2013, ഏപ്രിൽ 21, ഞായറാഴ്‌ച

പ്ലാച്ചിമട കോളവിരുദ്ധസമരം: പതിനൊന്നാം വാര്‍ഷികം ഇന്ന്






പാലക്കാട്: പ്ലാച്ചിമടയിലെ കോളവിരുദ്ധസമരത്തിന് തിങ്കളാഴ്ച പതിനൊന്ന് വര്‍ഷം തികയുമ്പോള്‍ സംസ്ഥാനനിയമസഭ പാസ്സാക്കിയ പ്ലാച്ചിമട ട്രൈബൂണല്‍ ബില്‍ കേന്ദ്രസര്‍ക്കാരിന്റെ ഫയലിലിരുപ്പ് തുടങ്ങിയിട്ട് രണ്ടുവര്‍ഷം പിന്നിടുന്നു. ഇതുവഴി സ്വാഭാവികനീതിതേടി ആരംഭിച്ച ജനകീയപ്രതിരോധത്തിന് നേര്‍ക്കുള്ള നീതിനിഷേധത്തിന്റെ പ്രതീകം കൂടിയാവുകയാണ് പ്ലാച്ചിമട.

2002ലെ ഭൗമദിനത്തിലായിരുന്നു പ്ലാച്ചിമടയിലെ സമരപ്പന്തലില്‍ പ്രതിഷേധസ്വരമുയര്‍ന്നത്. ജല, പ്രകൃതിവിഭവ ചൂഷണങ്ങള്‍ക്കെതിരായി ആരംഭിച്ച സമരം ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തു.

11-ാം വാര്‍ഷികാചരണം പ്ലാച്ചിമടയിലെ അടച്ചിട്ട കോളക്കമ്പനിക്കുമുന്നില്‍ തിങ്കളാഴ്ച രാവിലെ 10ന് നടക്കും. ജലസംരക്ഷണപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനും മാഗ്‌സസേ പുരസ്‌കാരജേതാവുമായ ഡോ. രാജേന്ദ്രസിങ്ങാണ് ഉദ്ഘാടകന്‍. ഉച്ചയ്ക്ക് രണ്ടിന് പ്ലാച്ചിമട കോളവിരുദ്ധ ഐക്യദാര്‍ഢ്യസമിതിയുടെ സംസ്ഥാനതലയോഗവും നടക്കും. പ്ലാച്ചിമട കോളവിരുദ്ധസമരസമിതി, പ്ലാച്ചിമട കോളവിരുദ്ധ ഐക്യദാര്‍ഢ്യസമിതി എന്നിവ ചേര്‍ന്നാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചിട്ടുള്ളത്.

കോളവിരുദ്ധസമരം ആരംഭിച്ചിട്ട് 12 വര്‍ഷം; കമ്പനി അടച്ചിട്ട് ഒമ്പതുവര്‍ഷം. ഇതിനിടയില്‍ പ്ലാച്ചിമടയിലെ വിജയ നഗര്‍ കോളനിയിലെ ആദിവാസിവിഭാഗം ഉള്‍പ്പെടെയുള്ളവരുടെ കാത്തിരിപ്പ് നീണ്ടതല്ലാതെ പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല.

കോളക്കമ്പനി അടച്ചുപൂട്ടുകയും ഭൂഗര്‍ഭജലം ചൂഷണം ചെയ്യുന്നത് തടയുകയും മാത്രമായിരുന്നില്ല, സമരലക്ഷ്യം. പരിസ്ഥിതിപുനഃസ്ഥാപന പദ്ധതികള്‍, പ്രകൃതിവിഭവങ്ങളിലെ പരമമായ അധികാരം ജനങ്ങള്‍ക്ക് കൈമാറുക, മലനീകരണ, ഭൂഗര്‍ജല നിയമങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങളൊന്നും ഇനിയും പരിഗണിക്കപ്പെട്ടിട്ടില്ലെന്ന് പ്ലാച്ചിമട സമരസമിതി ചെയര്‍മാന്‍ വിളയോടി വേണുഗോപാലന്‍ പറയുന്നു.

2003-ല്‍ 'മാതൃഭൂമി' മുന്‍കൈയെടുത്ത് പ്ലാച്ചിമടയില്‍ ലോക ജലസമ്മേളനം നടന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പരിസ്ഥിതി, പൗരാവകാശപ്രവര്‍ത്തകര്‍ ഇതില്‍ സംബന്ധിച്ചു. ജലത്തിലും പ്രകൃതിവിഭവങ്ങളിലുമുള്ള പരമാധികാരം തദ്ദേശവാസികള്‍ക്കാണെന്ന പ്ലാച്ചിമടപ്രഖ്യാപനവും നടന്നു. ഇത്തരം ജനകീയമുന്നേറ്റങ്ങളുടെ ആകെത്തുകയെന്നോണം 2004ഏപ്രിലില്‍ കോളക്കമ്പനി അടച്ചുപൂട്ടി. പ്ലാച്ചിമടയിലെ കിണറുകളില്‍ അപൂര്‍വമായി ജലം ലഭിച്ചുതുടങ്ങിയെങ്കിലും 2010-'11ലെ കണക്കനുസരിച്ച് പ്ലാച്ചിമട അമിത ഭൂഗര്‍ഭജലചൂഷണം നടക്കുന്ന മേഖലകളിലൊന്നാണ്.

2009ല്‍ സംസ്ഥാനസര്‍ക്കാര്‍ അന്നത്തെ ചീഫ് സെക്രട്ടറി അധ്യക്ഷനായി ഉന്നതാധികാരസമിതിയെ നിയോഗിച്ചിരുന്നു. 2010 മാര്‍ച്ച് 22ന് സമിതി റിപ്പോര്‍ട്ടും സമര്‍പ്പിച്ചു; മൊത്തം 216.24 കോടിയുടെ നഷ്ടപരിഹാരത്തിനും. ഇതിന് നിയമപരിരക്ഷ നല്‍കാന്‍ പ്ലാച്ചിമട ട്രൈബൂണല്‍ ബില്ലിനും ശുപാര്‍ശ ചെയ്തുകൊണ്ടായിരുന്നു റിപ്പോര്‍ട്ട്.

2011 ഫിബ്രവരി 24ന് സംസ്ഥാനനിയമസഭ പാസാക്കിയ ബില്‍ മാര്‍ച്ച് 30ന് രാഷ്ട്രപതിയുടെ അംഗീകാരത്തിന് സമര്‍പ്പിച്ചതാണ്. രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ഫയല്‍ ഇപ്പോഴും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍ത്തന്നെയാണ്. ഇത്തരം ബില്ലുകള്‍ ആറാഴ്ചയ്ക്കകം പരിഗണിക്കണമെന്ന വ്യവസ്ഥപോലും പാലിക്കപ്പെട്ടിട്ടില്ല. നിയമസഭകളുടെ പരമാധികാരത്തെ ചോദ്യംചെയ്യുന്ന നടപടിയാണിതെന്ന ആരോപണവും പൗരാവകാശപ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നുണ്ട്.
മാത്രഭൂമി  ദിനപത്രം  22/04/2013 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ