്ങളില്‍നിന്നാണ് ആളുകള്‍ വീടുവിട്ടുപോയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. താമസിയാതെ ഈ ഒഴിച്ചുപോക്ക് മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കും. വേനല്‍ക്കാലത്തും സമൃദ്ധമായി വെള്ളമുണ്ടായിരുന്ന പല പുഴകളും വറ്റിവരണ്ടുകൊണ്ടിരിക്കുകയാണ്. ഏതാനും അങ്കണവാടികളും അടച്ചുപൂട്ടിക്കഴിഞ്ഞിട്ടുണ്ട്. പണം കൊടുത്താലും വെള്ളം കിട്ടാനില്ലാത്ത അവസ്ഥ കേരളത്തില്‍ മുന്‍പൊരിക്കലുമുണ്ടായിട്ടില്ല. വന്ധ്യമായ മഴമേഘങ്ങളുടെ പ്രലോഭനങ്ങളില്‍ മനുഷ്യര്‍ വിയര്‍ത്തുകുളിക്കുന്നു. അകത്തും ചൂട്, പുറത്തും ചൂട്.

നാടിനെ കുടിവെള്ളക്ഷാമം അതിഗുരുതരമായി ഗ്രസിച്ചുകൊണ്ടിരിക്കയാണെന്ന വസ്തുതയുടെ പശ്ചാത്തലത്തില്‍ ഈ വാര്‍ത്തയ്ക്ക് അസ്വസ്ഥകരമായ പ്രാധാന്യമുണ്ട്. ഭൂമി വിണ്ടുകീറുകയും കുടിവെള്ളം കിട്ടാക്കനിയാകുകയും ചെയ്യുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആവര്‍ത്തിക്കപ്പെടുമെന്നതില്‍ ഒട്ടും സന്ദേഹം വേണ്ട.
അതിഭീകരമായ ഈ അവസ്ഥയെക്കുറിച്ച് 2000 സപ്തംബറില്‍ 'പ്രത്യാശകളും ആശങ്കകളും' എന്ന ലേഖനത്തില്‍ ('രോഷത്തിന്റെ വിത്തുകള്‍', മാതൃഭൂമി ബുക്‌സ്) വിശദമായി പ്രതിപാദിച്ചിരുന്നു. പതിന്നാലു വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ നിരീക്ഷണങ്ങളില്‍ നിന്നൊരു പ്രസക്തഭാഗം:

''ഭൗമതപനത്തിന്റെ ഫലമായി കഠിനമായ വരള്‍ച്ച ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് ശാസ്ത്രജ്ഞന്മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2050-ല്‍ വരള്‍ച്ചമൂലം കാര്‍ഷികമേഖലയില്‍ വന്‍തകര്‍ച്ചയുണ്ടാകുമെന്നാണ് അവരുടെ നിഗമനം. ഇപ്പോള്‍ത്തന്നെ ലോകജനസംഖ്യയുടെ 20 ശതമാനത്തിലേറെ പേര്‍ക്ക് കുടിവെള്ളം ലഭ്യമല്ലാത്ത അവസ്ഥയാണുള്ളത്. മഴ കുറഞ്ഞുകുറഞ്ഞുവരികയാണ്. ലഭ്യമാകുന്ന മഴവെള്ളമാകട്ടെ, അതിശീഘ്രം വറ്റിപ്പോകുകയും ചെയ്യുന്നു. മഴക്കാലത്ത് വെള്ളം സംഭരിച്ചുവെക്കാന്‍ നമുക്ക് കഴിയുന്നില്ല. കൊടിയ വേനല്‍ തുടങ്ങുന്നതിന് മുമ്പുതന്നെ ഗ്രാമാന്തരങ്ങളില്‍പ്പോലും ജലക്ഷാമം അനുഭവപ്പെടാന്‍ തുടങ്ങുന്നു. പിന്നെ വെള്ളത്തിനുവേണ്ടിയുള്ള പരക്കംപാച്ചിലാണ്... ഇക്കണക്കിനുപോയാല്‍ മഴമേഘങ്ങള്‍ക്കുവേണ്ടി ആകാശത്ത് കണ്ണുംനട്ട് വേഴാമ്പലുകളെപ്പോലെ മനുഷ്യരാശി കഴിയുന്ന കാലം വിദൂരമാവില്ല.''

പ്രകൃതിയുടെമേല്‍ മനുഷ്യര്‍ നടത്തിക്കൊണ്ടിരിക്കുന്ന അധിനിവേശങ്ങളും കൊടുംചൂഷണങ്ങളുമാണ് രൂക്ഷമായ കുടിവെള്ളപ്രതിസന്ധിയിലേക്ക് നമ്മെ തള്ളിയിട്ടത്. ഹരിതാഭമായ താഴ്‌വരകളും ഭൂമിയെ തഴുകിയൊഴുകിക്കൊണ്ടിരുന്ന നദികളും മഞ്ഞണിഞ്ഞ പ്രഭാതങ്ങളും ഭൂതകാല സൗഭാഗ്യങ്ങളുടെ നഷ്ടസ്മരണകളായിക്കൊണ്ടിരിക്കുന്നു. അവയുടെ സ്ഥാനത്ത് നരച്ചുണങ്ങിയ മലനിരകളും വിണ്ടുകീറിക്കിടക്കുന്ന ഭൂമിയും ആസന്നമരണത്തിലേക്ക് വെറും നീര്‍ച്ചാലുകളായി ഒടുങ്ങിക്കൊണ്ടിരിക്കുന്ന നദികളും അഭിശപ്തസത്യങ്ങളായി നമുക്കുമുന്നിലുണ്ട്. കുടിക്കാനും കുളിക്കാനും കന്നുകാലികള്‍ക്ക് കൊടുക്കാനും ജലസേചനത്തിനും ആവശ്യമായ വെള്ളം കിട്ടാതെവരുമ്പോള്‍, വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കുമിടയില്‍ സംഘര്‍ഷം വളരുന്നത് സ്വാഭാവികം. മനുഷ്യനെ മാത്രമല്ല, ഈ ജലദുരന്തം മൊത്തം ജൈവസമൂഹത്തെ ബാധിച്ചിട്ടുണ്ട്.

നമ്മുടെ രാജ്യത്ത് മഴയിലുണ്ടായ ഭീമമായ കുറവ്, ജലത്തിന്റെ ദുര്‍വിനിയോഗം, ആഗോളതാപനമടക്കമുള്ള പ്രകൃതിവിപത്തുകള്‍, അണക്കെട്ടുകളുടെ ആധിക്യം, ജലവിഭവങ്ങള്‍ പാഴാക്കല്‍ തുടങ്ങി നിരവധി കാരണങ്ങളുണ്ട്, ഇന്ന് നാം നേരിടുന്ന കുടിവെള്ളപ്രതിസന്ധിക്ക്. ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ വകുപ്പിന്റെ കണക്കുകളനുസരിച്ച്, ലോകത്തില്‍വെച്ച് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചിരുന്ന ചിറാപ്പുഞ്ചിയില്‍ ഇന്ന് ലഭിക്കുന്നത് ശരാശരി 428 ഇഞ്ച് മഴ മാത്രമാണ്. 1860-'61 കാലത്താകട്ടെ, ഇത് 1,041 ഇഞ്ചായിരുന്നുവെന്ന് പ്രസ്തുത വകുപ്പ് ചൂണ്ടിക്കാണിക്കുന്നു. പത്തുനൂറ്റമ്പത് വര്‍ഷങ്ങള്‍ക്കിടയ്ക്കാണ് മഴലഭ്യതയില്‍ വന്‍കുറവുണ്ടായത്. അതിന്റെ ഫലമായി, ഒരുകാലത്ത് ജലസമൃദ്ധിയില്‍ അഭിമാനിച്ചിരുന്ന ചിറാപ്പുഞ്ചിയിലെ ആളുകള്‍, ഇന്ന് ഒരു ബക്കറ്റിന് എട്ടുരൂപ നിരക്കില്‍ വെള്ളം വിലയ്ക്കുവാങ്ങിക്കൊണ്ടിരിക്കുന്നു.
ചിറാപുഞ്ചി കഴിഞ്ഞാല്‍ വയനാട്ടിലെ ലക്കിടിയിലായിരുന്നു ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചിരുന്നത്. ലക്കിടിക്കു ചുറ്റുമുള്ള മലനിരകളില്‍നിന്ന് താഴോട്ടൊഴുകുന്ന കൊച്ചുകൊച്ചു വെള്ളച്ചാട്ടങ്ങള്‍ എന്റെ ചെറുപ്പകാലത്ത് കണ്ണിനു കുളിരുപകര്‍ന്ന കാഴ്ചയായിരുന്നു. ഇപ്പോള്‍ അവയൊക്കെ നഷ്ടസൗഭാഗ്യങ്ങളായിക്കഴിഞ്ഞു. സമൃദ്ധമായി മഴ ലഭിച്ചുകൊണ്ടിരുന്ന വയനാട്ടിലെ മറ്റു പ്രദേശങ്ങളുടെ അവസ്ഥയും ഇതില്‍നിന്ന് ഭിന്നമല്ല. പല പുഴകളും തോടുകളും വറ്റിക്കഴിഞ്ഞു. ചിലേടങ്ങളില്‍ പുഴയൊഴുകിയ സ്ഥാനത്ത് നേര്‍ത്ത നീര്‍ച്ചാലുകള്‍ അവശേഷിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്കകം അതും വറ്റിവരണ്ടുപോകും. 

ഇതോടനുബന്ധിച്ച്, 1986-ല്‍ കേരളത്തില്‍ ഞാന്‍ വനംമന്ത്രിയായി സ്ഥാനമേറ്റയുടന്‍ നടന്ന ചിലകാര്യങ്ങള്‍ ഓര്‍ത്തുപോകുന്നു. വനംമന്ത്രിയെന്ന നിലയ്ക്ക്, എന്റെ ആദ്യത്തെ ഓര്‍ഡര്‍ വനത്തിലെ മരങ്ങള്‍ മുറിച്ചുമാറ്റുന്നത് നിരോധിച്ചുകൊണ്ടുള്ളതായിരുന്നു. വനങ്ങള്‍ നശിച്ചുകഴിഞ്ഞാല്‍, പുഴകള്‍ വറ്റിവരളും. വെള്ളം ഭൂമിയിലേക്കിറങ്ങില്ല. അതോടെ കുടിവെള്ളമില്ലാതാകും. കുടിക്കാന്‍ വെള്ളം വേണ്ടേ? വരും തലമുറകള്‍ക്ക് കൂടി അവകാശപ്പെട്ട ജലസ്രോതസ്സുകളാണ് വനനശീകരണത്തിലൂടെ നാം ഇല്ലാതാക്കുന്നത്. വനമൊരു വരുമാനമാര്‍ഗമല്ല, അത് മൂലധനമാണ് തുടങ്ങിയ എന്റെ നിലപാടുകള്‍ കേട്ടപ്പോള്‍ പലരുമന്ന് പരിഹസിച്ചു ചിരിച്ചു. ഏതായാലും 48 മണിക്കൂറുകള്‍ക്കുള്ളില്‍ ഞാന്‍ മന്ത്രിസ്ഥാനം രാജിവെച്ചു.

കുടിവെള്ളക്ഷാമം ഒരു വിദൂരപ്രശ്‌നമല്ല. അത് പൂമുഖം കടന്ന് നമ്മുടെ വീടുകളിലെ അടുക്കളകളിലെത്തിയിരിക്കുന്നു. അഥവാ വീട്ടില്‍ വിരുന്നുകാരെത്തുന്നതുപോലും നമ്മുടെ ചങ്കിടിപ്പ് കൂട്ടുന്നു. കുടിക്കാന്‍ കൊടുക്കാന്‍ വെള്ളമില്ല. കുളിക്കാന്‍ വെള്ളമില്ല. അലക്കാനും മറ്റ് അത്യാവശ്യകാര്യങ്ങള്‍ക്കും വെള്ളമില്ല... കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത്തരമൊരവസ്ഥയെക്കുറിച്ച് നമുക്ക് സങ്കല്പിക്കാന്‍ പോലുമായിരുന്നില്ല.
കുടിവെള്ളക്ഷാമം നേരിടാനുള്ള കര്‍മപരിപാടികളില്‍ മഴവെള്ളസംഭരണത്തിന് അടിയന്തരപ്രാധാന്യമുണ്ട്. രാജ്യത്ത് പലയിടങ്ങളിലും പരീക്ഷിച്ച് ആശാവഹമായ ഫലങ്ങള്‍ അവയുണ്ടാക്കിയിട്ടുമുണ്ട്. രാജ്യത്തെ ഏറ്റവും വരണ്ട പ്രദേശമായ രാജസ്ഥാനിലെ ജയ്‌സാല്‍മര്‍ പട്ടണത്തില്‍, ഒരൊറ്റ ഹെക്ടറില്‍ നടത്തിയ മഴവെള്ളസംഭരണത്തെത്തുടര്‍ന്ന് പത്തു ലക്ഷം ലിറ്റര്‍ ജലം ലഭിച്ചു - ഒരാള്‍ക്ക് 15 ലിറ്റര്‍ വെള്ളം എന്ന കണക്കിന് 182 പേര്‍ക്ക് ഒരു വര്‍ഷത്തെ ആവശ്യത്തിനുള്ളത്രയും വെള്ളം. അവിടെ പ്രതിവര്‍ഷം ലഭിക്കുന്നത് നൂറു മില്ലിമീറ്റര്‍മാത്രം മഴയാണെന്നോര്‍ക്കുക. 'പലതുള്ളി പെരുവെള്ളം' എന്ന പ്രിയങ്കരമായ നമ്മുടെ പഴമൊഴി സാര്‍ഥകമായിരിക്കുന്നു. 

എന്റെ അടുത്ത സുഹൃത്തും 'ഡൗണ്‍ ടു എര്‍ത്തി'ന്റെ എഡിറ്ററുമായ സുനിതാ നാരായണ്‍ ഒരിക്കല്‍ പറഞ്ഞത് ഓര്‍ത്തുപോകുന്നു. ''മണ്‍സൂണുകളില്‍ ശരാശരി 3,000 മില്ലി മീറ്റര്‍ മഴ ലഭിക്കുന്ന മലയാളികള്‍ക്ക് വെള്ളത്തിന്റെ വിലയറിയില്ല. നിങ്ങള്‍ രാജസ്ഥാന്റെ അനുഭവങ്ങളില്‍നിന്ന് പാഠങ്ങള്‍ പഠിക്കണം. അവര്‍, മഴവെള്ളം കടലിലേക്കൊഴുകിപ്പോവുന്നത് തടഞ്ഞ്, ഓരോ തുള്ളിയും നിധിപോലെ സംരക്ഷിക്കുന്നു. സംഭരിച്ച് സൂക്ഷിക്കുന്നു.'' മഴവെള്ളസംഭരണത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാന്‍ മാതൃഭൂമി പത്രം 1996-ല്‍ പ്രചാരണപരിപാടി നടത്തിയിരുന്നു. പ്രസ്തുത പ്രചാരണത്തിന്റെ മുദ്രാവാക്യം, 'പലതുള്ളി പെരുവെള്ളം' എന്നുതന്നെയായിരുന്നുവെന്നും സാന്ദര്‍ഭികമായിവിടെ കുറിക്കട്ടെ.

നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാടിന്റെ മഴവെള്ളസംഭരണ പരിപാടികള്‍പോലും കേരളത്തേക്കാള്‍ മികച്ചതാണ്. 2003-ല്‍, പഴയതും പുതിയതുമായ എല്ലാ കെട്ടിടങ്ങളിലും മഴവെള്ളസംഭരണത്തിനാവശ്യമായ സംവിധാനമൊരുക്കണമെന്ന് അനുശാസിക്കുന്ന ഒരു ഓര്‍ഡിനന്‍സ് തമിഴ്‌നാട് സര്‍ക്കാര്‍ പാസാക്കിയിരുന്നു. അതുവഴി കടലിലേക്ക് ഒഴുകിപ്പോയിരുന്ന മഴവെള്ളത്തിന്റെ 42 ശതമാനത്തോളം ഭൂമിക്കടിയില്‍ സംഭരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. 

ചെന്നൈ നഗരത്തില്‍മാത്രം 150 ചതുരശ്ര കി.മീ. പ്രദേശത്ത് മഴവെള്ളം സംഭരിച്ച് സൂക്ഷിച്ചിരിക്കുന്നതായി സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു. തമിഴ്‌നാട്ടില്‍ മഴവെള്ളക്കൊയ്ത്ത് ഒരു ജനകീയപ്രസ്ഥാനമായി വളര്‍ന്നുകഴിഞ്ഞിട്ടുണ്ട്. കേരളത്തില്‍ ലഭിക്കുന്ന മഴയേക്കാള്‍ കുറവ് മഴ മാത്രമേ പൊതുവേ വരണ്ട സംസ്ഥാനമെന്ന് വിശേഷിപ്പിക്കപ്പെട്ടുവരുന്ന തമിഴ്‌നാടിന് ലഭിക്കുന്നുള്ളൂ എന്ന കാര്യം ഇവിടെ പ്രത്യേകം ഓര്‍ക്കണം. 
മഴവെള്ളസംഭരണകാര്യത്തില്‍ തമിഴ്‌നാട് മാത്രമല്ല, കര്‍ണാടക സംസ്ഥാനവും കേരളത്തെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ്. 2012-ല്‍ കര്‍ണാടക നിയമസഭയില്‍ അവതരിപ്പിക്കപ്പെട്ട ഒരു ബില്ലില്‍ മഴവെള്ളസംഭരണം മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ പ്രദേശങ്ങളില്‍ നിര്‍ബന്ധമാണെന്ന് അനുശാസിച്ചിട്ടുണ്ട്. 1200 ചതുരശ്രയടി മുതല്‍ വിസ്തീര്‍ണമുള്ള കെട്ടിടങ്ങളുടെ ഉടമകള്‍ മഴവെള്ളസംഭരണത്തിനുള്ള സംവിധാനങ്ങള്‍ ഒരുക്കണമെന്ന് പ്രസ്തുതബില്ലില്‍ വ്യവസ്ഥചെയ്തിട്ടുണ്ട്. അങ്ങനെ സംഭരിക്കുന്ന വെള്ളം പുനരുപയോഗപ്പെടുത്തുകയോ ഭൂഗര്‍ഭജലത്തെ റീചാര്‍ജ്‌ചെയ്യാന്‍ വിനിയോഗിക്കുകയോ ചെയ്യാവുന്നതാണ്. ഹിമാചല്‍പ്രദേശ്, ഗുജറാത്ത്, ഹരിയാണ, രാജസ്ഥാന്‍, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലും മഴവെള്ളസംഭരണത്തിന് വര്‍ഷങ്ങള്‍ക്കുമുന്‍പുതന്നെ നിയമനിര്‍മാണം നടത്തിയിട്ടുണ്ടെന്നുകൂടി ഇവിടെ കുറിക്കട്ടെ.

കേരള സര്‍ക്കാറും മഴവെള്ളക്കൊയ്ത്ത് സംബന്ധിച്ച് 2004-ല്‍ത്തന്നെ 'കേരള മുനിസിപ്പാലിറ്റി ബില്‍ഡിങ് (ദേഭഗതി) നിയമം' എന്ന പേരില്‍ നിയമനിര്‍മാണം നടത്തിയിരുന്നു. വസതികള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ആസ്​പത്രികള്‍, അസംബ്ലി, ഓഫീസ്, ബിസിനസ് കെട്ടിടങ്ങള്‍ എന്നിവയുടെ മട്ടുപ്പാവുകളില്‍ വീഴുന്ന മഴവെള്ളം ടാങ്കുകളില്‍ സംഭരിച്ച് സംരക്ഷിക്കുക എന്നതായിരുന്നു പ്രസ്തുത നിയമത്തിന്റെ കാതല്‍. ഓലമേഞ്ഞ കെട്ടിടങ്ങളെ മാത്രമാണ് ഈ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയിരുന്നത്.

പുതുതായി നിര്‍മിക്കുന്ന കെട്ടിടങ്ങളില്‍ മഴവെള്ളസംഭരണം നിര്‍ബന്ധമാക്കിയിരുന്നു. ജലസംഭരണവും ഭൂഗര്‍ഭജല റീച്ചാര്‍ജിങ്ങും ആരോഗ്യകരമായ സാഹചര്യത്തില്‍ വേണം നടപ്പാക്കുക എന്നും നിയമം അനുശാസിക്കുന്നു. കേരള ജല അതോറിറ്റി, ജലനിധി എന്നീ സ്ഥാപനങ്ങളെ മഴവെള്ളക്കൊയ്ത്തിനായി ഫലപ്രദമായി ഉപയോഗിക്കണമെന്നും നിയമത്തില്‍ വ്യവസ്ഥയുണ്ടായിരുന്നു. ഇതോടനുബന്ധിച്ച് 8,750 കിണറുകള്‍ ഉപയോഗപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ഈ ദൗത്യത്തില്‍ പങ്കുചേരുമെന്ന് വ്യക്തമാക്കുകയുണ്ടായി. 2004-ലെ നിയമത്തിന് 2006-ലും 2009-ലും ഭേദഗതികള്‍ നിര്‍ദേശിക്കപ്പെട്ടു. 2006-ലെ ഭേദഗതിയനുസരിച്ച് അഞ്ച് സെന്റ് (200 ചതുരശ്രമീറ്റര്‍) വിസ്തീര്‍ണത്തിലുള്ള വസതിയിലും ജലസംഭരണി സ്ഥാപിക്കണമെന്ന് അനുശാസിച്ചിരുന്നു. 2009-ലെ ഭേദഗതി 320/150 ചതുരശ്രമീറ്റര്‍ എന്നനിലയില്‍ വീടുനില്‍ക്കുന്ന സ്ഥലത്തിന്റെ വിസ്തീര്‍ണം പുനഃക്രമീകരിക്കുകയുണ്ടായി. ഇങ്ങനെയൊക്കെ നിയമനിര്‍മാണം നടന്നുവെങ്കിലും വഞ്ചിയിപ്പോഴും തിരുനക്കരെത്തന്നെ!

2013, മേയ് 9, വ്യാഴാഴ്‌ച

"നിത്യ ഹരിത ഭൂമി വീണ്ടെടുക്കപ്പെട്ട പ്രക്രതി "


യൂത്ത് ലീഗ് പരിസ്ഥിതി വാരാചരണം ജൂണ്‍ 5 മുതല്‍
കോഴിക്കോട്: പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ അത്യന്തം ഗുരുതരമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജൂണ്‍ 5 മുതല്‍ 12 വരെ പരിസ്ഥിതി വാരാചരണം സംഘടിപ്പിക്കാന്‍ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റ് ജനറല്‍ സെക്രട്ടറിമാരുടെയും യോഗം തീരുമാനിച്ചു.

ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5ന് ഓരോ യൂത്ത് ലീഗ് പ്രവര്‍ത്തകനും ഒരു വൃക്ഷത്തൈ നട്ടുകൊണ്ടാണ് പരിസ്ഥിതി വാരാചരണത്തിന് തുടക്കം കുറിക്കുക. കാമ്പയിന്റെ ഭാഗമായി സമൂഹത്തില്‍ പാരിസ്ഥിതിക അവബോധം വളര്‍ത്തുന്നതിനും പ്രകൃതി വിഭവങ്ങളുടെ സംരക്ഷണത്തിനും വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കും.

ഇതിനായുള്ള സന്നദ്ധ സേവന പ്രവര്‍ത്തനത്തിന് ഒരോ യൂണിറ്റിലും ഐഡിയല്‍ യൂത്ത് കോര്‍ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങും.
പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി ഓരോ പഞ്ചായത്തിലും മണ്ണിന്റെയും ജലത്തിന്റെയും സംരക്ഷണത്തിനായി യൂത്ത് ലീഗിന്റെ കീഴില്‍ ജാഗ്രതാ സമിതിക്ക് രൂപം നല്‍കും.

വായു, വെള്ളം. പുഴ, മണ്ണ് തുടങ്ങിയവയുടെ നശീകരണത്തിനെ തിരെയുള്ള സന്നദ്ധ സേനയായിരിക്കും ഈ ജാഗ്രതാ സമിതികള്‍. വൃക്ഷത്തൈ നടുക, ജലസംഭരണത്തിനായി മഴക്കുഴികള്‍ നിര്‍മ്മിക്കുക എന്നീ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. കേരളത്തിന്റെ ജൈവവൈവിധ്യത്തെ നിലനിര്‍ത്താന്‍ ഉപയോഗ ശൂന്യമായ പൊതു സ്ഥലങ്ങളില്‍ വനവത്കരണം നടത്തും.

ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും. ജലജന്യ രോഗങ്ങളുടെ നിര്‍മ്മാര്‍ജ്ജനത്തിനും കൊതുകു നിവാരണത്തിനുമായി ഓരോ വീട്ടു പരിസരത്തും ആവശ്യമായ മുന്‍കരുതല്‍ നടപടിക്കും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കും.

യോഗത്തില്‍ പ്രസിഡണ്ട് പി.എം സാദിഖലി അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ സംഘടനാകാര്യങ്ങള്‍ വിശദീകരിച്ചു.

2013, മേയ് 5, ഞായറാഴ്‌ച

എണ്ണയുടെ നാട്ടില്‍ ഒരു സൗരോര്‍ജ നിലയംPosted on: 04 May 2013

ചിത്രങ്ങളും എഴുത്തും: രമേഷ് മോനോന്‍[എണ്ണയുടെ നാട്ടില്‍ സൗരോര്‍ജ നിലയമോ! അതെ, യുണൈറ്റഡ് അറബ് എമിരൈറ്റിലെ ഷാംസ് സൗരോര്‍ജ നിലയം, ലോകത്തിലെ തന്നെ ഏറ്റവും വലിയ സൗരോര്‍ജ നിലയങ്ങളിലൊന്നാണ്. അബുദാബിയില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ഷാംസ് നിലയം കഴിഞ്ഞ മാര്‍ച്ച് 17 നാണ് പ്രവര്‍ത്തനമാരംഭിച്ചത്.

പാരബോളിക് ട്രഫ് ടെക്‌നോളജി ഉപയോഗിക്കുന്ന ഷാംസ് 1 ( Shams 1 ) ആണ് ഇപ്പോള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ള ആദ്യഘട്ടം. സൗരോര്‍ജത്തെ താപോര്‍ജമായി പരിവര്‍ത്തനം ചെയ്ത് അതുപയോഗിച്ച് 100 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ഷാംസ് 1 ന് സാധിക്കും. ഷാംസ് 2, ഷാംസ് 3 സ്‌റ്റേഷനുകള്‍ താമസിയാതെ കമ്മീഷന്‍ ചെയ്യും.

ഷാംസ് 1 നിലയത്തില്‍ 100 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുക വഴി, പ്രതിവര്‍ഷം 175,000 ടണ്‍ കാര്‍ബണ്‍ഡയോക്‌സയ്ഡ് അന്തരീക്ഷത്തില്‍ വ്യാപിക്കുന്നത് ചെറുക്കാനാകുമെന്നാണ് കണക്ക്. 20,000 ഭവനങ്ങളില്‍ വെളിച്ചമെത്തിക്കാന്‍ ഇത്രയും വൈദ്യുതികൊണ്ട് കഴിയും.

സൗരോര്‍ജം ആഗിരണം ചെയ്യാന്‍ 258,048 പരാബോളിക് ട്രഫ് ദര്‍പ്പണങ്ങള്‍ ഷാംസ് 1 നിലയത്തിലുണ്ട്. ഈ ദര്‍പ്പണങ്ങളും അനുബന്ധ ഉപകരണങ്ങളുമെല്ലാംകൂടി രണ്ടര ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് വ്യാപിച്ചിരിക്കുന്നു.

അബുദാബി ഫ്യൂച്ചര്‍ എനര്‍ജി കമ്പനിക്ക് കീഴിലുള്ള ഷാംസ് പവര്‍ കമ്പനിയാണ് ഈ സൗരോര്‍ജ നിലയം നിര്‍മിച്ചത്. സ്പാനിഷ്, ഫ്രഞ്ച് കമ്പനികള്‍ നിര്‍മാണത്തില്‍ സഹകരിച്ചു.


2013, മേയ് 2, വ്യാഴാഴ്‌ച

വൈദ്യുത പ്രതിസന്ധി പരിഹരിക്കുവാന്‍ സര്‍ക്കാറും ജനങ്ങളും ചെയ്യേണ്ടത്‌Vishwabahdrananda shakthibodhiവൈദ്യുതിയാണ് ഇന്നത്തെ കേരളത്തിലെ ഏറ്റവും വലിയ പ്രശ്‌നം. മഹാരാഷ്ട്ര, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പതിവുള്ളതുപോലെ ആറുമണിക്കൂര്‍ വൈദ്യുത ബന്ധ വിച്ഛേദനം  നടപ്പാക്കിയാലല്ലാതെ ഇന്നത്തെ നിലയില്‍ കേരളത്തിന്റെ വൈദ്യുത പ്രതിസന്ധി മറികടക്കാനാവില്ല എന്നത്രേ വൈദ്യുത മന്ത്രി തന്നെ പറയുന്നത്! ഉപഭോഗത്തിനനുസരിച്ച് ഉല്പാദനം വര്‍ധിക്കുന്നില്ല എന്നതാണ് വൈദ്യുത പ്രതിസന്ധിയുടെ മൂലകാരണം. അതിനാല്‍ ഉല്പാദനം വര്‍ധിപ്പിക്കുവാന്‍ എന്തുചെയ്യണം എന്നതിനെ കേന്ദ്രീകരിച്ചാണ് ചര്‍ച്ചകളും നടപടികളും ഉണ്ടാവേണ്ടത്. കേരളത്തില്‍ വേണ്ടത്ര ഊക്കോടെയും ഊന്നലോടെയും നടക്കാത്തതും അത്തരം ചര്‍ച്ചകളാണ്. വല്ല വിധേനയും അഞ്ചു വര്‍ഷം ഭരണത്തിലിരിക്കാനുള്ള ചൊടുക്കു വിദ്യകള്‍ കാണിക്കുക എന്നതിനപ്പുറം ഭാവിയെ കരുപ്പിടിപ്പിക്കുന്നതിനുള്ള ഉള്‍ക്കാഴ്ചയോടെ ക്ഷമാപൂര്‍വം കാര്യങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പാക്കുന്ന രീതി കേരളത്തിലെ രാഷ്ട്രീയക്കാര്‍ക്ക് പൊതുവേ പതിവില്ല. ഇതിനുള്ള തെളിവ് ഗതാഗത മേഖലയില്‍ തന്നെയുണ്ട്. ഇത്രയും ദൈര്‍ഘ്യമേറിയ കടലോരത്തോടുകൂടിയ ഒരു ഭൂപ്രദേശം ലോകത്തുതന്നെ അപൂര്‍വമായിരുന്നിട്ടും കേരളത്തില്‍ കടലോരത്തോടു ബന്ധപ്പെടുത്തി പ്രവര്‍ത്തിക്കുന്ന ഒരു ജലഗതാഗത സര്‍വീസുപോലും ഇനിയും വികസിപ്പിച്ചെടുക്കാന്‍ ഭരണധുരന്ധരന്മാര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇത്തരം പദ്ധതികള്‍ വിഭാവനം ചെയ്യാനും നടപ്പിലാക്കാനുമുള്ള സര്‍ഗാത്മകമായ സാഹസികതയുടേയും ഇച്ഛാശക്തിയുടെയും അഭാവം നമ്മുടെ വൈദ്യുതോല്പാദന മേഖലയിലും ഉണ്ട്. നദീമൂലത്തെ അണക്കെട്ടില്‍ സംഭരിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള ചെറുതും വലുതുമായ പദ്ധതികളുടെ നടത്തിപ്പിനും അറ്റകുറ്റ പണികള്‍ക്കുമായി പണവും സമയവും അളവറ്റ നിലയില്‍ ചെലവിട്ടു വരുന്ന നമ്മുടെ സംസ്ഥാനം, കടല്‍ത്തിരകളുടെ പ്രഹരശക്തിയെ വൈദ്യുതിയാക്കി രൂപാന്തരപ്പെടുത്തുന്നതിനുള്ള ചെറിയൊരു പദ്ധതിപോലും ആവിഷ്‌കരിച്ചു നടപ്പാക്കുവാന്‍ കാര്യക്ഷമമായ യാതൊരു നീക്കവും ഇന്നേവരെ നടത്തിയിട്ടില്ല. നമ്മുടെ ശാസ്ത്രജ്ഞന്മാര്‍ക്കും എന്‍ജിനീയര്‍മാര്‍ക്കും ഇത്തരം പദ്ധതികള്‍ ആസൂത്രണം ചെയ്യാനും വിജയകരമാക്കി തീര്‍ക്കാനും വേണ്ടുന്ന തലച്ചോറില്ലേ?
അഴിവും ഒഴിവും അറ്റ കടല്‍ത്തിര പോലെതന്നെ കേരളത്തില്‍ സുലഭമായി ലഭിക്കുന്ന മറ്റൊരു ഊര്‍ജ സ്രോതസ്സാണ് സൂര്യപ്രകാശം! സൗരോര്‍ജ പാനലുകള്‍ ഉപയോഗിച്ച് കഷ്ടിച്ച് രണ്ടുലക്ഷം രൂപ ചെലവില്‍ സ്വയം രൂപകല്പന ചെയ്ത വൈദ്യുതോല്പാദന സംവിധാനത്തിലൂടെ സ്വന്തം വീട്ടാവശ്യങ്ങള്‍ക്ക് ആവശ്യമായത്രയും വൈദ്യുതി ഉല്‍പാദിപ്പിക്കുവാനും ഫ്രിഡ്ജും എ സിയും വാട്ടര്‍ഹീറ്ററും ഉള്‍പ്പെടെ സകലവും യഥേഷ്ടം പ്രവര്‍ത്തിപ്പിക്കുവാനും രവീന്ദ്ര നായര്‍ എന്ന ഒരു എഞ്ചിനീയര്‍ തിരുവനന്തപുരത്തു വിജയിച്ചു! ഇത്തരം പരീക്ഷണങ്ങളെ മാതൃകയാക്കിയെടുത്ത് കേരളത്തിലെ ഓരോ കെട്ടിട മേലാപ്പിലും സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് ആവശ്യത്തിനു വൈദ്യുതി ഉല്‍പ്പാദിപ്പിക്കുവാന്‍ കേരളത്തിനാകും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളെ മാത്രം സോളാര്‍ സംവിധാനമുപയോഗിച്ചുള്ള വൈദ്യുതോല്‍പാദനത്തിനായി സജ്ജീകരിച്ചാല്‍ മാത്രം വേണ്ടത്ര വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാകും. മുടക്കുമുതല്‍ കൂടുതലാകുമെങ്കിലും വൈദ്യുതിക്ക് മുടക്കമില്ലാത്ത കേരളം ഉണ്ടാകുവാന്‍ സൗരോര്‍ജത്തെയും കടല്‍ത്തിരകളേയും ആശ്രയിച്ചുകൊണ്ടുള്ള വൈദ്യുതോല്പാദനത്തിലേക്ക് നമ്മുടെ ശ്രദ്ധ തിരിഞ്ഞേ പറ്റൂ.
വേണ്ടത്ര വൈദ്യുതിയില്ലാതെ കാര്‍ഷികവും വ്യാവസായികവും വിനോദസഞ്ചാരപരവുമായ വികസനമൊന്നും സാധ്യമാകില്ലെന്നും വികസനവാദികളായ രാഷ്ട്രീയനേതൃത്വങ്ങള്‍ തിരിച്ചറിയണം! ഇതുകൂടാതെ ഒരൊറ്റ നഗരമെന്നു തോന്നാവുന്ന നിലയില്‍ മാറിക്കൊണ്ടിരിക്കുന്ന കേരളം പ്രതിദിനം പുറത്തേക്കു തള്ളുന്ന വിസര്‍ജ്യമായ മാലിന്യക്കൂമ്പാരത്തിലെ ജൈവ മാലിന്യങ്ങളെ സംഭരിച്ച്, ബയോഗ്യാസാക്കി  രൂപാന്തരപ്പെടുത്തി, അതില്‍ നിന്നു വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനുള്ള ചെറുതും വലുതുമായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള പ്രേരണയും സഹായവും നിര്‍ദേശങ്ങളും നഗരസഭകള്‍ക്കും പഞ്ചായത്തുകള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും ഉണ്ടാക്കുന്നതിനു വേണ്ടുന്ന മാര്‍ഗരേഖകളും വിദഗ്ധര്‍ പുറപ്പെടുവിക്കണം! ഇതുവഴി മാലിന്യപ്രശ്‌നത്തേയും വൈദ്യുത പ്രശ്‌നത്തേയും വലിയ അളവില്‍ പരിഹരിക്കാനാവും! ഇങ്ങനെ ചെയ്യാവുന്നതുപോലും ചെയ്യാതേയും ചെയ്യേണ്ടത് എന്തെന്ന് ഗൗരവത്തോടെ ചിന്തിച്ചു നടപടിയെടുക്കാതേയും വൈദ്യുത കമ്മിയെപ്പറ്റി കരഞ്ഞു നിലവിളിച്ചും കാതരഭാഷയില്‍ വൈദ്യുതി ബോര്‍ഡ് നഷ്ടത്തിലാണെന്നും സ്വകാര്യവത്കരണമല്ലാതെ പോംവഴിയില്ലെന്നും വൈദ്യുതകമ്മി നികത്താന്‍ ആണവ വൈദ്യുതിയെ ആശ്രയിക്കാതെ വയ്യെന്നും ഒക്കെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഏതൊരു നടപടിയും ജനജീവിതത്തിനും ജനാധിപത്യത്തിനും പരിസ്ഥിതിക്കും ദ്രോഹം ചെയ്യുന്നതു മാത്രമാണ്.
രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥന്മാര്‍ക്കും കീശ വീര്‍പ്പിക്കുന്നതിനുള്ള കോഴപ്പണം ആണവ വൈദ്യുതി നിലയങ്ങള്‍ നടപ്പാക്കാന്‍ തീരുമാനിച്ചാല്‍ കിട്ടും. പക്ഷേ സൂര്യനില്‍ നിന്നോ കടല്‍ത്തിരകളില്‍ നിന്നോ മാലിന്യങ്ങളില്‍ നിന്നോ  വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ ശ്രമിച്ചാല്‍ ഒരു ചില്ലിക്കാശുപോലും കോഴ കിട്ടില്ല. ഇതു പോലെ വൈദ്യുതമേഖല സ്വകാര്യവത്കരിച്ചാലല്ലാതെ പ്രതിസന്ധി പരിഹരിക്കാനാവില്ലെന്ന സ്ഥിതി വരുത്തിയാലും കേരളത്തിന്റെ  വൈദ്യുതമേഖല ഏറ്റെടുക്കാന്‍ കാത്തുനില്ക്കുന്നവരില്‍നിന്നു കൈക്കോഴ കിട്ടും.ചുരുക്കത്തില്‍ ‘കമ്മീഷന്‍ കിട്ടില്ല’ എന്നതല്ലാതെ മറ്റൊരു മതിയായ കാരണവും ആണവേതര വൈദ്യുതോല്പാദനത്തിലൂടെ വൈദ്യുതമേഖലയെ സ്വയം പര്യാപ്തമാക്കി പൊതുമേഖലയില്‍ നിലനിര്‍ത്തുന്ന നടപടികള്‍ കൈക്കൊള്ളുവാന്‍ തടസ്സമായിട്ടില്ല എന്നതാണു വാസ്തവം! കോഴ കിട്ടുന്നതിനു വഴിയുള്ള കാര്യങ്ങള്‍ മാത്രമേ ചെയ്യൂ എന്ന ‘കീഴ് വഴക്ക’ത്തില്‍നിന്ന് വിമുക്തരായ ഒരു രാഷ്ട്രീയ നേതൃത്വം വിചാരിച്ചാല്‍ പരിഹരിക്കാവുന്ന പ്രതിസന്ധികളേ ഇപ്പോഴും നമ്മുടെ വൈദ്യുത ഉല്പാദന-വിതരണ മേഖലയിലുളളൂ.  ഇതുവരെ സൂചിപ്പിച്ചത് കേരളത്തിലെ വൈദ്യുതി രംഗവുമായി ബന്ധപ്പെട്ട് ഭാവിയില്‍ ഫലം ചെയ്യാവുന്ന കാര്യങ്ങളെ കുറിച്ചാണ്. ഉടനടി ഫലം പുറപ്പെടുവിക്കാവുന്ന ചില കാര്യങ്ങള്‍ കൂടി ചെയ്യേണ്ടതുണ്ട്. അതാകട്ടെ ചെയ്യേണ്ടത് ജനങ്ങളാണ്. മൊബൈലും കംപ്യൂട്ടറും ഉള്‍പ്പെടെയുള്ള സാങ്കേതികോപകരണങ്ങള്‍ കാറിലോ മറ്റോ സഞ്ചരിക്കുമ്പോള്‍ അതില്‍ നിന്നുതന്നെ റീചാര്‍ജ് ചെയ്യുന്നതിനുളള സംവിധാനവും ശ്രദ്ധയും ജനങ്ങള്‍ കൈക്കൊള്ളണം. ഇതുവഴി ‘പലതുള്ളി പെരുവെള്ളം’ എന്ന  ന്യായേന സാരമായ വൈദ്യുതോപഭോഗ കമ്മി ഉണ്ടാക്കാനാവും! ഇതുപോലെ ഇസ്തിരിയിടുന്നതിന് വൈദ്യുതി ഉപയോഗിക്കാതെ ചിരട്ട കത്തിച്ച കനലാല്‍ ചൂടുപിടിപ്പിക്കാവുന്ന നാടന്‍ തേപ്പുപെട്ടികള്‍ ഉപയോഗിക്കാനും ശ്രമിക്കണം. വാര്‍ഡുകള്‍ തോറും ഇത്തരം തേപ്പുപെട്ടികള്‍ ഉപയോഗിച്ച് മിതമായ നിരക്കില്‍ വസ്ത്രങ്ങള്‍ ഇസ്തിരിയിട്ടു കൊടുക്കുന്ന ഒരു ഉന്തുവണ്ടി സംവിധാനം പഞ്ചായത്തുകള്‍ ഉള്‍പ്പെടെയുള്ള പ്രാദേശിക ഭരണകൂടങ്ങള്‍ വഴി നടപ്പാക്കുന്നതും ജനോപകാരപ്രദമായ വൈദ്യുതോപഭോഗ നിയന്ത്രണ നടപടിയാകും. പട്ടികളെ പിടിയ്ക്കാന്‍ പ്രതിവര്‍ഷം ആളുകളെ കൂലികൊടുത്ത് ഏര്‍പ്പെടുത്തുവാന്‍ അധികാരമില്ലാതെ വരില്ലല്ലോ. വേണമെന്നു വെച്ചാല്‍ ചെയ്യാവുന്നതാണ് ഇക്കാര്യം. ഇത്തരം പണികള്‍ ചെയ്യാന്‍ മാന്യനായ മലയാളി തയ്യാറാവില്ലെങ്കിലും എന്തും ചെയ്യാന്‍ തയ്യാറുള്ള അന്യ സംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ സുലഭമാണല്ലോ. ഇസ്തിരിയിടുന്ന തൊഴില്‍ ചെയ്യാന്‍ മലയാളി തയ്യാറാവില്ലെങ്കിലും അന്യ സംസ്ഥാനത്തൊഴിലാളികളെ കരാര്‍ വ്യവസ്ഥയില്‍ ഏര്‍പ്പെടുത്തി ഇസ്തിരിയിടുവിപ്പിക്കുന്ന കോണ്‍ട്രാക്ടറാവാന്‍ മലയാളി തയ്യാറായിരിക്കും. അതിനാല്‍ ആ വഴിക്കും പരിശ്രമിക്കാവുന്നതാണ്. ഇതിനേക്കാളെല്ലാം ഉപരിയായി രാത്രികാലങ്ങളില്‍ ക്രൈസ്തവ–ഹൈന്ദവ ദേവാലയങ്ങള്‍ ശ്രീനാരായണഗുരു പ്രതിഷ്ഠകള്‍ എന്നിവയെ കേന്ദ്രീകരിച്ച്  കത്തിക്കുന്ന അലങ്കാരദീപങ്ങള്‍ വഴിയായുള്ള വൈദ്യുതധൂര്‍ത്ത് നിയന്ത്രിക്കണം.
വീടുവെയ്പ്, വിവാഹം എന്നിവയെപ്രതി നടന്നുവരുന്ന ധൂര്‍ത്തടിക്കെതിരെ ജനങ്ങളെ ഉദ്‌ബോധിപ്പിക്കുന്ന ധാര്‍മിക സ്ഥാപനങ്ങള്‍, അലങ്കാരാര്‍ഥം വിളക്കുകള്‍ കത്തിച്ച് വൈദ്യുതി ധൂര്‍ത്തടിക്കുന്നത് സ്വയം നിയന്ത്രിക്കണം. വൈദ്യുതി ഉപയോഗമൊക്കെ നിലവില്‍ വരുന്നതിനു മുന്നേ തന്നെ നിലവിലുള്ളതാണ് ദൈവഭക്തരും ആരാധനാലയങ്ങളും എന്നതിനാല്‍ അലങ്കാരദീപങ്ങള്‍ ഉപയോഗിക്കാതിരുന്നാല്‍ സാരമായ ഒരു ഗ്ലാനിയും ദൈവഭക്തിക്കോ ആരാധനാലയങ്ങള്‍ക്കോ സംഭവിക്കുകയില്ലെന്നും മതമേലധ്യക്ഷന്മാരും എസ് എന്‍ ഡി പി പോലുള്ള ധാര്‍മിക പ്രസ്ഥാനങ്ങളും തിരിച്ചറിയണം. നാട് വൈദ്യുതദാരിദ്ര്യം അനുഭവിക്കുമ്പോള്‍ വൈദ്യുതി അനാവശ്യമായി പാഴാക്കി അലങ്കാര ദീപങ്ങള്‍ കത്തിക്കേണ്ടതില്ലെന്നു തീരുമാനിക്കുവാനുള്ള ധാര്‍മികമാതൃക മതമേലധ്യക്ഷന്മാരും ശ്രീനാരായണീയ പ്രസ്ഥാനക്കാരുമൊക്കെ കാണിക്കണം. അലങ്കാര ദീപങ്ങള്‍ കത്തിച്ച് വൈദ്യുതി പാഴാക്കുന്ന ഏര്‍പ്പാട് മുസ്‌ലിംകള്‍ക്കിടയില്‍ നന്നേ കമ്മിയാണ്. ഇക്കാര്യം തിരിച്ചറിയാന്‍ രാത്രികാലങ്ങളില്‍ നാഷണല്‍ ഹൈവേയിലൂടെ സഞ്ചരിച്ചാല്‍ മാത്രം മതിയാകും. പവര്‍കട്ടിനെ ഏറ്റവും കൂടുതല്‍ ശപിക്കുന്ന വ്യാപാരികള്‍, അവരില്‍ തന്നെ തുണി, സ്വര്‍ണം, ഫര്‍ണിച്ചറുകള്‍, സാനിറ്ററികള്‍ എന്നിവ കച്ചവടം ചെയ്യുന്നവര്‍ ആണ് വൈദ്യുതി കമ്മി അനുഭവിക്കുന്ന കേരളസംസ്ഥാനത്ത് വൈദ്യുതി പാഴാക്കിക്കളയുന്ന വിധം അലങ്കാര ദീപങ്ങളാല്‍ സ്വന്തം സ്ഥാപനങ്ങള്‍ മൂടി വര്‍ണാഭമാക്കുന്നത്.
ഇതും നിയന്ത്രിക്കാന്‍  അവര്‍ സ്വമേധയാ തയ്യാറാകണം. ഇല്ലെങ്കില്‍ പവര്‍കട്ട് കൂടിക്കൂടി വരും. വൈദ്യുതി ധൂര്‍ത്തടിക്കുന്ന ജനത അവരെ തന്നെയാണ് ഇരുളിലേക്ക് തള്ളിവിടുന്നത്. ഇതു തിരിച്ചറിയാനുള്ള ജനാധിപത്യബോധം ദൈവഭക്തരും വ്യാപാരികളും ശ്രീനാരായണീയരും ഉള്‍പ്പെടുന്ന പ്രബുദ്ധ കേരളത്തില്‍ നിന്ന് ഉണ്ടാവേണ്ടതല്ലേ?

ഒരു ജനതയുടെ നാശത്തെക്കുറിച്ചുള്ള മുന്നറിയിപ്പ്‌hot summerകേരളം വേനല്‍ച്ചൂടില്‍ വെന്തുരുകുന്നു-മാധ്യമങ്ങളിലെ ഇപ്പോഴത്തെ പ്രമേയം മുഖ്യമായും ഇതാണ്. ചര്‍ച്ച ചൂടുപിടിക്കുന്നതിനൊപ്പം, രക്ഷകരായി, പരിഹാരത്തിനായി സര്‍ക്കാര്‍ ബദ്ധപ്പെട്ടിറങ്ങുന്നതിന്റെ ബഹളങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. അങ്ങനെ മാധ്യമങ്ങളും സര്‍ക്കാറുമൊന്നിച്ച് പതിവുപോലെ ഈ തീ വിഷയവും ആഘോഷിക്കുന്നു. കന്നുകാലികളോടൊപ്പം മിണ്ടാപ്രാണികളായ പീഡിതജനം ദാഹിച്ചും വിയര്‍ത്തും പൊള്ളലേറ്റും ഗതികിട്ടാതെ വലയുന്നു. ‘ഭരണം ഏതാവട്ടെ, തങ്ങള്‍ക്കു വിധിച്ചത് ദുരിതം തന്നെയെന്നു കരുതി മഴക്കാലത്തിനായി വേഴാമ്പലുകളെപ്പോലെ കാത്തുകിടക്കുകയാണ് അവര്‍.
ഏതു കേരളത്തെക്കുറിച്ചാണു നാം വേവലാതിപ്പെടുന്നത്? ആ വാക്ക് അര്‍ത്ഥമാക്കുന്ന ‘ഭൂമി ഇന്നില്ല. അതിന്റെ നാശം പൂര്‍ണമായിട്ട് കാലമേറെയായി. മലകളും പുഴകളും കാടും കാട്ടാറും വയലുകളും നെല്‍കൃഷിയും കായലുകളും നീര്‍ത്തടങ്ങളും മഴയും ഞാറ്റുവേലയും നെല്ലും കേരവൃക്ഷങ്ങളും ഗ്രാമങ്ങളുടെ പ്രശാന്തതയില്‍ ഇഴചേര്‍ന്നു മനോഹരമായിരുന്ന ആ കേരളം ഇന്ന് ഓര്‍മ മാത്രമായില്ലേ?
എങ്ങനെയാണ് ഈ അവസ്ഥ വന്നുപെട്ടത്? ഓര്‍ക്കാപ്പുറത്ത് സംഭവിച്ച ദൈവശാപമാണോ ഇത്? ക്ഷണിച്ചുവരുത്തിയ പ്രകൃതികോപമോ? അധികാരത്തിന്റെ ഒത്താശയ്ക്കുകീഴില്‍ കൊല്ലു ന്ന പണക്കൊതി തീര്‍ത്ത ദുരന്തമാണിതെന്നതില്‍ ആര്‍ക്കും സംശയമില്ല. ഈ രണ്ടു ശക്തികളും ചേര്‍ന്ന് കേരളമെന്ന സ്വര്‍ഗഭൂമിയെ നരകമാക്കി മാറ്റുകയായിരുന്നു.
വൃക്ഷങ്ങള്‍ വെട്ടിവീഴ്ത്തിയും കാടുകള്‍ നശിപ്പിച്ചും ഓരോ കുന്നും മുണ്ഡനം ചെയ്യാന്‍ തുടങ്ങിയിട്ടു വര്‍ഷങ്ങളായി. വയലേലകള്‍ മണ്ണിട്ടുമൂടി കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ പണിതു. നാടിന്റെ നെല്ലറകളായിരുന്ന കുട്ടനാടും പാലക്കാടും നശിച്ചുകൊണ്ടിരിക്കുന്നു. ഉറവ വറ്റിയും മണല്‍ മാഫിയകളുടെ കൈയേറ്റത്തിനിരയായും പുഴകള്‍ കണ്ണീര്‍ച്ചാലുകളായി. സാര്‍വത്രികമായ നശീകരണത്തിന് നിയമത്തിന്റെ കുടപിടിച്ചത് നമ്മെ മാറിമാറി ‘ഭരിച്ച ‘ഭരണകൂടങ്ങളായിരുന്നില്ലേ? ആര്‍ക്കുവേണ്ടിയായിരുന്നു ഇത്? ഇവിടുത്തെ ദരിദ്രകോടികള്‍ക്കുവേണ്ടിയായിരുന്നുവോ? തീര്‍ച്ചയായും ദുരിതമനുഭവിക്കുന്ന സാധാരണക്കാര്‍ക്കുവേണ്ടിയായിരുന്നില്ല. പകരം, ‘ഭൂമാഫിയകള്‍ക്കും പണക്കാര്‍ക്കും വേണ്ടിയായിരുന്നു. അധികാരത്തിലേറ്റുന്നത് ദരിദ്രജനമാണെന്നത് വാസ്തവം. അവരെ കക്ഷിപക്ഷപാതത്തിന്റെ മോഹനവലയത്തില്‍ തളച്ചിടാന്‍ ഓരോ കക്ഷിക്കും സാധിച്ചു. എല്ലാ പാര്‍ട്ടികളുടേയും നിലനില്പ് ഈ ആകര്‍ഷണമാണെന്ന് നേതൃത്വം തിരിച്ചറിയുന്നു. പക്ഷേ, ജനത്തിനു തങ്ങളുടെ വില ഒരിക്കലും തിരിച്ചറിയാനാവുന്നില്ല.
എന്നാല്‍, കേരളത്തിനു സ്വന്തമായിരുന്ന കേരളീയതയ്‌ക്കെതിരെ നടന്ന നിഷ്ഠൂരമായ ബലാത്കാരം കൈയുംകെട്ടി നോക്കിനില്ക്കാന്‍ ഓരോ കേരളീയനും എങ്ങനെ സാധിച്ചു? മലയാള’ഭാഷയെ കൈയൊഴിഞ്ഞ ഒരു ജനതയ്ക്ക് സ്വന്തം നാടിന്റെ സത്തയും പ്രശ്‌നമായില്ലെന്നു വന്നുവെന്നോ? ഈ അതിക്രമങ്ങള്‍ക്കെതിരില്‍ എന്തുകൊണ്ടു സമൂഹമന:സാക്ഷി ഉണര്‍ന്നെഴുന്നേറ്റില്ല? കേരളത്തിന്റെ ശരീരഭാഗങ്ങളില്‍ ഓരോന്നിലും പണക്കൊതി പിടിമുറുക്കിയിട്ടും അവര്‍ എന്തുകൊണ്ട് നിശബ്ദരായി നിന്നു? കാടുനശിപ്പിക്കുന്നതിനും വയല്‍ നികത്തുന്നതിനും മണല്‍ വാരി പുഴയെ കൊല്ലുന്നതിനും നീര്‍ത്തടങ്ങള്‍ മണ്ണിട്ടുമൂടുന്നതിനും എതിരില്‍ കര്‍ശനമായ നിയമങ്ങള്‍ നടപ്പാക്കാന്‍ രാഷ്ട്രീയക്കാരോ മതവിഭാഗങ്ങളോ പൊതുസമൂഹമോ ശക്തമായ സമ്മര്‍ദ്ദം എന്തുകൊണ്ട് ചെലുത്തുന്നില്ല? കക്ഷിപക്ഷപാതങ്ങളും ‘ഭരണപക്ഷം വീതിച്ചുനല്കുന്ന ജീവിതസൗകര്യങ്ങളും അത്രമാത്രം അവരെ സ്വാധീനിച്ചുവെന്നോ! മത-ദൈവ വിഷയങ്ങളില്‍ സംഘടിച്ചുപ്രവര്‍ത്തിക്കുന്ന വിശ്വാസികളുടെ വന്‍കൂട്ടായ്മകള്‍ ഇവിടെയുണ്ട്. നാടിന്റെ ഇത്തരം ജീവത്പ്രശ്‌നങ്ങളില്‍ എന്തുകൊണ്ട് അവരും താല്പര്യം കാണിച്ചില്ല? പരസ്പരമുള്ള ഗ്രൂപ്പ് വഴക്കുകള്‍ക്കു നല്കുന്ന പ്രാധാന്യംപോലും ഒരുവിഭാഗത്തില്‍നിന്നും ഉരുത്തിരിഞ്ഞുകണ്ടില്ല? സാംസ്‌കാരിക കൂട്ടായ്മകളുടെ കാര്യവും ഇതില്‍നിന്ന് ഏറെ വ്യത്യസ്തമല്ല. എല്ലാവരും അര്‍ത്ഥഗര്‍ഭമായ മൗനം കൊണ്ടും അലസമനോഭാവം കൊണ്ടും ജന്മനാടിന്റെ തിരോധാനത്തിനു കാരണക്കാരായവര്‍ക്കു കൂട്ടുനില്ക്കുകയായിരുന്നു.
നിശ്ചയദാര്‍ഢ്യമുള്ള, ‘ഭാവനാസമ്പന്നതയുള്ള സര്‍ക്കാറുകള്‍ക്ക് പുതിയ വികസനപ്രശ്‌നങ്ങളെ പ്രകൃതിക്കിണങ്ങുംവിധം സംയോജിപ്പിക്കാന്‍ സാധിക്കുമായിരുന്നില്ലേ? പ്രായോഗികമായ നിയമങ്ങള്‍കൊണ്ട് ഈ വിപത്ത് ഒഴിവാക്കാനും കഴിയുമായിരുന്നു. ജനപക്ഷത്തുനില്ക്കുന്ന രാഷ്ട്രീയക്കാര്‍ക്കും അധികാരത്തിന്റെയും പണത്തിന്റെയും സൗകര്യം വേണ്ടെന്നുവെയ്ക്കാന്‍ തീരുമാനിക്കുന്ന മത-സാംസ്‌കാരിക കൂട്ടായമകള്‍ക്കും മാതൃത്വത്തെ നിരാകരിക്കുന്ന ഈ ദുഷ്പ്രവണക്കെതിരെ വലിയതോതില്‍ ജന:ശക്തി സംഘടിപ്പിക്കുക സാധ്യമായിരുന്നു. പക്ഷേ, ഈ വഴിക്ക് ദുര്‍ബലമായ പാഴ്ശ്രമങ്ങള്‍ മാത്രമേ കാണാനായുള്ളൂ.
മലകളും പുഴകളും വനങ്ങളുമെല്ലാം ദൈവമഹിമയുടെ ചിഹ്നങ്ങളാണ്. പ്രകൃതിയുടെ ഈ വരദാനങ്ങള്‍ കാത്തുസൂക്ഷിക്കേണ്ടതു ണ്ടെന്ന് എല്ലാ വേദഗ്രന്ഥങ്ങളും മനുഷ്യസമൂഹത്തെ ഉണര്‍ത്തുന്നുണ്ട്. മാതൃഹൃദയംപോലെ നിഷ്‌കളങ്കമാണു പ്രകൃതി. പ്രകൃതിയുടെ അന്തകര്‍ മാതൃഹൃദയം ചുരത്തുന്ന മുലപ്പാലിന്റെ വിശുദ്ധി തിരിച്ചറിയാത്തവരാണ്. അതിനു നിയമത്തിന്റെ തണലൊരുക്കുന്നവരും അതു കണ്ടില്ലെന്നു വയ്ക്കുന്നവരുമായ നമ്മുടെ സമൂഹം ഒരേപോലെ അപരാധമാണു ചെയ്യുന്നത്. നാട് ധീരമായ യുവത്വത്തിനു വേണ്ടി കേഴുന്ന സന്നിഗ്ധാവസ്ഥയാണിത്. പക്ഷേ, നമ്മുടെ യുവത്വം കോര്‍പറേറ്റുമുതലാളിമാര്‍ ഒരുക്കിയ ആഘോഷത്തിന്റെ കളിക്കളങ്ങളില്‍ മഴനൃത്തമാടുകയോ കാണികളായി കൈയടിക്കുകയോ ചെയ്യുന്നു! കാലം ഉയര്‍ ത്തുന്ന സാമൂഹികധര്‍മം എന്തെന്നു തിരിച്ചറിയാനുള്ള വകതിരിവ് യുവത്വത്തിന് നഷ്ടമായപോലെയാണ്. വേനല്‍ച്ചൂടില്‍ പുളയുന്ന കേരളത്തിന്റെ ഉച്ചത്തിലുള്ള നിലവിളി ഒരു ജനതയുടെ നാശത്തെക്കുറിച്ചുള്ള മുന്നറിയിപ്പാണ്. അധികാരമോഹമോ പണക്കൊതിയോ വിഭാഗീയ സങ്കുചിതത്വമോ ബാധിക്കാത്ത ഒരു സംഘബോധത്തിന്റെ ഉയിര്‍ത്തെഴുന്നേല്പിനു മാത്രമേ സര്‍വനാശത്തിനുമുമ്പ് കേരളത്തെ വീണ്ടെടുക്കാനാവൂ.

- സി ടി അബ്ദുറഹീം

2013, ഏപ്രിൽ 23, ചൊവ്വാഴ്ച

തണ്ണീര്‍ത്തട സംരക്ഷണ അതോറിറ്റി രൂപവത്കരിക്കണം- ഹരിത എംഎല്‍എമാര്‍

ആലപ്പുഴ:വേമ്പനാട്ടുകായല്‍ സംരക്ഷണത്തിന് തണ്ണീര്‍ത്തട സംരക്ഷണ അതോറിറ്റി രൂപവത്കരിക്കണമെന്ന് ഹരിത എം.എല്‍.എ.മാരുടെ സംഘം ആവശ്യപ്പെട്ടു. വേമ്പനാട്ടുകായല്‍ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷം പാതിരാമണല്‍ദ്വീപില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. നെയ്യാര്‍ മുതല്‍ ചന്ദ്രഗിരിപ്പുഴ വരെയുള്ള പരിസ്ഥിതി സംരക്ഷണ അന്വേഷണ പരിപാടിയുടെ ഭാഗമായാണ് ഹരിത എം.എല്‍.എ.മാരായ വി.ഡി.സതീശന്‍, ടി.എന്‍.പ്രതാപന്‍, എം.വി.ശ്രേയാംസ്‌കുമാര്‍, വി.ടി.ബല്‍റാം എന്നിവര്‍ ആലപ്പുഴയില്‍ എത്തിയത്. 

വേമ്പനാട്ടുകായലിനെ ആധാരമാക്കി ഉപജീവനം നടത്തുന്നവര്‍ ടൂറിസം, പരിസ്ഥിതി സംരക്ഷണം എന്നിവയെല്ലാം പരിപോഷിപ്പിക്കുന്ന സമീപനമാണ് എടുക്കേണ്ടത്. നിലവില്‍ വേമ്പനാട്ടുകായലിലെ ഓരോ കാര്യത്തിനും വിവിധ വകുപ്പുകളുടെ അനുമതി വാങ്ങണം. റവന്യു, തുറമുഖം, ഇറിഗേഷന്‍ തുടങ്ങിയ വകുപ്പുകളെയെല്ലാം ഏകോപിപ്പിച്ച് വേമ്പനാട് തണ്ണീര്‍ത്തടം സംരക്ഷിക്കാന്‍ പ്രത്യേക അധികാരമുള്ള അതോറിറ്റിയാണ് ഉണ്ടാകേണ്ടത്.

38 പഞ്ചായത്തുകളിലെ 20 ലക്ഷത്തോളം ജനങ്ങള്‍ ആശ്രയിക്കുന്ന ഒരു ആവാസവ്യവസ്ഥയാണ് വേമ്പനാട്ടുകായല്‍. കാശ്മീരിലെ ദാല്‍ തടാകത്തിന്റെ അവസ്ഥ വേമ്പനാട്ടുകായലില്‍ ഉണ്ടാകാത്തവിധം ടൂറിസം വികസനം സാധ്യമാകണം. അത് കായലിനെ ചുറ്റിപ്പറ്റി കൃഷിയും മത്സ്യബന്ധനവും നടത്തി ജീവിക്കുന്നവരെയും സഹായിക്കുംവിധമാകണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സഹകരണത്തിലാകണം അതോറിറ്റി ഉണ്ടാകേണ്ടത്. അതില്‍ പരിസ്ഥിതിസംരക്ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും കര്‍ഷകരുടെയും പ്രതിനിധികള്‍ ഉണ്ടാകണമെന്നും എം.എല്‍.എ.മാര്‍ പറഞ്ഞു. സീ പ്ലെയിന്‍ പദ്ധതിയെസംബന്ധിച്ച് വിശദമായി പഠിച്ചശേഷം അഭിപ്രായം പറയാമെന്ന് അവര്‍ പറഞ്ഞു.

കേരളത്തിലെ പല പരിസ്ഥിതിപ്രശ്‌നങ്ങളിലും ചുരുങ്ങിയ കാലംകൊണ്ട് ഗുണഫലമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. നെല്ലിയാമ്പതി സംരക്ഷണം, എമര്‍ജിങ് കേരളയില്‍ 29 പരിസ്ഥിതിവിരുദ്ധ പദ്ധതികള്‍ മാറ്റാനായത്, എല്ലാ പാര്‍ട്ടികളിലും സമ്മര്‍ദം ചെലുത്തി ഗാഡ്ഗില്‍ കമ്മിറ്റി ഭാഗികമായി അംഗീകരിച്ചത്, വെള്ളം സ്വകാര്യവത്കരിക്കാനുള്ള നീക്കം തടസ്സപ്പെടുത്തിയത് എന്നിവയെല്ലാം ഇതില്‍ ചിലതാണെന്ന് എം.എല്‍.എ.മാര്‍ പറഞ്ഞു.

മുഹമ്മ കായിപ്പുറം ജെട്ടിയില്‍നിന്ന് വേമ്പനാട്ടുകായലിലൂടെ പാതിരാമണല്‍ സന്ദര്‍ശിച്ചശേഷം പരിസ്ഥിതി പ്രവര്‍ത്തകരുടെ അഭിപ്രായം ആരാഞ്ഞു. ഉച്ചയ്ക്കുശേഷം കായിപ്പുറം സഹൃദയവേദി വായനശാലയില്‍ കുട്ടികളുമായി സംവാദം നടത്തി. തുടര്‍ന്ന് തണ്ണീര്‍മുക്കം ബണ്ടും സന്ദര്‍ശിച്ചശേഷമാണ് എം.എല്‍.എ.മാര്‍ മടങ്ങിയത്.

മണ്ണിലെ കീടനാശിനി നീക്കാന്‍ യുവശാസ്ത്രജ്ഞയുടെ പദ്ധതി


Published on  23 Apr 2013

കോഴിക്കോട്:മണ്ണില്‍ കലര്‍ന്ന കീടനാശിനി അരിച്ചെടുത്ത് നീക്കം ചെയ്യാനുള്ള യുവശാസ്ത്രജ്ഞയുടെ ഹരിത പദ്ധതി ശ്രദ്ധേയമാകുന്നു. കോഴിക്കോട് സി.ഡബ്ല്യു.ആര്‍.ഡി.എമ്മിലെ റിസര്‍ച്ച് ഫെല്ലോ കെ. ജസിതയാണ് എന്‍ഡോസള്‍ഫാന്‍ നീക്കം ചെയ്യുന്ന പദ്ധതിക്ക് രൂപം നല്‍കിയിട്ടുള്ളത്.

ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ അംഗീകാരത്തോടെയാണ് തേഞ്ഞിപ്പലം സ്വദേശിനി ജസിതയുടെ ഗവേഷണം.

കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശങ്ങളില്‍ സി.ഡബ്ല്യു.ആര്‍.ഡി.എമ്മിനുവേണ്ടി നടത്തിയ പഠനങ്ങള്‍ക്കിടെയാണ് മണ്ണിലെ വിഷാംശം നീക്കുന്നതിനെപ്പറ്റി ജസിത ആലോചിച്ചത്.

ഉയര്‍ന്ന എന്‍ഡോസള്‍ഫാന്‍ സാന്ദ്രതയുള്ള മണ്ണില്‍ വിവിധ ഇനം ചെടികള്‍ നട്ടായിരുന്നു പരീക്ഷണം. നാടന്‍ ചെടികളാണ് നട്ടത്. രാമച്ചം, കമ്യൂണിസ്റ്റ് പച്ച, കീഴാര്‍ നെല്ലി തുടങ്ങിയവയും നട്ടു. ഇതില്‍ ചീര വലിയ തോതില്‍ മണ്ണിലെ വിഷാംശം വലിച്ചെടുക്കുന്നതായി തെളിഞ്ഞു.

ഇങ്ങനെ എന്‍ഡോസള്‍ഫാന്‍ വലിച്ചെടുത്ത ചീരയെ പ്രത്യേക പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുകയായിരുന്നു അടുത്ത ഘട്ടം. ബാസില്ലസ്, സ്യൂഡോമോണോസ് തുടങ്ങിയ ബാക്ടീരിയകള്‍ നിറച്ച പ്ലാന്‍റില്‍ കീടനാശിനി വലിച്ചെടുത്ത ചെടികളെ സംസ്‌കരിച്ചെടുത്തു. ബാക്ടീരിയകളുടെ ജൈവ രാസപ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ 16 ദിവസം കൊണ്ട് എന്‍ഡോസള്‍ഫാന്‍ പൂര്‍ണമായും നീക്കം ചെയ്യാനായി.

പുതിയ ബാക്ടീരിയകളുമായി ഗവേഷണം തുടരുകയാണ് ജസിത ഇപ്പോള്‍. ചില ബാക്ടീരിയകള്‍ വേഗത്തില്‍ എന്‍ഡോസള്‍ഫാനെ ഹൈഡ്രോകാര്‍ബണാക്കി നിര്‍വീര്യമാക്കുന്നതായി തെളിഞ്ഞിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

നാനോ ടെക്‌നോളജിയുടെ സഹായത്തോടെ മണ്ണില്‍ പുതഞ്ഞ കീടനാശിനികളെ കൂടുതല്‍ ഫലപ്രദമായി അരിച്ചെടുക്കാനുള്ള പരീക്ഷണങ്ങളാണ് ഇപ്പോള്‍ തുടരുന്നത്. കീടനാശിനികള്‍ നാശോന്മുഖമാക്കിയ മണ്ണിനെ വീണ്ടും ജീവന്‍ വെപ്പിക്കുന്ന വിധത്തില്‍ വ്യാപകമായി ഉപയോഗിക്കാവുന്ന ജൈവബദലുകള്‍ തേടുകയാണ് ജസിത.

കോഴിക്കോട് സി.ഡബ്ല്യു.ആര്‍.ഡി.എമ്മിലെ ഡോ. പി.എസ്. ഹരികുമാറിന് കീഴിലാണ് ജസിത ഗവേഷണം നടത്തുന്നത്...[മാത്രഭൂമി ദിനപത്രം]

മാങ്കോസ്റ്റിന്‍ മരച്ചുവട്ടില്‍ ഇരുന്നു ഫലിതങ്ങള്‍ നലികിയ .വൈക്കം മുഹമ്മദ് ബഷീര്‍

അബ്ദുള്‍ കരീം : പുലിയംകുളത്തെ വന്മരം


പാറക്കെട്ടുകള്‍ 32 ഏക്കര്‍ സ്ഥലം വര്‍ഷങ്ങളുടെ പ്രയത്നം കൊണ്ട് കൊടുംകാടാക്കിയ കരീം നാട്ടുകാര്‍ക്ക് ഫോറസ്റ്റ് കരീം ആണ്. 32 ഏക്കര്‍ സ്ഥലത്ത് നിര്‍മിച്ച ഈ കാടിനെക്കുറിച്ച് ലോകത്തെ എല്ലാ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും സംഘടനകള്‍ക്കും ഇന്നറിയാം. കാസര്‍കോട് ജില്ലയിലെ നീലേശ്വരം പരപ്പ പുലിയന്‍കുളത്ത് ഒരു കാലത്തു വേനലില്‍ പച്ചപ്പുകാണാന്‍ കഴിയില്ലായിരുന്നു. നീലേശ്വരത്തെ കോട്ടപ്പുറം കടലോരഗ്രാമത്തില്‍ സാധാരണ വീട്ടില്‍ ജനിച്ചു വളര്‍ന്ന കരീം പുലിയന്‍ കുളത്ത് എത്തുന്നത് 1977ല്‍. ഗള്‍ഫിലെ മണലാരണ്യത്തെ പച്ചപ്പണിയിക്കാന്‍ ദുബായ് രാജാവ് ഷൈക്ക് സായിദ് നടത്തുന്ന പരിശ്രമങ്ങളായിരുന്നു കരീമിന്റെ പ്രചോദനം. 50 സെന്റില്‍ തുടങ്ങി ഇപ്പോള്‍ 32 ഏക്കറില്‍. മുന്നൂറിലധികം ചെടികള്‍, കാട്ടുജീവികള്‍, പക്ഷികള്‍, ഇഴജന്തുക്കള്‍ എന്നിങ്ങനെ കരീം വിചാരിക്കാത്ത രീതിയിലേക്ക് കാടു വളര്‍ന്നു. സ്വകാര്യ വ്യക്തി സൃഷ്ടിച്ച ഇന്ത്യയിലെ ആദ്യകാട് എന്ന ബഹുമതിയ്ക്കും അര്‍ഹനായി.

സ്വന്തമായി നട്ടുവളര്‍ത്തിയ കാടും ഉടമയും പതുക്കെ പതുക്കെ പുറംലോകത്തിന്റെ ശ്രദ്ധയില്‍പ്പെടാന്‍ തുടങ്ങി. 1998ല്‍ സഹാറ പരിവാര്‍ അവാര്‍ഡ് ലഭിച്ചതോടെ കരീം രാജ്യാന്തര തലത്തില്‍ അറിയപ്പെടാന്‍ തുടങ്ങി. അമിതാഭ് ബച്ചനില്‍ നിന്നായിരുന്നു അന്ന് അവാര്‍ഡ് വാങ്ങിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നും ധാരാളം പരിസ്ഥിതി പ്രവര്‍ത്തകരും വിദ്യാര്‍ഥികളും ഈ കാടുകാണാന്‍ എന്നും വരും. പലരും ഒരാഴ്ച താമസിച്ച ശേഷമേ മടങ്ങിപോകൂ. കാട്ടരുവികളുടെ കുളിര്‍മ വിട്ടുപോകാന്‍ ഇവിടെയെത്തുന്നവര്‍ക്കാവില്ല
പാറക്കെട്ടുകള്‍  32 ഏക്കര്‍ സ്ഥലം വര്‍ഷങ്ങളുടെ പ്രയത്നം കൊണ്ട് കൊടുംകാടാക്കിയ കരീം നാട്ടുകാര്‍ക്ക് ഫോറസ്റ്റ് കരീം ആണ്. 32 ഏക്കര്‍ സ്ഥലത്ത് നിര്‍മിച്ച ഈ കാടിനെക്കുറിച്ച് ലോകത്തെ എല്ലാ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും സംഘടനകള്‍ക്കും ഇന്നറിയാം. കാസര്‍കോട് ജില്ലയിലെ നീലേശ്വരം പരപ്പ പുലിയന്‍കുളത്ത് ഒരു കാലത്തു വേനലില്‍ പച്ചപ്പുകാണാന്‍ കഴിയില്ലായിരുന്നു. നീലേശ്വരത്തെ കോട്ടപ്പുറം കടലോരഗ്രാമത്തില്‍ സാധാരണ വീട്ടില്‍ ജനിച്ചു വളര്‍ന്ന കരീം  പുലിയന്‍ കുളത്ത് എത്തുന്നത് 1977ല്‍. ഗള്‍ഫിലെ മണലാരണ്യത്തെ പച്ചപ്പണിയിക്കാന്‍ ദുബായ്  രാജാവ് ഷൈക്ക്  സായിദ് നടത്തുന്ന പരിശ്രമങ്ങളായിരുന്നു കരീമിന്റെ പ്രചോദനം. 50 സെന്റില്‍ തുടങ്ങി ഇപ്പോള്‍ 32 ഏക്കറില്‍. മുന്നൂറിലധികം ചെടികള്‍, കാട്ടുജീവികള്‍, പക്ഷികള്‍, ഇഴജന്തുക്കള്‍ എന്നിങ്ങനെ കരീം വിചാരിക്കാത്ത രീതിയിലേക്ക് കാടു വളര്‍ന്നു. സ്വകാര്യ വ്യക്തി സൃഷ്ടിച്ച ഇന്ത്യയിലെ ആദ്യകാട് എന്ന ബഹുമതിയ്ക്കും അര്‍ഹനായി.

സ്വന്തമായി നട്ടുവളര്‍ത്തിയ കാടും ഉടമയും പതുക്കെ പതുക്കെ പുറംലോകത്തിന്റെ ശ്രദ്ധയില്‍പ്പെടാന്‍ തുടങ്ങി. 1998ല്‍ സഹാറ പരിവാര്‍ അവാര്‍ഡ് ലഭിച്ചതോടെ കരീം രാജ്യാന്തര തലത്തില്‍ അറിയപ്പെടാന്‍ തുടങ്ങി. അമിതാഭ് ബച്ചനില്‍ നിന്നായിരുന്നു അന്ന് അവാര്‍ഡ് വാങ്ങിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നും ധാരാളം പരിസ്ഥിതി പ്രവര്‍ത്തകരും വിദ്യാര്‍ഥികളും ഈ കാടുകാണാന്‍ എന്നും വരും. പലരും ഒരാഴ്ച താമസിച്ച ശേഷമേ മടങ്ങിപോകൂ. കാട്ടരുവികളുടെ കുളിര്‍മ വിട്ടുപോകാന്‍ ഇവിടെയെത്തുന്നവര്‍ക്കാവില്ല
#KL14-9

2013, ഏപ്രിൽ 22, തിങ്കളാഴ്‌ച

     'അവസാനത്തെ നദിയും മലിനമായി കഴിയുമ്പോള്‍, 
അവസാനത്തെ മരവും നാം മുറിച്ചു കഴിയുമ്പോള്‍, 
അവസാനത്തെ മത്സ്യവും നമുക്ക് നഷ്ടപ്പെട്ട് കഴിയുമ്പോള്‍, 
നാം തിരിച്ചറിയും നോട്ടുകെട്ടുകള്‍ നമുക്ക് 
ഭക്ഷിക്കാനാവില്ലെന്ന്'

മാത്രഭൂമി  22 /04/2014