പരിസ്ഥിതി സുരക്ഷക്ക് കര്‍മപദ്ധതി: മുസ്ലിം ലീഗ് കോഴിക്കോട്: പരിസ്ഥിതി നയം പ്രാവര്‍ത്തികമാക്കാന്‍ മുസ്‌ലിംലീഗ് കര്‍മപദ്ധതികള്‍ ആവിഷ്‌കരിച്ചതായി ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീറും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുസ്‌ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി തീരുമാനങ്ങള്‍ ലീഗ്ഹൗസില്‍ വിശദീകരിക്കുകയായിരുന്നു ഇരുവരും.
സംസ്ഥാന വൈസ് പ്രസിഡണ്ട് കുട്ടി അഹമ്മദ്കുട്ടി ചെയര്‍മാനായ സ്റ്റിയറിംഗ് കമ്മിറ്റിക്ക് കീഴില്‍ എട്ട് ടാസ്‌ക് ഫോഴ്‌സുകള്‍ക്ക് രൂപം നല്‍കി. ബോധവല്‍ക്കരണം, നാട്ടുപച്ച, നദീതട സംരക്ഷണം, ശില്‍പശാല, പാരമ്പര്യേതര ഊര്‍ജ്ജ വികസനം, ഹരിതവല്‍ക്കരണം, കാര്‍ഷിക വികസനം, നാട്ടറിവ് എന്നീ വിഭാഗങ്ങളില്‍ ഗ്രാമതലങ്ങളില്‍ പ്രചാരണം ശക്തമാക്കും.
ജില്ല-മണ്ഡലം കേന്ദ്രങ്ങളില്‍ ബഹുജനങ്ങളെ പങ്കെടുപ്പിച്ച് ബോധവല്‍ക്കരണമാണ് പ്രഥമ പരിപാടി. അയല്‍ക്കൂട്ടം മാതൃകയില്‍ നാട്ടുപച്ചക്ക് രൂപം നല്‍കി ഗൃഹസന്ദര്‍ശനം നടത്തി അടുക്കളത്തോട്ടങ്ങള്‍ക്കും ജൈവകൃഷിക്കും മാലിന്യ നിര്‍മ്മാര്‍ജനത്തിനും പ്രോത്സാഹനം നല്‍കും. വനിതാലീഗിന്റെ നേതൃത്വത്തിലായിരിക്കുമിത്.
നെല്ല് തുടങ്ങിയ കാര്‍ഷികവിളകള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കി കര്‍ഷക കൂട്ടായ്മ സംഘടിപ്പിക്കും. പഴയ കര്‍ഷകരുടെ അറിവ് ഉപയോഗപ്പെടുത്തി പരമ്പരാഗത കൃഷി തിരിച്ചുകൊണ്ടുവരും. ഇവ നടപ്പിലാക്കാന്‍ കാര്‍ഷികരംഗത്തെ വിദഗ്ധരെ ഉപയോഗപ്പെടുത്തും.
ഫഌക്‌സ് ബോര്‍ഡുകള്‍ ഇല്ലായ്മ ചെയ്യുന്നതിന്റെ ഭാഗമായി ഉപയോഗം നിയന്ത്രിക്കും. ക്രമേണ ഫഌക്‌സിനോട് വിടപറയാനാണ് ഉദ്ദേശിക്കുന്നതെന്ന് മജീദ് പറഞ്ഞു.
യോഗത്തില്‍ പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് സ്വാഗതം പറഞ്ഞു. ഭരണകാര്യങ്ങള്‍ ദേശീയ ട്രഷറര്‍ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയും ദേശീയ രാഷ്ട്രീയവും ആനുകാലിക രാഷ്ട്രീയ സംഭവങ്ങളും ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി.യും വിശദീകരിച്ചു.
സംസ്ഥാന സെക്രട്ടറി ടി.എം സലീം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് കെ. കുട്ടി അഹമ്മദ്കുട്ടി 'ഹരിത അജണ്ട' വിശദീകരിച്ചു.
സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, എം.പി അബ്ദുസമദ് സമദാനി എം.എല്‍.എ, സിറാജ് ഇബ്രാഹിം സേട്ട്, വൈസ് പ്രസിഡണ്ടുമാരായ എം.ഐ തങ്ങള്‍, സി.ടി അഹമ്മദലി, വി.കെ അബ്ദുല്‍ഖാദര്‍ മൗലവി, സെക്രട്ടറിമാരായ അഡ്വ. പി.എം.എ സലാം, ടി.പി.എം സാഹിര്‍, പി.വി അബ്ദുല്‍വഹാബ്, മന്ത്രിമാരായ ഡോ. എം.കെ മുനീര്‍, പി.കെ അബ്ദുറബ്ബ്, എം.എല്‍.എ.മാര്‍, ജില്ലാ പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറിമാര്‍, പോഷക ഘടകം പ്രതിനിധികള്‍ പ്രസംഗിച്ചു. സെക്രട്ടറി എം.സി മായിന്‍ഹാജി നന്ദി പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ