മുസ്‌ലിം ലീഗ് പണ്ടേ ഒരു പച്ച പാര്‍ട്ടിയാണ്. പച്ചക്കൊടിയില്‍ നക്ഷത്രാങ്കിത ചന്ദ്രക്കലയാണ് ലീഗിന്റെ പ്രതീക പ്രതിനിധാനം. പക്ഷേ, ലീഗിപ്പോള്‍ യഥാര്‍ഥത്തില്‍ പച്ച രാഷ്ട്രീയം കൈയേല്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നു. 'നിത്യഹരിത ഭൂമി, വീണ്ടെടുക്കപ്പെടേണ്ട പ്രകൃതി' എന്ന വാക്യത്തിനു കീഴില്‍ മുസ്‌ലിം ലീഗ് ഒരു പരിസ്ഥിതി നയം രൂപവത്കരിക്കുകയാണെന്ന് ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച പരിസ്ഥിതി സെമിനാറില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ''പരിസ്ഥിതി പുനഃസ്ഥാപിക്കുന്നതിന് പാര്‍ട്ടിയുടെ മുഴുവന്‍ ഊര്‍ജവും വിനിയോഗിക്കുമെന്നും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത് നിര്‍ബന്ധ ബാധ്യതയാണെന്ന ബോധം അണികളില്‍ വളര്‍ത്തണമെന്നും തങ്ങള്‍ പറഞ്ഞു.''
''പരിസ്ഥിതി നയത്തിന്റെ ഭാഗമായി വായു മലിനീകരണം ഒഴിവാക്കി ശുദ്ധ വായുവിന്റെ ലഭ്യത ഉറപ്പുവരുത്താന്‍ ശ്രമിക്കും. ജലം, മണ്ണ് എന്നിവ സംരക്ഷിക്കും. നീര്‍ത്തടങ്ങളുടെ സംരക്ഷണവും പരിപോഷണവും പ്രധാന പദ്ധതികളായി ഏറ്റെടുക്കാന്‍ പഞ്ചായത്തുകളോട് നിര്‍ദേശിക്കും. ജൈവകൃഷിക്ക് പ്രോത്സാഹനം നല്‍കും. 'നാട്ടുപച്ച' എന്ന പേരില്‍ അയല്‍കൂട്ടങ്ങള്‍ രൂപീകരിച്ച് അടുക്കളത്തോട്ടങ്ങള്‍ ഔഷധോദ്യാനങ്ങള്‍ എന്നിവ നടപ്പിലാക്കും. മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ജനപങ്കാളിത്തത്തോടെ നടപ്പാക്കും. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വ്യാപകമായി മരങ്ങള്‍ വെച്ചുപിടിപ്പിക്കും. നദികളുടെ സംരക്ഷണത്തിന് സമിതികള്‍ രൂപീകരിക്കും. നെല്‍കൃഷിയുടെ വ്യാപനത്തിലൂടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കും. തരിശു നിലങ്ങളില്‍ കൃഷി പ്രോത്സാഹിപ്പിക്കും. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി സാങ്കേതിക വിദഗ്ധരുടെ പാനല്‍ തയാറാക്കും'' (ചന്ദ്രിക ദിനപത്രം, 2013 ജനുവരി 31).കേരളത്തിലെ ഒരു പ്രബല രാഷ്ട്രീയ പാര്‍ട്ടി പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നത് എന്തൊക്കെ പറഞ്ഞാലും ഹരിതപ്രതീക്ഷകള്‍ നല്‍കുന്നതാണ്. വ്യവസായ വകുപ്പും പൊതുമരാമത്ത് വകുപ്പും ഐക്യജനാധിപത്യ മുന്നണി സര്‍ക്കാറുകളില്‍ കുറേകാലമായി കൈകാര്യം ചെയ്തു പോരുന്ന ഒരു പാര്‍ട്ടി എന്ന നിലക്കും മുസ്‌ലിം സമുദായത്തില്‍ അടിത്തറയുള്ള പാര്‍ട്ടി എന്ന നിലക്കും ഈ ഏറ്റെടുക്കലിന് ധാരാളം മാനങ്ങളുണ്ട്. കോഴിക്കോട്ടെ പ്രഖ്യാപനത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ കുറെയെങ്കിലും നടപ്പിലാക്കാന്‍ പാര്‍ട്ടിയും അതിന്റെ ഭരണത്തിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും സന്നദ്ധമായാല്‍ കേരളത്തിന്റെ സുസ്ഥിര വികസനത്തില്‍ അത് വലിയ പങ്കുവഹിക്കും.
ലീഗ് പാരിസ്ഥിതിക നയത്തിന്റെ ഏറ്റവും വലിയ ദൗര്‍ബല്യം പരിസ്ഥിതി പ്രശ്‌നത്തെ അതൊരു രാഷ്ട്രീയ പ്രശ്‌നമായല്ല കാണുന്നത് എന്നതാണ്. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളെ കാണുന്ന പോലെത്തന്നെയാണ് ലീഗ് പാരിസ്ഥിതിക പ്രശ്‌നങ്ങളെയും നോക്കിക്കാണുന്നത്. പാര്‍ട്ടി ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പരിസ്ഥിതി സെമിനാറില്‍ നടത്തിയ പ്രസംഗം ഇതിന്റെ നഗ്നസമ്മതമായിരുന്നു. 'മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ ചരിത്രത്തിലെ പുണ്യദിനമാണിതെന്ന് മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. പരിസ്ഥിതി പഠനത്തിനും സംരക്ഷണത്തിനും പുനര്‍ നിര്‍വചനം വന്നിരിക്കുകയാണ്. ഇത് ലീഗിനെ സംബന്ധിച്ചേടത്തോളം പുതിയ സംഭവമല്ല. ഒരു കൊല്ലമായി ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നു വരികയായിരുന്നു. ലീഗ് രാഷ്ട്രീയത്തിന് അതീതമായ പ്രവര്‍ത്തനങ്ങള്‍ എന്നും നടത്തിയിട്ടുണ്ട്. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ അതിന്റെ ഉദാഹരണങ്ങളാണ്. പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യത്തിലും ഇതേ മുന്നേറ്റം ഉണ്ടാവും' (ചന്ദ്രിക, 2013 ജനുവരി 31).
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ