2013, ഏപ്രിൽ 11, വ്യാഴാഴ്‌ച

വരുതിയിലൊതുങ്ങാത്ത കാലാവസ്ഥാ വ്യതിയാനം


കാലാവസ്ഥാ വ്യതിയാനത്തെ ഇനിയും കാര്യമായി കണ്ടില്ലെങ്കില്‍ അപകടത്തിന്റെ തോത് നിയന്ത്രണാതീതമാകുമെന്ന് മുന്നറിയിപ്പ്. ബ്രിട്ടീഷ് സര്‍ക്കാര്‍ ശാസ്ത്രവിഭാഗം മേധാവി. പ്രൊഫ. ജോണ്‍ബ്രിട്ടണ്‍ ആണ് അന്തരീക്ഷത്തിലെ ഇപ്പോഴത്തെ കാര്‍ബന്റെ അളവ് കണക്കിലെടുത്ത് കൊണ്ടുള്ള മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അടുത്ത 25 വര്‍ഷം പ്രളയത്തിന്റെയും വരള്‍ച്ചയുടേതും ആകുമെന്നും ഇന്നത്തെ അവസ്ഥയുടെ അനന്തരഫലം ഭയാനകരമായിരിക്കുമെന്നും ജോണ്‍ബ്രിട്ടണ്‍, മുന്നറിയിപ്പില്‍ പറയുന്നു.
പ്രപഞ്ചത്തിന് ആകാശം, വായു, അഗ്നി, ജലം, ഭൂമി എന്നിങ്ങനെ അഞ്ച് ഘടകങ്ങളാണുള്ളത്. പഞ്ചഭൂതങ്ങള്‍ എന്ന ചുരുക്കപേരില്‍ അറിയപ്പെടുന്ന ഇവയുടെ ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ കൂടിയാണ് ഭൂമിയില്‍കാണുന്ന മനുഷ്യര്‍, പക്ഷിമൃഗാദികള്‍, വൃക്ഷലദാദികള്‍, ഏകകോശ ജീവികള്‍, ബാക്ടീരിയകള്‍, പ്രാണികള്‍, കൃമികീടങ്ങള്‍ എല്ലാം തന്നെ നിലനില്‍ക്കുന്നത്. പഞ്ചഭൂതങ്ങള്‍ ശരിയായ അളവില്‍ ഉള്‍കൊള്ളുക എന്നതാണ് പ്രകൃതിനിയമം. പ്രകൃതി സംരക്ഷണം ജീവന്റെ നിലനില്‍പ്പിന് അനിവാര്യമായ ഘടകമാണ്. പ്രകൃതി നിയമത്തില്‍ അപാകത പരിസ്ഥിതി ആവാസ വ്യവസ്ഥയെതന്നെ താളം തെറ്റിക്കും. ഇതുമൂലം വന്‍ ദൂരന്തങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് ജോണ്‍ ബ്രിട്ടന്റെ മുന്നറിയിപ്പിന്റെ ചുരുക്കം.
കാര്‍ബണ്‍ പാളിയുടെ ഭാരം ഭൂമിക്ക് ശ്വാസം മുട്ടിക്കുന്ന അവസ്ഥയാണെന്നും ഊഷ്മാവിന്റെ വ്യതിയാനവും മഴയുടെ തോത് കുറവും ആഗോള താപമാനനില വര്‍ദ്ധിക്കാനുള്ള കാരണമാണെന്നും 2 ഡിഗ്രി സെല്‍ഷ്യസ് എങ്കിലും താപ നില കുറക്കാനുള്ള ശ്രമം ഒന്നിച്ച് എല്ലാരാജ്യങ്ങളും എടുക്കണമെന്നുമാണ് മുന്നറിയിപ്പിന്റെ കാതല്‍. അതല്ലെങ്കില്‍ പ്രളയവും വരള്‍ച്ചയും പേമാരിയും കൊണ്ട് ജീവജാലങ്ങള്‍ പൊറുതിമുട്ടും. കടലുകള്‍ കലി ഇളകി കരയെ കവര്‍ന്നെടുക്കും. ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നതും വാഹനങ്ങളുടെ പെരുപ്പവും കാര്‍ബണ്‍ വര്‍ദ്ധിക്കാന്‍ മറ്റ് കാരണങ്ങളായി പറയുന്നു.
മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ അവസ്ഥ കൂടുതല്‍ അപകടകരമാണ്. കേരളത്തിന്റെ ആകാശത്ത് കുന്ന് കൂടിയ കാര്‍ബന്റെ അളവ് വളരെ വലുതാണെന്നും കേരളത്തിലെ താപനില 3.2 ഡിഗ്രി സെല്‍ഷ്യസ് കൂടിയെന്നും വിദഗ്ധര്‍ പറയുന്നുണ്ട്. വാഹനങ്ങളുടെ പെരുപ്പം ഒരു കാരണമാണ്. 1988 ല്‍ 10 ലക്ഷത്തില്‍ താഴെയായിരുന്ന വാഹനങ്ങള്‍ കേരളത്തില്‍ ഇപ്പോള്‍ 70 ലക്ഷം കവിഞ്ഞു. ഇവയുടെ പുകയില്‍ നിന്ന് വരുന്ന കാര്‍ബണ്‍ അന്തരീക്ഷത്തില്‍ ഉണ്ടാക്കിയ വ്യതിയാനം ചെറുതല്ല. സിങ്കപ്പൂര്‍ അടക്കമുള്ള ചില രാജ്യങ്ങള്‍ പുകയില്‍ നിന്നുള്ള അപകടം കണ്ടറിഞ്ഞ് വാഹനങ്ങള്‍ നിയന്ത്രിച്ച് തുടങ്ങിയിട്ടുണ്ടെങ്കിലും നമ്മുടെ നാട്ടില്‍ ആരും അങ്ങനെ ചിന്തിച്ചിട്ട് പോലുമില്ല.
100 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മനുഷ്യന്റെ വിസര്‍ജ്യങ്ങള്‍ തുറന്ന സ്ഥലത്തിട്ട് സൂര്യപ്രകാശം തട്ടിച്ച് സംസ്‌ക്കരിച്ച് ജൈവവളമായി ഉപയോഗിച്ചിരുന്നു. വിസര്‍ജ്യവസ്തുക്കള്‍ തുറന്ന സ്ഥലത്ത് ഇടുമ്പോള്‍ സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികള്‍ ഈ വിസര്‍ജ്യവസ്തുക്കളിലെ മനുഷ്യനും പ്രകൃതിക്കും അപകടകാരിയായ ഇക്കോളിന്‍ ബാക്ടീരിയകളെ നശിപ്പിക്കുന്നു. ഇത് ഉണങ്ങി ചേര്‍ന്ന ശേഷമാണ് മറ്റ് ജൈവ വളത്തിനൊപ്പം വിസര്‍ജ്യവസ്തുക്കളില്‍ നിന്നുള്ള വളവും ഉപയോഗിച്ചിരുന്നത്. 100 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശാസ്ത്രത്തിന്റെ പിന്‍ബലം ഇല്ലാതെ തന്നെയാണ് അപകടകാരിയായ ഈ മാലിന്യം പഴമക്കാര്‍ സംസ്‌ക്കരിച്ച് പോന്നിരുന്നത്. എന്നാല്‍ 150 വര്‍ഷം മുമ്പ് യൂറോപ്യന്‍ രാജ്യങ്ങളില്‍, കച്ചവടസംസ്‌ക്കാരത്തിന്റെ ഭാഗമായി രൂപം കൊണ്ട സെപ്റ്റിക് ടാങ്കും ക്ലോസറ്റും നമ്മുടെ നാട്ടിലേക്ക് എത്തിച്ച് കച്ചവടം തുങ്ങിയപ്പോഴാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. 4 കെട്ടും 8 കെട്ടും 16 കെട്ടും അടക്കമുള്ള വലിയ വീടുകളില്‍ പോലും അകത്ത് കക്കൂസ് ഉണ്ടായിരുന്നില്ല. വീടിന്റെ 20 മൂറ്റര്‍ അകലെയായിരുന്നു കക്കൂസുകള്‍. ഈ കക്കൂസുകളില്‍ നിന്ന് മാലിന്യം ശേഖരിക്കാന്‍ തോട്ടിത്തൊഴിലാളികള്‍ ഉണ്ടായിരുന്നു. തോട്ടികള്‍ മാലിന്യം ശേഖരിച്ച് ജനവാസം ഇല്ലാത്ത തുറന്ന സ്ഥലങ്ങളില്‍ അവ എത്തിച്ച് ഉണക്കിയാണ് ജൈവ വളമാക്കിയിരുന്നത്. നൂറ്റാണ്ടുകളായി തോട്ടികള്‍ ഇത് തുടര്‍ന്ന് പോന്നിരുന്നു. മാലിന്യസംസ്‌ക്കരണ വിദ്യയാണ് ഇതെന്ന് എന്നൊന്നും അവര്‍ക്ക് അറിവില്ലായിരുന്നു.
കേരളത്തിലെ പലസ്ഥലങ്ങളിലേയും കുടിവെള്ളത്തില്‍ മാരകരോഗങ്ങള്‍ പരത്തുന്ന ഇക്കോളിന്‍ എന്ന ബാക്ടീരിയകള്‍ ഇപ്പോള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ റെയില്‍വേ ട്രാക്കുകളുടെയും റോഡുകളുടേയും അരികിലും വഴിയോരങ്ങളിലും മലമൂത്ര വിസര്‍ജനം നടത്തി ദുര്‍ഗന്ധം ഉണ്ടാക്കുന്ന തമിഴ്‌നാട്ടിലെ ഭൂഗര്‍ഭ ജലത്തില്‍ ഇക്കോളിന്‍ ബാക്ടീരിയകള്‍ ഇല്ലെന്നും കണ്ടെത്തിയിരിക്കുന്നു. സൂര്യപ്രകാശമേറ്റ് ഇക്കോളിന്‍ ബാക്ടീരിയ നശിക്കുന്നതുകൊണ്ടാണിത്. സെപ്റ്റിക്ടാങ്കിന്റെ കച്ചവടത്തിനൊപ്പം ഇംഗ്ലീഷ് വളം എന്ന് അറിയപ്പെട്ടിരുന്ന രാസവളങ്ങള്‍ പ്രചരിച്ചപ്പോഴാണ് ജൈവ വളങ്ങളില്‍ നിന്ന് കേരളീയ സമൂഹം അകന്നത്. മനുഷ്യ വിസര്‍ജ്യങ്ങള്‍ സെപ്റ്റി ടാങ്കിലൂടെ സംസ്‌ക്കരിക്കുമ്പോള്‍ സെപ്റ്റിക് ടാങ്കില്‍ അധികമായി വരുന്ന മലിനജലം പോകുന്നതിനുള്ള ഔട്ടറിലൂടെ ഇക്കോളിന്‍ ഭൂമിയിലേക്കും ഓസോണ്‍പാളി ലയറില്‍ ദ്വാരങ്ങള്‍ ഉണ്ടാക്കുന്ന ഹരിതഗൃഹവാതകങ്ങള്‍ (മിഥേന്‍ഗ്യാസ്) സെപ്റ്റിക്ടാങ്കിന്റെ മുകളില്‍ വെച്ചിട്ടുള്ള പൈപ്പിലൂടെ അന്തരീക്ഷത്തിലേക്കും പോകുന്നു. കേരളത്തില്‍ വാഹനങ്ങളുടെ പുകയില്‍ നിന്നുമുണ്ടാവുന്നതിനേക്കാള്‍ മൂന്ന് ഇരട്ടിയാണ് ഇതെന്നാണ് ഇപ്പോഴത്തെകണക്ക്.
അനിയന്ത്രിതമായ ജൈവവസ്തുക്കളുടെ ജീര്‍ണ്ണവും പ്ലാസ്റ്റിക്ക് അടക്കമുള്ള ജൈവ വസ്തുക്കള്‍ കത്തിക്കലും അന്തരീക്ഷത്തിലെ താപനില വര്‍ദ്ധിക്കാന്‍ കാരണമാവുന്നുണ്ട്. പരിസ്ഥിതിയില്‍ ഉണ്ടാവുന്ന വ്യതിയാനം ജീവികളിലും സസ്യങ്ങളിലും പ്രത്യക്ഷത്തില്‍ തന്നെ മാറ്റങ്ങള്‍ ഉണ്ടാക്കുന്നതായി കാണാനാവും. എല്ലാ വര്‍ഷവും ഫെബ്രുവരി ഒടുവില്‍ മാത്രം പൂത്തുതുടങ്ങുന്ന കണിക്കൊന്ന ഏപ്രില്‍ വിഷുവിന് ഉപയോഗിക്കാന്‍ തരത്തില്‍ സമൃദ്ധമായി പൂത്തിരുന്നു. എന്നാല്‍ കുറച്ച് വര്‍ഷങ്ങളായി കണിക്കൊന്ന ഡിസംബറിന് മുന്‍പ് തന്നെ പൂക്കുന്നു. ഇത് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമായാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
സ്ത്രീകളിലും പുരുഷന്‍മാരിലും ഏറ്റവും കൂടുതല്‍ വന്ധ്യതയുള്ളത് കേരളത്തിലാണെന്ന് പഠനറിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. വന്ധ്യതാനിവാരണ ആസ്പത്രികള്‍ കേരളത്തില്‍ ധാരാളമായി വര്‍ദ്ധിച്ചിട്ടുണ്ട് .ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ധ ഡോക്ടര്‍മാര്‍ കാലാവസ്ഥാ വ്യതിയാനമാണ് കൂടുതലായി വന്ധ്യതക്ക് കാരണമായി ചൂണ്ടികാണിക്കുന്നത്. ശാസ്ത്രം അത് തെളിയിച്ച് കഴിഞ്ഞു. കുട്ടികള്‍ ഇല്ലാതെ വര്‍ഷങ്ങള്‍ കാത്തിരുന്ന് ഒടുവില്‍ ഭര്‍ത്താവിനൊപ്പം ഗള്‍ഫില്‍താമസിച്ച് ഗര്‍ഭിണിയായി നാട്ടില്‍ വരുന്ന സ്ത്രീകളില്‍ പലര്‍ക്കും നാട്ടിലെത്തുമ്പോള്‍ ഗര്‍ഭം അലസുന്ന രീതി വര്‍ധിച്ചു കാണുന്നു. 37 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ചൂട് ഉള്‍കൊള്ളാന്‍ ഗര്‍ഭിണികള്‍ക്ക് കഴിയില്ലെന്ന കണക്കും ശ്രദ്ധേയമാണ്. വേഗത്തിലുള്ള ഉല്‍പാദനവും ഉല്‍പാദനശേഷി നശിക്കലുമാണ് കാലാവസ്ഥാ വ്യതിയാനത്തില്‍ നിന്ന് സസ്യ ജീവജാലകങ്ങളില്‍ ഉളവാകുക എന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. ഊഷ്മാവിന്റെ അളവ് 2 ഡിഗ്രി സെല്‍ഷ്യസ് ഉടനെ കുറക്കാനുള്ള ശ്രമങ്ങള്‍ ലോകരാഷ്ട്രങ്ങള്‍ തുടങ്ങി കഴിഞ്ഞു. എന്നാലും ഇപ്പോള്‍ വലിയ ഭാരമായിട്ടുള്ള കാര്‍ബണ്‍ കുറക്കാന്‍ 25 വര്‍ഷം എടുക്കുമെന്നാണ് പറയുന്നത്.
കാലാവസ്ഥയും പ്രകൃതിയും മനുഷ്യന് സ്വസ്ഥമായ ജീവിതം പ്രധാനം ചെയ്യുന്ന സ്വര്‍ഗതുല്യമായ അനുഭൂതിയുണ്ട് കേരളത്തില്‍ എന്ന വിശ്വാസത്താലായിരുന്നു വിദേശികള്‍ കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടെന്ന് വിളിച്ചിരുന്നത്. ഇപ്പോഴത്തെ അപകടകരമായ അവസ്ഥ കണ്ടിട്ട് വിദേശികള്‍ അടക്കമുള്ളവര്‍ കേരളത്തെ എന്ത് പേരിട്ട് വിളിക്കുമെന്ന് കണ്ടറിയണം. ഇനിയും നമ്മുടെ രീതികളില്‍ ശാസ്ത്രീയമായ മാറ്റം ഉണ്ടായില്ലെങ്കില്‍ ബ്രിട്ടീഷ് സര്‍ക്കാറിന്റെ ശാസ്ത്രവിഭാഗം മേധാവി നല്‍കിയ മുന്നറിയിപ്പ് ആദ്യം നടക്കുന്നത് കേരളത്തിലായിരിക്കും.ശംസുദ്ദീന്‍ വാത്യേടത്ത് : ചന്ദ്രിക ദിന പത്രം 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ