2013, മാർച്ച് 31, ഞായറാഴ്‌ച


  അകക്കാഴ്ച[ മാത്രഭൂമി ] 
ജലസന്ദേശങ്ങള്‍ 
ജലസന്ദേശങ്ങള്‍ (മെസേജസ് ഫ്രം വാട്ടര്‍). ജപ്പാന്‍കാരനായ മസാരു ഇമോട്ടയുടെ പുസ്തകത്തിന്റെ പേര് അതാണ്. മനോഹരമായ ഒരു ചിത്രപുസ്തകം. ചിത്രങ്ങളൊക്കെ ജലകണികകളുടേത്. ഇമോട്ടയുടെ ചിത്രങ്ങളിലെ ജലകണികകള്‍ കരയുകയും ചിരിക്കുകയും ദേഷ്യപ്പെടുകയും പരിഭവിക്കുകയും നിരാശപ്പെടുകയും ഒക്കെ ചെയ്യും. ഓരോ വാക്കിനും, ചിന്തയ്ക്കും, വികാരത്തിനും ജലത്തില്‍ ഭാവമാറ്റം സൃഷ്ടിക്കാനാവുമെന്നാണ് ഇമോട്ട പറയുന്നത്. ദൃശ്യങ്ങള്‍ക്കും, സംഗീതത്തിനും ജലത്തെ സ്വാധീനിക്കാനാവുമെന്നും ഇമോട്ടോയുടെ ഫോട്ടോകള്‍ കാണിച്ചു തരുന്നു. കുട്ടിക്കാലത്ത് കാലിഡോസ്‌കോപ്പിലൂടെ കണ്ട ദൃശ്യങ്ങള്‍ പോലെയാണ് ഇമോട്ടോയുടെ ജലകണിക ചിത്രങ്ങള്‍. സുന്ദരം, അത്ഭുതകരം, ആനന്ദദായകം - പുസ്തകം കണ്ട്, വായിച്ച് മനസ്സ് നിറഞ്ഞ് ഇന്റര്‍നെറ്റില്‍ മസാരു ഇമോട്ടോയെ തിരഞ്ഞു.

വിവരങ്ങള്‍ നിരവധി തെളിഞ്ഞു, ഒപ്പം ഇമോട്ടോയുടേത് സ്യൂഡോ സയന്‍സാണെന്നും, ബേസിക് ഫിസിക്‌സിനെതിരാണെന്നുമുള്ള ശാസ്ത്രജ്ഞരുടെ അഭിപ്രായങ്ങളും.

സ്യൂഡോ സയന്‍സോ, യഥാര്‍ത്ഥ സയന്‍സോ- ആ ചിത്രങ്ങള്‍ മനോഹരമാണ്, ആഹ്‌ളാദം തരുന്നവയാണ്. ജലത്തെക്കുറിച്ചുള്ള സുന്ദരമായ ഓര്‍മ്മ നിലനിര്‍ത്തുന്നതാണ്.

രാജസ്ഥാനില്‍ നിന്ന് മടങ്ങുമ്പോള്‍ ഇമോട്ടോയുടെ ജലസന്ദേശങ്ങള്‍ ഓര്‍മ്മയില്‍ വന്നു.

അവിടുത്തെ ജലകണികകളുടെ ചിത്രങ്ങള്‍ എടുക്കുമ്പോള്‍ അവയ്‌ക്കെന്തു ഭാവമായിരിക്കും? ഇല്ലായ്മയുടെ, വറുതിയുടെ, സംഘര്‍ഷത്തിന്റെ ചിത്രങ്ങള്‍ ഇമോട്ടോയുടെ പുസ്തകത്തിലില്ല, മരുഭൂമിയിലെ ജലചിത്രങ്ങള്‍ക്ക് ചിരിയും, തിളക്കവുമുണ്ടാവുമോ?

സ്‌കൂള്‍ പാഠപുസ്തകത്തില്‍ നിന്നാണ് സഹാറയും, താര്‍ മരുഭൂമിയും അന്തമില്ലാതെ മനസ്സില്‍ നീണ്ടുകിടക്കാന്‍ തുടങ്ങിയത്. 'ആല്‍കെമിസ്റ്റും' (പാവ്‌ലോ കൊയ്‌ലോ), 'ആടു ജീവിത' (ബെന്യാമിന്‍)വും മരുഭൂമിയിലെ ജീവിതത്തുടിപ്പ് ഹൃദയത്തിന് പകര്‍ന്നേകി. അപ്പോഴും വെള്ളമില്ലായ്മ ഇത്ര ഭീകരമാണെന്ന് ഞാനോര്‍ത്തതേയില്ല. കുടങ്ങളില്‍ വെള്ളം നിറയ്ക്കാന്‍ ദൂരദൂരങ്ങള്‍ താണ്ടുന്ന മനുഷ്യരെ നേരില്‍ക്കാണും വരെ, ഒരു കിണറില്‍ നിന്ന് നൂറോളം പേര്‍ ഒരേസമയം വെള്ളം കോരിയെടുക്കുന്നത് കാണുന്നതുവരെ ജലദൗര്‍ലഭ്യവും മരുഭൂമി പോലെ ഒരു സങ്കല്‍പ്പം മാത്രമായിരുന്നു. പക്ഷെ, രാജസ്ഥാനിലെ ഗ്രാമങ്ങള്‍ പഠിപ്പിച്ചു തന്ന പാഠങ്ങള്‍ എന്റെ ജലചിന്തകളെ മാറ്റിമറിച്ചു.

അവിടെ കുറ്റബോധത്തോടെയാണ് ഞാന്‍ വെള്ളം കുടിച്ചത്, കുളിച്ചത്, നനച്ചത്. സ്വര്‍ണ്ണത്തെക്കാള്‍ വിലയേറിയതാണ് ജീവജലം എന്ന് കുടമേന്തിവരുന്ന ഓരോ സ്ത്രീയും/പുരുഷനും എന്നെ ഓര്‍മ്മിപ്പിച്ചു. കേരളത്തില്‍ പാഴാക്കിക്കളഞ്ഞ, കളയുന്ന വെള്ളത്തെക്കുറിച്ച് ഞാന്‍ നൊമ്പരപ്പെട്ടു.
വെള്ളം നിറച്ച കുടങ്ങള്‍ പേറുന്നത് മനുഷ്യര്‍ മാത്രമല്ല, തീവണ്ടികളും, വാഹനങ്ങളും വെള്ളവുമായി കൂകിപ്പായുന്നുണ്ട് രാജസ്ഥാനില്‍. ഭൂമിയില്‍ വീഴുന്ന ഓരോ തുള്ളി വെള്ളത്തിന്റെയും വില അറിയുന്നതിനാല്‍ സംഭരിച്ചുവയ്ക്കാന്‍ അവര്‍ പരമ്പരാഗതരീതികളും ആധുനിക രീതികളുമൊക്കെ ഉപോഗപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. ജൊഹാഡ്, ഖദീന്‍ തുടങ്ങിയ മഴവെള്ള സംഭരണികളിലൂടെ വര്‍ഷം മുഴുവന്‍ മഴവെള്ളം സൂക്ഷിച്ചുവയ്ക്കാന്‍ അവര്‍ ശ്രമിക്കുന്നു. ചരിവുപ്രദേശങ്ങളില്‍ കുളങ്ങളുണ്ടാക്കി മണ്ണുകൊണ്ട് ഭിത്തികള്‍ കെട്ടി ജൊഹാഡ്കളില്‍ മഴയെ പിടിച്ച് വയ്ക്കുന്നു.

പണ്ട് ഇതൊന്നും ഇങ്ങനെയൊന്നും ആയിരുന്നില്ലെന്ന് പഴമക്കാര്‍ പറയുന്നുമുണ്ട്. രാജസ്ഥാനും ഉണ്ടായിരുന്നത്രെ വെള്ളം സമൃദ്ധമായിരുന്നൊരു ഭൂതകാലം. വരളുകയാണത്രെ കേരളവും. നാളെ നമ്മുടെ കുഞ്ഞുങ്ങളോടും നമുക്കിങ്ങനെ പറയേണ്ടി വരുമോ?

കേരളം - 44 നദികളുടെ നാട്, ശുദ്ധജലം നിറഞ്ഞ നിരവധി കായലുകള്‍, നിറയെ നിറയെ കുളങ്ങള്‍, നിലയ്ക്കാത്ത മഴയുടെ നാട്.

ഗംഗ അവളുടെ രാജസ്ഥാനി പാഠപുസ്തകത്തില്‍ പഠിച്ചത് ഓര്‍ത്തെടുത്ത് ചോദിച്ചു:

''സത്യമാണോ അതൊക്കെ? നിങ്ങള്‍ക്ക് വെള്ളം കൊണ്ടു വരാന്‍ കിലോമീറ്ററുകള്‍ നടക്കേണ്ടി വരാറില്ലേ?''

ഇല്ല എന്നു മറുപടി നല്‍കുമ്പോള്‍ കേരളത്തിന്റെ ഭാവിയുടെ ചിത്രം അതാവല്ലേ എന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു പോയി. കഥകള്‍, കണക്കുകള്‍ വിരല്‍ ചൂണ്ടുന്നത് വരണ്ടുപോകുന്ന നാളെകളിലേക്കാണല്ലോ.

വികസനം - ഷോപ്പിംഗ് മാളുകള്‍, മള്‍ട്ടിപ്ലെക്‌സുകള്‍, ഫൈസ്റ്റാര്‍ ഹോട്ടലുകള്‍, ആശുപത്രികള്‍, വാട്ടര്‍ തീം പാര്‍ക്കുകള്‍, സ്‌പെഷ്യല്‍ ഇക്കണോമിക് സോണുകള്‍ - വനം വെട്ടിയും, നദികളിലെ മണലൂറ്റിയും, ചതുപ്പുകള്‍, പാടങ്ങള്‍ ഒക്കെ നികത്തിയും വികസിച്ചു കൊണ്ടേയിരിക്കുകയാണ് കേരളം. ഭൂമിക്ക് മേലോട്ടാണ് വികസനം, ഭൂമിക്കടിയില്‍ എന്തുണ്ട് എന്ന് ചിന്തിക്കാന്‍ മറന്നു പോകാത്തത് ഭൂഗര്‍ഭജലം ്ഊറ്റുമ്പോള്‍ മാത്രമാണ്. അതും അനുദിനം കുറഞ്ഞു പോകുകയാണെത്രെ.

ലക്ഷക്കണക്കിന് ഇന്ത്യന്‍ ഗ്രാമങ്ങളിലെ കോടിക്കണക്കിന് മനുഷ്യര്‍ നേരിടുന്ന ജലക്ഷാമമെന്ന ഭീകരത ഇങ്ങ് കേരളത്തില്‍ വരാതിരിക്കാന്‍ എന്തുചെയ്യണം? ദാഹിച്ച് തളര്‍ന്ന എനിക്ക് കുടത്തില്‍ നിന്ന് ഒരു ഗ്ലാസ് വെള്ളം പകര്‍ന്ന് തന്ന് തോഗി എന്ന രാജസ്ഥാനി ഗ്രാമത്തിലെ ശാന്തി ഉത്തരം പറഞ്ഞു തന്നു:

''നിങ്ങള്‍ ഇപ്പോഴേ ശ്രദ്ധിക്കണം. ഭൂമി വരണ്ടുപോവാതെ നനവ് നിലനിര്‍ത്തണം. ഇപ്പോഴും ധാരാളം മഴ പെയ്യുന്നില്ലേ അവിടെ. ഒരു തുള്ളി കളയരുത്. മഴക്കണിറുകള്‍ ഉണ്ടാക്കി ഒക്കെ സൂക്ഷിച്ചുവയ്ക്കണം. മണ്ണിനടിയിലേക്ക് വെള്ളം ചെന്നെത്തിക്കൊണ്ടേയിരിക്കണം. സിമന്റിടാതെ മണ്ണില്‍ തന്നെ കുഴികള്‍ കുഴിക്കണം. ആ കുഴികള്‍ ഭൂമിയുടെ ഉള്ള് നനച്ചുകൊണ്ടേയിരിക്കും. അപ്പോള്‍ കിണറുകള്‍ വറ്റുകയില്ല, മരുഭൂമികള്‍ ഉണ്ടാകില്ല.''

ശാന്തി പറഞ്ഞപ്പോള്‍ ഓര്‍മ്മവന്നത് പണ്ട് പറമ്പിലുണ്ടായിരുന്ന കുളങ്ങളെക്കുറിച്ചായിരുന്നു. രണ്ട് വാല്‍ക്കിണറുകള്‍ ഉള്‍പ്പെടെ ആറ് കുളങ്ങള്‍, നിരവധി തെങ്ങിന്‍ തടങ്ങള്‍, വീഴുന്ന മഴവെള്ളമൊക്കെ ഭൂമിക്കടിയിലേക്ക് ചെന്നു ചേര്‍ന്നിരുന്നു. മഴക്കാലത്ത് ഭൂമിക്ക് നിറഞ്ഞു കവിയാതെ വയ്യായിരുന്നു. ഉള്ളില്‍ നിന്ന് പൊട്ടിയൊഴുകിയിരുന്ന ഉറവുകള്‍ ഭൂമിയുടെ ഉന്മാദം തന്നെയായിരുന്നു. ആ ജലപ്രവാഹങ്ങള്‍ മസാരു ഇമോട്ടയുടെ ജലചിത്രങ്ങള്‍ പോലെ പൊട്ടിച്ചിരിച്ചിരുന്നു, താങ്ങാനാവാത്ത സന്തോഷം പങ്കുവച്ചിരുന്നു, ജലത്തിന്റെ ആനന്ദനൃത്തം. ഇന്ന് ഉറവുകള്‍ ഭൂമിക്കടിയില്‍ മയങ്ങിക്കിടക്കുകയാണോ, ഇല്ലാതായതാണോ. എങ്ങനെയാണ്, എവിടെയാണ്, ഉറവുകള്‍ക്ക് പൊട്ടിത്തിമിര്‍ത്ത് വരാനാവുക? വീട്ടുപരിസരങ്ങളൊക്കെ കോണ്‍ക്രീറ്റും സിമന്റുമിട്ട് 'വൃത്തി'യാക്കിയിരിക്കുകയല്ലേ. ഒരു തുള്ളി വെള്ളം ഭൂമിയിലേക്കോ, ഒരു ഉറവ പുറത്തേക്കോ വരില്ല, അത്ര ബന്തവസ്സാണ്!

ടാറിട്ട റോഡുകളിലൂടെയുള്ള വെള്ളം പണ്ട് ഇരുവശത്തുമുള്ള മണ്‍തിട്ടകളിലൂടെ, ഓടകളിലൂടെ ഭൂമിയിലേക്ക് മടങ്ങുമായിരുന്നു. ഇന്ന് തെരുവോരങ്ങളൊക്കെ കോണ്‍ക്രീറ്റും ടൈല്‍സുമിട്ട് സുന്ദരമാക്കി പൂച്ചെടികളും നട്ടുവെച്ചു. വഴിയോരത്ത് മരം നടുന്നതിനെക്കാള്‍ ഫാഷന്‍ പൂച്ചെടികള്‍ നടുന്നതാണ്. പെയ്യുന്ന മഴയൊക്കെ കടലില്‍ ചെന്നു ചേരുന്നത് നിസ്സംഗരായി കാണുന്നതിനും നമുക്ക് മടിയില്ല. കുളങ്ങള്‍, തോടുകള്‍, ചിറകള്‍ - ജലസംഭരണത്തിന്, ജലസേചനത്തിന്, ജലവിതരണത്തിന് എന്തെല്ലാം തനത് മാര്‍ഗ്ഗങ്ങളുണ്ടായിരുന്നു. മാലിന്യക്കൂമ്പാരങ്ങളായി അടഞ്ഞുകിടക്കുകയാണ് ഇന്ന് അവയില്‍ ഏറെയും. ശുദ്ധജലസ്രോതസ്സുകളൊക്കെ വികസനത്വരയില്‍ മലിനീകരിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്യുന്നത് കണ്ട് നില്‍ക്കാനേ പൊതുസമൂഹത്തിന് കഴിയുന്നുള്ളൂ. പുഴയോരങ്ങളും കായലോരങ്ങളും ഭൂമാഫിയയുടെ സ്വന്തം കേന്ദ്രങ്ങളായിക്കഴിഞ്ഞു. ജലമലിനീകരണത്തിന്റെ വിപത്തുകള്‍ അറിഞ്ഞു തുടങ്ങിയിട്ടും റിസോര്‍ട്ടുകള്‍ക്കും ഫ്ലാറ്റ് സമുച്ചയങ്ങള്‍ക്കും തീരത്തെങ്ങും അനുമതി ലഭിച്ചു കൊണ്ടേയിരിക്കുന്നു.

ഇന്നത്തെ മനുഷ്യന്റെ താല്‍ക്കാലിക ഭ്രമങ്ങള്‍ക്ക് വില നല്‍കേണ്ടിവരുന്നത് നാളെയുടെ പ്രപഞ്ച ജീവിതമാണ്. മക്കള്‍ക്ക് വേണ്ടി മാളികകളും ബാങ്ക് അക്കൗണ്ടുകളും ഉണ്ടാക്കുമ്പോള്‍ അവര്‍ക്കായി കുടിവെള്ളം കരുതിവയ്ക്കാന്‍ ആരും ഓര്‍ക്കുന്നു കൂടിയില്ല. ശുദ്ധവായുവും, കുടിവെള്ളവും, സമശീതോഷ്ണകാലാവസ്ഥയുമൊക്കെ ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നവര്‍ക്ക് വാങ്ങാനാവില്ല എന്ന് ചിന്തിക്കാത്തത് മന:പ്പൂര്‍വ്വമോ വിവരമില്ലായ്മ കൊണ്ടോ?

റോഡരികില്‍ മരം നട്ടുപിടിപ്പിച്ച് വെള്ളമൊഴിച്ച് വളര്‍ത്തുന്നതിന് സ്ത്രീകളെ സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ സുഹൃത്ത് നിയമം പറയുന്നു - റോഡ് പി.ഡബ്ല്യു.ഡിയുടേതാണ്. അവിടെ നിങ്ങളെങ്ങനെ മരം നടും?

മരം നടാതെ, മഴക്കിണര്‍ കുഴിക്കാതെ, മുന്നോട്ടു പോകാനാവില്ലെന്നും, ഇപ്പോള്‍ ചെയ്തില്ലെങ്കില്‍ പിന്നൊരിക്കലും അത് ചെയ്യാനാകില്ലെന്നും വ്യക്തമാവുമ്പോഴും ഒന്നും ചെയ്യാതെ തന്നെ മുന്നോട്ടു പോവുന്നത് ഞാനൊരാള്‍ മാത്രമല്ല.


ഇനിയുള്ള യുദ്ധങ്ങള്‍ ജലത്തിന് വേണ്ടിയുള്ളതാവുമെന്ന് പറഞ്ഞത് സായിപ്പാണ്; ലോകബാങ്ക് വൈസ്പ്രസിഡന്റ്ആയിരുന്ന ഇ സ്മയില്‍ സെറാഗിള്‍ഡിന്‍. വീട്ടുകാര്‍ തമ്മില്‍, ഗ്രാമങ്ങള്‍ തമ്മില്‍, സംസ്ഥാനങ്ങള്‍ തമ്മില്‍, രാജ്യങ്ങള്‍ തമ്മില്‍ യുദ്ധങ്ങളെത്രയാണ് നടക്കുന്നത് വെള്ളത്തിനു വേണ്ടി. മുല്ലപ്പെരിയാറും കാവേരിയും നമ്മുടെ മുന്നില്‍ തന്നെ. ചൈന ത്‌സാങ്‌പോയിലെ ജലമെടുക്കാന്‍ അണക്കെട്ടുണ്ടാക്കുമ്പോള്‍ പ്രശ്‌നമാകുന്നത് ബ്രഹ്മപുത്രയ്ക്കാണ്, ബ്രഹ്മപുത്രയുടെ ജലനിരപ്പ് കുറയും, കാരണം മറ്റൊന്നുമല്ല, ത്‌സാങ്‌പോയും ബ്രഹ്മപുത്രയും ഒന്നുതന്നെയാണ്. ആഫ്രിക്കയില്‍ ബോട്‌സ്വാനയും നമീബിയയും തമ്മില്‍ വെള്ളത്തിന് വേണ്ടി വഴക്കാണ്. ജോര്‍ദ്ദാന്റെ ജലസമ്പത്ത് ഇസ്രായേലിന്റെ അധീനതയിലാണ്. ഭൂമിയില്‍ ജലക്ഷാമമുണ്ടാകുന്നത് ജലക്കുറവ് കൊണ്ടല്ലെന്നും, ജലസംഭരണ-വിതരണത്തിലെ അധീശത്വമനസ്ഥിതി കൊണ്ടാണെന്നും പറയുന്നുണ്ട് ചിലര്‍.

ചൂടുകൂടുകയാണ് ഓരോ ദിവസവും. കോണ്‍ക്രീറ്റ് വനങ്ങള്‍ പ്രസരിപ്പിക്കുന്ന താപം, എയര്‍കണ്ടീഷനറുകള്‍ വമിപ്പിക്കുന്ന ചൂട് - ജലമാണ്, മരമാണ് ഉത്തരം. കേരളത്തിന് അതിന് കഴിയും. ശക്തമായ ത്രിതലഭരണസംവിധാനം, അയല്‍ക്കൂട്ടങ്ങള്‍, കുടുംബശ്രീ കൂട്ടായ്മകള്‍ - ഇച്ഛാശക്തി മാത്രമാണ് ആവശ്യം. ശരിയായ ദിശാബോധവും, നേതൃത്വവും.''ഗ്രാമീണ ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായം വരള്‍ച്ചാ ദുരിതാശ്വാസം'' ആണെന്ന് പ്രശസ്ത പത്രപ്രവര്‍ത്തകന്‍ സായ്‌നാഥ് ''നല്ലൊരു വരള്‍ച്ചയെ എല്ലാവരും ഇഷ്ടപ്പെടുന്നു'' എന്ന പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്. തീസ്‌രി ഫസല്‍ (മൂന്നാം വിള) എന്ന് ഗ്രാമീണര്‍ കളിയാക്കി വിളിക്കുന്ന വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ രീതിയല്ല; നേതൃത്വമല്ല, ആവശ്യം. നിലനില്‍പ്പിന് വേണ്ടി പോരാടുന്ന ആത്മാര്‍ത്ഥതയുടെ നേതൃമാര്‍ഗ്ഗമാണ് തെളിഞ്ഞുവരേണ്ടത്.

പ്രപഞ്ചം സന്ദേശങ്ങളിലൂടെ മുന്നറിയിപ്പുകള്‍ നല്‍കിക്കൊണ്ടേയിരിക്കും. അത് കേള്‍ക്കാന്‍ കഴിയാത്ത കാതുകള്‍ക്ക് മരുഭൂമികള്‍ ഉണ്ടാകുന്നത് കാണേണ്ടിവരും, കൊടുംചൂടില്‍ ഉരുകേണ്ടിവരും.

1981-ല്‍ കെ. ബാലചന്ദര്‍ ''തണ്ണീര്‍, തണ്ണീര്‍'' എന്ന തമിഴ് സിനിമയിലൂടെ തമിഴ്‌നാട്ടിലെ വെള്ളമില്ലായ്മയുടെ കഥ ഹൃദയസ്പര്‍ശിയായി ചിത്രീകരിച്ചു. ആ തമിഴ് ബോധം, മഴക്കിണറുകളിലൂടെ വെള്ളം സംഭരിക്കുന്നതിലും അതുവഴി ജലദൗര്‍ലഭ്യം പരിഹരിക്കുന്നതിലും അവര്‍ പിന്തുടര്‍ന്നു. മഴ മലയാള സാഹിത്യത്തിലും സിനിമയിലും മാര്‍ക്കറ്റ് വാല്യുവുള്ള കാല്‍പ്പനികതയാണ്. പക്ഷേ പ്രവൃത്തിപഥത്തില്‍ സാമൂഹ്യബോധം ഇനിയും ഉരുത്തിരിയേണ്ടിയിരിക്കുന്നു.

ഒരു തുള്ളി വെള്ളം പോലും ഉണ്ടാക്കാന്‍ കഴിയില്ലെങ്കിലും ഓരോ തുള്ളി വെള്ളവും മലിനമാക്കാതെ, നഷ്ടപ്പെടുത്താതെ സംരക്ഷിക്കാന്‍ പറ്റുമെന്ന വലിയ അറിവ് ഓരോ മനുഷ്യനും ഉള്ളില്‍ പേറേണ്ടിയിരിക്കുന്നു; ഒപ്പം വരുംതലമുറയ്ക്ക് പറഞ്ഞ് കൊടുക്കേണ്ടിയുമിരിക്കുന്നു. അലക്‌സാണ്ടര്‍ ഫ്രേറ്ററുടെ ''ചേസിംഗ് ദ മണ്‍സൂണ്‍'' എന്ന പുസ്തകം തിരുവനന്തപുരത്ത് നിന്ന് ചിറാപുഞ്ചിയിലേയ്ക്ക് മഴയെത്തേടിയുള്ള യാത്രയുടെ ഓര്‍മ്മക്കുറിപ്പാണ്. നമുക്കും ഇനി മഴയെ പിന്തുടര്‍ന്ന് (ചേസ് ചെയ്ത്) നടക്കാം, മഴയെ ഭൂമിയിലും മനസ്സിലും പിടിച്ചു വയ്ക്കാം. മഴ പ്രകൃതിയുടെ ചിരിയാണ്, മനുഷ്യന് ചിരിക്കാനും മഴ വേണം, വെള്ളമായി, തണുപ്പായി, സാന്ത്വനമായി. മസാരു ഇമോട്ടയുടെ ജലചിത്രങ്ങളുടെ ചിരിയുടെ സന്ദേശവും അതുതന്നെയാണ്, ജലം തരുന്ന സന്ദേശങ്ങള്‍, ചിരിയുടെ സന്ദേശങ്ങള്‍, നിലനില്‍പ്പിന്റെ ഉറപ്പുകള്‍.
binakanair@gmail.com

1 അഭിപ്രായം: