2013, ഫെബ്രുവരി 27, ബുധനാഴ്‌ച

                                                                                                                                                               കെട്ടിട നിര്‍മാണത്തിലും വേണം പരിസ്ഥിതി സൗഹൃദം
- എഞ്ചിനീയര്‍ പി. മമ്മദ്‌കോയ -                   ഭൂമിയുടെ പച്ചപ്പ് നിലനിര്‍ത്തുവാനും വരുംതലമുറക്ക് കൂടി ജീവിക്കാനുതകുന്ന രീതിയില്‍ പ്രകൃതിയെ വീണ്ടെടുക്കുവാനും പരിശ്രമിക്കുക എന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ആഹ്വാനം വര്‍ത്തമാനകാല സാഹചര്യത്തില്‍ തികച്ചും പ്രസക്തമാണ്. ഭൂതകാലത്തോട് നന്ദിയുള്ളവരാകുകയും ഭാവി തലമുറക്ക് കരുതിവെക്കുകയും ചെയ്യേണ്ടത് വര്‍ത്തമാനകാല സമൂഹത്തിന്റെ ബാദ്ധ്യതയാണ് എന്ന തങ്ങളുടെയും അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയും സമീപകാല പ്രഖ്യാപനം ഏറ്റവും കൂടുതല്‍ പ്രയോഗവല്‍ക്കരിക്കേണ്ട മേഖലകളില്‍ ഒന്നാണ് നിര്‍മ്മാണരംഗം. ആഗോളതാപനം ത്വരിതപ്പെടുത്തുന്ന വാതകങ്ങളുടെ നിര്‍ഗ്ഗമനവും അനിയന്ത്രിതമായ ഊര്‍ജ്ജോപയോഗവും വഴി ഈ മേഖല പരിസ്ഥിതിക്കു നല്‍കുന്ന പ്രഹരം ഭാവിതലമുറക്ക് ജീവിക്കുവാനുള്ള അവകാശത്തെ നിഷേധിച്ചുകൊണ്ടിരിക്കുകയാണ്.
ആഗോള ഊര്‍ജ്ജ ഉപയോഗത്തിന്റെ നാല്പതു ശതമാനവും പ്രകൃതി വിഭവങ്ങളുടെ മുപ്പതുശതമാനവും വിനിയോഗിക്കുന്നത് കെട്ടിട നിര്‍മ്മാണത്തിലാണെന്നതാണ് വസ്തുത. ഓസോണ്‍ കവചം നശിപ്പിക്കുന്ന വാതകങ്ങളുടെ അമ്പതു ശതമാനവും മൊത്തം കാര്‍ബണ്‍ഡയോക്‌സൈഡിന്റെ മുപ്പത്തഞ്ച് ശതമാനവും കെട്ടിടങ്ങളില്‍ നിന്നാണ് നിര്‍ഗ്ഗമിക്കുന്നത്. അംബരചുംബികളായ കെട്ടിടങ്ങളും കാര്‍ബണ്‍ വമിക്കുന്ന വാഹനങ്ങളും ലോകത്ത് ദ്രുതഗതിയില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ മാത്രം പ്രതിമാസം എട്ടരലക്ഷം മെട്രിക് ടണ്‍ സിമന്റാണ് നിര്‍മ്മാണ മേഖല ഉപയോഗിക്കുന്നത്. ഇതിന്നാനുപാതികമായി ഉപയോഗിക്കുന്ന ആറ്റുമണല്‍ ജലസ്രോതസ്സുകള്‍ക്ക് പ്രതികൂലമായി ബാധിക്കുന്നു. നമ്മുടെ നാല്പത്തിനാലു നദികളും അവയുടെ പോഷക നദികളും മരിച്ചുകൊണ്ടിരിക്കുന്നതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് മണലിന്റെ അനിയന്ത്രിതമായ ചൂഷണവും ജലമലിനീകരണവുമാണ്.
നിര്‍മ്മാണരംഗത്തെയും ഈ രംഗത്തെ തൊഴില്‍ സാധ്യതയെയും പ്രതികൂലമായി ബാധിക്കാതെ കാലങ്ങളായി അനുവര്‍ത്തിച്ചുവരുന്ന നിര്‍മ്മാണ രീതിയില്‍ സ്ഥായിയായ ഒരു മാറ്റം ആധുനിക സമൂഹം കണ്ടെത്തേണ്ടിയിരിക്കുന്നു. സംസ്ഥാനത്തെ ഏറ്റവും സജീവമായ വ്യവസായമാണ് നിര്‍മ്മാണരംഗം. പ്രതീക്ഷ നഷ്ടപ്പെട്ട കാര്‍ഷിക മേഖലയില്‍ നിന്നും താരതമ്യേന കൂലി കുറവായി അന്യ സംസ്ഥാനങ്ങളില്‍ നിന്നും ചേക്കേറിയ അനേകം തൊഴിലാളികള്‍ക്ക് അന്നവും ആശ്വാസവും നല്‍കുന്നത് നിര്‍മ്മാണ രംഗമാണ്. പ്രകൃതിക്കനുഗുണമായതും പരിസ്ഥിതിക്ക് ദോഷം വരുത്താത്തതുമായ നിര്‍മ്മാണ സാമഗ്രികളുപയോഗിച്ച് ഭൂമിയുടെ ആവാസവ്യവസ്ഥയെ തകിടംമറിക്കാത്ത ഒരു നിര്‍മ്മാണ സംസ്‌കാരം രൂപപ്പെടുത്തേണ്ടിയിരിക്കുന്നു.
പ്രകൃതിയില്‍ നിന്ന് ലഭിക്കുന്ന നിര്‍മ്മാണ സാമഗ്രികളെ തന്മയത്വത്തോടെ പരിസ്ഥിതിക്കനുസൃതമായി വിതാനിച്ച ആ രൂപകല്പനകള്‍ ഒരിക്കലും ഭൂമിയുടെ ആവാസവ്യവസ്ഥയെ വ്രണപ്പെടുത്തിയിരുന്നില്ല. എന്നാല്‍ ഇന്ന് നാമുപയോഗിക്കുന്ന നിര്‍മ്മാണ സാമഗ്രികളധികവും അന്തരീക്ഷത്തെ മലീമസമാക്കുന്ന വാതകങ്ങള്‍ പുറപ്പെടുവിക്കുന്നവയാണെന്നും ആഗോളതാപനത്തെ ത്വരിതപ്പെടുത്തുന്ന ''ഹരിത വാതകങ്ങള്‍'' അധികവും നിര്‍ഗ്ഗമിക്കുന്നത് ഇവ ഉപയോഗിച്ചുണ്ടാക്കിയ കെട്ടിടങ്ങളില്‍ നിന്നാണെന്നുമാണ് കണ്ടെത്തല്‍!
കാര്‍ബണ്‍ ഡയോക്‌സൈഡ്, കാര്‍ബണ്‍ മോണോക്‌സൈഡ്, മീതൈല്‍, നൈട്രസ് ഓക്‌സൈഡ് എന്നീ ഹരിതഗൃഹ വാതകങ്ങളുടെ അമിത വര്‍ദ്ധനവാണ് ആഗോളതാപനത്തിന് കാരണമാകുന്നത്.
ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം നിയന്ത്രിക്കുവാനും അതുവഴി കാലാവസ്ഥ വ്യതിയാനം തടയുന്നതിന്നും അന്തര്‍ദേശീയ തലത്തില്‍ ലോകരാജ്യങ്ങള്‍ ഒരു ഉടമ്പടിയുണ്ടാക്കിയിരുന്നു. 1997 ല്‍ ജപ്പാനിലെ ക്യോട്ടൊയില്‍ വെച്ച് ഉണ്ടാക്കിയ ആ ഉടമ്പടി 2005 ലാണ് പൂര്‍ണ്ണരൂപത്തില്‍ പ്രാബല്യത്തില്‍ വന്നത്. ലോകത്തിലെ 191 രാഷ്ട്രങ്ങള്‍ ഒപ്പുവെച്ച ആ ഉടമ്പടിയില്‍ പക്ഷെ അമേരിക്ക ഒപ്പുവെച്ചില്ല. ഹരിത വാതകങ്ങളുടെ ആഗോള നിര്‍ഗ്ഗമനത്തിന്റെ 16 ശതമാനവും പുറംതള്ളുന്നത് അമേരിക്കയാണെന്നത് പ്രത്യേകം ഓര്‍ക്കേണ്ടതാണ്. ക്യോട്ടൊക്ക് ശേഷം കോപ്പന്‍ഹേഗന്‍, കാന്‍ക്യൂണ്‍ ആഫ്രിക്കയിലെ ഡര്‍ബന്‍ എന്നീ ഉച്ചകോടികളും ആഗോളതാപനത്തെ കുറക്കുന്നതിന് ശക്തമായ ഉടമ്പടികളും സാര്‍വ്വദേശീയ നിയമങ്ങളുമാവിഷ്‌കരിച്ചിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയുടെ മെറ്റീരിയോളജിക്കല്‍ സര്‍വ്വെ റിപ്പോര്‍ട്ട് പ്രകാരം വര്‍ഷംതോറും അന്തരീക്ഷ ഊഷ്മാവ് കൂടിക്കൊണ്ടിരിക്കുകയാണെന്നും അന്റാര്‍ട്ടിക്കയിലെ മഞ്ഞുരുക്കത്തിന് ഇത് ആക്കം കൂട്ടുമെന്നും പറയുന്നു. ധ്രുവപ്രദേശങ്ങളിലെ മഞ്ഞുപാളികള്‍ ഉരുകി വെള്ളപ്പൊക്കമുണ്ടാക്കുകയും സമുദ്രനിരപ്പു ഉയരുകയും ചെയ്യും. ഇത് വന്‍ പ്രത്യാഘാതമാണ് ലോകത്തുണ്ടാക്കുക.
ഓസോണ്‍ പാളികള്‍ക്ക് നാശം വരുത്തുന്ന വാതകങ്ങളുടെ 50 ശതമാനവും കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ മുപ്പത് ശതമാനവും നിര്‍ഗ്ഗമിക്കുന്ന കെട്ടിടങ്ങളുടെ നിര്‍മ്മാണ ശൈലിയില്‍ വരുത്തുന്ന ചെറിയമാറ്റം വരുംതലമുറക്ക് നല്‍കാവുന്ന വലിയ കരുതലായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
''മലരണിക്കാടുകള്‍ തിങ്ങിവിങ്ങി,
മരതക കാന്തിയില്‍ മുങ്ങിമുങ്ങി,
കണ്ണുംകരളും കവര്‍ന്നുമിന്നി,
കറയറ്റൊരാലസ്സല്‍ ഗ്രാമഭംഗി!'' എന്ന് മലയാളത്തിന്റെ കാല്പനിക കവിയായ ചങ്ങമ്പുഴയെക്കൊണ്ട് പാടിച്ച കേരളത്തിന്റെ പ്രകൃതി ഭംഗി മെല്ലെ മെല്ലെ നമുക്ക് അന്യമായിക്കൊണ്ടിരിക്കുന്നു. കുളിരും മഞ്ഞും ഋതുഭേദങ്ങളും അനുഭവപ്പെടാത്ത രീതിയില്‍ അന്തരീക്ഷ ഊഷ്മാവ് കൂടിക്കൊണ്ടിരിക്കുന്നു. എയര്‍കണ്ടീഷണറുകളില്‍നിന്നും ഫ്രിഡ്ജുകളില്‍ നിന്നും നിര്‍ഗ്ഗമിക്കുന്ന ക്ലോറോഫഌറൊ കാര്‍ബണാണ് ഓസോണ്‍ കവചത്തിന്ന് ഏറ്റവും കൂടുതല്‍ ഹാനികരം. അതുകൊണ്ട് ആഗോളതാപനവും കാലാവസ്ഥ വ്യതിയാനങ്ങളുമുണ്ടാക്കാത്ത ഒരു നിര്‍മ്മാണ സംസ്‌കാരം രൂപപ്പെടുത്തേണ്ടതുണ്ട്. ഇവിടെയാണ് ഹരിതശില്പ വിദ്യ അഥവാ ഗ്രീന്‍ ആര്‍ക്കിടെക്ചര്‍ പ്രസക്തമാകുന്നത്.
ഭൂമിയുടെ നിമ്‌നോന്നതങ്ങളെ നിലനിര്‍ത്തി മരങ്ങളെയും പച്ചപ്പിനെയും കഴിയുന്നത്രയും നോവിക്കാതെ സൂര്യനില്‍ നിന്നും കാറ്റില്‍നിന്നും ഊര്‍ജ്ജമാവാഹിച്ചു രൂപകല്പന ചെയ്തു നിര്‍മ്മിക്കുന്ന രീതിയെയാണ് ഹരിതശില്പ വിദ്യകൊണ്ട് ഉദ്ദേശിക്കുന്നത്. ലോകോത്തരരായ അനേകം എഞ്ചിനീയര്‍മാരും ആര്‍ക്കിടെക്ടുകളും പരിസ്ഥിതിക്കനുസൃതമായ പ്രകൃതിയെ ചൂഷണം ചെയ്യാത്ത ഈ നിര്‍മ്മാണരീതിയെ കുറിച്ച് പഠനങ്ങളും ഗവേഷണങ്ങളും നടത്തിയതിലൂടെയാണ് ഈയൊരാശയം ഉരുത്തിരിഞ്ഞുവന്നത്.
സാങ്കേതികതയുടെ അത്ഭുതകരമായ മാറ്റങ്ങളും ഇന്റര്‍നെറ്റിലൂടെയുള്ള അറിവ് ആര്‍ജ്ജിക്കുവാനുള്ള അനന്തസാധ്യതകളും ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും ഹരിതശില്പവിദ്യയുടെ ഒരവബോധതരംഗം സൃഷ്ടിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ലോകരാഷ്ട്രങ്ങളിലെ ഗ്രീന്‍ ബില്‍ഡിംങ് കൗണ്‍സിലുകള്‍ ഇതിന്ന് ആക്കം കൂട്ടുന്നത് പ്രതീക്ഷാജനകമാണ്. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സില്‍, ദി കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ ഭാഗമായി ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിംങ് കൗണ്‍സില്‍ ദി ലീഡ് എന്നറിയപ്പെടുന്ന ദി ലീഡര്‍ഷിപ്പ് ഇന്‍ എനര്‍ജി ആന്റ് എന്‍വയര്‍മെന്റ് ആന്റ് ഡിസൈന്‍ തുടങ്ങിയ പ്രസ്ഥാനങ്ങള്‍ ഈ രംഗത്ത് ആവശ്യമായ വിവരങ്ങളും പ്രോല്‍സാഹനങ്ങളും നല്‍കുന്നു.
കേന്ദ്രസര്‍ക്കാറിന്റെ മിനിസ്ട്രറി ഫോര്‍ ന്യൂ ആന്റ് റിന്യൂവബിള്‍ എനര്‍ജി 11-ാം പഞ്ചവല്‍സരപദ്ധതിയില്‍ സൗരോര്‍ജ്ജ നഗര വികസനമെന്ന ഒരു പുതിയ പരിപാടി ഉള്‍പ്പെടുത്തുകയും ഫണ്ട് വകയിരുത്തുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി ഹരിയാനയിലെ ഗുഡ്ഗാവും ഫരീദാബാദും ഹരിത നഗരങ്ങളായി തിരഞ്ഞെടുക്കുകയും അവിടത്തെ ഊര്‍ജ്ജാനുബന്ധപ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരം കാണുകയും ഹരിത ശില്പ വിദ്യയിലൂടെ നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍ക്ക് നികുതി ഇളവിലൂടെയും മറ്റും പ്രോല്‍സാഹനങ്ങള്‍ ആവിഷ്‌കരിക്കുകയും ചെയ്തിട്ടുണ്ട്. ഈ രീതി നമുക്ക് കേരളത്തിലും പരീക്ഷിക്കാവുന്നതാണ്. പ്രകൃതിദത്തമായ ഊര്‍ജ്ജ സ്രോതസ്സുകളെ പ്രോത്സാഹിപ്പിക്കുന്നതും സൗരോര്‍ജ്ജ പാനലുകള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സബ്‌സിഡിയും ശുഭോദര്‍ക്കമാണ്. മതങ്ങളും ദര്‍ശനങ്ങളും ഈ ആശയങ്ങളെ ജനമനസ്സുകളിലേക്ക് എന്നും സന്നിവേശിപ്പിച്ചിരുന്നു. വിശുദ്ധ ഖുര്‍ആനിലെ 30-ാം അദ്ധ്യായത്തിലെ 41-ാം വചനം പരിസ്ഥിതി സൗഹൃദമനസ്ഥിതിയുടെ അഭാവം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് മാനവസമൂഹത്തിന്ന് മുന്നറിയിപ്പു തരുന്നു. ''മനുഷ്യരുടെ കരങ്ങള്‍ പ്രവര്‍ത്തിച്ചതുകാരണം കരയിലും കടലിലും കുഴപ്പങ്ങള്‍ വെളിപ്പെട്ടിരിക്കുന്നു.'' പ്രകൃതിക്കും പരിസ്ഥിതിക്കും എതിരായി മനുഷ്യന്‍ പ്രവര്‍ത്തിച്ചതിന്റെ ഫലം ഗുരുതരമായിരിക്കുമെന്ന് സൂചിപ്പിക്കുന്ന ഈ വചനം 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിച്ചതാണ്. മഹനീയമായ ഭാരതീയ ദര്‍ശനങ്ങളും സ്മൃതികളും ശ്രുതികളും പരിസ്ഥിതി സൗഹൃദത്തിന്റെ ആശയങ്ങള്‍ ജനങ്ങളിലെത്തിച്ചിരുന്നു. അഥര്‍വ്വവേദത്തിലെ ''യത്തെ ഭൂമെ വിഖനാമീ, ക്ഷിപ്രാതദപിരോഹതു, മാതെ മര്‍മ വിമൃഗരി, മാതെ ഹൃദയമപ്പിപം'' (ഹേ ഭൂമി, നിന്നില്‍ നിന്ന് ഞാനെടുക്കുന്നതെന്തൊ അത് വീണ്ടും ഉയര്‍ന്ന് വരട്ടെ, ഞാനൊരിക്കലും നിന്റെ മര്‍മ്മങ്ങളെ, ഹൃദയങ്ങളെ പിളര്‍ക്കാതിരിക്കട്ടെ) എന്ന ശ്ലോകം നിര്‍മ്മിതികള്‍ ആവാസ വ്യവസ്ഥയെ തകര്‍ക്കാതിരിക്കണമെന്ന് സൂചിപ്പിക്കുന്നു.
പ്രാചീന കാലത്തെ ഭാരതീയചിന്തകരും ദാര്‍ശനികരും വാസ്തുവിദ്യപ്രവീണരും നിര്‍മ്മാണ രംഗത്ത് ഇത് പ്രയോഗവല്‍ക്കരിച്ചു എന്നതിന്റെ തെളിവായിരിക്കാം ഡല്‍ഹിയിലെ ലൂട്ടിയന്‍സ് മേഖലയിലെ ബംഗ്ലാവുകളും ജയ്പൂരിലെ ഹവാമഹലും. 18-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ 1799 ല്‍ മഹാരാജാസവായ് പ്രതാപ്‌സിങ്ങിന് വേണ്ടി ലാല്‍ ചന്ദ്ര ഉസ്താ എന്ന എഞ്ചിനീയര്‍ രൂപകല്പന ചെയ്ത് നിര്‍മ്മിച്ച ഹവാമഹലിന്റെ അകത്തളങ്ങളില്‍ 24 മണിക്കൂറും ഇളംതെന്നലിന്റെ കുളിര്‍മ നിലനില്‍ക്കുന്നു. 953 ചെറിയ ജനാലുകള്‍ ശാസ്ത്രീയമായി വിതാനിച്ച ഹവാമഹലിന്റെ സാങ്കേതികത ശ്വാംശീകരിച്ചാണ് ഐ.ഐ.ടി.കാന്‍പൂരിലെ സെന്റര്‍ ഫോര്‍ എന്‍വയര്‍മെന്റ് സയന്‍സ് ആന്റ് എനര്‍ജി ബില്‍ഡിങ്ങും ഗുര്‍ഗിയോണിലെ എനര്‍ജി ആന്റ് റിസേര്‍ച്ച് കെട്ടിടവും നിര്‍മിച്ചത്. രണ്ടും ഹരിത ശില്പകലയുടെ എണ്ണപ്പെട്ട ഉദാഹരണങ്ങളാണ്.
നൈസര്‍ഗ്ഗികമായ കാറ്റും പകല്‍ വെളിച്ചവും അകത്തളങ്ങളിലേക്ക് ആവാഹിക്കാന്‍ പ്രകൃതിയിലേക്ക് തുറന്നുപിടിച്ച വാതായനങ്ങളും ഉള്ളുപൊള്ളയായ കട്ടകളുപയോഗിച്ച പുറംചുമരുകളും തെര്‍മോകോളും പോളീയുറത്തീന്‍ അവശിഷ്ടങ്ങളും കൊണ്ടുണ്ടാക്കിയ ഇടച്ചുമരുകളും മച്ചും മറ്റും ഊര്‍ജ്ജപയോഗം പരമാവധി കുറയ്ക്കുന്ന രീതികളാണ്. വെള്ളം, മണ്ണ്, അഗ്നി, വായു, ആകാശം എന്നിവ ഹരിത വാസ്തുവിദ്യയുടെ അടിസ്ഥാന മൂലകങ്ങളായി പരിഗണിക്കുന്നു. കഠിനമായ ചൂടും വരണ്ട കാലാവസ്ഥയുമുള്ള അമേരിക്കയിലെ അരിസോണ മരുഭൂമിയില്‍ ബാഷ്പീകരണത്തിലൂടെ അകത്തളങ്ങള്‍ തണുപ്പിക്കുന്ന സംവിധാനമവലംബിച്ചതു കാരണം എയര്‍കണ്ടീഷനുകളുടെ ഉപയോഗം പരമാവധി കുറയ്ക്കാന്‍ സാധിക്കുന്നു. ഇത് ശീതീകരണിയില്‍ നിന്ന് വമിക്കുന്ന ക്ലോറൊഫ്‌ലൂറോ കാര്‍ബണിന്റെ നിര്‍ഗ്ഗമനം കുറയ്ക്കുന്നു. ദീര്‍ഘ വീക്ഷണമില്ലാത്ത നിര്‍മ്മാണ പ്രക്രിയയിലൂടെയാണ് ഹരിതഗൃഹ വാതകങ്ങള്‍ അധികമായി ഉല്പാദിപ്പിക്കുന്നത്.
വരും നൂറ്റാണ്ടുകളിലെ നമ്മുടെ പിന്‍മുറക്കാര്‍ അത്ഭുതത്തോടെയും ആദരവോടെയും വായിച്ചെടുക്കുന്ന ഒരു ചരിത്രത്തിന്റെ തിരുശേഷിപ്പുകളായി ഇന്നത്തെ നിര്‍മ്മിതികളെ മാറ്റി എടുക്കുവാന്‍ ഹൈദരലി ശിഹാബ് തങ്ങളുടെ ഈ ആഹ്വാനം ശിരസാവഹിക്കാം. [ചന്ദ്രിക ദിനപത്രം2/25/2013 ]

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ