2013, മാർച്ച് 3, ഞായറാഴ്‌ച

പരിസ്ഥിതി: ലീഗിന്റേത് നിസ്വാര്‍ഥ സമീപനം

                                                                 പശ്ചിമഘട്ട സംരക്ഷണം ഉറപ്പാക്കുന്ന മാധവ്ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ തുരങ്കം വക്കാനുള്ള വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ ഗൂഢനീക്കം കണ്ട് സ്തബ്ധരായിരിക്കുകയാണ് കേരളത്തിലെ പ്രകൃതി- പരിസ്ഥിതി സ്‌നേഹികള്‍. പാരിസ്ഥിതികമായി അതീവ ദുര്‍ബലമായ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന പശ്ചിമ ഘട്ട വനപ്രദേശത്തിന്റെ സുസ്ഥിരമായ സംരക്ഷണം ഉറപ്പാക്കുന്നതാണ് മാധവ്ഗാഡ്ഗില്‍ റിപ്പോര്‍ട്ട്. ഗുജറാത്തിലെ തപി നദീതാഴ്‌വര മുതല്‍ കന്യാകുമാരിയും കടന്ന് ശ്രീലങ്കവരെ വ്യാപിച്ചു കിടക്കുന്ന പശ്ചിമഘട്ട മലനിരകളില്‍ 1490 കിലോ മീറ്റര്‍ നീളമുള്ള ഭാഗമാണ് മാധവ്ഗാഡ്ഗില്‍ പാനലിന്റെ പരിധിയില്‍ വരുന്നത്.

ലോകത്തെ തന്നെ അപൂര്‍വ ജൈവവൈവിധ്യ പ്രദേശമായ പശ്ചിമഘട്ടത്തിന്റെ സുസ്ഥിര സംരക്ഷണം ഉറപ്പാക്കുന്ന മാധവ്ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ പല ശുപാര്‍ശകളെയും രാഷ്ട്രീയ പാര്‍ട്ടികളടക്കമുള്ളവര്‍ എതിര്‍ക്കുകയാണ്. കര്‍ഷകരുടെ ഭൂമി നഷ്ടപ്പെടും, തോട്ടം ഉടമകളുടെ സ്ഥലം നഷ്ടമാകും, ഖനനം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുമ്പോള്‍ വന്‍ തോതിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലാകും എന്നൊക്കെയാണ് രാഷ്ട്രീയക്കാരുടെ വാദമുഖങ്ങള്‍. എന്നാല്‍ അനിവാര്യമായ പ്രകൃതി- പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനത്തിലൂടെ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ജൈവവൈവിധ്യമേഖലയെ സംരക്ഷിക്കുന്നതിനുപകരം തോട്ടം- ഖനന മാഫിയകള്‍ക്ക് സഹായകരമാവുന്ന തരത്തില്‍ ഇതിനെ എതിര്‍ക്കുന്നത് ജനതയോടുള്ള വെല്ലുവിളിയായേ കണക്കാക്കാനാവൂ.
ഗ്രാമ പഞ്ചായത്തില്‍ ഒരു വാര്‍ഡിലെ ഗുണഭോക്താവിന് കോഴിയോ ആടോ നല്‍കാന്‍ പോലും കൊടിയുടെ അടിസ്ഥാനത്തില്‍ തരംതിരിവ് നടത്തുന്ന രാഷ്ട്രീയ പാര്‍ട്ടികളുള്ള ഒരു സംവിധാനത്തിലാണ് ഉപാധിയേതുമില്ലാതെ നമ്മുടെ ഭൂമിയേയും പുഴകളേയും തോടുകളെയും വനങ്ങളെയുമൊക്കെ സംരക്ഷിക്കുമെന്ന ദൃഢപ്രതിജ്ഞയുമായി മുസ്‌ലിംലീഗ് രംഗത്തെത്തിയിരിക്കുന്നത്. നേരമ്പോക്കിനുപോലും മറ്റു രാഷ്ട്രീയ കക്ഷികള്‍ അടുത്തകാലത്ത് ഇത്തരമൊരു പ്രഖ്യാപനം നടത്തിയിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. വിദ്യാര്‍ത്ഥി- യുവജന- അദ്ധ്യാപക- തൊഴിലാളി തുടങ്ങി സമൂഹത്തിലെ എല്ലാവിഭാഗം ആളുകളിലും അതാത് സംഘടനകളുമായി ശക്തമായ അടിത്തറയുള്ള മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ എന്തുകൊണ്ടാണ് കേരളത്തിന്റെ പ്രകൃതി നാശത്തിനെതിരെ ഇതുവരെയും മൗനം പാലിച്ചത് എന്നത് ചര്‍ച്ചാ വിഷയമാക്കേണ്ടതാണ്.
മണ്ണിനെയും കര്‍ഷകനെയും സംരക്ഷിക്കുന്ന പാര്‍ട്ടി എന്ന് ചരിത്രാതീതമായി അവകാശപ്പെടുന്ന സി.പി.എം. എന്താണ് വര്‍ഷങ്ങളായി ഇക്കാര്യത്തില്‍ ചെയ്തു പോരുന്നത്? എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ തുടങ്ങിയവയെപ്പോലുള്ള ക്രിയാത്മകമായ യുവജന സംഘടനയുള്ള ആ പാര്‍ട്ടിക്ക് എന്തുകൊണ്ട് ഇത്തരം പ്രവര്‍ത്തനത്തില്‍ താല്‍പര്യം കാണിച്ചൂകൂടാ. സ്വാതന്ത്ര്യ സമരപ്പോരാട്ടത്തിലൂടെയും മറ്റും ഭാരതത്തിന്റെ പൈതൃകം അവകാശമുള്ള പാര്‍ട്ടിയായ കോണ്‍ഗ്രസ് ഈ വിഷയത്തില്‍ മുന്നോട്ട് വരണം. കേരളത്തിന്റെ വികസന കാര്യത്തില്‍ ഒരു രാഷ്ട്രീയ കക്ഷി എന്ന നിലക്കുപോലും ഇടപെട്ട് പരിചയമില്ലാത്ത ബി.ജെ.പിയുടെ കാര്യം ഇവിടെ പരാമര്‍ശിക്കുന്നതുകൊണ്ട് വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ല.
നമ്മുടെ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ സ്ത്രീപീഡനം, ക്രമസമാധാനം, വിലക്കയറ്റം, ആഗോളവല്‍ക്കരണം, സാമ്രാജ്യത്വം തുടങ്ങി, ഒന്നു തുമ്മിയാല്‍ വരെ ജനകീയ പ്രക്ഷോഭങ്ങളും പ്രതിഷേധ മാര്‍ച്ചും ബന്ദും ഹര്‍ത്താലും ഒക്കെയായി തെരുവിലിറങ്ങുന്ന കാഴ്ചക്കാണ് സാധാരണക്കാരന്‍ സാക്ഷിയാകുന്നത്. എന്നാല്‍ വര്‍ഷങ്ങളായി പ്രകൃതി- പരിസ്ഥിതി വിനാശത്തിനെതിരായി ഈ പാര്‍ട്ടികള്‍ ഒരു ചെറുവിരല്‍ പോലും അനക്കുന്നില്ലെന്നതാണ് വസ്തുത. രാഷ്ട്രീയക്കാരുടെ പരമപ്രധാന ലക്ഷ്യമായി വോട്ടു ബാങ്ക് എന്ന കള്ളിയില്‍ പെടുന്നില്ല ഇത്തരം പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനം എന്നതു തന്നെയാണ് ഈ രംഗത്ത് വിയര്‍പ്പൊഴുക്കാന്‍ പ്രമുഖ രാഷ്ട്രീയ കക്ഷികള്‍ തയാറാവാത്തതിന് കാരണം. മറ്റേത് പ്രശ്‌നത്തിലും ഇടപെടുമ്പോള്‍ അവിടെ പരോക്ഷമായെങ്കിലും ഏതെങ്കിലും ഒരു ജനവിഭാഗത്തെ തങ്ങളുടെ താല്‍പര്യത്തിനനുസരിച്ച് വളച്ചൊടിച്ച് വോട്ടാക്കി മാറ്റാം എന്ന രാഷ്ട്രീയ തന്ത്രമാണ് അവര്‍ പയറ്റുന്നത്.
എന്നാല്‍ ഇവിടെയാണ് മുസ്‌ലിംലീഗിന്റെ നിസ്വാര്‍ഥ സമീപനം പ്രസക്തമാവുന്നത്. ഇതേക്കുറിച്ച് സയ്യിദ് ഹൈദരലി തങ്ങളുടെ വെളിപ്പെടുത്തല്‍ നോക്കുക: ''ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ മുസ്‌ലിംലീഗാണ് ഇത്തരം ഒരു കര്‍മ പരിപാടി ഏറ്റെടുത്ത് രംഗത്തെത്തിയത്. രാഷ്ട്രീയമായ ഒരു ലാഭവും ഇതില്‍ നിന്ന് പാര്‍ട്ടി ലക്ഷ്യമാക്കുന്നില്ല. ഭൂമിയെ സ്‌നേഹിക്കുന്ന, മനുഷ്യ സമൂഹത്തെ സ്‌നേഹിക്കുന്ന, ഭൂമിയില്‍ ജീവന്‍ തുടര്‍ന്ന് നില്‍ക്കണം എന്നാഗ്രഹിക്കുന്ന എല്ലാ നല്ല മനുഷ്യരുടെയും കൈകളില്‍ ഈ കാലഘട്ടം ഏല്‍പിക്കുന്ന ദൗത്യം ഞങ്ങള്‍ ഏറ്റെടുക്കുകയാണ്. ഇതിലേക്ക് കക്ഷിരാഷ്ട്രീയ ഭേദമെന്യെ എല്ലാവിഭാഗം ആളുകളുടെയും പിന്തുണ ഞങ്ങള്‍ പ്രതീക്ഷിക്കുകയാണ്.''
പതിറ്റാണ്ടുകളായുള്ള ഗള്‍ഫ് ജീവിതം മലബാര്‍ മേഖലയുടെ സാമ്പത്തിക- സാമൂഹിക മേഖലയില്‍ വന്‍ പുരോഗതിക്ക് കാരണമായിട്ടുണ്ട്. വര്‍ഷംതോറും ആയിരക്കണക്കിന് കോടി രൂപയാണ് ഗള്‍ഫ് പ്രവാസികള്‍ കേരളത്തിലേക്കയക്കുന്നത്. പ്രവാസികള്‍ ഇത്തരത്തില്‍ അയക്കുന്ന ഗള്‍ഫ് പണം നാട്ടിലെ വിവിധ സംരംഭങ്ങള്‍ക്കും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗപ്പെടുത്തുന്നതിലൂടെ മലബാര്‍ മേഖലയിലെ തൊഴില്‍ സാധ്യത വര്‍ധിക്കുന്നുണ്ട്. ഈ മേഖലയിലെ റോഡുകള്‍, പാലങ്ങള്‍, വന്‍കിട പാര്‍പ്പിട, വ്യാപാര സമുച്ചയങ്ങള്‍, മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങളിലൂടെ ആയിരക്കണക്കിനാളുകള്‍ക്കാണ് തൊഴില്‍ ലഭിക്കുന്നത്. അതേസമയം ഇത്തരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ സ്വാഭാവികമായും മണ്ണ്, ജലം, വനം, മണല്‍, പുഴ തുടങ്ങിയ പ്രകൃതി സമ്പത്തുകള്‍ക്ക് കോട്ടം തട്ടില്ലേ എന്ന സംശയം സ്വാഭാവികമാണ്.
എന്നാല്‍ ഇവിടെയാണ് മുസ്‌ലിംലീഗ് പ്രസിഡണ്ട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ദീര്‍ഘവീക്ഷണത്തിലൂന്നിയ ആസൂത്രണം ശ്രദ്ധേയമാകുന്നത്. കോഴിക്കോട്ടെ സെമിനാറില്‍ വികസന പ്രവര്‍ത്തനങ്ങളും പരിസ്ഥിതി സംരക്ഷണവും എന്ന വിഷയത്തെക്കുറിച്ച് തങ്ങള്‍ വ്യക്തമാക്കിയ നയം അതീവ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഹൈദരലി തങ്ങളുടെ വാക്കുകള്‍ നോക്കുക: ''മനുഷ്യന്റെ ഭൗതിക സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് വികസന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടപ്പാക്കുന്ന തിരക്കിലാണ് നാം ഇന്ന്. എന്നാല്‍ അനിയന്ത്രിതമായ വികസനം ഭൂമിയില്‍ സാധ്യമല്ലെന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഏത് തരം വികസനവും പരിസ്ഥിതി സൗഹൃദമാക്കാന്‍ ശക്തമായ നടപടികള്‍ മുസ്‌ലിംലീഗിന്റെ ഭാഗത്തു നിന്നുമുണ്ടാകും''.
ഏതെങ്കിലും വികസന പ്രവര്‍ത്തനം നമ്മുടെ ഭൂമിക്കും പ്രകൃതിക്കും ഭീഷണി ഉയര്‍ത്തുന്നതായാല്‍ ലീഗ് അതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നാണ് ഇതില്‍ നിന്ന് വെളിപ്പെടുന്നത്. എല്ലാതരം പാരിസ്ഥിതിക സന്തുലിതാവസ്ഥയും കീഴ്‌മേല്‍ മറിക്കുന്ന തരത്തിലുള്ള വികസന ബോധമുള്ള ചില രാഷ്ട്രീയ -ഭരണ -ഉദ്യോഗസ്ഥ കൂട്ടുകെട്ട് നിലനില്‍ക്കുന്ന ഒരു വ്യവസ്ഥിതിയില്‍ ഇത്തരം ധീരമായ നീക്കം എന്തുകൊണ്ടും അഭിനന്ദനാര്‍ഹമാണ്. മുസ്‌ലിംലീഗിന്റെ ഔദ്യോഗിക നിറം പച്ചയായത് കേവലം യാദൃച്ഛികമാവാം. എന്നാല്‍ നാം അധിവസിക്കുന്ന ഈ ഭൂമിയെയും പ്രകൃതിയേയും സംരക്ഷിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്ന ഒരു രാഷ്ട്രീയ കക്ഷിയുടെ പരമ്പരാഗതമായ ഔദ്യോഗിക വര്‍ണം പ്രകൃതിയുടെ ഹരിതാഭമായ പച്ച തന്നെയായത് കേവലം കൗതുകത്തിനപ്പുറം ഒരു നിയോഗം തന്നെയായിരിക്കുകയാണെന്ന് പറയാതെ വയ്യ.
ഘടനാപരമായി വിവിധ ശ്രേണികളാല്‍ രൂപവല്‍കരിക്കപ്പെട്ട മുസ്‌ലിംലീഗ് എന്ന രാഷട്രീയ കക്ഷിക്ക് സമൂഹത്തിലെ താഴേത്തട്ടില്‍ വരെ നിര്‍ണായക സ്വാധീനം ചെലുത്തി പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനം ക്രിയാത്മകമായി നിര്‍വഹിക്കാന്‍ സാധിക്കുമെന്നതില്‍ സംശയമില്ല. എം.എസ്.എഫ്, യൂത്ത്‌ലീഗ് തുടങ്ങിയ യുവജന സംഘടനകളുടെ ജനകീയ പ്രവര്‍ത്തന ഫലമായി സമൂഹത്തിലെ അടിസ്ഥാന വിഭാഗത്തിനു പോലും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്താനാകും. ഇതിനു പുറമെ, മത- സാമുദായിക സംഘടനകളുടെ കൂടി സഹകരണം ഉറപ്പാക്കി ഈ രംഗത്ത് ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാം. മദ്രസകള്‍, മറ്റ് മതപഠന - വിജ്ഞാന കേന്ദ്രങ്ങള്‍ എന്നിവയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇതേക്കുറിച്ചുള്ള ബോധവല്‍ക്കരണവും ക്ലാസുകളും നല്‍കുന്നതിലൂടെ അവരില്‍ പ്രകൃതിസംരക്ഷണ അവബോധം വളര്‍ത്താനും ഇത്തരം പ്രവര്‍ത്തനങ്ങളിലേക്ക് കുട്ടികളെ ആകര്‍ഷിക്കാനും സാധിക്കും. ഇതിനുപുറമെ, ആരാധനക്കായി പള്ളികളിലെത്തുന്ന വിശ്വാസികളിലും പരിസ്ഥിതി -പ്രകൃതി സംരക്ഷണ പ്രവര്‍ത്തനത്തിന്റെ അനിവാര്യതയെക്കുറിച്ച് ബോധവല്‍ക്കരണം നടത്താം.
അഹന്തയും അഹങ്കാരവും കൊണ്ട് അന്ധനായി, വീണ്ടുവിചാരമില്ലാതെ പ്രകൃതിക്കുമേല്‍ കടന്നുകയറ്റം നടത്തുന്ന മനുഷ്യന്‍ സ്വന്തം വര്‍ഗത്തിന്റെ തന്നെ അന്തകനായിത്തീരുകയാണ്. അതോടെ ഭൂമി ഒരു ശവപ്പറമ്പായി മാറും. പക്ഷേ, അപ്പോള്‍ അവിടെ ശവങ്ങള്‍ കൊത്തിവലിക്കാന്‍ ഒരു കഴുകന്‍ പോലും ഉണ്ടാവില്ലെന്നതായിരിക്കും യാഥാര്‍ത്ഥ്യം. ദിനംപ്രതി മനുഷ്യന്‍ സംഹാരമൂര്‍ത്തിയാവുകയാണ്. അവന്‍ കാടും നാടും നശിപ്പിക്കുകയാണ്. ചിത്രശലഭങ്ങളും പക്ഷികളും മൃഗങ്ങളുമൊക്കെ അവന്റെ പടയോട്ടത്തില്‍ നശിക്കുന്നു. ഇന്നലെ കണ്ടതൊന്നും ഇന്ന് കാണാനില്ല. നാളത്തെ സ്ഥിതി ഇതിലും ഭീകരവും ദയനീയവുമാകും. ഇത്തരം ആസുരമായ അവസ്ഥയില്‍, ഭൂമിയില്‍ ജീവന്റെ നിലനില്‍പ്പിനാധാരമായ പ്രകൃതിയെയും പരിസ്ഥിതിയെയും കാത്തുരക്ഷിക്കാനുള്ള മുസ്‌ലിംലീഗിന്റെ ആത്മാര്‍ത്ഥ ശ്രമങ്ങളില്‍ നമുക്കും ഉപാധികളില്ലാതെ കണ്ണിചേരാം......................................

[ഇന്ദുകേഷ് തൃപ്പനച്ചി]

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ