2013, ഫെബ്രുവരി 27, ബുധനാഴ്‌ച

                                          പരിസ്ഥിതി സംരക്ഷണം നന്മയുടെ അജണ്ട                     

വരള്‍ച്ചയുടെകെടുതികള്‍ ചെറുതായെങ്കിലും അനുഭവിക്കേണ്ടി വന്നിരിക്കുന്നു ഈ വര്‍ഷം കേരളീയര്‍ക്ക്. ഇത് എത്രകണ്ട് പതിന്മടങ്ങായി വര്‍ധിക്കുമെന്ന് കണക്കുകൂട്ടാനാവാത്ത ഭീതി വലയം ചെയ്തിരിക്കുകയാണിപ്പോള്‍. പരിസ്ഥിതി സംരക്ഷണം പ്രധാന ചര്‍ച്ചയായി നമ്മുടെ വികസന, സാമൂഹിക രാഷ്ട്രീയ ചര്‍ച്ചകളിലേക്ക് കടന്നുവരികയും ചെയ്തിരിക്കുന്നു. ഹരിത രാഷ്ട്രീയം ഹരമായിത്തന്നെ മാറുകയാണ്.
ആഗോള തലത്തില്‍ തന്നെ ഇന്നും ഒരു കീറാമുട്ടിയാണ് പരിസ്ഥിതി സംരക്ഷണ വിഷയം. പരിസ്ഥിതി സൗഹാര്‍ദ്ദപരമായ നടപടികളുമായി മുന്നോട്ട് പോകുന്നതിന് സഹായകമാവുംവിധം വികസിത രാജ്യങ്ങള്‍ വികസ്വര രാജ്യങ്ങള്‍ക്ക് നല്‍കേണ്ട സാമ്പത്തിക സഹായത്തിന്റെ കാര്യത്തില്‍ കൃത്യമായ രൂപരേഖ വേണെമന്ന് കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്ന ബേസിക് മന്ത്രിതല യോഗം ആവശ്യപ്പെടുകയുണ്ടായി. ഇന്ത്യയും ചൈനയും ദക്ഷിണാഫ്രിക്കയും ബ്രസീലും ഉള്‍പ്പെടുന്നതാണ് ഈ കൂട്ടായ്മ. ഹരിത ഗൃഹവാതകങ്ങളുടെ നിര്‍മ്മാര്‍ജ്ജനവുമായി ബന്ധപ്പെട്ട് വികസ്വര രാഷ്ട്രങ്ങള്‍ക്ക് സാങ്കേതികവും സാമ്പത്തികവുമായ സഹായം നല്‍കുമെന്ന വാഗ്ദാനം ലംഘിക്കുകയാണെന്ന കുറ്റപ്പെടുത്തല്‍ കൂടി ഈ സമ്മേളനത്തില്‍ ഉയര്‍ന്നു.
ഹരിത ഗൃഹ വാതകങ്ങളുടെ അളവ് കുറക്കാനാവുമെന്ന പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ അനിവാര്യമായ പ്രതീക്ഷക്ക് പിന്തുണ നല്‍കാന്‍ രാജ്യവാസികള്‍ക്ക് കടമയുണ്ട്. കാരണം ഇത് നമ്മുടെ രാജ്യത്തെ ഓരോ പൗരനേയും ബാധിക്കുന്ന ജീവല്‍പ്രധാനമായ വിഷയമാണ്. തലമുറകളുടെ ഭാവിയില്‍ ഇത് ആശങ്ക ഉയര്‍ത്തുകയും ചെയ്യുന്നു.
പരിസ്ഥിതി പ്രവര്‍ത്തനം ഒരുവിഭാഗം ധനാഗമന മാര്‍ഗമാക്കി മാറ്റുന്ന ദുരവസ്ഥയുമുണ്ട്. ഈയിടെ നിയമസഭയില്‍ ഒരേ പാര്‍ട്ടിയില്‍പെട്ട എം.എല്‍.എയും മന്ത്രിയും തമ്മില്‍ ഇടയാന്‍ ഇടവരുത്തിയത് ഈ പ്രവണതയാണ്. ഇതിന്റെയെല്ലാം മധ്യത്തില്‍ ജനപക്ഷ പരിസ്ഥിതി രാഷ്ട്രീയം നയം അവതരിപ്പിച്ചിരിക്കുകയാണ് മുസ്‌ലിംലീഗ്. മറ്റ് പലരും ചര്‍ച്ചക്കെടുക്കാന്‍ മടിക്കുമ്പോഴും ഉറച്ച നിലപാടുമായി പരിസ്ഥിതി പ്രശ്‌നങ്ങളേയും പരിഹാര മാര്‍ഗങ്ങളേയും ഗൗരവപൂര്‍വം ചര്‍ച്ചക്കെടുക്കുകയും പ്രായോഗിക സമീപനം സ്വീകരിക്കുകയും ചെയ്യുന്നതിന് തുടക്കം കുറിച്ച് മാതൃകയാവുകയാണ് കേരളത്തിലെ ഹരിത രാഷ്ട്രീയ പ്രസ്ഥാനം.
സാധാരണക്കാരിലേക്ക് ഈ സന്ദേശമെത്തിക്കുന്നതിനും അവരറിയാതെ ചെയ്തുകൂട്ടുന്ന അതിക്രമങ്ങളെ തിരുത്തുന്നതിനും സഹായകമാകുന്ന കാമ്പയിനാണ് മുസ്‌ലിംലീഗ് ഏറ്റെടുത്തിരിക്കുന്നത്. സമൂഹം പലപ്പോഴും സാമൂഹിക വിരുദ്ധ പ്രക്രിയകളുടെ പ്രത്യാഘാതങ്ങളില്‍ ബോധവാന്‍മാരല്ല. തൊഴില്‍ എന്ന നിലയിലും ബിസിനസ് എന്ന മട്ടിലും ചിലര്‍ ചെയ്യുന്ന പലതും പ്രകൃതിക്ക് ഹാനി വരുത്തുന്നതായി മാറുകയാണ്. പരിസ്ഥിതിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് അതിന്റെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഗൗരവപൂര്‍ണ്ണമായ ഊന്നല്‍ നല്‍കേണ്ടതുണ്ട്. വര്‍ധിച്ചുവരുന്ന പ്രത്യാഘാതങ്ങള്‍ പറയുന്നത് ഇന്നത്തെ രീതിയില്‍ കാതലായ മാറ്റം വേണമെന്ന് തന്നെയാണ്. പാരിസ്ഥിതിക സന്തുലനം നിലനിര്‍ത്തുന്ന കുന്നുകള്‍ ഇടിക്കുന്നു. പുഴയുടെ മാറില്‍ ആര്‍ത്തിയോടെ ആഴ്ന്നിറങ്ങി എല്ലാ നിയമവും ലംഘിച്ച് മണല്‍ വാരുന്നു. കൃഷിയെ കൊന്ന് കൊലവിളിച്ച് പാടങ്ങള്‍ നികത്തി കോണ്‍ക്രീറ്റ് നടന്നു, ഇങ്ങനെ പോകുന്നു നമ്മുടെ പതിവ് പാരിസ്ഥിതിക ധ്വംസനങ്ങള്‍.
പ്രകൃതി, മനുഷ്യനുവേണ്ടി സംവിധാനിച്ചതു തന്നെ എന്ന് പടച്ചവന്‍ പ്രഖ്യാപിച്ചതാണ്. വിഭവങ്ങള്‍ ഉപയോഗിക്കല്‍ അതിരുവിട്ട് ചൂഷണമായി മാറുന്നതാണ് ഇതിന്റെ മറുവശത്ത് കാണുന്നത്. അതിരു വിടുന്ന ഉപഭോഗമാകട്ടെ മനുഷ്യന്റെ തന്നെ നിലനില്‍പിന് ഭീഷണിയാംവിധം അവനെ വലിഞ്ഞു മുറുക്കുന്നു. മലിനീകരണം മണ്ണിനേയും മനസ്സിനേയും ഒരുപോലെ ബാധിച്ചിരിക്കുകയാണ് എന്ന് പറയാറുണ്ട്. പുതിയ രോഗങ്ങളുടെ പിറവിക്ക് പിന്നില്‍ മലിനീകരണം തന്നെ. ജലജന്യ രോഗങ്ങള്‍ മുലപ്പാല്‍വഴി വരുംതലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നുവെന്ന സത്യം ആലോചിക്കേണ്ടതു തന്നെയാണ്. ചൂഷണത്തിന്റെ ഭവിഷ്യത്തുക്കളെപ്പറ്റി പറയുമ്പോള്‍ നാം ആദ്യമെത്തുക വെള്ളത്തിലാണ്. വരുംകാല യുദ്ധം വെള്ളത്തിനാവുമെന്ന പ്രവചനം ഇത് ബോധ്യപ്പെടുത്തുന്നതാണ്. പെട്രോള്‍ കേന്ദ്രീകരിച്ചുകൊണ്ടുള്ള യുദ്ധങ്ങള്‍ വര്‍ഷങ്ങളോളം ലോകത്ത് പ്രശ്‌ന കലുഷിതമായി നിലനിന്നു. ഇന്നും അതിന്റെ അനുരണനങ്ങള്‍ ദൃശ്യമാണ്. വരാന്‍ പോകുന്നത് ജലയുദ്ധം തന്നെയെന്ന് സാക്ഷ്യപ്പെടുത്തുന്നു, ചരിത്രവും വര്‍ത്തമാനവും.
അറബ്-ഇസ്രാഈല്‍ യുദ്ധങ്ങള്‍ക്ക് പിന്നില്‍ വെള്ളമെന്ന വിഭവമായിരുന്നു എന്ന വസ്തുത വിസ്മരിക്കാനാവില്ല. സിയോണിസ്റ്റ് പ്രഭൃതികള്‍ എന്നും വെള്ളത്തിനുനേരെ കണ്ണുവെച്ചിട്ടുണ്ട്. ജോര്‍ദാന്‍ നദിയുടെ ഗതി തിരിച്ചുവിടുന്നതിനെച്ചൊല്ലി 1967ല്‍ നടന്ന യുദ്ധവും ലീതാ നി നദീതടങ്ങള്‍ ലക്ഷ്യമിട്ട് 80കളുടെ തുടക്കത്തില്‍ ഇസ്രാഈല്‍ ലബനാനിനു നേരെ നടത്തിയ സൈനിക നീക്കങ്ങളും ഉദാഹരണങ്ങള്‍ മാത്രം. വിശ്വാസത്തിന്റെ ഭാഗമാണ് പരിസ്ഥിതി സംരക്ഷണവും എന്ന തിരിച്ചറിവ് മുസ്‌ലിംകള്‍ക്കെങ്കിലും ഉണ്ടാവേണ്ടതുണ്ട്. പരിസ്ഥിതി സംരക്ഷണം മനുഷ്യന്റെ ബാധ്യതയായാണ് ഇസ്‌ലാമിക പ്രമാണങ്ങള്‍ പഠിപ്പിക്കുന്നത്. വിശ്വാസത്തിന്റെ ഏറ്റവും ദുര്‍ബലമായ അംശം വഴിയിലെ തടസ്സങ്ങള്‍ മാറ്റലാണെന്ന പ്രവാചകാധ്യാപനം ഇതിനോട് ചേര്‍ത്ത് വായിക്കണം. നിസ്സാരമെന്ന് തോന്നുന്ന ഇത്തരം കാര്യങ്ങളെല്ലാം പ്രവാചകന്‍ വലിയ പ്രാധാന്യത്തോടെ സൂചിപ്പിക്കുന്നത് കാണാം. വഴിയില്‍ ഇരിക്കുന്നത് ഒഴിവാക്കാന്‍ പറഞ്ഞപ്പോള്‍ അത് ആവശ്യമാകുമ്പോഴോ എന്ന് അനുയായികള്‍ അന്വേഷിച്ചു. അപ്പോള്‍ വഴിയുടെ അവകാശങ്ങള്‍ വകവെച്ച് കൊടുക്കണമെന്ന് അവിടുന്ന് തെര്യപ്പെടുത്തി. വ്യക്തി ശുചിത്വം പ്രാധാന്യത്തോടെ ബോധ്യപ്പെടുത്തുകയും സാമൂഹിക ശുചിത്വം പാലിക്കാതിരുന്നാലുള്ള ഭവിഷ്യത്തുക്കള്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്തു വിശുദ്ധ പ്രവാചകന്‍. അവിടുത്തെ ജീവിതത്തില്‍ നിരവധി സംഭവങ്ങള്‍ ഇവ്വിഷയകമായി കാണാനാവും.
നഗരവാസികളെപ്പോലെ ഗ്രാമവാസികളും ഇന്ന് മാലിന്യ പ്രശ്‌നങ്ങളിലേക്ക് തള്ളി വീഴ്ത്തപ്പെടുകയാണ്. എന്തുകൊണ്ടാണിത് സംഭവിക്കുന്നത്? ഉപയോഗിച്ച് വലിച്ചെറിയുന്ന 'യൂസ് ആന്റ് ത്രോ' ശീലം ജീവിതശൈലിയാക്കി മാറ്റിയതുതന്നെ കാരണം. പാശ്ചാത്യര്‍ തന്ന ഇത്തരം എച്ചിലുകളാണ് വലിച്ചെറിയേണ്ടത്. ഏത് ജീവിയുടെയും വിഭവോപഭോഗം ഉച്ചിഷ്ടത്തിന് കാരണമാകുന്നു. ഒരു പ്രകൃതി നിയമമാണിത്. പരിധികള്‍ക്ക് വിധേയമായി വേണം ഉപയോഗിക്കാന്‍ എന്ന നിബന്ധന പാലിക്കപ്പെടുമ്പോള്‍ സ്വഭാവികമായ ചാക്രിക രീതിയിലൂടെ മാലിന്യങ്ങള്‍ വിഭവങ്ങളായി മാറ്റപ്പെടും.
സൗകര്യം നമ്മെ മടിയന്‍മാരാക്കി. കൂടുതല്‍ സൗകര്യങ്ങള്‍ക്കുവേണ്ടിയുള്ള നെട്ടോട്ടത്തില്‍ ജീവല്‍പ്രധാനമായ വിഷയങ്ങള്‍ വിസ്മരിക്കുകയാണെന്ന് സാരം. മനുഷ്യ കരങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കാരണമായി പ്രകൃതിയുടെ സന്തുലനം തെറ്റുന്നതാണ് വേദനാജനകമായ കാഴ്ച എന്ന് കണ്ടറിയണം. ഇനിയും ഇക്കാര്യത്തില്‍ അലസരായിക്കൂടാ. പരിസ്ഥിതി സംരക്ഷണം ഓരോരുത്തരുടെയും വ്യക്തിജീവിതത്തിന്റെയും ഗാര്‍ഹിക ജീവിതത്തിന്റെയും സാമൂഹിക ജീവിതത്തിന്റെയും ഭാഗമാകണം.

-ലേഖകന്.‍ പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ