2013, ഏപ്രിൽ 20, ശനിയാഴ്‌ച

ഭൂമിയും മരണവും മുഖാമുഖം


                                                     
                   
                                               
 ഭൂമിയുടെ നിലനില്‍പ്പ് ആശങ്കയിലകപ്പെട്ടു കിടക്കുകയാണ്. അപ്രതീക്ഷിതമായ ഒരു ദുരന്തം ഏതുസമയത്തും നമ്മെ തേടിയെത്തിയേക്കാം. അതിനു മുമ്പേ ഭൂമിയിലെ ജീവജാലങ്ങളുടെ മരണം ആസന്നമായിരിക്കുന്നു. ഒരുഭാഗത്ത് പ്രതീക്ഷകള്‍ തെറ്റിച്ചുകൊണ്ടുള്ള ചുട്ടുപൊള്ളലും മറുഭാഗത്ത് തണുത്തുറയ്ക്കലും. ഭൂമിയില്‍, എവിടെയും ദുരന്തങ്ങളും രോഗാതുരതയുമാണ് പടരുന്നത്. കടുത്ത ചൂടിനാല്‍ ഏഷ്യന്‍ രാജ്യങ്ങള്‍ വെന്തുരുകുകയും യൂറോപ്യന്‍ രാജ്യങ്ങള്‍ തണുത്തുറയുകയും ചെയ്യുന്നു.

ഏതാനും വര്‍ഷങ്ങളായി ആഗോള താപനത്തിന്റെ കെടുതിയിലാണ് ലോകം. സമ്പന്നനും ദരിദ്രനും മുതിര്‍ന്നവരും കുട്ടികളുമൊന്നും ഇതില്‍ നിന്ന് മുക്തരല്ല. ശുദ്ധജല ദൗര്‍ലഭ്യം, വരള്‍ച്ച, ഭൂചലനം, കാലാവസ്ഥ വ്യതിയാനം, വെള്ളപ്പൊക്കം, ചുഴലിക്കാറ്റുകള്‍, സുനാമി തുടങ്ങി പ്രവചനാതീതമായ അനേകം പ്രകൃതി ദുരന്തങ്ങളെയും പ്രശ്‌നങ്ങളെയുമാണ് ഓരോരുത്തരും അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നതാവട്ടെ പരിസ്ഥിതിയുടെ നാശവും.

ഇരുപതാം നൂറ്റാണ്ടു വരെ ലോകത്ത് ഇരുപത് ലക്ഷത്തില്‍ പരം മനുഷ്യരാണ് പ്രകൃതിദുരന്തം കാരണം മരിച്ചത്. ചൈനയാണ് ഏറ്റവും കൂടുതല്‍ ദുരന്തങ്ങള്‍ അഭിമുഖീകരിച്ചത്. ഭൂമിക്കുനെരെ കൈയേറ്റങ്ങളും ആഗോളതാപനവും ഇല്ലാത്തകാലത്ത് ഇത്രത്തോളം പ്രകൃതി ദുരന്തങ്ങളും മരണങ്ങളും സംഭവിച്ചു എങ്കില്‍ ഭൂമിക്കും പരിസ്ഥിതിക്കും നേരെ അതിക്രമങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ഈ നൂറ്റാണ്ടില്‍ ഇതിലേറെ ദുരന്തങ്ങളെ നാം പ്രതീക്ഷിക്കേണ്ടിയിരിക്കുന്നു.
2025 ഓടെ ലോകത്തെ, മൂന്നില്‍ രണ്ടുഭാഗം ജനതയും വരള്‍ച്ചാ കെടുതി അനുഭവിക്കുമെന്നും നാലിലൊരാള്‍ എന്ന തോതില്‍ അന്തരീക്ഷ വിഷവാതകങ്ങള്‍ ശ്വസിക്കാന്‍ നിര്‍ബന്ധിതരാകുമെന്നും അമേരിക്കന്‍ പ്രസിദ്ധീകരണമായ സയന്‍സ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. പോട്ട്‌സ്ഡാം ഇന്‍സ്റ്റിട്ട്യുട്ട് ഫോര്‍ ക്ലൈമറ്റ് ഇംപാക്ട് റിസേര്‍ച് (Potsdam institute for climate impact research) വേള്‍ഡ് ബാങ്കിന് വേണ്ടി നടത്തിയ പഠനപ്രകാരം 2100 ഓടുകൂടി സമുദ്ര ജലനിരപ്പ്, 5 മുതല്‍ ഒരു മീറ്റര്‍ വരെ ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്. അങ്ങനെ ഉയരുന്നപക്ഷം തെക്കുകിഴക്കന്‍ ഏഷ്യയിലെ മുഴുവന്‍ കടലോര നഗരങ്ങളും നാമാവശേഷമാവുകയും ഇന്ത്യ, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ് തുടങ്ങിയ രാജ്യങ്ങളിലുള്ള ഉഷ്ണമേഖലാ കാടുകള്‍ നശിക്കുകയും ലോകത്ത് ഭക്ഷ്യോല്‍പാദനം ഭീകരമായി കുറയുകയും ചെയ്യും.

മലിനീകരണത്തില്‍ മുന്‍പന്തിയില്‍ ആഫ്രിക്കയാണെന്നും മഡഗാസ് ക്കറിലും മറ്റും വനനശീകരണം നദിയിലെ വെള്ളം നീല നിറത്തിന് പകരം ചാരനിറ മാക്കിയതായും 'നാസ'യുടെ ബഹിരാകാശ ഉപഗ്രഹ വാഹനമായ ഡിസ്‌ക്കവറി പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡയോക്‌സൈഡിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിക്കുന്നതായും നിലവില്‍ ഇതിന്റെ അളവ് ആറരലക്ഷം വര്‍ഷത്തില്‍ ഏറ്റവും ഉയര്‍ന്ന തോതിലാണെന്നും സയന്‍സ് ജേണല്‍ മറ്റൊരു റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്കുന്നുണ്ട് .
പ്രകൃതി വിഭവങ്ങളാല്‍ ഏറെ സമ്പുഷ്ടമായ കേരളം, ചുട്ടുപൊള്ളുകയാണ്. കടുത്ത ഉഷ്ണവും വരള്‍ച്ചയും കേരളത്തെ പിടിമുറുക്കിയിരിക്കുന്നു. താപനില 40.5 ഡിഗ്രി സെല്‍ഷ്യസിലൂടെയാണ് കേരളം കടന്നുപോകുന്നത് .പലയിടങ്ങളിലും സൂര്യാഘാതവും അതുമൂലമുള്ള മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.1961 നു ശേഷം അമ്പത് വര്‍ഷങ്ങള്‍കൊണ്ട് കേരളത്തില്‍ 0.5 ഡിഗ്രി സെല്‍ഷ്യസ് തോതില്‍ ശരാശരി ചൂട് വര്‍ദ്ധിച്ചിട്ടുണ്ടെന്ന് ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ (intergovernmental panel) നടത്തിയ പഠനത്തില്‍ പറയുന്നു.

ഉത്തര ധ്രുവ പ്രദേശത്ത് ഈ നൂറ്റാണ്ട് കഴിയുമ്പോഴേക്കും നാലുമുതല്‍ ഏഴ് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് വര്‍ദ്ധിക്കുമെന്ന് ഈ പഠനത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ഇതിനും പുറമെ ദൈവത്തിന്റെ ഈ സ്വന്തം നാട് ഇടയ്ക്കിടെ ഭൂചലനങ്ങളാല്‍ വിറയ്ക്കുകയാണ്.

വര്‍ഷങ്ങള്‍ക്കുമുമ്പ് തന്നെ കേരളം ഭൂകമ്പ സാധ്യതാ പട്ടികയില്‍ സ്ഥാനം പിടിച്ചത് ഏറെ ആശങ്കക്ക് വകനല്‍കുന്നു. ഭൂകമ്പ സാധ്യതാ പട്ടിക സോണ്‍ ഒന്നിലായിരുന്ന കേരളം ഇന്ന് റിക്ടര്‍ സ്‌കെയിലില്‍ അഞ്ചു വരെ ശക്തിയുള്ള ഭൂകമ്പത്തിന് സാധ്യതയുള്ള സോണ്‍ മൂന്നിലാണെന്ന് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റേര്‍ഡുംസ് തയാറാക്കിയ പട്ടികയില്‍ പറയുന്നുണ്ട്.

മുന്‍വര്‍ഷങ്ങളേക്കാള്‍ ഏറ്റവും മഴകുറഞ്ഞ കാലവര്‍ഷമായിരുന്നു ഇക്കഴിഞ്ഞത്. തുലാ വര്‍ഷവും കനിഞ്ഞില്ല. അതുകൊണ്ടുതന്നെ ജല സ്രോതസ്സുകളെല്ലാം നേരത്തേ വറ്റിവരണ്ടു. കൃഷി നിലങ്ങളില്‍ കട്ട വിണ്ടു. കിണറുകളും കുളങ്ങളും വറ്റിയതോടെ കുടിവെള്ളത്തിനു പോലും മനുഷ്യര്‍ നെട്ടോട്ടമായി. പ്രതിവര്‍ഷം 450 - 500 മില്ലി മീറ്ററാണ് കേരളത്തില്‍ ലഭിക്കുന്ന മഴയുടെ ശരാശരി കണക്ക്.

എന്നാല്‍ ഇത്തവണ ലഭിച്ച മഴയാവട്ടെ സാധാരണ ലഭിക്കേണ്ടതിന്റെ 66 ശതമാനം മാത്രവും. മഴ കുറയുന്നത് ഉഷ്ണം വദ്ധിപ്പിക്കുകയും വരള്‍ച്ചക്ക് ആക്കം കൂട്ടുകയും ചെയ്യും.ജലക്ഷാമം കാരണം പരമ്പരാഗത കാര്‍ഷിക നിലങ്ങള്‍ തരിശു നിലങ്ങളായി മാറി.കൃഷിയുമായി മുന്നിട്ടിറങ്ങിയ കര്‍ഷക സ്വപ്‌നങ്ങള്‍ പതിരുകളായി മാറി. വിശ്വാസത്തിന്റെ ഭാഗമായ പിതൃതര്‍പ്പണത്തിനു പകരം പുഴകള്‍ക്ക് ബലിയിട്ടു മടങ്ങേണ്ട കാഴ്ച ഇനി അതി വിദൂരത്തല്ല എന്നതാണ് നിള, വിളിച്ചുപറയുന്നത്.

പ്രകൃതിയുടെ ആവാസ വ്യവസ്ഥ പാടെ തകിടം മറിഞ്ഞിരിക്കുന്നു. ജീവജാലങ്ങള്‍ പ്രാണവായുവും, ദാഹജലവും തേടി അലയുകയാണ്. പല ജീവികളും കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. മത്സ്യ സമ്പത്തുകള്‍ നശിക്കുന്നു. കടല്‍ പോലും ചൂടുപിടിക്കുന്നു. ദിനംപ്രതി ഭൂമി ഊഷരമാകുമ്പോള്‍ വലിയ പ്രകൃതി ദുരന്തങ്ങള്‍ വിളിപ്പാടകലെതന്നെ എത്തി നിലനില്‍ക്കുന്നു എന്നത് ശാസ്ത്രം നല്‍കുന്ന അപായ സൂചന.

വരള്‍ച്ചയും ഭൂചലനങ്ങളും കാലംതെറ്റിയുള്ള പേമാരിയുമെല്ലാം നടമാടുന്നതിന്റെ കാര്യകാരണങ്ങള്‍ തേടുമ്പോള്‍ പ്രകൃതിക്ക് നേരെയുള്ള അതിക്രമങ്ങളിലാണ് എത്തിനില്‍ക്കുക. കാര്‍ബണ്‍ഡയോക്‌സൈഡിന്റെ ആധിക്യമാണ് ആഗോളതാപനത്തിന് നിദാനം. പ്രകൃതിയില്‍ നിന്നു കാര്‍ബണ്‍ഡയോക്‌സൈഡിന്റെ അളവ് കുറക്കുകയും ഓക്‌സിജന്‍ ഉല്‍പാദിപ്പിക്കുകയും ചെയ്യുന്നത് മരങ്ങളും സസ്യങ്ങളുമാണ്. മിതമായി ഉപയോഗിക്കേണ്ട ഇത്തരം പ്രകൃതി വിഭവങ്ങള്‍ കമ്പോളവല്‍കരിക്കപ്പെടുകയും മനുഷ്യന്റെ അത്യാഗ്രഹങ്ങള്‍ക്ക് മുമ്പില്‍ പ്രകൃതി അമിതമായി ചൂഷണം ചെയ്യപ്പെടുകയും ചെയ്തു.

മലകളാലും മരങ്ങളാലും പുഴകളാലും സമൃദ്ധമായ കേരളത്തില്‍ ഒരുഭാഗത്ത് ഭൂമിയുടെ ആണിക്കല്ലുകളെന്നു വിശേഷിപ്പിക്കപ്പെടുന്ന മലകള്‍ ഇടിച്ചു നിരത്തുകയും മറുഭാഗത്ത് ഇതേ മണ്ണ് ഉപയോഗിച്ച് ജലസ്രോതസ്സുകളും വയലുകളും നികത്തുകയും ചെയ്യുന്നതിലൂടെ ഒരേ സമയം രണ്ടു രീതിയിലാണ് പരിസ്ഥിതിക്ക് മേലുള്ള കൈയേറ്റം നടക്കുന്നത്. കല്ല്, സിമെന്റ്, മാര്‍ബിള്‍, ഗ്രാനൈറ്റ്, ലോഹങ്ങള്‍ തുടങ്ങിയവയ്ക്കുവേണ്ടി മലകളുടെ മാറ് പിളര്‍ത്തുകയും പുഴകളെ അമിതമായ മണല്‍ ഖനനത്തിന് വിധേയമാക്കുകയും ചെയ്തു. മണല്‍ വാരലില്‍ നിന്നു ഒരു പുഴയും ഇന്ന് മുക്തമല്ല. നിറഞ്ഞൊഴുകിയിരുന്ന പെരിയാറും നിളയും തുടങ്ങി നാല്‍പത്തി നാലോളം നദികളും ഇതുകാരണം നാശത്തിന്റെ വക്കിലാണ്. അമിതമായ ഭൂഗര്‍ഭ ജലചൂഷണവും പാറ ഖനനവും ഭൂമിയുടെ നിലനില്‍പ്പിനെ സാരമായി ബാധിക്കുകയും വരള്‍ച്ചക്കും ഭൂചലനത്തിനും സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

മുമ്പില്ലാത്തവിധം അതിക്രമങ്ങള്‍ ഭൂമിക്കുനെരെ വര്‍ധിച്ചതിനാലാണ് നിലവില്‍ കാണുന്ന പ്രതിഭാസങ്ങളെല്ലാം. നദി പ്രദേശങ്ങളുള്‍പ്പെടുന്ന മല പ്രദേശങ്ങള്‍ നശിപ്പിക്കുന്നതിലൂടെ ജലസംഭരണികളും വരള്‍ച്ചാ ഭീഷണി നേരിടുന്നു. കാലവര്‍ഷത്തില്‍ മലമുകളില്‍ വര്‍ഷിക്കുന്ന മഴത്തുള്ളികളെ ത്വരിതഗതിയില്‍ നദിയിലെക്കൊഴുക്കുക മാത്രമല്ല മല വലിച്ചെടുക്കുന്ന വെള്ളം കായലില്‍ വെള്ളം കുറയുന്ന കണക്കെ അതിലേക്കു കിനിഞ്ഞിറക്കുന്നതും മലകളുടെ ദൗത്യമാണ്.

ഭൂമിയുടെ നിലനില്‍പ് സംരക്ഷിക്കേണ്ടതിനെകുറിച്ച് മത ഗ്രന്ഥങ്ങള്‍ എത്രയോ ഉല്‍ബോധിപ്പിക്കുന്നുണ്ട്. നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ ഭൂശാസ്ത്രജ്ഞരും പരിസ്ഥിതി ഗവേഷകരും മാനവ സമൂഹത്തെ ഇക്കാര്യം ഉണര്‍ത്തിയിട്ടുമുണ്ട്. അതിന്റെ ഫലമായി പൂര്‍വികര്‍ പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി ചെയ്ത പ്രവര്‍ത്തനങ്ങളുടെ ഫലങ്ങളാണ് ഇന്ന് കാണപ്പെടുന്ന വന്‍ വൃക്ഷങ്ങളും മറ്റും.

വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക നിലയില്‍ നിലവാരം ഉയര്‍ന്നതോടെ പരിഷ്‌ക്കരണത്തിന്റെയും ആര്‍ഭാടങ്ങളുടെയും പേരില്‍ മനുഷ്യര്‍ പ്രകൃതിക്കുമേല്‍ കോടാലി വെക്കുകയും പ്രകൃതിമലീമസപ്പെടുകയും ചെയ്തതു വഴി കുടിവെള്ളം പോലും കിട്ടാക്കനിയായി മാറി. ആര്‍ഭാടത്തിന്റെയും സാമ്പത്തിക നേട്ടങ്ങളുടെയും പേരിലുള്ള മനുഷ്യന്റെ ചെയ്തികളെല്ലാം ഭൂമിയുടെ ആവാസ വ്യവസ്ഥയെ തകിടം മറിച്ചിരിക്കുന്നു.

പ്രകൃതിയുടെ കനിവ് നഷ്ടപ്പെടുകയും പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ തകിടം മറിയുകയും ചെയ്തതോടെ മനുഷ്യനടക്കം സര്‍വ്വജീവജാലങ്ങളും നിലനില്‍പ്പിന്റെ ഭീഷണിയിലാണ്. ഇതിന്റെ മറ്റൊരു ഉദാഹരണമാണ് ഇന്ന് കാണുന്ന രോഗാതുരത.  മുഷ്താഖ് കൊടിഞ്ഞി ചന്ദ്രിക ദിനപത്രം,Posted On: 4/20/2013 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ