2013, മാർച്ച് 28, വ്യാഴാഴ്‌ച

വെള്ളമൂറ്റാന്‍ ചിറ്റൂരില്‍ മുപ്പതിനായിരത്തിലേറെ കുഴല്‍ക്കിണറുകള്‍

പാലക്കാട്: കൊടുംവരള്‍ച്ചയില്‍ നാടുരുകുമ്പോള്‍ ചിറ്റൂര്‍മേഖലയില്‍ കാര്‍ഷികാവശ്യത്തിനെന്ന പേരില്‍ അമിതമായ ജലചൂഷണം. ചിറ്റൂര്‍ ബ്ലോക്കില്‍ 103 ശതമാനം ജലചൂഷണം നടക്കുന്നതായാണ് റിപ്പോര്‍ട്ട്. അമിത ജലചൂഷണം നടക്കുന്നതായി കണ്ടെത്തിയതിനാല്‍ കുഴല്‍ക്കിണര്‍ കുഴിക്കാന്‍ മുന്‍കൂര്‍ അനുമതി വാങ്ങേണ്ട സംസ്ഥാനത്തെ ഏക ബ്ലോക്കാണ് ചിറ്റൂര്‍. ഭൂജലവകുപ്പധികൃതര്‍ നടത്തിയ പഠനത്തിലാണ് ജലചൂഷണം എല്ലാ പരിധികളും ലംഘിച്ചതായി കണ്ടെത്തിയിട്ടുള്ളത്.

വടകരപ്പതി, എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ, പട്ടഞ്ചേരി, പെരുമാട്ടി, നല്ലേപ്പിള്ളി, എലപ്പുള്ളി പഞ്ചായത്തുകളാണ് ചിറ്റൂര്‍ മേഖലയില്‍ ഉള്‍പ്പെടുന്നത്. കുഴല്‍ക്കിണര്‍ കുഴിക്കുന്ന കാര്യത്തിലോ ഭൂഗര്‍ഭജലം ഉപയോഗിക്കുന്ന കാര്യത്തിലോ ഒരു നിയന്ത്രണവും നിലവിലില്ല. നിയന്ത്രിക്കാനാവശ്യമായ സംവിധാനമോ, അധികാരമോ ഭൂജലവകുപ്പിന് ഇല്ല.
2005-'06 കാലഘട്ടത്തില്‍ ഭൂജലവകുപ്പ് ജില്ലയില്‍ കിണറുകളുടെ വിവരശേഖരണം നടത്തിയിരുന്നു. 35,000 കിണറുകളാണ് അന്ന് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ പകുതിയിലധികവും കുഴല്‍ക്കിണറുകളാണ്. ചിറ്റൂര്‍ മേഖലയില്‍ മാത്രം 5000 കുഴല്‍ക്കിണറുകള്‍ ഉണ്ടെന്നാണ് അന്നത്തെ കണക്ക്. പിന്നീടുള്ള ആറര വര്‍ഷംകൊണ്ട് ചിറ്റൂര്‍മേഖലയില്‍ 5000ത്തിലധികം കുഴല്‍ക്കിണറുകള്‍ക്ക് കൂടി സ്ഥാനനിര്‍ണയം നടത്തിയിട്ടുണ്ട്.
എന്നാല്‍, ഇതിന്റെ രണ്ടിരട്ടിയോളം കിണറുകള്‍ സ്വകാര്യ ഏജന്‍സികള്‍വഴി ചിറ്റൂര്‍ ബ്ലോക്കിലുണ്ടാക്കിയിട്ടുണ്ട്. ഈ കണക്കുകള്‍വെച്ച് ബ്ലോക്കില്‍ 30,000ത്തിലധികം കുഴല്‍ക്കിണറുകളുണ്ടെന്നാണ് കണക്ക്. രണ്ടുവര്‍ഷത്തിനകം ഭൂഗര്‍ഭജലവിതാനം അഞ്ചുമീറ്ററിലധികം താഴ്ന്നുപോയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
വരള്‍ച്ചയോടൊപ്പം അമിതമായ ജലചൂഷണവും ഇതിനു കാരണമാണ്. ഉണ്ടാക്കിയ കുഴല്‍ക്കിണറുകളില്‍ 20 ശതമാനം വെള്ളമില്ലാതെ ഉപേക്ഷിക്കപ്പെട്ടിട്ടുണ്ട്.
അതിര്‍ത്തിപഞ്ചായത്തുകളില്‍ ഒരാള്‍ക്കുതന്നെ മൂന്നും നാലും കിണറുകളാണുള്ളത്. അഞ്ച് കുതിരശക്തി (എച്ച്.പി.)യുള്ള മോട്ടോര്‍ ഉപയോഗിക്കാവുന്ന കുഴല്‍ക്കിണറുകള്‍ക്കാണ് ജില്ലാ ഭൂജലവകുപ്പ് അനുമതി നല്‍കുന്നത്. ഇതില്‍ കൂടുതലുള്ളതിന് സംസ്ഥാന ഭൂജല അതോറിട്ടിയില്‍നിന്ന് അംഗീകാരം വാങ്ങണം.
ഇതൊഴിവാക്കാന്‍ വന്‍കിട കര്‍ഷകര്‍ കൃഷിഭൂമി കുടുംബത്തിലെ പലരുടെ പേരുകളിലാക്കി ഓരോരുത്തര്‍ക്കും പ്രത്യേകം കുഴല്‍ക്കിണറിന് അപേക്ഷിക്കുകയാണ് പതിവ്. ഇത് അനുവദിക്കാതിരിക്കാന്‍ അധികൃതര്‍ക്കുമാകില്ല.
വന്‍കിട തെങ്ങിന്‍തോപ്പുകളിലാണ് അമിതമായ ജലചൂഷണം നടക്കുന്നത്. ഒരു തെങ്ങിന് നാലു ദിവസത്തിലൊരിക്കല്‍ 70 ലിറ്റര്‍ വെള്ളം മതിയെന്നാണ് ശാസ്ത്രീയമായ കണക്ക്. അതായത് ഒരേക്കര്‍ തെങ്ങിന്‍തോട്ടം നനയ്ക്കാന്‍ 5000 ലിറ്റര്‍ വെള്ളം മതിയാകും. എന്നാല്‍, ഒരേസമയം 20,000 ലിറ്റര്‍ വെള്ളംവരെ കര്‍ഷകര്‍ തോട്ടത്തില്‍ അടിച്ചുകയറ്റുകയാണ് ചെയ്യുന്നത്. അതിര്‍ത്തിപഞ്ചായത്തുകളിലെ കര്‍ഷകരാണ് ഈ രീതി പ്രയോഗിച്ചുവരുന്നത്.
തടങ്ങളില്‍ കെട്ടിനില്‍ക്കുന്ന വെള്ളത്തിന്റെ ഏഴുശതമാനം മാത്രമാണ് വീണ്ടും ഭൂമിക്കടിയിലേക്ക് പോകുക. ബാക്കി ജലം മുഴുവന്‍ നീരാവിയായും മറ്റും പാഴായിപ്പോകുന്നെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ചുരുക്കത്തില്‍ 30,000 കുഴല്‍ക്കിണറുകളില്‍നിന്ന് ഊറ്റിയെടുക്കുന്ന വെള്ളത്തിന്റെ പകുതിയോളം പാഴാക്കുകയാണെന്നര്‍ഥം.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ കുഴല്‍ക്കിണര്‍ ഉപയോഗിക്കുന്ന പ്രദേശവും ചിറ്റൂരാണെന്നാണ് ലഭ്യമായ വിവരം. എന്നാല്‍ കര്‍ഷകര്‍ക്കിടയിലെ അജ്ഞത മാറ്റാന്‍ കൃഷിവകുപ്പിനോ പാടശേഖരസമിതി തുടങ്ങിയ സംവിധാനങ്ങള്‍ക്കോ ഇതുവരെ കഴിഞ്ഞിട്ടില്ല. പാഴായിപ്പോകുന്ന വെള്ളമുണ്ടെങ്കില്‍ത്തന്നെ അനേകം കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ കഴിയും.[

ഗിരീഷ് കടുന്തിരുത്തി ]

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ