2013, ഏപ്രിൽ 22, തിങ്കളാഴ്‌ച

ലോകം രോഗാതുരതയിലേക്ക്



മലിനജലം കുടിച്ച് പ്രതിദിനം ലോകത്ത് മരിച്ചുവീഴുന്ന കുട്ടികളുടെ എണ്ണം 1800 ലേറെയുണ്ടെന്ന് ഐക്യരാഷ്ട്ര സഭയുടെ പുതിയ പഠന റിപ്പോട്ട്. ഇങ്ങനെയുള്ള മരണങ്ങളില്‍ 24 ശതമാനവും ഇന്ത്യയിലാണെന്നത് മറ്റൊരു വസ്തുത. ശുദ്ധജല ദൗര്‍ലഭ്യതയാണ് മലിനജലം കുടിക്കാന്‍ ഇവരെ നിര്‍ബന്ധിതരാക്കുന്നത്. ലോകത്ത് ശുദ്ധജലം പോലും കിട്ടാതെ നരകിക്കുന്നത് 78 കോടി ജനങ്ങളാണ്. ശുദ്ധജല ദൗര്‍ലഭ്യത ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത് ചൈനയിലാണ്, 11 കോടി ജനങ്ങള്‍. തൊട്ടുപിന്നില്‍ ഇന്ത്യയാണ്, ഒന്‍പതു കോടി.
മൂന്നു വര്‍ഷത്തിനകം കുടിവെള്ള മലിനീകരണം 35 ശതമാനമായി വര്‍ധിക്കുമെന്നു ഭൂവിനിയോഗ ബോര്‍ഡ് കണ്ടെത്തിയിരുന്നു. ഒരുകാലത്ത് പ്രധാന ശുദ്ധജല സ്രോതസ്സുകളായിരുന്ന പുഴകളും, നദികളും മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി മാറിയതാണ് ഈ ദുരവസ്ഥക്ക് ആക്കം കൂട്ടിയത്. ശുദ്ധജല സ്രോതസ്സുകള്‍ ഇല്ലാതായി മാറുകയും കുടിവെള്ളത്തിനു വേണ്ടി ഭൂഗര്‍ഭജലത്തെ ആശ്രയിക്കേണ്ടി വരികയും ചെയ്യുകയാണ്.
ശരാശരി മഴലഭിച്ചാല്‍ 35235 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ് പ്രതിവര്‍ഷം കേരളത്തില്‍ വര്‍ഷിക്കുക. വയലുകള്‍ നികത്തപ്പെട്ടതിനാല്‍ ഇതിന്റെ മുഖ്യപങ്കും അറബിക്കടലിലേക്കൊഴുകുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്ത് 5027 ഹെക്ടര്‍ നെല്‍ വയലുകള്‍ നികത്തിയതായി ആസൂത്രണ ബോര്‍ഡിന്റെ അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരുപത്തഞ്ചു വര്‍ഷത്തിനകം നികത്തിയ വയല്‍ അഞ്ചു ലക്ഷം ഹെക്ടര്‍ വരും.
ഭൂമിയിലെ സര്‍വ്വ ജീവ ജാലങ്ങളുടെയും പൊതു അവകാശമായ ഭൂഗര്‍ഭജലം കമ്പോളവല്‍ക്കരിക്കപ്പെട്ടിരിക്കുകയാണ്. ലോകത്ത് വര്‍ധിച്ച തോതില്‍ ഭൂഗര്‍ഭ ജലം എടുക്കുന്നത് ബംഗ്ലാദേശിലാണ്. ലോകബാങ്കിന്റെ പ്രത്യേക പദ്ധതി പ്രകാരം കുടിവെള്ളത്തിനു വേണ്ടിയാണിത്. ഇന്ത്യയില്‍ തന്നെ ഭൂഗര്‍ഭജലമെടുക്കുന്ന മാത്രയില്‍ തന്നെ പൂര്‍വ്വ സ്ഥിതി കൈവരിക്കുന്ന മേഖലയാണ് മഹാരാഷ്ട്ര. അതിന് സാധ്യതയില്ലാത്ത സ്ഥലങ്ങളില്‍ കുഴല്‍ക്കിണര്‍ കുഴിക്കുന്നതിന് മഹാരാഷ്ട്രയില്‍ നിയന്ത്രണങ്ങളുണ്ട്.
കേരളത്തില്‍ ശരാശരി പന്ത്രണ്ട് ടി.എം.സി (ദശലക്ഷം ഘനയടി) യിലേറെ ഭൂഗര്‍ഭജലം ഉണ്ടെന്നാണ് കണക്ക്. ഇതില്‍ പത്ത് ടി .എം.സിയോളം പാലക്കാടും, രണ്ട് ടി.എം.സി യോളം കാസര്‍ക്കോടും നിലനില്‍ക്കുന്നു. എന്നാല്‍ വിവിധ കമ്പനികള്‍ സംസ്ഥാനത്തെ പന്ത്രണ്ട് ജില്ലകളില്‍ നിന്നായി 8,34,063 ലേറെ ക്യുബിക് മീറ്റര്‍ ഉപരിതല ഭൂഗര്‍ഭ ജലം ഊറ്റുന്നതായി ഏതാനും വര്‍ഷംമുമ്പ് പുറത്തുവിട്ട ഔദ്യോഗിക കണക്കില്‍ പറയുന്നു. കമ്പനികളുടെയും ഉപഭോക്താക്കളുടെയും വര്‍ധനവും അനൗദ്യോഗിക കണക്കും പരിശോധിക്കുമ്പോള്‍ ജലചൂഷണത്തിന്റെ കണക്കു ഇതിലും പതിന്മടങ്ങായിരിക്കും. അപകടകരമായ അവസ്ഥയിലേക്ക് ഭൂഗര്‍ഭ ജലവിതാനം താഴുന്നതായാണ് ലഭിച്ചുകൊണ്ടിരിക്കുന്ന പുതിയ റിപ്പോര്‍ട്ടുകള്‍.
സാംക്രമികേതര രോഗങ്ങള്‍ ലോകത്ത് പത്തു വര്‍ഷത്തിനിടെ 3880 ലക്ഷം പേരെ കൊന്നൊടുക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു. പൊതുസ്ഥലങ്ങളിലേക്ക് ഒഴുക്കി വിടുന്ന വ്യവസായശാലകളിലെ മാലിന്യവും കാര്‍ഷിക മേഖലകളിലെ കീടനാശിനി പ്രയോഗവും മനുഷ്യനെയും മണ്ണിനെയും പുഴകളെയും കിണറുകളെയും മറ്റും വിഷലിപ്തമാക്കി. മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് കോടതി വിധിമൂലം അടച്ചുപൂട്ടിയെങ്കിലും പ്രവര്‍ത്തന ഘട്ടങ്ങളില്‍ മാലിന്യങ്ങള്‍ ചാലിയാറിലേക്ക് ഒഴുക്കിയത് മൂലം ഇന്നും ഈ പ്രദേശങ്ങളില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം കൂടുതലാണ്. പാലക്കാട് പ്ലാച്ചിമടയില്‍ കൊക്കകോള കമ്പനി അടച്ചുപൂട്ടിയെങ്കിലും അന്ന് കമ്പനി വളമെന്ന വ്യാജേനെ കരുമാട്ടി പഞ്ചായത്തില്‍ നല്‍കിയ മാലിന്യത്തില്‍ 400 മുതല്‍ 600 ശതമാനം വരെ കാഡ്മിയത്തിന്റെ അംശം കണ്ടെത്തിയിരുന്നു. കാസര്‍കോട് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ വിതച്ച നാശം ചെറുതല്ല. ഒരു ജില്ലയെ മാരക രോഗപീഡകളിലേക്ക് തള്ളിവിടുകയും വായുവും, വെള്ളവും പ്രകൃതി വിഭവങ്ങളും മലിനമാക്കുകയും ചെയ്തു. ഇവിടെ മനുഷ്യരില്‍ അമ്മിഞ്ഞപ്പാല്‍, അമ്ലം, ശുക്ലം, രക്തം എന്നിവയില്‍ എന്‍ഡോസള്‍ഫാന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. മണ്ണിന്റെയും പ്രകൃതിയുടെയും ജൈവഗുണം നശിപ്പിക്കുന്ന എന്‍ഡോസള്‍ഫാന്റെ കാഠിന്യം നൂറു മുതല്‍ എഴുനൂറു വര്‍ഷം വരെ നിലനില്‍ക്കുമെന്ന് ഇതെക്കുറിച്ച് പഠനം നടത്തിയ ഫിലിപ്പൈന്‍സിലെ പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ. കിങ്ങ് ചാനോ വ്യക്തമാക്കുകയുണ്ടായി.
എന്‍ഡോസള്‍ഫാന്‍ നിരോധിച്ചെങ്കിലും അത്രതന്നെ മാരകമായ ടൈഫോഡര്‍മ്മ, റൌണ്ട് അപ്പ് തുടങ്ങിയവ തോട്ടം മേഖലയില്‍ ഉപയോഗിച്ചു വരുന്നു. കാര്‍ഷിക മേഖലയില്‍ മുന്നിട്ടുനില്‍ക്കുന്ന പഞ്ചാബില്‍ 85 ശതമാനം ആളുകളുടെ രക്തത്തിലും ഡി. ഡി. ടി യുടെ അംശം കണ്ടെത്തിയിട്ടുണ്ട്. കേരളത്തില്‍ മാത്രം കാര്‍ഷികഭൂമിയില്‍ ഉപയോഗിക്കുന്ന ഫ്യുരഡാന്റെ കണക്ക് പ്രതിവര്‍ഷം ശരാശരി ഒരു ലക്ഷം ടണ്ണാണ്.
ശാസ്ത്ര സാങ്കേതിക നിലയില്‍ ലോകം പുരോഗമിച്ചു. ജനസംഖ്യ വര്‍ധനവിനനുസരിച്ചു ഭക്ഷ്യോല്‍പാദനവും, പാര്‍പ്പിട സൗകര്യങ്ങളും വര്‍ധിപ്പിക്കേണ്ടത് ആവശ്യമാണ്. രാജ്യത്ത് വ്യാവസായിക വളര്‍ച്ചയും അത്യന്താപേക്ഷിതമാണ്. എന്നാല്‍ ഇവയെല്ലാം പ്രകൃതിയുടെ ആവാസ വ്യവസ്ഥ തകിടം മറിക്കാത്ത രീതിയില്‍ എല്ലാവിധ മാനനഷ്ടങ്ങളും പാലിച്ചായിരിക്കണമെന്നതാണ് പ്രധാനം. പരിസ്ഥിതി സംരക്ഷണത്തിന്റെ പേരില്‍ ഉല്‍ബോധനം നടത്തുന്ന കേരളത്തില്‍ അത് വേണ്ടരീതിയില്‍ പ്രാവര്‍ത്തികമാക്കാന്‍ യുക്തിപൂര്‍വ്വമുള്ള ശ്രമം നടത്തുന്നില്ല. ലക്ഷക്കണക്കിന് ടണ്‍ മണല്‍ കേരളത്തില്‍ പൊലീസ് സ്‌റ്റേഷനുകളില്‍ നശിച്ചുകൊണ്ടിരിക്കുന്നു.
ജനം തിങ്ങിത്താമാസിക്കുന്ന ഈ കൊച്ചു സംസ്ഥാനത്ത് ഇതുകൊണ്ടുള്ള പരിസ്ഥിതി പ്രശ്‌നങ്ങള്‍ ചെറുതല്ല. ഇത്രത്തോളം പൂഴിക്കുവേണ്ടി ഒരു തവണ പുഴകളെ ചൂഷണം ചെയ്തു. നിയമ നടപടിയുടെ ഭാഗമായി ഇത് യഥാസമയം ലേലം ചെയ്ത് ഉപഭോക്താക്കളുടെ കൈകളിലെത്തിക്കുന്ന പക്ഷം നശിച്ചുകൊണ്ടിരിക്കുന്ന ഇത്രത്തോളം മണലിനുവേണ്ടി വീണ്ടും പുഴകളെ ചൂഷണം ചെയ്യുന്നത് ഇല്ലാതാക്കുവാന്‍ സാധിക്കും. ആര്‍ഭാട ജീവിതം നയിക്കുന്ന കേരളീയര്‍ വീടുനിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് കൂടുതലും പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിക്കുന്നത്. ഇതിനു സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. വീടുകള്‍ നിശ്ചിത പരിധിക്കുള്ളില്‍ ക്രമപ്പെടുത്തും വഴി അസംസ്‌കൃത വസ്തുക്കളുടെ ഉപയോഗം ക്രമാതീതമായി ചുരുങ്ങുകയും പ്രകൃതി സംരക്ഷണത്തിന് ആക്കം കൂട്ടുവാന്‍ ഇത് അവസരമൊരുക്കുകയും ചെയ്യും.ഇതിന് പുതിയ നിയമനിര്‍മ്മാണങ്ങളാണ് കേരളത്തില്‍ ആവശ്യം. ഈ പ്രകൃതിയും അതിലെ വിഭവങ്ങളും വരും തലമുറക്ക് കൈമാറേണ്ട ബാധ്യത ഓരോരുത്തരിലും നിക്ഷിപ്തമാണ്.

മുഷ്താഖ് കൊടിഞ്ഞിPosted On: 4/23/2013ചന്ദ്രിക ദിനപത്രം 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ