''ബുഷ് ഒരു എണ്ണ-വിഷവാതക മനുഷ്യനാണ്''-- അമേരിക്കയിലെ വാഷിംഗ്ടണ്‍
പോസ്റ്റ് പത്രത്തിലെ കോളമിസ്റ്റ് മേരി മെക് ഗോറി, ജോര്‍ജ് ബുഷിനെ
കളിയാക്കി പറഞ്ഞതാണിത്. ഊര്‍ജോത്പാദനമെന്ന പേരില്‍ അമേരിക്കയിലെ ഗ്രാമ-നഗര
പ്രദേശങ്ങളെ വിഷലിപ്തമാക്കിയ ബുഷിനെ അവിടുത്തെ മാധ്യമ പ്രവര്‍ത്തകര്‍
വിശേഷിപ്പിക്കുന്നത്, പരിസ്ഥിതിയെ കടന്നാക്രമിക്കുന്നതില്‍ റൊണാള്‍ഡ്
റീഗന്‍ മുതലുള്ളവരില്‍ ഏറ്റവും മോശമായ പ്രസിഡണ്ട് എന്നാണ്. ലോകത്തെ ഏറ്റവും
വലിയ സാമ്പത്തിക ശക്തിയായ അമേരിക്കയിലെ ഭരണാധികാരി അധികാരം എന്ന
അഹങ്കാരത്താല്‍ വീണ്ടു വിചാരമില്ലാതെ പരിസ്ഥിതിക്കും പ്രകൃതിക്കുംമേല്‍
നടത്തിയ ഏകപക്ഷീയ കൈയേറ്റത്തിലുള്ള ആ ജനതയുടെ പ്രതികരണമാണിത്.
ജോര്‍ജ് ബുഷ് എന്ന ലോകം കണ്ട സ്വേച്ഛാധിപതിയുടെ പരിവേഷമുള്ള ഒരു
രാഷ്ട്രത്തലവനും പ്രമുഖ രാഷ്ട്രീയ കക്ഷിയുടെ തലവനുമായ ഭരണാധികാരിയുടെ
ഗണത്തില്‍, വികസനത്തിന്റെ പേരില്‍ പരിസ്ഥിതിനാശം വരുത്തിയ ഒട്ടേറെ ലോക
നേതാക്കളെ ആഗോള തലത്തില്‍ നമുക്ക് കാണാം. ഭരണഘടന പ്രകാരം അധികാരത്തിലെത്തിയ
ഭരണാധികാരികള്‍ അധികാരത്തിന്റെ ഗിരിശൃംഖത്തിലെത്തുമ്പോള്‍ താന്‍
ചവുട്ടിക്കയറിവന്ന ജനപഥങ്ങള്‍ മറക്കുകയാണ്. അധികാര ലഹരിയില്‍ വ്യവസായ-ഖനന-
കോര്‍പറേറ്റ് മാഫിയകളുടെയും മറ്റ് ലോബികളുടെയും നിയന്ത്രണത്തിലാകുന്ന
ഭരണാധികാരികള്‍ അവരുടെ സ്വാര്‍ഥതാല്‍പര്യങ്ങള്‍ സംരക്ഷിക്കാനായി
വഴിവിട്ടു പ്രവര്‍ത്തിക്കുന്നതിനാല്‍ പരിസ്ഥിതി നാശം അടക്കമുള്ള പലവിധ
അവമതികള്‍ക്കും കൂട്ടുനില്‍ക്കുന്ന കാഴ്ചയാണ് പരക്കെയുള്ളത്.എന്നാല്‍ ഈ നിര്‍ണായകാവസ്ഥയിലാണ് പരിസ്ഥിതി- പ്രകൃതി- ഭൗമ സംരക്ഷണം എന്ന കാലികപ്രസക്തിയുള്ള പ്രഖ്യാപനവുമായി കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയായ മുസ്‌ലിംലീഗ് രംഗത്തെത്തുന്നത്. രാജ്യ പുരോഗതിയുടെ ആണിക്കല്ലുകളില്‍ പ്രധാനമായ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനത്തിന് മുസ്‌ലിംലീഗ് മുന്നിട്ടിറങ്ങുന്നത് ശ്ലാഘനീയം തന്നെയാണ്. ഒരു രാഷ്ട്രീകക്ഷി എന്ന നിലക്ക് രാഷ്ട്രീയവും സാമൂഹികവും സാമുദായികവുമായ വിവിധ വികസന പ്രവര്‍ത്തനങ്ങളിലൂടെ വര്‍ഷങ്ങളായി കേരളീയ മണ്ഡലത്തില്‍ നിലനില്‍ക്കുന്ന മുസ്‌ലിംലീഗില്‍ നിന്നു ഇത്തരമൊരു പുരോഗമനാശയം ഉരുത്തിരിഞ്ഞത് വളരെ പ്രതീക്ഷ നല്‍കുന്നതാണ്.
പാരിസ്ഥിതിക നാശത്തിന്റെ പശ്ചാതലത്തില്‍ അത്യന്തം ഗൗരവപരമായ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനം നടത്തുക എന്ന മഹദ് ലക്ഷ്യവുമായി അടുത്തിടെ മുസ്‌ലിംലീഗ് കോഴിക്കോട്ട് പരിസ്ഥിതി പുന:സ്ഥാപന പ്രഖ്യാപന സെമിനാര്‍ സംഘടിപ്പിച്ചു. ദേശീയ തലത്തില്‍ പ്രാധാന്യമുള്ള പല രാഷ്ട്രീയ പാര്‍ട്ടികളും സജീവമായ കേരളത്തില്‍ ആദ്യമായാണ് ഗൗരവതരമായ പരിസ്ഥിതി സംരക്ഷണ പ്രഖ്യാപനവുമായി ഒരു രാഷ്ട്രീയകക്ഷി ജനശ്രദ്ധ നേടുന്നത്. കോണ്‍ഗ്രസ്, സി.പി.എം. ഉള്‍പ്പെടുന്ന വിവിധ ഇടതുപക്ഷ പാര്‍ട്ടികള്‍, ബി.ജെ.പി, ജനതാദള്‍, മറ്റ് ചെറുപാര്‍ട്ടികള്‍ തുടങ്ങിയവയെല്ലാം രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി അണികളെ സജീവമാക്കുന്നതിനും മാധ്യമ- ജനശ്രദ്ധയാകര്‍ഷിക്കാനുമൊക്കെയായി കേവലം ഒരു അനുഷ്ഠാനം ആയിട്ടാണ് ഇതുവരെയും പരിസ്ഥിതി സംരക്ഷണം എന്ന പരിപാടി നടത്തിപ്പോന്നിരുന്നത്. ഈ കൗതുകകരമായ അവസ്ഥയിലേക്കാണ് തികച്ചും ഗൗരവപരമായ പ്രവര്‍ത്തന അജണ്ട നിശ്ചയിച്ച് ലീഗ് കോഴിക്കോട്ട്, രാജ്യാന്തര പരിസ്ഥിതി സെമിനാര്‍ സംഘടിപ്പിച്ചത്. അതുകൊണ്ടുതന്നെ ഇത് ദേശീയ ശ്രദ്ധയാകര്‍ഷിക്കുകയാണ്. ദേശീയ- രാജ്യാന്തര പ്രശസ്തയായ ദയാഭായി എന്ന പരിസ്ഥിതി പ്രവര്‍ത്തകയെ സംഘടിപ്പിച്ച് നടത്തിയ സെമിനാര്‍ ദേശീയ ശ്രദ്ധയാകര്‍ഷിക്കപ്പെട്ടു. പരിസ്ഥിതി സംരക്ഷണത്തില്‍ അതീവ പ്രാധാന്യമുള്ള 15ഓളം സംരക്ഷണ പ്രവര്‍ത്തനങ്ങളാണ് തങ്ങളുടെ അണികളെ പങ്കെടുപ്പിച്ച് പ്രാവര്‍ത്തികമാക്കാന്‍ പോകുന്നതെന്നാണ് ലീഗ് നേതൃത്വം പ്രഖ്യാപിച്ചത്. ആഗോള തലത്തില്‍ മഹാദുരന്തമായിക്കൊണ്ടിരിക്കുന്ന പാരിസ്ഥിതിക വിനാശത്തിന്റെ ഭീതിതവശങ്ങള്‍ മനുഷ്യരാശിയെ ഓര്‍മപ്പെടുത്തുന്നതായിരുന്നു കോഴിക്കോട്ടെ സെമിനാര്‍. ഭൂമുഖത്ത് ഏറ്റവുമൊടുവിലെത്തിയ മനുഷ്യന്‍ ചെറുപുഴുവിനെ മുതല്‍ വന്‍ പര്‍വതങ്ങളുള്‍പ്പെടെ, സര്‍വതിനെയും സംഹരിക്കുന്ന ജീവിത രീതിയിലൂടെ ഭൂമിയിലെ എല്ലാവിധ പാരിസ്ഥിതിക വ്യവസ്ഥകളും കീഴ്‌മേല്‍ മറിക്കുകയാണിന്ന്.
44 പുഴകള്‍, ലോക പ്രശസ്ത കായലുകള്‍, ചെറുതും വലുതുമായ എണ്ണമറ്റ ജലാശയങ്ങള്‍, തണീര്‍ത്തടങ്ങള്‍ എന്നിവ കൊണ്ടനുഗൃഹീതമായ ദൈവത്തിന്റെ സ്വന്തം നാട്, പക്ഷേ പതുക്കെ കൊടുംവരള്‍ച്ചയുടെ പിടിയിലമരുകയാണെന്ന സത്യം മറുന്നുകൂടാ. ഹരിതഗൃഹ വാതകങ്ങളുടെ അമിതമായ പുറന്തള്ളലും ഓസോണ്‍ പാളി ശോഷണവും മൂലമുള്ള ആഗോളതാപനത്തിന്റെ ഫലമായി കേരളം അടക്കമുള്ള ഇടങ്ങള്‍ തീചൂളയായി മാറിയതിനു പിന്നിലെ മുഖ്യകാരണം ഹരിതാഭ നിലനിര്‍ത്തി, മഴ മേഘങ്ങളെ തടഞ്ഞ്, തണുപ്പിച്ച് മഴപൊഴിക്കുന്ന കന്യാവനങ്ങള്‍ നശിപ്പിച്ചതും കാലാവസ്ഥാ വൃതിയാനവുമാണെന്ന തിരിച്ചറിവിലേക്കാണ് കോഴിക്കോട്ടെ സെമിനാര്‍ ജാലകം തുറന്നത്.
സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളും നയങ്ങളും ഒരിക്കലും പരിസ്ഥിതി വിരുദ്ധമായിക്കൂടാ എന്ന നിര്‍ബന്ധ സമീപനമാണ് ഇക്കാര്യത്തില്‍ മുസ്‌ലിംലീഗിനുണ്ടാവുക എന്നും ഏതെങ്കിലും വികസന പ്രവര്‍ത്തനം പരിസ്ഥിതി നാശത്തിലേക്ക് നയിക്കുമെന്ന് കണ്ടാല്‍ ലീഗ് പ്രകൃതി സംരക്ഷണത്തിന്റെ ഭാഗത്തു നില്‍ക്കുമെന്നും സെമിനാറില്‍ പ്രഖ്യാപിച്ചത് സമൂഹം അതീവപ്രാധാന്യത്തോടെയാണ് കാണുന്നത്. ലോക പരിസ്ഥിതി ദിനം പോലുള്ള ദിവസങ്ങളില്‍ രാഷ്ട്രീയ- ഭരണ തലങ്ങളില്‍ നടക്കുന്ന മരംനടലും പ്ലാസ്റ്റിക് പെറുക്കലുമടക്കമുള്ള ചില 'വാര്‍ഷികാചാരങ്ങള്‍' നടത്തി മാധ്യമ- സമൂഹശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിക്കുന്ന മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ക്കുള്ള അനിവാര്യമായ ഒരു മറുപടികൊടുക്കലായിരിക്കണം മുസ്‌ലിംലീഗിന്റെ പുതിയ ഉദ്യമം എന്ന് ആഗ്രഹിക്കുകയാണിവിടെ.
കടുത്ത പാരിസ്ഥിതിക നാശം നേരിടുന്ന കേരളത്തിന്റെ കാര്യത്തില്‍ ഇത്തരമൊരു ധീരമായ പ്രഖ്യാപനം വളരെ പ്രതീക്ഷയുണര്‍ത്തുന്നതാണ്. എല്ലാതരം വികസന പ്രവര്‍ത്തനങ്ങള്‍ക്കും വിലങ്ങുതടിയാവുന്നത് കേരളത്തിലെ പരിസ്ഥിതി വാദികളാണെന്നാണ് ചില മന്ത്രിമാരടക്കമുള്ള രാഷ്ട്രീയക്കാരുടെ വാദം. അടുത്തിടെ വിവാദമായ പരിസ്ഥിതി പ്രശ്‌നങ്ങളായ പശ്ചിമ ഘട്ട സംരക്ഷണം, ആറന്‍മുള വിമാനത്താവള പദ്ധതി, തിരുവനന്തപുരത്തെ വിളപ്പില്‍ശാല മാലിന്യപ്രശ്‌നം, പാത്രക്കടവ്- പൂയംകുട്ടി ജലവൈദ്യുതി പദ്ധതികള്‍ തുടങ്ങിയവയില്‍ പല രാഷ്ട്രീയ കക്ഷികളും സ്വീകരിച്ച നിലപാട് പരിസ്ഥിതി സൗഹൃദമല്ലെന്നത് ഖേദകരം തന്നെയാണ്. ഈ അവസ്ഥയില്‍, വീണ്ടുവിചാരമില്ലാത്തതും വെറും ലാഭേച്ഛയിലൂന്നിയതുമായ വികസനത്തിന്റെ പേരില്‍ പ്രകൃതിയെയും ഭൂമിയെയും നശിപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നത് മുസ്‌ലിംലീഗിന്റെ നയമായിരിക്കില്ല എന്ന് കോഴിക്കോട്ടെ സെമിനാറില്‍ ധീരപൂര്‍വം വ്യക്തമാക്കിയത് ആശാവഹമാണ്..................................................................[ഇന്ദുകേഷ് തൃപ്പനച്ചി]
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ