2013, ഏപ്രിൽ 23, ചൊവ്വാഴ്ച

മണ്ണിലെ കീടനാശിനി നീക്കാന്‍ യുവശാസ്ത്രജ്ഞയുടെ പദ്ധതി


Published on  23 Apr 2013

കോഴിക്കോട്:മണ്ണില്‍ കലര്‍ന്ന കീടനാശിനി അരിച്ചെടുത്ത് നീക്കം ചെയ്യാനുള്ള യുവശാസ്ത്രജ്ഞയുടെ ഹരിത പദ്ധതി ശ്രദ്ധേയമാകുന്നു. കോഴിക്കോട് സി.ഡബ്ല്യു.ആര്‍.ഡി.എമ്മിലെ റിസര്‍ച്ച് ഫെല്ലോ കെ. ജസിതയാണ് എന്‍ഡോസള്‍ഫാന്‍ നീക്കം ചെയ്യുന്ന പദ്ധതിക്ക് രൂപം നല്‍കിയിട്ടുള്ളത്.

ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ അംഗീകാരത്തോടെയാണ് തേഞ്ഞിപ്പലം സ്വദേശിനി ജസിതയുടെ ഗവേഷണം.

കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശങ്ങളില്‍ സി.ഡബ്ല്യു.ആര്‍.ഡി.എമ്മിനുവേണ്ടി നടത്തിയ പഠനങ്ങള്‍ക്കിടെയാണ് മണ്ണിലെ വിഷാംശം നീക്കുന്നതിനെപ്പറ്റി ജസിത ആലോചിച്ചത്.

ഉയര്‍ന്ന എന്‍ഡോസള്‍ഫാന്‍ സാന്ദ്രതയുള്ള മണ്ണില്‍ വിവിധ ഇനം ചെടികള്‍ നട്ടായിരുന്നു പരീക്ഷണം. നാടന്‍ ചെടികളാണ് നട്ടത്. രാമച്ചം, കമ്യൂണിസ്റ്റ് പച്ച, കീഴാര്‍ നെല്ലി തുടങ്ങിയവയും നട്ടു. ഇതില്‍ ചീര വലിയ തോതില്‍ മണ്ണിലെ വിഷാംശം വലിച്ചെടുക്കുന്നതായി തെളിഞ്ഞു.

ഇങ്ങനെ എന്‍ഡോസള്‍ഫാന്‍ വലിച്ചെടുത്ത ചീരയെ പ്രത്യേക പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുകയായിരുന്നു അടുത്ത ഘട്ടം. ബാസില്ലസ്, സ്യൂഡോമോണോസ് തുടങ്ങിയ ബാക്ടീരിയകള്‍ നിറച്ച പ്ലാന്‍റില്‍ കീടനാശിനി വലിച്ചെടുത്ത ചെടികളെ സംസ്‌കരിച്ചെടുത്തു. ബാക്ടീരിയകളുടെ ജൈവ രാസപ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ 16 ദിവസം കൊണ്ട് എന്‍ഡോസള്‍ഫാന്‍ പൂര്‍ണമായും നീക്കം ചെയ്യാനായി.

പുതിയ ബാക്ടീരിയകളുമായി ഗവേഷണം തുടരുകയാണ് ജസിത ഇപ്പോള്‍. ചില ബാക്ടീരിയകള്‍ വേഗത്തില്‍ എന്‍ഡോസള്‍ഫാനെ ഹൈഡ്രോകാര്‍ബണാക്കി നിര്‍വീര്യമാക്കുന്നതായി തെളിഞ്ഞിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

നാനോ ടെക്‌നോളജിയുടെ സഹായത്തോടെ മണ്ണില്‍ പുതഞ്ഞ കീടനാശിനികളെ കൂടുതല്‍ ഫലപ്രദമായി അരിച്ചെടുക്കാനുള്ള പരീക്ഷണങ്ങളാണ് ഇപ്പോള്‍ തുടരുന്നത്. കീടനാശിനികള്‍ നാശോന്മുഖമാക്കിയ മണ്ണിനെ വീണ്ടും ജീവന്‍ വെപ്പിക്കുന്ന വിധത്തില്‍ വ്യാപകമായി ഉപയോഗിക്കാവുന്ന ജൈവബദലുകള്‍ തേടുകയാണ് ജസിത.

കോഴിക്കോട് സി.ഡബ്ല്യു.ആര്‍.ഡി.എമ്മിലെ ഡോ. പി.എസ്. ഹരികുമാറിന് കീഴിലാണ് ജസിത ഗവേഷണം നടത്തുന്നത്...[മാത്രഭൂമി ദിനപത്രം]

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ