2013, മാർച്ച് 3, ഞായറാഴ്‌ച

പ്രകൃതിയും മനുഷ്യനും - അഡ്വ. കെ.എന്‍.എ ഖാദര്‍


പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഒരു ചരിത്രദൗത്യം കൂടി മുസ്‌ലിംലീഗ് പാര്‍ട്ടിയുടെ ചുമലില്‍ അര്‍പ്പിച്ചിരിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ പാതയില്‍ സജീവമായി ഇടപെടുവാനും പ്രകൃതിയേയും ഈ ആവാസ വ്യവസ്ഥയേയും കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുവാനും അദ്ദേഹം ആഹ്വാനം ചെയ്തിരിക്കുന്നു. രാഷ്ട്രീയരംഗത്ത് മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുവാനും രോഗികളേയും നിരാലംബരേയും സഹായിക്കുവാനും പാര്‍ട്ടിയെ സജ്ജമാക്കിയ ശിഹാബ്തങ്ങളുടെ വഴിയില്‍ ഒരു പുതിയ അദ്ധ്യായം കൂടി രചിക്കുവാന്‍ ഇപ്പോഴത്തെ പാര്‍ട്ടി നേതൃത്വം മുന്നോട്ടുവന്നത് ശ്ലാഘനീയമാണ്.

കേരളം നദികളുടെ നാടാണ്. സഹ്യപര്‍വ്വത നിരകളില്‍ നിന്നും ചെറുതും വലുതുമായ 44 നദികള്‍ ഉത്ഭവിക്കുന്നു. ഇതില്‍ 41 എണ്ണം പടിഞ്ഞാറോട്ടും 3 എണ്ണം കിഴക്കോട്ടും ഒഴുകുന്നു. കേരളീയ ജീവിതത്തിന്റെ ആത്മാവ് ഈ 44 നദികളും അവയുടെ 900-ത്തില്‍ അധികം വരുന്ന പോഷക നദികളുമാണ്. മനുഷ്യസംസ്‌കാരത്തിന്റെ കോട്ടകൊത്തളങ്ങള്‍ എന്നും നദീ തീരങ്ങളും ജലസ്രോതസ്സുകളുടെ സമീപപ്രദേശങ്ങളുമായിരുന്നു. അനുസ്യൂതം ഒഴുകുന്ന ജലവും അടിത്തട്ടിലെ മണലും ജലജീവികളും പുഴയോരസസ്യങ്ങളും ഈ ജൈവ ആവാസവ്യവസ്ഥയുടെ അവിഭാജ്യഘടകങ്ങളാണ്. സഹ്യപര്‍വ്വത നിരകളിലെ മലകളും ഇടനാട്ടിലെ കുന്നുകളും താഴ്‌വരകളും നീര്‍ത്തടങ്ങളും നെല്‍വയലുകളും 34 കായലുകളും 590 കിലോമീറ്റര്‍ നീളം വരുന്ന സമുദ്രതീരവും ചേര്‍ന്നതാണ് കേരളം. കേരളത്തിലെ നദികളുടെ വൃഷ്ടിപ്രദേശം 2873921 ച. കി. മീ. ആണ്. 728730 ലക്ഷം ഘനമീറ്റര്‍ വെള്ളം ഈ നദികളിലൂടെ പ്രതിവര്‍ഷം ഒഴുകുന്നു. ഇതിനെല്ലാം പുറമെ ആറുമാസക്കാലം പെയ്തിറങ്ങുന്ന മഴ കേരളത്തിലെ കാലാവസ്ഥയെ എന്നും സുഖകരമാക്കുന്നു. കേരളത്തില്‍ ഒരു ഹെക്ടര്‍ സ്ഥലത്ത് ഒരുകോടി ഇരുപതുലക്ഷം ലിറ്റര്‍ വെള്ളം ഒരു വര്‍ഷം മഴയായി പെയ്തിറങ്ങുന്നു.

ഈ നദികളെല്ലാം തന്നെ മരിച്ചുകൊണ്ടിരിക്കുകയാണ്. ആയിരക്കണക്കിന് വര്‍ഷങ്ങളിലെ ഭൗമപ്രവര്‍ത്തനത്തിന്റെ ഫലമായി രൂപം കൊണ്ടതാണ് നദികളിലെ മണല്‍. ശരാശരി 15 അടി ഘനത്തില്‍ കാണപ്പെടുന്ന ഈ മണല്‍ നിക്ഷേപം നദിയുടെ മജ്ജയും മാംസവുമാണ്. മണലില്ലാത്ത നദികള്‍ വെറും അസ്ഥിപഞ്ജരമാണ്. നദീതടത്തിലെ ജലവിതാനം നിയന്ത്രിക്കുക, മത്സ്യങ്ങള്‍ തുടങ്ങി ശുദ്ധജലജീവികളേയും ജല സസ്യങ്ങളേയും പോറ്റിവളര്‍ത്തുക, നീരൊഴുക്ക് ക്രമപ്പെടുത്തുക തുടങ്ങിയ ജോലികളെല്ലാം നിര്‍വ്വഹിക്കുന്നത് ഈ മണല്‍ നിക്ഷേപമാണ്. യാതൊരു തത്വദീക്ഷയുമില്ലാതെ മണല്‍ ഖനനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നതിനാല്‍ താമസിയാതെ കേരളം ഒരു ഊഷരഭൂമിയായി മാറും. നദികളുടെ ജീവന്‍ കാത്തു സംരക്ഷിക്കുന്ന മണല്‍ വാരിത്തീര്‍ക്കുന്നതിന് പുറമെ നിരന്തരമായി മാലിന്യം നിക്ഷേപിച്ച് നദികളെയും നമ്മുടെ സ്വന്തം ജീവനേയും നാം അപകടപ്പെടുത്തുകയാണ്.

കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകമായ ശാസ്താംകോട്ട തടാകവും അഷ്ടമുടിക്കായലും വേമ്പനാട് കോള്‍നിലവും രാജ്യാന്തരപ്രാധാന്യം ഉള്ളവയാണ്. 151250 ഹെക്ടര്‍ വിസ്തൃതിയില്‍ ആലപ്പുഴ , കോട്ടയം, എറണാകുളം ജില്ലകളിലായി വേമ്പനാട് കായല്‍ വ്യാപിച്ചുകിടക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ നീര്‍ത്തടമാണിത്. മണിമല , മീനച്ചില്‍, പമ്പ , അച്ചന്‍കോവില്‍, മൂവാറ്റുപുഴ എന്നിവ ഉള്‍പ്പെടെ പത്തോളം നദികള്‍ ഇതില്‍ വന്നുചേരുന്നു. വെള്ളപ്പൊക്കം നിയന്ത്രിച്ചും കുടിവെള്ള സ്രോതസ്സുകള്‍ നിലനിര്‍ത്തിയും മനുഷ്യജീവിതത്തെ ഈ കായല്‍ സഹായിക്കുന്നു. 373 ഹെക്ടറില്‍ സ്ഥിതി ചെയ്യുന്ന ശാസ്താംകോട്ട തടാകം കൊല്ലം ജില്ലയിലെ കുടിവെള്ള സ്രോതസ്സും ശുദ്ധജല മത്സ്യങ്ങളുടെ ആവാസ സ്ഥാനവുമാണ്. 61400 ഹെക്ടര്‍ വിസ്തീര്‍ണ്ണമുള്ള ആഴമേറിയ കായലാണ് അഷ്ടമുടിക്കായല്‍. ഈ കായലുകളെല്ലാം വറ്റിവരണ്ടുകൊണ്ടിരിക്കുന്നു.

നീര്‍പ്പക്ഷികള്‍, മത്സ്യങ്ങള്‍, സസ്ത്‌നികള്‍, ഉരഗങ്ങള്‍, സസ്യങ്ങള്‍, സൂക്ഷ്മജീവികള്‍ തുടങ്ങിയ ജൈവസമ്പത്തിന്റെ വിസ്മയ ലോകമാണ് തണ്ണീര്‍ത്തടങ്ങള്‍. തണ്ണീര്‍ത്തടങ്ങളെ സംരക്ഷിക്കുവാന്‍ 1971-ല്‍ രൂപീകൃതമായ റംസര്‍ ഉടമ്പടി അതീവപ്രധാനമാണ്. ലോകത്തിലെ 163 രാജ്യങ്ങള്‍ ഇതില്‍ ഒപ്പുവച്ചിട്ടുണ്ട്. സ്വിറ്റ്‌സര്‍ലന്റിലെ ഗ്ലാന്റ് ആസ്ഥാനമായ റംസര്‍ പ്രസ്ഥാനം തണ്ണീര്‍ത്തടങ്ങളുടെ പട്ടികയില്‍ ഈ മൂന്നുകായലുകളേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആകെ 2065 തണ്ണീര്‍ത്തടങ്ങളാണ് റംസര്‍ പട്ടികയിലുള്ളത്. ഇതില്‍ 26 എണ്ണം ഇന്ത്യയിലാണ്. ഈ തണ്ണീര്‍ത്തടങ്ങളെ സംരക്ഷിക്കുവാനുള്ള ബാദ്ധ്യത ലോകരാഷ്ട്രങ്ങളെല്ലാം ഏറ്റെടുത്തിട്ടുള്ളതാണ്.

മനുഷ്യശരീരത്തില്‍ രക്തമെന്നതുപോലെ ഭൂമിയുടെ ശരീരത്തില്‍ സദാ ചംക്രമണം ചെയ്തുകൊണ്ടിരിക്കുന്നത് നദികളാണ്. രക്തം അശുദ്ധമാവുകയോ കുറയുകയോ ഒഴുക്കു തടയപ്പെടുകയോ ചെയ്താല്‍ നാം രോഗികളായി തീരുന്നു. ഭൂമിയുടെ ഗതിയും അതു തന്നെയാണ്. രോഗം മൂര്‍ദ്ധന്യദശയെ പ്രാപിക്കുമ്പോള്‍ ജീവികള്‍ മരിക്കുന്നത് പോലെ ഭൂമിയും മരിക്കുക തന്നെ ചെയ്യും. എല്ലാ സംസ്‌കാരവും നദീതീരങ്ങളിലാണ് ആവിര്‍ഭവിക്കുകയും പുഷ്പിക്കുകയും ചെയ്തിട്ടുള്ളത്. നദികളോടൊപ്പം നാഗരികതകളും മണ്ണടിയുന്നു. മനുഷ്യന്‍ ഉള്‍പ്പെടെ സകല ജീവജാലങ്ങളും ജലത്തില്‍ നിന്നാണ് ഉത്ഭവിച്ചിട്ടുള്ളത്. നമ്മുടെ ശരീരത്തില്‍ 70 ശതമാനവും ജലമാണ്.

അമ്മയുടെ ഉദരത്തിലാകുമ്പോള്‍ മനുഷ്യന്റെ കുഞ്ഞ് 90 ശതമാനവും ജലരൂപത്തിലാണ്. ഗര്‍ഭപാത്രത്തിലെ ദ്രാവകത്തില്‍ കിടന്നാണ് നാം വളരുന്നത്. നാം ജീവിക്കുന്ന ഭൂമിയിലും 70 ശതമാനം ജലം തന്നെയാണ്. മറ്റേതെങ്കിലും ഗ്രഹങ്ങളില്‍ ജീവികള്‍ ഉണ്ടോ എന്ന് അന്വേഷിക്കുന്ന ശാസ്ത്രജ്ഞന്‍മാര്‍ ആദ്യം നോക്കുന്നത് അവിടെ ജലം ഉണ്ടോ എന്നാണ്. വായയും നാവും സദാ ഉമിനീരുകൊണ്ട് നനഞ്ഞിരിക്കുമ്പോള്‍ മാത്രമേ നമുക്ക് സംസാരിക്കുവാനും ആഹാരം കഴിക്കുവാനും ആവുകയുള്ളൂ. നമ്മുടെ രണ്ടുകണ്ണുകളിലും നാസാദ്വാരങ്ങളിലും ചെവിക്കകത്തും ഒരു നിശ്ചിതയളവില്‍ ജലാംശം ഉള്ളപ്പോള്‍ മാത്രമേ അവ പ്രവര്‍ത്തിക്കുകയുള്ളൂ.

നദികളെ സ്വന്തം മാതാവായി കരുതിയവരാണ് ഇന്ത്യക്കാര്‍. ക്രൈസ്തവര്‍ കുഞ്ഞുങ്ങളെ മാമോദീസ മുക്കുന്നത് ജലത്തിലാണ്. മുസ്‌ലിംകള്‍ നമസ്‌കാരത്തിന് വേണ്ടി അംഗശുദ്ധി വരുത്തുന്നത് ജലംകൊണ്ടാണ്. പുണ്യം കിട്ടുവാന്‍ നദികളില്‍ സ്‌നാനം ചെയ്യുന്ന സ്വഭാവമാണ് ഭാരതീയ പാരമ്പര്യം. ക്ഷേത്രക്കുളങ്ങള്‍ തൊട്ട് മഹാകുംഭമേള വരെയുള്ള ഭക്തന്‍മാരുടെ പ്രയാണം പുണ്യജലം തേടിയുള്ളതാണ്.

ഹജ്ജിന് പോകുന്നവര്‍ മടങ്ങിയെത്തുന്നത് സംസം ജലവുമായിട്ടാണ്. ജലത്തിന്റെ മാഹാത്മ്യം പറഞ്ഞറിയിക്കുവാന്‍ സാദ്ധ്യമല്ലാത്തവിധം വിസ്തൃതമാണ്. ചുരുക്കിപ്പറഞ്ഞാല്‍ ജീവന്റെ ആധാരം ജലമാണ്. കടലും നദികളും കായലുകളും കുളങ്ങളും മഴയുമൊക്കെ യഥാവിധി നിലനില്‍ക്കുകയും തുടരുകയും ചെയ്യുമ്പോള്‍ മാത്രമേ ജീവന്‍ നിലനില്‍ക്കുകയുള്ളൂ. ഇത്രയും മഹത്തായ ജലം മലിനമാകുമ്പോള്‍ ശുദ്ധീകരിച്ച് വീണ്ടും നമുക്ക് തിരിച്ചു നല്‍കുന്നത് പ്രകൃതിയാണ്. ഭൂമിയിലെ പാഴ്ജലം പൂര്‍ണ്ണമായി ശുദ്ധീകരിക്കുവാന്‍ കോടാനുകോടി ഡോളര്‍ ചെലവാക്കിയാലും നമുക്കാകില്ല. പ്രകൃതി അത് ഭംഗിയായി നിറവേറ്റുന്നു. പ്രകൃതിക്ക് നാശം വരുത്തിയാല്‍ പിന്നെ ശുദ്ധജലമോ ജീവിതമോ നമുക്ക് അന്യമായിത്തീരും.

യാതൊരു തത്വദീക്ഷയുമില്ലാതെ മണല്‍ ഖനനം ചെയ്യുന്നതും മലിനവസ്തുക്കളും വിഷവസ്തുക്കളും നദികളിലേക്ക് വലിച്ചെറിയുന്നതും കാരണം നമ്മുടെ നദികള്‍ക്കെല്ലാം ഏറെ നാശം സംഭവിച്ചിരിക്കുന്നു. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന ഈ നടപടി അവസാനിപ്പിക്കേണ്ടതുണ്ട്. പാരിസ്ഥിതിക ദുരന്തത്തില്‍ നിന്ന് ഭൂമിയെ രക്ഷിക്കുവാന്‍ നടന്നുവരുന്ന അനേകം പരിശ്രമങ്ങളില്‍ ഇന്ത്യയും കേരളവും പങ്കുചേരേണ്ടതുണ്ട്. പ്രൊഫസര്‍ മാധവ് ഗാഡ്ഗില്‍ ചെയര്‍മാനായ പശ്ചിമഘട്ട വിദഗ്ധസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഈ രംഗത്ത് ഒരു പുതിയ അദ്ധ്യായമാണ്.

ഹരിത രാഷ്ട്രീയത്തിന്റെ ഭരണഘടനയായി അതിനെ കാണേണ്ടതുണ്ട്. എന്തു ബുദ്ധിമുട്ട് സഹിക്കേണ്ടി വന്നാലും ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണ്ണമായും അംഗീകരിച്ചു നടപ്പിലാക്കുകയാണ് വേണ്ടത്. മഹാരാഷ്ട്രയിലെ സിന്ധ്ദുര്‍ഗ് ജില്ലയിലെ 25 ഗ്രാമപഞ്ചായത്തുകള്‍ തങ്ങളുടെ ഭൂപ്രദേശങ്ങളെ പാരിസ്ഥിതിക വിലോല മേഖലയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസ്സാക്കിയിട്ടുണ്ട്. വികസനവും പരിസ്തിതിയും ആരോഗ്യകരമായി സമന്വയിപ്പിക്കണം. പരിസ്ഥിതി സംരക്ഷണത്തിന്റെ പക്ഷത്തുനില്‍ക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ക്ക് വേണ്ടത്ര കഴിഞ്ഞിട്ടില്ല. പ്രാദേശിക രാഷ്ട്രീയത്തെ തന്നെ ഇന്ന് നിയന്ത്രിക്കുന്നത് മണല്‍ മാഫിയകളാണ്.

കേരളത്തിലെ 1000 ഗ്രാമപഞ്ചായത്തുകളിലും ഇതര നഗരസഭാപ്രദേശങ്ങളിലും ഈ മാഫിയക്ക് ശക്തമായ വേരുകളുണ്ട്. വിവിധ പാര്‍ട്ടികളില്‍പ്പെട്ട അനേകം രാഷ്ട്രീയ പ്രവര്‍ത്തകരും പ്രാദേശിക ഭരണ നേതൃത്വവും ജനപ്രതിനിധികളും അനേകായിരം ഉദ്യോഗസ്ഥന്മാരും മണല്‍ഖനന മാഫിയയുടെ കണ്ണികളാണ്. ഒരു പാര്‍ട്ടിയും ഈ ഗൂഢസംഘത്തിന്റെ പിടിയില്‍ അകപ്പെടാത്തതായി ഉണ്ടാകില്ല. നഗരങ്ങള്‍ ഓരോ ദിവസവും ഉത്പാദിപ്പിക്കുന്ന മാലിന്യങ്ങള്‍ ജനവാസ കേന്ദ്രങ്ങളില്‍ കുന്നുകൂട്ടിയും നദികളിലേക്ക് വലിച്ചെറിഞ്ഞും കേരളീയര്‍ സ്വന്തം ആയുസ്സിന്റെ നീളം കുറക്കുകയാണ്.

ഈ സാഹചര്യത്തില്‍ ഹൈദരലി ശിഹാബ് തങ്ങളുടെ പ്രഖ്യാപനം പ്രാധാന്യമേറിയതും സന്ദര്‍ഭോചിതവുമാണ്. പ്രകൃതിയിലേക്കുള്ള മടക്കവും പരിസ്ഥിതി സംരക്ഷണവും തങ്ങളുടെ അജണ്ടയായി ഏറ്റെടുത്ത ആദ്യ രാഷ്ട്രീയ കക്ഷി മുസ്‌ലിംലീഗാണ്. കാലാവസ്ഥാവ്യതിയാനം പോലുള്ള ദുരന്തങ്ങള്‍ പതുക്കെയാണ് സഞ്ചരിക്കുന്നത് എങ്കിലും ഭൂമിയിലെ ആവാസവ്യവസ്ഥയെ തന്നെ തകര്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു. കായലുകളും പുഴകളും ഇതര തണ്ണീര്‍ത്തടങ്ങളും നെല്‍ വയലുകളും വറ്റി വരളുന്നു. കൊടുങ്കാറ്റും സുനാമിയു പേമാരിയും ഭൂകമ്പവും ഉല്‍ക്കാപതനവും ആശങ്കാജനകമാണ്. വന്യമൃഗങ്ങള്‍ കാടുകള്‍ ഉപേക്ഷിച്ച് നഗരങ്ങളിലേക്ക് ഇറങ്ങിക്കൊണ്ടിരിക്കുന്നു.

മൃഗങ്ങള്‍ക്ക് ഭൂമിയില്‍ സമാധാനത്തോടെ ഇരപിടിച്ചും ഉല്ലസിച്ചും യഥേഷ്ടം മേഞ്ഞുനടന്നു ജീവിക്കുവാനുള്ള അവകാശമുണ്ട്. വന്യജീവികളുടെ വാസസ്ഥലങ്ങള്‍ മനുഷ്യന്‍ നിരന്തരമായി കൈയ്യേറുന്നതുകൊണ്ടാണ് അത്തരം ജീവജാലങ്ങള്‍ നാട്ടിലേക്കിറങ്ങുന്നത്. നാമാകട്ടെ അവയെ കൊന്നൊടുക്കുന്നു. പറവകള്‍ക്കാകാശവും പാമ്പുകള്‍ക്ക് മാളവും നഷ്ടപ്പെട്ടിരിക്കുന്നു. ജലത്തില്‍ ജലജീവികളായ മത്സ്യങ്ങള്‍ക്കും സസ്യങ്ങള്‍ക്കും അവയുടെ വാസസ്ഥലവും നഷ്ടമായിക്കഴിഞ്ഞു. ദുരാഗ്രഹിയായ മനുഷ്യന്‍ ഭൂമിയെ മാത്രമല്ല ഇതര ഗ്രഹങ്ങളേയും കീഴ്‌പ്പെടുത്തുവാനുള്ള ശ്രമത്തിലാണ്. പക്ഷിമൃഗാദികളും സസ്യലതാദികളും ഇടകലര്‍ന്ന് മനുഷ്യരോടൊപ്പം എന്നെന്നുമുണ്ടാകണം. ഈ പ്രപഞ്ചവും അതിലെ സകല ജീവജാലങ്ങളേയും സൃഷ്ടിച്ചത് ഒരേയൊരു ദൈവമാണ്.

പ്രത്യേകമായ ഒരു ഉദ്ദേശ്യമില്ലാതെ യാതൊന്നും സൃഷ്ടിക്കപ്പെട്ടിട്ടില്ല. സൂര്യചന്ദ്രന്മാരേയും നക്ഷത്രങ്ങളേയും ഗ്രഹങ്ങളേയും സൃഷ്ടിച്ച അതേ കരങ്ങളാണ് മനുഷ്യരേയും സൃഷ്ടിച്ചത്. വായുവും വെള്ളവും അഗ്നിയും ആകാശവും മണ്ണും പരസ്പരം ബന്ധിതമാണ്. ഈ പ്രകൃതിയോട് നാം ചെയ്യുന്ന ഓരോ പാപവും നമ്മോടുതന്നെയാണെന്ന് വിസ്മരിക്കാതിരിക്കുക............................................

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ