2013, മാർച്ച് 2, ശനിയാഴ്‌ച

പ്ലാച്ചിമട ട്രൈബ്യൂണല്‍ നിയമം നടപ്പിലാക്കണം: മുസ്‌ലിംലീഗ്

കോഴിക്കോട്: 2011 ല്‍ കേരള നിയമസഭ ഐക്യകണ്‌ഠേന പാസാക്കിയ പ്ലാച്ചിമട ട്രൈബ്യൂണല്‍ നിയമം ഉടന്‍ നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി ഇടപെടണമെന്ന് കോഴിക്കോട് സി എച്ച് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന മുസ്‌ലിംലീഗ് പരിസ്ഥിതി സമിതിയോഗം ആവശ്യപ്പെട്ടു. പ്ലാച്ചിമട കൊക്കക്കോള ഫാക്ടറിയുണ്ടാക്കിയ പരിസ്ഥിതി മലിനീകരണത്തിന്റെയും ഭൂഗര്‍ഭ ജലശോഷണത്തിന്റെയും ഫലമായുണ്ടായ നാശനഷ്ടങ്ങള്‍ കണക്കാക്കി സര്‍ക്കാര്‍ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട് പരിഗണിച്ച് നിയമസഭ പാസാക്കിയ നിയമം ഇപ്പോഴും രാഷ്ട്രപതിയുടെ അംഗീകാരത്തിനയച്ച് കാത്തിരിക്കുകയാണ്. നിയമത്തിന് അഞ്ച് മന്ത്രാലയങ്ങളുടെ അനുമതി ഇതിനകം ലഭിച്ചെങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചില്ലെന്നത് ആശങ്കാജനകമാണ്. നിയമത്തിന് അനുമതി നേടിയെടുക്കാന്‍ സര്‍ക്കാര്‍ പ്രതിനിധി സംഘത്തെ കേന്ദ്രത്തിലേക്കയക്കണം. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ യോഗം തീരുമാനിച്ചു. ജില്ലാതലങ്ങളില്‍ പരിസ്ഥിതി സംരക്ഷണ യോഗങ്ങള്‍ വിളിച്ച് ചേര്‍ത്ത് ബന്ധപ്പെട്ടവര്‍ക്ക് വിവിധ വിഷയങ്ങളില്‍ പരിശീലനം നല്‍കും. മുസ്‌ലിംലീഗ് പരിസ്ഥിതി സമിതി ചെയര്‍മാന്‍ കെ കുട്ടി അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എം സി മായിന്‍ഹാജി, അബ്ദുറഹിമാന്‍ രണ്ടത്താണി എം എല്‍ എ, അഡ്വ. കെ പി മറിയുമ്മ, ടി ടി ഇസ്മായില്‍, സി വി എം വാണിമേല്‍, കുറുക്കോളി മൊയ്തീന്‍, സി ടി സക്കീര്‍ഹുസൈന്‍, ബഷീര്‍ രണ്ടത്താണി, സി എച്ച് അബൂയൂസുഫ് ഗുരുക്കള്‍, പി ഇസ്മായില്‍, കണ്‍വീനര്‍ സലിം കുരുവമ്പലം, ഡോ. അബ്ദുള്‍ സലാം സംസാരിച്ചു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ