2013, ഏപ്രിൽ 22, തിങ്കളാഴ്‌ച

ആറാമത്തെ സര്‍വനാശത്തിന് മനുഷ്യന്‍ കാരണമാകും -ശ്രേയാംസ്‌കുമാര്‍



Posted on: 23 Apr 2013


മലപ്പുറം: ഭൂലോകത്തിന്റെ ആറാംതവണത്തെ സര്‍വനാശം മനുഷ്യരുടെ പ്രവൃത്തികളുടെ സംഭാവനയാകുമെന്ന് എം.വി. ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ പറഞ്ഞു. അറുപതുകോടി വര്‍ഷങ്ങള്‍ക്കിടെ അഞ്ചുതവണ ഭൂമിക്ക് സര്‍വനാശം സംഭവിച്ചെന്നാണ് ശാസ്ത്രലോകം പറയുന്നത്. ഇപ്പോഴത്തെ നിലയില്‍ മുന്നൂറ് വര്‍ഷങ്ങള്‍ക്കകം ഭൂലോകം നശിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു -അദ്ദേഹം ചൂണ്ടിക്കാട്ടി.

മുസ്‌ലിംലീഗ് തിരൂര്‍ നിയോജകമണ്ഡലം സമ്പൂര്‍ണ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പരിസ്ഥിതി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രേയാംസ്‌കുമാര്‍. കഴിഞ്ഞ 50 വര്‍ഷംകൊണ്ട് മനുഷ്യര്‍ ചെയ്തുകൂട്ടിയ കെടുതികള്‍ സര്‍വനാശത്തിലേക്ക് നമ്മെ വളരെ അടുപ്പിച്ചുകഴിഞ്ഞു. ഈ സത്യം തുറന്നുപറയാന്‍ ജനപ്രതിനിധികള്‍ തയ്യാറാകണം. അത്തരം തുറന്നുപറച്ചില്‍ ചില വോട്ടുകള്‍ നഷ്ടപ്പെുത്തിയേക്കാം, ചിലരുടെ അപ്രീതിക്ക് കാരണമായേക്കാം. അതൊന്നും പ്രശ്‌നമാക്കാതെ ഉത്തരവാദിത്വം നിറവേറ്റുകയാണ് വേണ്ടത്. പരിസ്ഥിതി എന്ന കാതലായ വിഷയത്തെപ്പറ്റി പറയുന്നവരെ പിന്തിരിപ്പന്മാരായി മുദ്രകുത്തുക പതിവാണ്. പാശ്ചാത്യ രീതിയില്‍ ജീവിക്കാന്‍ ശ്രമിച്ചതാണ് പല വികസ്വര രാഷ്ട്രങ്ങളിലെയും പരിസ്ഥിതി തകരാന്‍ കാരണമായത്. സുസ്ഥിരവികസനം വേണമെന്നതിന് തര്‍ക്കമില്ല. പക്ഷേ അത് ശാസ്ത്രീയവും കൂടിയാകാന്‍ ശ്രദ്ധിക്കണം. പരിസ്ഥിതി ഒരു ഗൗരവവിഷയമാണെന്ന് മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ മുസ്‌ലിംലീഗ് കാട്ടിയ വ്യഗ്രത അഭിനന്ദനാര്‍ഹമാണെന്നും ശ്രേയാംസ്‌കുമാര്‍ പറഞ്ഞു.

നാറില്‍ അധ്യക്ഷനായ സി. മമ്മൂട്ടി എം.എല്‍.എ, ചര്‍ച്ചയെപ്പോലെത്തന്നെ പ്രധാനമാണ് തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളുമെന്ന് ഓര്‍മ്മപ്പെടുത്തി. കിണറുകള്‍ക്ക് സമീപം മഴക്കുഴികള്‍ കുഴിച്ചും കുളങ്ങള്‍ നന്നാക്കിയും വെള്ളം സംരക്ഷിക്കാന്‍ ഓരോരുത്തരും തയ്യാറാകണം. ഫലവൃക്ഷങ്ങള്‍ നട്ടുവളര്‍ത്തിയും പാരിസ്ഥിതിക സന്തുലനം കൈവരിക്കാന്‍ ശ്രമിക്കാവുന്നതാണ്. വരള്‍ച്ചയുടെ കാലത്ത് ആവശ്യത്തിന് വെള്ളം വിതരണംചെയ്യുകയെന്നതല്ല, പരമാവധി ശുദ്ധമായ വെള്ളം കൊടുക്കുകയെന്നതിനാകണം മുന്‍ഗണന -അദ്ദേഹം നിര്‍ദ്ദേശിച്ചു.

ഏതൊരുദേശത്തിന്റെയും സംസ്‌കാരം നദികളെ അടിസ്ഥാനപ്പെടുത്തിയാണ് ഉണ്ടായതെന്ന് മുഖ്യപ്രഭാഷണം നടത്തിയ അബ്ദുറഹ്മാന്‍ രണ്ടത്താണി പറഞ്ഞു.

നദികള്‍ നശിച്ചാല്‍ സംസ്‌കാരവും നശിക്കും. എല്ലാ മതങ്ങളും പ്രാകൃതിക വിഭവങ്ങള്‍ വിവേകത്തോടെ ഉപയോഗിക്കാനാണ് മനുഷ്യനെ പഠിപ്പിച്ചത്. വെള്ളം ജീവാത്മാവും പരമാത്മാവുമാണെന്ന് തിരിച്ചറിഞ്ഞ് സംരക്ഷിക്കാന്‍ നാം തയ്യാറാകണം. പരിസ്ഥിതിയുടെ നന്മ സംരക്ഷിക്കേണ്ടത് കര്‍ത്തവ്യമായി ഏറ്റെടുക്കാന്‍ ഇനി കാത്തുനില്‍ക്കരുത് -അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ