2013, ഫെബ്രുവരി 27, ബുധനാഴ്‌ച

പ്ലാച്ചിമട കാത്തിരിപ്പ് ഇനി എത്രനാള്‍..

ഇറങ്ങിപ്പോക്ക് നടത്തിയും സഭയുടെ നടുത്തളത്തിലിരുന്നും സദാ കലുഷിതമായ നിയമസഭയില്‍ സമാജികര്‍ മറന്ന പ്ലാച്ചിമട ട്രൈബ്യൂണല്‍ ബില്ലിനെക്കുറിച്ച് ഒരോര്‍മപ്പെടുത്തല്‍. ഇതുപോലെയാരു ഫിബ്രവരിയില്‍, 2011-ല്‍ പ്ലാച്ചിമടയിലെ കൊക്കകോളകമ്പനിയില്‍നിന്ന് 216 കോടിരൂപ നഷ്ടപരിഹാരം ഈടാക്കാന്‍ നിയമസഭ പാസാക്കിയതാണ് ട്രൈബ്യൂണല്‍ ബില്‍. ഇന്നത്തെ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനാണ് അന്ന് മുഖ്യമന്ത്രി. ഇപ്പോഴത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിപക്ഷനേതാവും.
പ്ലാച്ചിമടയുടെ കാര്യത്തില്‍ രാഷ്ട്രീയംമറന്ന് എല്ലാവരും ഒന്നിച്ചു. ട്രൈബ്യൂണല്‍ബില്‍ ഐകകണേ്ഠ്യന പാസാക്കി രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടു. ഇപ്പോള്‍ വര്‍ഷം രണ്ടായി. കേരളനിയമസഭ പാസാക്കിയ ബില്ലിന് എന്തുസംഭവിച്ചെന്ന് സര്‍ക്കാറിന് പിടിയില്ല. നിയമസഭയ്ക്കകത്ത് പിന്നെയത് ചര്‍ച്ചയുമായില്ല.
എല്ലാവരും മറന്നു. ബില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പിടിച്ചുവെച്ചത് ഭരണഘടനാവിരുദ്ധമായിട്ടുപോലും ആരും ചോദിക്കാനില്ലാത്ത സ്ഥിതി. ഇതേക്കുറിച്ചുള്ള അന്വേഷണ പരമ്പര


പ്ലാച്ചിമടയിലെ അടിയറവ്

പ്ലാച്ചിമട വെറുമൊരു സ്ഥലനാമമല്ല. ഒരു ജനതയുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ കോര്‍പ്പറേറ്റ് ഭീമനായ കൊക്കകോള കമ്പനി മുട്ടുമടക്കിയ ചരിത്രഭൂമി. പ്ലാച്ചിമടയുടെ മണ്ണും ആകാശവും മലീമസപ്പെടുത്തി ഭൂമിയുടെ അഗാധതയില്‍ നിന്ന് വെള്ളമൂറ്റി കൊള്ളലാഭം കൊയ്ത കമ്പനിയെ അഹിംസയിലൂടെ നേരിട്ട് തോല്‍പ്പിച്ചെങ്കിലും പ്ലാച്ചിമടയില്‍ ശാന്തി പുലര്‍ന്നിട്ടില്ല. കോര്‍പ്പറേറ്റ് ഭീമന്‍ വന്നത് പ്ലാച്ചിമടയുടെ മണ്ണിനടിയിലെ ഒടുങ്ങാത്ത ജലസമ്പത്ത് മുന്നില്‍ കണ്ടായിരുന്നു. ഭൂജലം ഊറ്റിയെടുത്ത് പ്ലാച്ചിമടയെ അവര്‍ ഊഷരഭൂമിയാക്കി. ഇതിനെതിരെയായിരുന്നു പെരുമാട്ടിയിലെ ജനങ്ങള്‍ ഐതിഹാസിക സമരത്തിനിറങ്ങിയത്. ലോകം മുഴുവന്‍ അവര്‍ക്ക് പിന്നില്‍ അണിനിരന്നപ്പോള്‍ കൊക്കകോളയ്ക്ക് ആദ്യമായി തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നു. പ്ലാച്ചിമടയിലെ ഫാക്ടറി പൂട്ടി രക്ഷപ്പെടാനൊരുങ്ങിയെങ്കിലും ജനങ്ങളുടെ കോടതിയില്‍ അവര്‍ വിചാരണ ചെയ്യപ്പെടുകയായിരുന്നു. പ്ലാച്ചിമട ഉന്നതാധികാര സമിതി ആ ദൗത്യം ഏറ്റെടുത്തു. 216.26 കോടി രൂപയുടെ നഷ്ടപരിഹാരം വിധിച്ചപ്പോള്‍ ലോകത്തില്‍അത് ആദ്യസംഭവമായി. നഷ്ടപരിഹാരം ഈടാക്കാന്‍ പ്ലാച്ചിമട ട്രൈബ്യൂണല്‍ സ്ഥാപിക്കണമെന്നായിരുന്നു സമിതിയുടെ പ്രധാന ശുപാര്‍ശ.

2011 ഫിബ്രവരി 24 ഒരു ചരിത്രമുഹൂര്‍ത്തം

കേരള നിയമസഭയുടെ ചരിത്രത്തില്‍ മറക്കാനാകാത്ത ദിവസമായിരുന്നു അത്. 2011 ഫിബ്രവരി 24. അന്നത്തെ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാറിന്റെ അവസാനത്തെ ഭരണനിമിഷങ്ങള്‍. പ്ലാച്ചിമട ഉന്നതാധികാര സമിതിയുടെ ശുപാര്‍ശ അന്ന് സഭയില്‍ വന്നു. കൊക്കകോള കമ്പനിയെ വിചാരണ ചെയ്ത് 216 കോടി രൂപ നഷ്ടപരിഹാരം ഈടാക്കാന്‍ ട്രൈബ്യൂണല്‍ വേണമെന്ന ശുപാര്‍ശ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ച് കൈയടിച്ചുപാസാക്കിയപ്പോള്‍ അതും ചരിത്രമായി. പ്ലാച്ചിമടയിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ രാഷ്ട്രീയംമറന്ന് കേരളംഒന്നിച്ചു. ട്രൈബ്യൂണലിനുള്ള ബില്‍ കേരള നിയമസഭ പാസാക്കിയെങ്കിലും പ്രാബല്യത്തില്‍വരാന്‍ രാഷ്ട്രപതിയുടെ അംഗീകാരം വേണമായിരുന്നു. മാര്‍ച്ച് 30-ന് തന്നെ ബില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് അയച്ചുകൊടുത്തു. പക്ഷേ, വര്‍ഷം രണ്ടായി. ബില്‍ ഇതുവരെ രാഷ്ട്രപതിയുടെ മുന്നിലെത്തിയിട്ടില്ല.
.

ഉന്നതാധികാര സമിതി -ഒരു കാല്‍വെപ്പ്

കൊക്കക്കോള വരുത്തിവെച്ച പാരിസ്ഥിതിക നാശനഷ്ടങ്ങള്‍ പഠിക്കാനാണ് പ്ലാച്ചിമട ഉന്നതാധികാര സമിതിക്ക് രൂപം നല്‍കിയത്. പ്ലാച്ചിമടയിലെയും അതുള്‍ക്കൊള്ളുന്ന പെരുമാട്ടി പഞ്ചായത്തിലെയും ജനങ്ങളുടെയും ഭരണസമിതിയുടെയും ഇച്ഛാശക്തിക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ സംസ്ഥാനസര്‍ക്കാര്‍ ഒടുവില്‍ സമിതിക്ക് രൂപം നല്‍കുകയായിരുന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ ചെയര്‍മാനും ഭൂജലവകുപ്പ് ഡയറക്ടര്‍ വി.പി. രാധാകൃഷ്ണപിള്ള കണ്‍വീനറുമായി 15 അംഗ വിദഗ്ധസമിതി. പ്ലാച്ചിമടയിലും എറണാകുളത്തും തിരുവനന്തപുരത്തും നിരവധി തവണ തെളിവെടുപ്പ് നടത്തി. എട്ടുമാസത്തെ പഠനത്തിനുശേഷം 2010 ഏപ്രിലില്‍ റിപ്പോര്‍ട്ട് നല്‍കി. ഇന്ത്യയിലാദ്യമായാണ് പാരിസ്ഥിതിക നാശനഷ്ടം പഠിക്കാന്‍ ഒരു വിദഗ്ധസമിതിയുണ്ടാക്കി ശാസ്ത്രീയപഠനം നടത്തുന്നത്.

തെളിവെടുപ്പിനിടയില്‍ പരിസ്ഥിതിക്ക് മാത്രമല്ല കാര്‍ഷിക, കുടിവെള്ള, ആരോഗ്യ, ജലവിഭവ മേഖലകളിലും കോളാകമ്പനി വലിയതോതില്‍ നാശനഷ്ടങ്ങള്‍ വരുത്തിയതായി കണ്ടെത്തി. കേരളത്തിന്റെ നെല്ലറയാണ്പാലക്കാട് ജില്ലയെങ്കിലും പ്ലാച്ചിമട ഉള്‍പ്പെടുന്ന ചിറ്റൂര്‍ താലൂക്ക് മഴനിഴല്‍ പ്രദേശവും സ്ഥിരം വരള്‍ച്ചബാധിത മേഖലയുമാണ്.

34 ഏക്കര്‍ ഭൂമിയില്‍ സ്ഥിതിചെയ്യുന്ന കമ്പനി ആറ് കുഴല്‍ക്കിണറില്‍ നിന്നും രണ്ട് തുറന്ന കിണറില്‍ നിന്നുമായി പ്രതിദിനം 6.36 ലക്ഷം ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്നു. പുറംതള്ളുന്നത് ദിവസവും ഒന്നര മുതല്‍ 3 ലക്ഷം ലിറ്ററും. ദിവസം ആറു ലക്ഷത്തിലധികം ലിറ്റര്‍ ജലം വലിച്ചെടുക്കുന്നത് മൂലം പ്രദേശത്തെ സ്വാഭാവികമായ ജലസംതുലനതയെ തകിടംമറിക്കുകയും ജലലഭ്യതയെ ദോഷകരമായി ബാധിക്കുകയും ചെയ്തുവെന്ന് സമിതി കണ്ടെത്തി.

ഭൂജലത്തിന്റെ സലൈനിറ്റിയും ഘനത്വവും വര്‍ധിച്ച് ജലഗുണത ശോഷിച്ചു. പാഴ്ജലത്തിലെ വിഷപദാര്‍ഥങ്ങള്‍ക്കൊണ്ട് ജലം കൃഷിക്ക് ഉപയുക്തമല്ലാതായി. ഭൂജലവിഭവത്തിന്റെ അത്യധികശോഷണമുണ്ടായി. ഭൂജലമലിനീകരണവുമുണ്ടായി. ഈ മലിനീകരണം ലഘൂകരിക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുമെന്ന് സമിതിയുടെ റിപ്പോര്‍ട്ട് പറയുന്നു.

ഭൂജലത്തിന്റെ അളവിലും ഗുണത്തിലും ഉള്ള ശോഷണവും അതുകൊണ്ടുണ്ടായ പൊതുജനാരോഗ്യപ്രശ്‌നങ്ങള്‍ തൊഴിലില്ലായ്മ, കാര്‍ഷിക സമ്പദ്‌വ്യവസ്ഥയുടെ തകര്‍ച്ച എന്നിവയാണ് പ്ലാച്ചിമടയില്‍ കൊക്കകോളയുടെ പ്രവര്‍ത്തനം മൂലം ഉണ്ടായതെന്ന് സമിതി വ്യക്തമാക്കുന്നു. മാരക വിഷപദാര്‍ഥങ്ങളായ കാഡ്മിയം ഉള്‍പ്പെടെയുള്ള ഖരമാലിന്യങ്ങള്‍ കൃഷിയിടങ്ങളില്‍ നിക്ഷേപിച്ചത് സ്ഥിതി കൂടുതല്‍ വഷളാക്കി.

കോളയ്ക്ക് മുന്നില്‍ രാജ്യത്തിന്റെ അടിയറവ്

കൊക്കകോള കമ്പനിക്കു മുന്നില്‍ ഒരു രാജ്യം അടിയറവുപറയുന്നതിന്റെ ദൃശ്യങ്ങളാണ് നാം ഇപ്പോള്‍ കാണുന്നത്. പ്ലാച്ചിമട ട്രൈബ്യൂണല്‍ ബില്ലിന്റെ നാള്‍വഴികള്‍ അത് തെളിയിക്കുന്നു. 2011 മാര്‍ച്ച് 30-ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയില്‍ വന്ന ബില്‍ വിവിധ വകുപ്പുകളുടെ നിലപാട് അറിയാന്‍ വിട്ടു. പരിസ്ഥിതി, ഗ്രാമവികസനം, ഭക്ഷ്യസംസ്‌കരണം, നിയമ, നീതിന്യായ വകുപ്പ്, ജലവിഭവം, കൃഷി എന്നീ വകുപ്പുകള്‍ക്കാണ് ബില്‍ അയച്ചുകൊടുത്തത്.

പരിസ്ഥിതി ഒഴികെയുള്ള മന്ത്രാലയങ്ങളെല്ലാം ബില്ലിനെ പിന്തുണച്ച് റിപ്പോര്‍ട്ട് നല്‍കി. കൊക്കകോള കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം വാങ്ങി പ്രദേശവാസികള്‍ക്കുണ്ടായ പാരിസ്ഥിതിക, ആരോഗ്യ, കൃഷി നഷ്ടം നികത്തണമെന്ന് വകുപ്പുകള്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഏറേ കാലതാമസം വരുത്തി, സമ്മര്‍ദങ്ങള്‍ക്കുശേഷമാണ് പരിസ്ഥിതി വകുപ്പ് എതിര്‍ത്തുകൊണ്ട് റിപ്പോര്‍ട്ട് നല്‍കിയത്. കേന്ദ്ര സര്‍ക്കാറിന്റെ ഗ്രീന്‍ ട്രൈബ്യൂണല്‍ നിയമം നിലവിലുള്ളതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് സ്വന്തമായി ട്രൈബ്യൂണല്‍ രൂപവത്കരിക്കാന്‍ വ്യവസ്ഥയില്ലെന്നാണ് പരിസ്ഥിതി വകുപ്പിന്റെ വാദം. ഈയൊരുവാദം മാത്രം കണക്കിലെടുത്താണ് ആഭ്യന്തരമന്ത്രാലയം ബില്‍ പിടിച്ചുവെച്ചിരിക്കുന്നത്. എന്നാല്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ നിലപാട് വസ്തുതാപരമായി തെറ്റാണെന്ന് പ്ലാച്ചിമട ഉന്നതാധികാരസമിതി അംഗമായ പരിസ്ഥിതി വിദഗ്ധന്‍ എസ്. ഫെയ്‌സി പറഞ്ഞു.

2010-ലാണ് ഗ്രീന്‍ ട്രൈബ്യൂണല്‍ നിയമം വരുന്നത്. വ്യവസ്ഥകള്‍ അനുസരിച്ച് സംഭവം നടന്ന് അഞ്ചുവര്‍ഷത്തിനകം പരാതി നല്‍കണം. എന്നാല്‍ 2000-ല്‍ പ്രവര്‍ത്തനം തുടങ്ങി 2004-ല്‍ പൂട്ടിയ കൊക്കകോളയുടെ കേസ് ഗ്രീന്‍ ട്രൈബ്യൂണലിന്റെ പരിധിയില്‍ വരില്ല. ഇത് മനസ്സിലാക്കിയാണ് ഉന്നതാധികാരസമിതി പുതിയ ട്രൈബ്യൂണലിന് ശുപാര്‍ശ ചെയ്തത്. ഈ യാഥാര്‍ഥ്യം മറച്ചുവെച്ച് തെറ്റായ റിപ്പോര്‍ട്ടാണ് പരിസ്ഥിതി മന്ത്രാലയം നല്‍കിയത്. ഗ്രീന്‍ ട്രൈബ്യൂണല്‍ നിയമത്തിലെ പോരായ്മകള്‍ പരിഹരിക്കുകയാണ് പ്ലാച്ചിമട ട്രൈബ്യൂണല്‍ കൊണ്ട് ലക്ഷ്യമിട്ടതെന്നും ഫെയ്‌സി പറഞ്ഞു.പി. സുരേഷ്ബാബു മാത്രഭൂമി ദിനപത്രം  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ