2013 മേയ് 2, വ്യാഴാഴ്‌ച

ഒരു ജനതയുടെ നാശത്തെക്കുറിച്ചുള്ള മുന്നറിയിപ്പ്‌



hot summerകേരളം വേനല്‍ച്ചൂടില്‍ വെന്തുരുകുന്നു-മാധ്യമങ്ങളിലെ ഇപ്പോഴത്തെ പ്രമേയം മുഖ്യമായും ഇതാണ്. ചര്‍ച്ച ചൂടുപിടിക്കുന്നതിനൊപ്പം, രക്ഷകരായി, പരിഹാരത്തിനായി സര്‍ക്കാര്‍ ബദ്ധപ്പെട്ടിറങ്ങുന്നതിന്റെ ബഹളങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. അങ്ങനെ മാധ്യമങ്ങളും സര്‍ക്കാറുമൊന്നിച്ച് പതിവുപോലെ ഈ തീ വിഷയവും ആഘോഷിക്കുന്നു. കന്നുകാലികളോടൊപ്പം മിണ്ടാപ്രാണികളായ പീഡിതജനം ദാഹിച്ചും വിയര്‍ത്തും പൊള്ളലേറ്റും ഗതികിട്ടാതെ വലയുന്നു. ‘ഭരണം ഏതാവട്ടെ, തങ്ങള്‍ക്കു വിധിച്ചത് ദുരിതം തന്നെയെന്നു കരുതി മഴക്കാലത്തിനായി വേഴാമ്പലുകളെപ്പോലെ കാത്തുകിടക്കുകയാണ് അവര്‍.
ഏതു കേരളത്തെക്കുറിച്ചാണു നാം വേവലാതിപ്പെടുന്നത്? ആ വാക്ക് അര്‍ത്ഥമാക്കുന്ന ‘ഭൂമി ഇന്നില്ല. അതിന്റെ നാശം പൂര്‍ണമായിട്ട് കാലമേറെയായി. മലകളും പുഴകളും കാടും കാട്ടാറും വയലുകളും നെല്‍കൃഷിയും കായലുകളും നീര്‍ത്തടങ്ങളും മഴയും ഞാറ്റുവേലയും നെല്ലും കേരവൃക്ഷങ്ങളും ഗ്രാമങ്ങളുടെ പ്രശാന്തതയില്‍ ഇഴചേര്‍ന്നു മനോഹരമായിരുന്ന ആ കേരളം ഇന്ന് ഓര്‍മ മാത്രമായില്ലേ?
എങ്ങനെയാണ് ഈ അവസ്ഥ വന്നുപെട്ടത്? ഓര്‍ക്കാപ്പുറത്ത് സംഭവിച്ച ദൈവശാപമാണോ ഇത്? ക്ഷണിച്ചുവരുത്തിയ പ്രകൃതികോപമോ? അധികാരത്തിന്റെ ഒത്താശയ്ക്കുകീഴില്‍ കൊല്ലു ന്ന പണക്കൊതി തീര്‍ത്ത ദുരന്തമാണിതെന്നതില്‍ ആര്‍ക്കും സംശയമില്ല. ഈ രണ്ടു ശക്തികളും ചേര്‍ന്ന് കേരളമെന്ന സ്വര്‍ഗഭൂമിയെ നരകമാക്കി മാറ്റുകയായിരുന്നു.
വൃക്ഷങ്ങള്‍ വെട്ടിവീഴ്ത്തിയും കാടുകള്‍ നശിപ്പിച്ചും ഓരോ കുന്നും മുണ്ഡനം ചെയ്യാന്‍ തുടങ്ങിയിട്ടു വര്‍ഷങ്ങളായി. വയലേലകള്‍ മണ്ണിട്ടുമൂടി കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ പണിതു. നാടിന്റെ നെല്ലറകളായിരുന്ന കുട്ടനാടും പാലക്കാടും നശിച്ചുകൊണ്ടിരിക്കുന്നു. ഉറവ വറ്റിയും മണല്‍ മാഫിയകളുടെ കൈയേറ്റത്തിനിരയായും പുഴകള്‍ കണ്ണീര്‍ച്ചാലുകളായി. സാര്‍വത്രികമായ നശീകരണത്തിന് നിയമത്തിന്റെ കുടപിടിച്ചത് നമ്മെ മാറിമാറി ‘ഭരിച്ച ‘ഭരണകൂടങ്ങളായിരുന്നില്ലേ? ആര്‍ക്കുവേണ്ടിയായിരുന്നു ഇത്? ഇവിടുത്തെ ദരിദ്രകോടികള്‍ക്കുവേണ്ടിയായിരുന്നുവോ? തീര്‍ച്ചയായും ദുരിതമനുഭവിക്കുന്ന സാധാരണക്കാര്‍ക്കുവേണ്ടിയായിരുന്നില്ല. പകരം, ‘ഭൂമാഫിയകള്‍ക്കും പണക്കാര്‍ക്കും വേണ്ടിയായിരുന്നു. അധികാരത്തിലേറ്റുന്നത് ദരിദ്രജനമാണെന്നത് വാസ്തവം. അവരെ കക്ഷിപക്ഷപാതത്തിന്റെ മോഹനവലയത്തില്‍ തളച്ചിടാന്‍ ഓരോ കക്ഷിക്കും സാധിച്ചു. എല്ലാ പാര്‍ട്ടികളുടേയും നിലനില്പ് ഈ ആകര്‍ഷണമാണെന്ന് നേതൃത്വം തിരിച്ചറിയുന്നു. പക്ഷേ, ജനത്തിനു തങ്ങളുടെ വില ഒരിക്കലും തിരിച്ചറിയാനാവുന്നില്ല.
എന്നാല്‍, കേരളത്തിനു സ്വന്തമായിരുന്ന കേരളീയതയ്‌ക്കെതിരെ നടന്ന നിഷ്ഠൂരമായ ബലാത്കാരം കൈയുംകെട്ടി നോക്കിനില്ക്കാന്‍ ഓരോ കേരളീയനും എങ്ങനെ സാധിച്ചു? മലയാള’ഭാഷയെ കൈയൊഴിഞ്ഞ ഒരു ജനതയ്ക്ക് സ്വന്തം നാടിന്റെ സത്തയും പ്രശ്‌നമായില്ലെന്നു വന്നുവെന്നോ? ഈ അതിക്രമങ്ങള്‍ക്കെതിരില്‍ എന്തുകൊണ്ടു സമൂഹമന:സാക്ഷി ഉണര്‍ന്നെഴുന്നേറ്റില്ല? കേരളത്തിന്റെ ശരീരഭാഗങ്ങളില്‍ ഓരോന്നിലും പണക്കൊതി പിടിമുറുക്കിയിട്ടും അവര്‍ എന്തുകൊണ്ട് നിശബ്ദരായി നിന്നു? കാടുനശിപ്പിക്കുന്നതിനും വയല്‍ നികത്തുന്നതിനും മണല്‍ വാരി പുഴയെ കൊല്ലുന്നതിനും നീര്‍ത്തടങ്ങള്‍ മണ്ണിട്ടുമൂടുന്നതിനും എതിരില്‍ കര്‍ശനമായ നിയമങ്ങള്‍ നടപ്പാക്കാന്‍ രാഷ്ട്രീയക്കാരോ മതവിഭാഗങ്ങളോ പൊതുസമൂഹമോ ശക്തമായ സമ്മര്‍ദ്ദം എന്തുകൊണ്ട് ചെലുത്തുന്നില്ല? കക്ഷിപക്ഷപാതങ്ങളും ‘ഭരണപക്ഷം വീതിച്ചുനല്കുന്ന ജീവിതസൗകര്യങ്ങളും അത്രമാത്രം അവരെ സ്വാധീനിച്ചുവെന്നോ! മത-ദൈവ വിഷയങ്ങളില്‍ സംഘടിച്ചുപ്രവര്‍ത്തിക്കുന്ന വിശ്വാസികളുടെ വന്‍കൂട്ടായ്മകള്‍ ഇവിടെയുണ്ട്. നാടിന്റെ ഇത്തരം ജീവത്പ്രശ്‌നങ്ങളില്‍ എന്തുകൊണ്ട് അവരും താല്പര്യം കാണിച്ചില്ല? പരസ്പരമുള്ള ഗ്രൂപ്പ് വഴക്കുകള്‍ക്കു നല്കുന്ന പ്രാധാന്യംപോലും ഒരുവിഭാഗത്തില്‍നിന്നും ഉരുത്തിരിഞ്ഞുകണ്ടില്ല? സാംസ്‌കാരിക കൂട്ടായ്മകളുടെ കാര്യവും ഇതില്‍നിന്ന് ഏറെ വ്യത്യസ്തമല്ല. എല്ലാവരും അര്‍ത്ഥഗര്‍ഭമായ മൗനം കൊണ്ടും അലസമനോഭാവം കൊണ്ടും ജന്മനാടിന്റെ തിരോധാനത്തിനു കാരണക്കാരായവര്‍ക്കു കൂട്ടുനില്ക്കുകയായിരുന്നു.
നിശ്ചയദാര്‍ഢ്യമുള്ള, ‘ഭാവനാസമ്പന്നതയുള്ള സര്‍ക്കാറുകള്‍ക്ക് പുതിയ വികസനപ്രശ്‌നങ്ങളെ പ്രകൃതിക്കിണങ്ങുംവിധം സംയോജിപ്പിക്കാന്‍ സാധിക്കുമായിരുന്നില്ലേ? പ്രായോഗികമായ നിയമങ്ങള്‍കൊണ്ട് ഈ വിപത്ത് ഒഴിവാക്കാനും കഴിയുമായിരുന്നു. ജനപക്ഷത്തുനില്ക്കുന്ന രാഷ്ട്രീയക്കാര്‍ക്കും അധികാരത്തിന്റെയും പണത്തിന്റെയും സൗകര്യം വേണ്ടെന്നുവെയ്ക്കാന്‍ തീരുമാനിക്കുന്ന മത-സാംസ്‌കാരിക കൂട്ടായമകള്‍ക്കും മാതൃത്വത്തെ നിരാകരിക്കുന്ന ഈ ദുഷ്പ്രവണക്കെതിരെ വലിയതോതില്‍ ജന:ശക്തി സംഘടിപ്പിക്കുക സാധ്യമായിരുന്നു. പക്ഷേ, ഈ വഴിക്ക് ദുര്‍ബലമായ പാഴ്ശ്രമങ്ങള്‍ മാത്രമേ കാണാനായുള്ളൂ.
മലകളും പുഴകളും വനങ്ങളുമെല്ലാം ദൈവമഹിമയുടെ ചിഹ്നങ്ങളാണ്. പ്രകൃതിയുടെ ഈ വരദാനങ്ങള്‍ കാത്തുസൂക്ഷിക്കേണ്ടതു ണ്ടെന്ന് എല്ലാ വേദഗ്രന്ഥങ്ങളും മനുഷ്യസമൂഹത്തെ ഉണര്‍ത്തുന്നുണ്ട്. മാതൃഹൃദയംപോലെ നിഷ്‌കളങ്കമാണു പ്രകൃതി. പ്രകൃതിയുടെ അന്തകര്‍ മാതൃഹൃദയം ചുരത്തുന്ന മുലപ്പാലിന്റെ വിശുദ്ധി തിരിച്ചറിയാത്തവരാണ്. അതിനു നിയമത്തിന്റെ തണലൊരുക്കുന്നവരും അതു കണ്ടില്ലെന്നു വയ്ക്കുന്നവരുമായ നമ്മുടെ സമൂഹം ഒരേപോലെ അപരാധമാണു ചെയ്യുന്നത്. നാട് ധീരമായ യുവത്വത്തിനു വേണ്ടി കേഴുന്ന സന്നിഗ്ധാവസ്ഥയാണിത്. പക്ഷേ, നമ്മുടെ യുവത്വം കോര്‍പറേറ്റുമുതലാളിമാര്‍ ഒരുക്കിയ ആഘോഷത്തിന്റെ കളിക്കളങ്ങളില്‍ മഴനൃത്തമാടുകയോ കാണികളായി കൈയടിക്കുകയോ ചെയ്യുന്നു! കാലം ഉയര്‍ ത്തുന്ന സാമൂഹികധര്‍മം എന്തെന്നു തിരിച്ചറിയാനുള്ള വകതിരിവ് യുവത്വത്തിന് നഷ്ടമായപോലെയാണ്. വേനല്‍ച്ചൂടില്‍ പുളയുന്ന കേരളത്തിന്റെ ഉച്ചത്തിലുള്ള നിലവിളി ഒരു ജനതയുടെ നാശത്തെക്കുറിച്ചുള്ള മുന്നറിയിപ്പാണ്. അധികാരമോഹമോ പണക്കൊതിയോ വിഭാഗീയ സങ്കുചിതത്വമോ ബാധിക്കാത്ത ഒരു സംഘബോധത്തിന്റെ ഉയിര്‍ത്തെഴുന്നേല്പിനു മാത്രമേ സര്‍വനാശത്തിനുമുമ്പ് കേരളത്തെ വീണ്ടെടുക്കാനാവൂ.

- സി ടി അബ്ദുറഹീം

2013 ഏപ്രിൽ 23, ചൊവ്വാഴ്ച

തണ്ണീര്‍ത്തട സംരക്ഷണ അതോറിറ്റി രൂപവത്കരിക്കണം- ഹരിത എംഎല്‍എമാര്‍

ആലപ്പുഴ:വേമ്പനാട്ടുകായല്‍ സംരക്ഷണത്തിന് തണ്ണീര്‍ത്തട സംരക്ഷണ അതോറിറ്റി രൂപവത്കരിക്കണമെന്ന് ഹരിത എം.എല്‍.എ.മാരുടെ സംഘം ആവശ്യപ്പെട്ടു. വേമ്പനാട്ടുകായല്‍ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷം പാതിരാമണല്‍ദ്വീപില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. നെയ്യാര്‍ മുതല്‍ ചന്ദ്രഗിരിപ്പുഴ വരെയുള്ള പരിസ്ഥിതി സംരക്ഷണ അന്വേഷണ പരിപാടിയുടെ ഭാഗമായാണ് ഹരിത എം.എല്‍.എ.മാരായ വി.ഡി.സതീശന്‍, ടി.എന്‍.പ്രതാപന്‍, എം.വി.ശ്രേയാംസ്‌കുമാര്‍, വി.ടി.ബല്‍റാം എന്നിവര്‍ ആലപ്പുഴയില്‍ എത്തിയത്. 

വേമ്പനാട്ടുകായലിനെ ആധാരമാക്കി ഉപജീവനം നടത്തുന്നവര്‍ ടൂറിസം, പരിസ്ഥിതി സംരക്ഷണം എന്നിവയെല്ലാം പരിപോഷിപ്പിക്കുന്ന സമീപനമാണ് എടുക്കേണ്ടത്. നിലവില്‍ വേമ്പനാട്ടുകായലിലെ ഓരോ കാര്യത്തിനും വിവിധ വകുപ്പുകളുടെ അനുമതി വാങ്ങണം. റവന്യു, തുറമുഖം, ഇറിഗേഷന്‍ തുടങ്ങിയ വകുപ്പുകളെയെല്ലാം ഏകോപിപ്പിച്ച് വേമ്പനാട് തണ്ണീര്‍ത്തടം സംരക്ഷിക്കാന്‍ പ്രത്യേക അധികാരമുള്ള അതോറിറ്റിയാണ് ഉണ്ടാകേണ്ടത്.

38 പഞ്ചായത്തുകളിലെ 20 ലക്ഷത്തോളം ജനങ്ങള്‍ ആശ്രയിക്കുന്ന ഒരു ആവാസവ്യവസ്ഥയാണ് വേമ്പനാട്ടുകായല്‍. കാശ്മീരിലെ ദാല്‍ തടാകത്തിന്റെ അവസ്ഥ വേമ്പനാട്ടുകായലില്‍ ഉണ്ടാകാത്തവിധം ടൂറിസം വികസനം സാധ്യമാകണം. അത് കായലിനെ ചുറ്റിപ്പറ്റി കൃഷിയും മത്സ്യബന്ധനവും നടത്തി ജീവിക്കുന്നവരെയും സഹായിക്കുംവിധമാകണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സഹകരണത്തിലാകണം അതോറിറ്റി ഉണ്ടാകേണ്ടത്. അതില്‍ പരിസ്ഥിതിസംരക്ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും കര്‍ഷകരുടെയും പ്രതിനിധികള്‍ ഉണ്ടാകണമെന്നും എം.എല്‍.എ.മാര്‍ പറഞ്ഞു. സീ പ്ലെയിന്‍ പദ്ധതിയെസംബന്ധിച്ച് വിശദമായി പഠിച്ചശേഷം അഭിപ്രായം പറയാമെന്ന് അവര്‍ പറഞ്ഞു.

കേരളത്തിലെ പല പരിസ്ഥിതിപ്രശ്‌നങ്ങളിലും ചുരുങ്ങിയ കാലംകൊണ്ട് ഗുണഫലമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. നെല്ലിയാമ്പതി സംരക്ഷണം, എമര്‍ജിങ് കേരളയില്‍ 29 പരിസ്ഥിതിവിരുദ്ധ പദ്ധതികള്‍ മാറ്റാനായത്, എല്ലാ പാര്‍ട്ടികളിലും സമ്മര്‍ദം ചെലുത്തി ഗാഡ്ഗില്‍ കമ്മിറ്റി ഭാഗികമായി അംഗീകരിച്ചത്, വെള്ളം സ്വകാര്യവത്കരിക്കാനുള്ള നീക്കം തടസ്സപ്പെടുത്തിയത് എന്നിവയെല്ലാം ഇതില്‍ ചിലതാണെന്ന് എം.എല്‍.എ.മാര്‍ പറഞ്ഞു.

മുഹമ്മ കായിപ്പുറം ജെട്ടിയില്‍നിന്ന് വേമ്പനാട്ടുകായലിലൂടെ പാതിരാമണല്‍ സന്ദര്‍ശിച്ചശേഷം പരിസ്ഥിതി പ്രവര്‍ത്തകരുടെ അഭിപ്രായം ആരാഞ്ഞു. ഉച്ചയ്ക്കുശേഷം കായിപ്പുറം സഹൃദയവേദി വായനശാലയില്‍ കുട്ടികളുമായി സംവാദം നടത്തി. തുടര്‍ന്ന് തണ്ണീര്‍മുക്കം ബണ്ടും സന്ദര്‍ശിച്ചശേഷമാണ് എം.എല്‍.എ.മാര്‍ മടങ്ങിയത്.

മണ്ണിലെ കീടനാശിനി നീക്കാന്‍ യുവശാസ്ത്രജ്ഞയുടെ പദ്ധതി


Published on  23 Apr 2013

കോഴിക്കോട്:മണ്ണില്‍ കലര്‍ന്ന കീടനാശിനി അരിച്ചെടുത്ത് നീക്കം ചെയ്യാനുള്ള യുവശാസ്ത്രജ്ഞയുടെ ഹരിത പദ്ധതി ശ്രദ്ധേയമാകുന്നു. കോഴിക്കോട് സി.ഡബ്ല്യു.ആര്‍.ഡി.എമ്മിലെ റിസര്‍ച്ച് ഫെല്ലോ കെ. ജസിതയാണ് എന്‍ഡോസള്‍ഫാന്‍ നീക്കം ചെയ്യുന്ന പദ്ധതിക്ക് രൂപം നല്‍കിയിട്ടുള്ളത്.

ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ അംഗീകാരത്തോടെയാണ് തേഞ്ഞിപ്പലം സ്വദേശിനി ജസിതയുടെ ഗവേഷണം.

കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശങ്ങളില്‍ സി.ഡബ്ല്യു.ആര്‍.ഡി.എമ്മിനുവേണ്ടി നടത്തിയ പഠനങ്ങള്‍ക്കിടെയാണ് മണ്ണിലെ വിഷാംശം നീക്കുന്നതിനെപ്പറ്റി ജസിത ആലോചിച്ചത്.

ഉയര്‍ന്ന എന്‍ഡോസള്‍ഫാന്‍ സാന്ദ്രതയുള്ള മണ്ണില്‍ വിവിധ ഇനം ചെടികള്‍ നട്ടായിരുന്നു പരീക്ഷണം. നാടന്‍ ചെടികളാണ് നട്ടത്. രാമച്ചം, കമ്യൂണിസ്റ്റ് പച്ച, കീഴാര്‍ നെല്ലി തുടങ്ങിയവയും നട്ടു. ഇതില്‍ ചീര വലിയ തോതില്‍ മണ്ണിലെ വിഷാംശം വലിച്ചെടുക്കുന്നതായി തെളിഞ്ഞു.

ഇങ്ങനെ എന്‍ഡോസള്‍ഫാന്‍ വലിച്ചെടുത്ത ചീരയെ പ്രത്യേക പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുകയായിരുന്നു അടുത്ത ഘട്ടം. ബാസില്ലസ്, സ്യൂഡോമോണോസ് തുടങ്ങിയ ബാക്ടീരിയകള്‍ നിറച്ച പ്ലാന്‍റില്‍ കീടനാശിനി വലിച്ചെടുത്ത ചെടികളെ സംസ്‌കരിച്ചെടുത്തു. ബാക്ടീരിയകളുടെ ജൈവ രാസപ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ 16 ദിവസം കൊണ്ട് എന്‍ഡോസള്‍ഫാന്‍ പൂര്‍ണമായും നീക്കം ചെയ്യാനായി.

പുതിയ ബാക്ടീരിയകളുമായി ഗവേഷണം തുടരുകയാണ് ജസിത ഇപ്പോള്‍. ചില ബാക്ടീരിയകള്‍ വേഗത്തില്‍ എന്‍ഡോസള്‍ഫാനെ ഹൈഡ്രോകാര്‍ബണാക്കി നിര്‍വീര്യമാക്കുന്നതായി തെളിഞ്ഞിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

നാനോ ടെക്‌നോളജിയുടെ സഹായത്തോടെ മണ്ണില്‍ പുതഞ്ഞ കീടനാശിനികളെ കൂടുതല്‍ ഫലപ്രദമായി അരിച്ചെടുക്കാനുള്ള പരീക്ഷണങ്ങളാണ് ഇപ്പോള്‍ തുടരുന്നത്. കീടനാശിനികള്‍ നാശോന്മുഖമാക്കിയ മണ്ണിനെ വീണ്ടും ജീവന്‍ വെപ്പിക്കുന്ന വിധത്തില്‍ വ്യാപകമായി ഉപയോഗിക്കാവുന്ന ജൈവബദലുകള്‍ തേടുകയാണ് ജസിത.

കോഴിക്കോട് സി.ഡബ്ല്യു.ആര്‍.ഡി.എമ്മിലെ ഡോ. പി.എസ്. ഹരികുമാറിന് കീഴിലാണ് ജസിത ഗവേഷണം നടത്തുന്നത്...[മാത്രഭൂമി ദിനപത്രം]

മാങ്കോസ്റ്റിന്‍ മരച്ചുവട്ടില്‍ ഇരുന്നു ഫലിതങ്ങള്‍ നലികിയ .വൈക്കം മുഹമ്മദ് ബഷീര്‍









അബ്ദുള്‍ കരീം : പുലിയംകുളത്തെ വന്മരം


പാറക്കെട്ടുകള്‍ 32 ഏക്കര്‍ സ്ഥലം വര്‍ഷങ്ങളുടെ പ്രയത്നം കൊണ്ട് കൊടുംകാടാക്കിയ കരീം നാട്ടുകാര്‍ക്ക് ഫോറസ്റ്റ് കരീം ആണ്. 32 ഏക്കര്‍ സ്ഥലത്ത് നിര്‍മിച്ച ഈ കാടിനെക്കുറിച്ച് ലോകത്തെ എല്ലാ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും സംഘടനകള്‍ക്കും ഇന്നറിയാം. കാസര്‍കോട് ജില്ലയിലെ നീലേശ്വരം പരപ്പ പുലിയന്‍കുളത്ത് ഒരു കാലത്തു വേനലില്‍ പച്ചപ്പുകാണാന്‍ കഴിയില്ലായിരുന്നു. നീലേശ്വരത്തെ കോട്ടപ്പുറം കടലോരഗ്രാമത്തില്‍ സാധാരണ വീട്ടില്‍ ജനിച്ചു വളര്‍ന്ന കരീം പുലിയന്‍ കുളത്ത് എത്തുന്നത് 1977ല്‍. ഗള്‍ഫിലെ മണലാരണ്യത്തെ പച്ചപ്പണിയിക്കാന്‍ ദുബായ് രാജാവ് ഷൈക്ക് സായിദ് നടത്തുന്ന പരിശ്രമങ്ങളായിരുന്നു കരീമിന്റെ പ്രചോദനം. 50 സെന്റില്‍ തുടങ്ങി ഇപ്പോള്‍ 32 ഏക്കറില്‍. മുന്നൂറിലധികം ചെടികള്‍, കാട്ടുജീവികള്‍, പക്ഷികള്‍, ഇഴജന്തുക്കള്‍ എന്നിങ്ങനെ കരീം വിചാരിക്കാത്ത രീതിയിലേക്ക് കാടു വളര്‍ന്നു. സ്വകാര്യ വ്യക്തി സൃഷ്ടിച്ച ഇന്ത്യയിലെ ആദ്യകാട് എന്ന ബഹുമതിയ്ക്കും അര്‍ഹനായി.

സ്വന്തമായി നട്ടുവളര്‍ത്തിയ കാടും ഉടമയും പതുക്കെ പതുക്കെ പുറംലോകത്തിന്റെ ശ്രദ്ധയില്‍പ്പെടാന്‍ തുടങ്ങി. 1998ല്‍ സഹാറ പരിവാര്‍ അവാര്‍ഡ് ലഭിച്ചതോടെ കരീം രാജ്യാന്തര തലത്തില്‍ അറിയപ്പെടാന്‍ തുടങ്ങി. അമിതാഭ് ബച്ചനില്‍ നിന്നായിരുന്നു അന്ന് അവാര്‍ഡ് വാങ്ങിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നും ധാരാളം പരിസ്ഥിതി പ്രവര്‍ത്തകരും വിദ്യാര്‍ഥികളും ഈ കാടുകാണാന്‍ എന്നും വരും. പലരും ഒരാഴ്ച താമസിച്ച ശേഷമേ മടങ്ങിപോകൂ. കാട്ടരുവികളുടെ കുളിര്‍മ വിട്ടുപോകാന്‍ ഇവിടെയെത്തുന്നവര്‍ക്കാവില്ല
പാറക്കെട്ടുകള്‍  32 ഏക്കര്‍ സ്ഥലം വര്‍ഷങ്ങളുടെ പ്രയത്നം കൊണ്ട് കൊടുംകാടാക്കിയ കരീം നാട്ടുകാര്‍ക്ക് ഫോറസ്റ്റ് കരീം ആണ്. 32 ഏക്കര്‍ സ്ഥലത്ത് നിര്‍മിച്ച ഈ കാടിനെക്കുറിച്ച് ലോകത്തെ എല്ലാ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും സംഘടനകള്‍ക്കും ഇന്നറിയാം. കാസര്‍കോട് ജില്ലയിലെ നീലേശ്വരം പരപ്പ പുലിയന്‍കുളത്ത് ഒരു കാലത്തു വേനലില്‍ പച്ചപ്പുകാണാന്‍ കഴിയില്ലായിരുന്നു. നീലേശ്വരത്തെ കോട്ടപ്പുറം കടലോരഗ്രാമത്തില്‍ സാധാരണ വീട്ടില്‍ ജനിച്ചു വളര്‍ന്ന കരീം  പുലിയന്‍ കുളത്ത് എത്തുന്നത് 1977ല്‍. ഗള്‍ഫിലെ മണലാരണ്യത്തെ പച്ചപ്പണിയിക്കാന്‍ ദുബായ്  രാജാവ് ഷൈക്ക്  സായിദ് നടത്തുന്ന പരിശ്രമങ്ങളായിരുന്നു കരീമിന്റെ പ്രചോദനം. 50 സെന്റില്‍ തുടങ്ങി ഇപ്പോള്‍ 32 ഏക്കറില്‍. മുന്നൂറിലധികം ചെടികള്‍, കാട്ടുജീവികള്‍, പക്ഷികള്‍, ഇഴജന്തുക്കള്‍ എന്നിങ്ങനെ കരീം വിചാരിക്കാത്ത രീതിയിലേക്ക് കാടു വളര്‍ന്നു. സ്വകാര്യ വ്യക്തി സൃഷ്ടിച്ച ഇന്ത്യയിലെ ആദ്യകാട് എന്ന ബഹുമതിയ്ക്കും അര്‍ഹനായി.

സ്വന്തമായി നട്ടുവളര്‍ത്തിയ കാടും ഉടമയും പതുക്കെ പതുക്കെ പുറംലോകത്തിന്റെ ശ്രദ്ധയില്‍പ്പെടാന്‍ തുടങ്ങി. 1998ല്‍ സഹാറ പരിവാര്‍ അവാര്‍ഡ് ലഭിച്ചതോടെ കരീം രാജ്യാന്തര തലത്തില്‍ അറിയപ്പെടാന്‍ തുടങ്ങി. അമിതാഭ് ബച്ചനില്‍ നിന്നായിരുന്നു അന്ന് അവാര്‍ഡ് വാങ്ങിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നും ധാരാളം പരിസ്ഥിതി പ്രവര്‍ത്തകരും വിദ്യാര്‍ഥികളും ഈ കാടുകാണാന്‍ എന്നും വരും. പലരും ഒരാഴ്ച താമസിച്ച ശേഷമേ മടങ്ങിപോകൂ. കാട്ടരുവികളുടെ കുളിര്‍മ വിട്ടുപോകാന്‍ ഇവിടെയെത്തുന്നവര്‍ക്കാവില്ല
#KL14-9

2013 ഏപ്രിൽ 22, തിങ്കളാഴ്‌ച

     'അവസാനത്തെ നദിയും മലിനമായി കഴിയുമ്പോള്‍, 
അവസാനത്തെ മരവും നാം മുറിച്ചു കഴിയുമ്പോള്‍, 
അവസാനത്തെ മത്സ്യവും നമുക്ക് നഷ്ടപ്പെട്ട് കഴിയുമ്പോള്‍, 
നാം തിരിച്ചറിയും നോട്ടുകെട്ടുകള്‍ നമുക്ക് 
ഭക്ഷിക്കാനാവില്ലെന്ന്'





















മാത്രഭൂമി  22 /04/2014

ലോകം രോഗാതുരതയിലേക്ക്



മലിനജലം കുടിച്ച് പ്രതിദിനം ലോകത്ത് മരിച്ചുവീഴുന്ന കുട്ടികളുടെ എണ്ണം 1800 ലേറെയുണ്ടെന്ന് ഐക്യരാഷ്ട്ര സഭയുടെ പുതിയ പഠന റിപ്പോട്ട്. ഇങ്ങനെയുള്ള മരണങ്ങളില്‍ 24 ശതമാനവും ഇന്ത്യയിലാണെന്നത് മറ്റൊരു വസ്തുത. ശുദ്ധജല ദൗര്‍ലഭ്യതയാണ് മലിനജലം കുടിക്കാന്‍ ഇവരെ നിര്‍ബന്ധിതരാക്കുന്നത്. ലോകത്ത് ശുദ്ധജലം പോലും കിട്ടാതെ നരകിക്കുന്നത് 78 കോടി ജനങ്ങളാണ്. ശുദ്ധജല ദൗര്‍ലഭ്യത ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത് ചൈനയിലാണ്, 11 കോടി ജനങ്ങള്‍. തൊട്ടുപിന്നില്‍ ഇന്ത്യയാണ്, ഒന്‍പതു കോടി.
മൂന്നു വര്‍ഷത്തിനകം കുടിവെള്ള മലിനീകരണം 35 ശതമാനമായി വര്‍ധിക്കുമെന്നു ഭൂവിനിയോഗ ബോര്‍ഡ് കണ്ടെത്തിയിരുന്നു. ഒരുകാലത്ത് പ്രധാന ശുദ്ധജല സ്രോതസ്സുകളായിരുന്ന പുഴകളും, നദികളും മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി മാറിയതാണ് ഈ ദുരവസ്ഥക്ക് ആക്കം കൂട്ടിയത്. ശുദ്ധജല സ്രോതസ്സുകള്‍ ഇല്ലാതായി മാറുകയും കുടിവെള്ളത്തിനു വേണ്ടി ഭൂഗര്‍ഭജലത്തെ ആശ്രയിക്കേണ്ടി വരികയും ചെയ്യുകയാണ്.
ശരാശരി മഴലഭിച്ചാല്‍ 35235 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ് പ്രതിവര്‍ഷം കേരളത്തില്‍ വര്‍ഷിക്കുക. വയലുകള്‍ നികത്തപ്പെട്ടതിനാല്‍ ഇതിന്റെ മുഖ്യപങ്കും അറബിക്കടലിലേക്കൊഴുകുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്ത് 5027 ഹെക്ടര്‍ നെല്‍ വയലുകള്‍ നികത്തിയതായി ആസൂത്രണ ബോര്‍ഡിന്റെ അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരുപത്തഞ്ചു വര്‍ഷത്തിനകം നികത്തിയ വയല്‍ അഞ്ചു ലക്ഷം ഹെക്ടര്‍ വരും.
ഭൂമിയിലെ സര്‍വ്വ ജീവ ജാലങ്ങളുടെയും പൊതു അവകാശമായ ഭൂഗര്‍ഭജലം കമ്പോളവല്‍ക്കരിക്കപ്പെട്ടിരിക്കുകയാണ്. ലോകത്ത് വര്‍ധിച്ച തോതില്‍ ഭൂഗര്‍ഭ ജലം എടുക്കുന്നത് ബംഗ്ലാദേശിലാണ്. ലോകബാങ്കിന്റെ പ്രത്യേക പദ്ധതി പ്രകാരം കുടിവെള്ളത്തിനു വേണ്ടിയാണിത്. ഇന്ത്യയില്‍ തന്നെ ഭൂഗര്‍ഭജലമെടുക്കുന്ന മാത്രയില്‍ തന്നെ പൂര്‍വ്വ സ്ഥിതി കൈവരിക്കുന്ന മേഖലയാണ് മഹാരാഷ്ട്ര. അതിന് സാധ്യതയില്ലാത്ത സ്ഥലങ്ങളില്‍ കുഴല്‍ക്കിണര്‍ കുഴിക്കുന്നതിന് മഹാരാഷ്ട്രയില്‍ നിയന്ത്രണങ്ങളുണ്ട്.
കേരളത്തില്‍ ശരാശരി പന്ത്രണ്ട് ടി.എം.സി (ദശലക്ഷം ഘനയടി) യിലേറെ ഭൂഗര്‍ഭജലം ഉണ്ടെന്നാണ് കണക്ക്. ഇതില്‍ പത്ത് ടി .എം.സിയോളം പാലക്കാടും, രണ്ട് ടി.എം.സി യോളം കാസര്‍ക്കോടും നിലനില്‍ക്കുന്നു. എന്നാല്‍ വിവിധ കമ്പനികള്‍ സംസ്ഥാനത്തെ പന്ത്രണ്ട് ജില്ലകളില്‍ നിന്നായി 8,34,063 ലേറെ ക്യുബിക് മീറ്റര്‍ ഉപരിതല ഭൂഗര്‍ഭ ജലം ഊറ്റുന്നതായി ഏതാനും വര്‍ഷംമുമ്പ് പുറത്തുവിട്ട ഔദ്യോഗിക കണക്കില്‍ പറയുന്നു. കമ്പനികളുടെയും ഉപഭോക്താക്കളുടെയും വര്‍ധനവും അനൗദ്യോഗിക കണക്കും പരിശോധിക്കുമ്പോള്‍ ജലചൂഷണത്തിന്റെ കണക്കു ഇതിലും പതിന്മടങ്ങായിരിക്കും. അപകടകരമായ അവസ്ഥയിലേക്ക് ഭൂഗര്‍ഭ ജലവിതാനം താഴുന്നതായാണ് ലഭിച്ചുകൊണ്ടിരിക്കുന്ന പുതിയ റിപ്പോര്‍ട്ടുകള്‍.
സാംക്രമികേതര രോഗങ്ങള്‍ ലോകത്ത് പത്തു വര്‍ഷത്തിനിടെ 3880 ലക്ഷം പേരെ കൊന്നൊടുക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു. പൊതുസ്ഥലങ്ങളിലേക്ക് ഒഴുക്കി വിടുന്ന വ്യവസായശാലകളിലെ മാലിന്യവും കാര്‍ഷിക മേഖലകളിലെ കീടനാശിനി പ്രയോഗവും മനുഷ്യനെയും മണ്ണിനെയും പുഴകളെയും കിണറുകളെയും മറ്റും വിഷലിപ്തമാക്കി. മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് കോടതി വിധിമൂലം അടച്ചുപൂട്ടിയെങ്കിലും പ്രവര്‍ത്തന ഘട്ടങ്ങളില്‍ മാലിന്യങ്ങള്‍ ചാലിയാറിലേക്ക് ഒഴുക്കിയത് മൂലം ഇന്നും ഈ പ്രദേശങ്ങളില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം കൂടുതലാണ്. പാലക്കാട് പ്ലാച്ചിമടയില്‍ കൊക്കകോള കമ്പനി അടച്ചുപൂട്ടിയെങ്കിലും അന്ന് കമ്പനി വളമെന്ന വ്യാജേനെ കരുമാട്ടി പഞ്ചായത്തില്‍ നല്‍കിയ മാലിന്യത്തില്‍ 400 മുതല്‍ 600 ശതമാനം വരെ കാഡ്മിയത്തിന്റെ അംശം കണ്ടെത്തിയിരുന്നു. കാസര്‍കോട് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ വിതച്ച നാശം ചെറുതല്ല. ഒരു ജില്ലയെ മാരക രോഗപീഡകളിലേക്ക് തള്ളിവിടുകയും വായുവും, വെള്ളവും പ്രകൃതി വിഭവങ്ങളും മലിനമാക്കുകയും ചെയ്തു. ഇവിടെ മനുഷ്യരില്‍ അമ്മിഞ്ഞപ്പാല്‍, അമ്ലം, ശുക്ലം, രക്തം എന്നിവയില്‍ എന്‍ഡോസള്‍ഫാന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. മണ്ണിന്റെയും പ്രകൃതിയുടെയും ജൈവഗുണം നശിപ്പിക്കുന്ന എന്‍ഡോസള്‍ഫാന്റെ കാഠിന്യം നൂറു മുതല്‍ എഴുനൂറു വര്‍ഷം വരെ നിലനില്‍ക്കുമെന്ന് ഇതെക്കുറിച്ച് പഠനം നടത്തിയ ഫിലിപ്പൈന്‍സിലെ പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ. കിങ്ങ് ചാനോ വ്യക്തമാക്കുകയുണ്ടായി.
എന്‍ഡോസള്‍ഫാന്‍ നിരോധിച്ചെങ്കിലും അത്രതന്നെ മാരകമായ ടൈഫോഡര്‍മ്മ, റൌണ്ട് അപ്പ് തുടങ്ങിയവ തോട്ടം മേഖലയില്‍ ഉപയോഗിച്ചു വരുന്നു. കാര്‍ഷിക മേഖലയില്‍ മുന്നിട്ടുനില്‍ക്കുന്ന പഞ്ചാബില്‍ 85 ശതമാനം ആളുകളുടെ രക്തത്തിലും ഡി. ഡി. ടി യുടെ അംശം കണ്ടെത്തിയിട്ടുണ്ട്. കേരളത്തില്‍ മാത്രം കാര്‍ഷികഭൂമിയില്‍ ഉപയോഗിക്കുന്ന ഫ്യുരഡാന്റെ കണക്ക് പ്രതിവര്‍ഷം ശരാശരി ഒരു ലക്ഷം ടണ്ണാണ്.
ശാസ്ത്ര സാങ്കേതിക നിലയില്‍ ലോകം പുരോഗമിച്ചു. ജനസംഖ്യ വര്‍ധനവിനനുസരിച്ചു ഭക്ഷ്യോല്‍പാദനവും, പാര്‍പ്പിട സൗകര്യങ്ങളും വര്‍ധിപ്പിക്കേണ്ടത് ആവശ്യമാണ്. രാജ്യത്ത് വ്യാവസായിക വളര്‍ച്ചയും അത്യന്താപേക്ഷിതമാണ്. എന്നാല്‍ ഇവയെല്ലാം പ്രകൃതിയുടെ ആവാസ വ്യവസ്ഥ തകിടം മറിക്കാത്ത രീതിയില്‍ എല്ലാവിധ മാനനഷ്ടങ്ങളും പാലിച്ചായിരിക്കണമെന്നതാണ് പ്രധാനം. പരിസ്ഥിതി സംരക്ഷണത്തിന്റെ പേരില്‍ ഉല്‍ബോധനം നടത്തുന്ന കേരളത്തില്‍ അത് വേണ്ടരീതിയില്‍ പ്രാവര്‍ത്തികമാക്കാന്‍ യുക്തിപൂര്‍വ്വമുള്ള ശ്രമം നടത്തുന്നില്ല. ലക്ഷക്കണക്കിന് ടണ്‍ മണല്‍ കേരളത്തില്‍ പൊലീസ് സ്‌റ്റേഷനുകളില്‍ നശിച്ചുകൊണ്ടിരിക്കുന്നു.
ജനം തിങ്ങിത്താമാസിക്കുന്ന ഈ കൊച്ചു സംസ്ഥാനത്ത് ഇതുകൊണ്ടുള്ള പരിസ്ഥിതി പ്രശ്‌നങ്ങള്‍ ചെറുതല്ല. ഇത്രത്തോളം പൂഴിക്കുവേണ്ടി ഒരു തവണ പുഴകളെ ചൂഷണം ചെയ്തു. നിയമ നടപടിയുടെ ഭാഗമായി ഇത് യഥാസമയം ലേലം ചെയ്ത് ഉപഭോക്താക്കളുടെ കൈകളിലെത്തിക്കുന്ന പക്ഷം നശിച്ചുകൊണ്ടിരിക്കുന്ന ഇത്രത്തോളം മണലിനുവേണ്ടി വീണ്ടും പുഴകളെ ചൂഷണം ചെയ്യുന്നത് ഇല്ലാതാക്കുവാന്‍ സാധിക്കും. ആര്‍ഭാട ജീവിതം നയിക്കുന്ന കേരളീയര്‍ വീടുനിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് കൂടുതലും പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിക്കുന്നത്. ഇതിനു സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. വീടുകള്‍ നിശ്ചിത പരിധിക്കുള്ളില്‍ ക്രമപ്പെടുത്തും വഴി അസംസ്‌കൃത വസ്തുക്കളുടെ ഉപയോഗം ക്രമാതീതമായി ചുരുങ്ങുകയും പ്രകൃതി സംരക്ഷണത്തിന് ആക്കം കൂട്ടുവാന്‍ ഇത് അവസരമൊരുക്കുകയും ചെയ്യും.ഇതിന് പുതിയ നിയമനിര്‍മ്മാണങ്ങളാണ് കേരളത്തില്‍ ആവശ്യം. ഈ പ്രകൃതിയും അതിലെ വിഭവങ്ങളും വരും തലമുറക്ക് കൈമാറേണ്ട ബാധ്യത ഓരോരുത്തരിലും നിക്ഷിപ്തമാണ്.

മുഷ്താഖ് കൊടിഞ്ഞിPosted On: 4/23/2013ചന്ദ്രിക ദിനപത്രം