2013, ഫെബ്രുവരി 28, വ്യാഴാഴ്‌ച

പരിസ്ഥിതിനയം ശക്തിപ്പെടുത്താന്‍ പുതിയ പദ്ധതികളുമായി ലീഗ്

ഫ്ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതില്‍ നിയന്ത്രണം 
നേതാക്കളുടെ വീടുകളില്‍ സൗരോര്‍ജ്ജ സംവിധാനം                          പാര്‍ട്ടിയുടെ പരിസ്ഥിതി നയപ്രഖ്യാപനത്തിന് കരുത്തുപകരാന്‍ ഉന്നതനേതാക്കളെ തന്നെ മാതൃകയായി മുസ്‌ലിം ലീഗ് രംഗത്തിറക്കുന്നു. പാര്‍ട്ടിപരിപാടികളിലും മറ്റും നേതാക്കളുടെ ഫ്ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതില്‍ നിയന്ത്രണം കൊണ്ടുവരാനാണ് ആലോചിക്കുന്നത്. പ്രചാരണ ബോര്‍ഡുകള്‍ തുണിയിലോ കടലാസിലോ മാത്രം തയ്യാറാക്കാന്‍ പരമാവധി ശ്രമിക്കണമെന്ന് പാര്‍ട്ടി കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 


നേതാക്കളുടെ വീടുകളില്‍ സൗരോര്‍ജ്ജ സംവിധാനങ്ങള്‍ നടപ്പാക്കാന്‍ പരമാവധി ശ്രമിക്കണമെന്നും പുതിയ പരിസ്ഥിതി നയത്തിന്റെ ഭാഗമായി പാര്‍ട്ടി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പാര്‍ട്ടി നേതാക്കള്‍ തന്നെ മാതൃകയായി മുന്നിലുണ്ടായാല്‍ സംസ്ഥാന വ്യാപകമായി ആരംഭിച്ച പരിസ്ഥിതി പ്രചാരണം വന്‍വിജയമാകുമെന്ന കണക്കുകൂട്ടലിലാണ് ലീഗ് നേതൃത്വം. 

പരിസ്ഥിതി നയപ്രഖ്യാപനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം മതപണ്ഡിതരുടെ പിന്തുണയും ലീഗ് തേടുന്നുണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്പ് സംസ്ഥാനത്തെ സാക്ഷരതാ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചതുപോലെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലും സഹകരിക്കണമെന്നാണ് അവരോട് പാര്‍ട്ടി ആവശ്യപ്പെടുന്നത്. ഖുര്‍ആനിലേയും ഹദീസുകളിലേയും പരിസ്ഥിതി സംരക്ഷണ വചനങ്ങള്‍ ഉപയോഗപ്പെടുത്താനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. ഇത്തരം വചനങ്ങള്‍ ശേഖരിച്ച് ലഘുലേഖകളാക്കി പൊതുസ്ഥലങ്ങളിലും പള്ളികളിലും വിതരണം ചെയ്യും. പരിസ്ഥിതി സംരക്ഷണ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന സി.ഡികളും പുസ്തകങ്ങളും തയ്യാറാക്കി വിതരണം ചെയ്യുന്ന കാര്യവും പാര്‍ട്ടി പരിഗണിക്കുന്നുണ്ട്. 

'നിത്യഹരിത ഭൂമി, വീണ്ടെടുക്കപ്പെട്ട പ്രകൃതി' എന്ന മുദ്രാവാക്യവുമായാണ് ലീഗ് സംസ്ഥാന വ്യാപകമായി പരിസ്ഥിതി സംരക്ഷണ പ്രചാരണം തുടങ്ങുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട്ട് നടന്ന സമ്മേളനത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ തന്നെയാണ് ഇതു സംബന്ധമായ പ്രഖ്യാപനം നടത്തിയത്. ബോധവത്കരണപരിപാടികളും വിളംബരജാഥകളും ശില്‍പ്പശാലകളും ഉള്‍പ്പെടെയുള്ള പദ്ധതികളാണ് പാര്‍ട്ടി ആസൂത്രണം ചെയ്യുന്നത്.

റോഡുകളുടെ വശങ്ങളില്‍ താമസിക്കുന്ന ലീഗ് പ്രവര്‍ത്തകരെ അണിനിരത്തി ഹരിത മാതൃക ഉണ്ടാക്കാനാണ് പാര്‍ട്ടി ആദ്യം ലക്ഷ്യമിടുന്നത്. റോഡിന്റെ വശങ്ങളിലുള്ള പ്രവര്‍ത്തകരുടെ വീടുകളുടെ മുന്നില്‍ ചെറിയ പച്ചക്കറിത്തോട്ടങ്ങള്‍ നിര്‍മ്മിച്ച് അതില്‍ പാര്‍ട്ടിയുടെ ഹരിത അജണ്ടയുടെ ബോര്‍ഡ് സ്ഥാപിക്കും. കൃഷിഭവനുകളുമായി സഹകരിച്ച് ഇതിനാവശ്യമായ വിത്തുകള്‍ ശേഖരിക്കാനും ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. റോഡിന്റെ വശങ്ങളിലായതിനാല്‍ ഇത്തരം ഹരിത പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ജനശ്രദ്ധ കിട്ടുമെന്നാണ് പാര്‍ട്ടി കണക്കുകൂട്ടുന്നത്. 


പാര്‍ട്ടി പ്രവര്‍ത്തകരുള്ള എല്ലാ പഞ്ചായത്തുകളിലും നദി സംരക്ഷണ കൂട്ടായ്മ രൂപവത്കരിക്കാനുള്ള പ്രവര്‍ത്തനങ്ങളും ത്വരപ്പെടുത്തിയിട്ടുണ്ട്. പുഴകളില്‍ അറവുമാലിന്യങ്ങളും മറ്റ് സ്ഥാപനങ്ങളിലും വീടുകളിലും നിന്നുള്ള മാലിന്യങ്ങളും തള്ളുന്നത് തടയലാണ് ഈ കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പുറമെ പ്രദേശത്തെ മറ്റു പാര്‍ട്ടികളുടെയും സംഘടനകളുടെയും പ്രവര്‍ത്തകരെ ഇതില്‍ ഉള്‍പ്പെടുത്തണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. സംഘടനാ സംവിധാനം ഉപയോഗപ്പെടുത്തി ജനകീയമായ പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാനാണ് ശ്രമിക്കേണ്ടതെന്ന് പാര്‍ട്ടി അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ