പ്രൊഫ. കെ.എ. നാസര്‍ , കുനിയില്‍
മനുഷ്യരാശിയും കോടാനുകോടി ജീവജാലങ്ങളും ഭൂമിയില്‍ പരിസ്ഥിതി നാശത്തിന്റെ കെടുതികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. പ്രകൃതി ദുരന്തങ്ങള്‍ പല രാജ്യങ്ങളിലായി അവിടുത്തെ സാമ്പത്തിക നേട്ടങ്ങളെയും സാംസ്‌ക്കാരിക പൈതൃകങ്ങളെയും തകര്‍ക്കുന്ന പതിവ് കാഴ്ചകളാണ് നമ്മുടെ മുന്നില്‍. മനുഷ്യന്‍ ഇന്നേവരെ നേടിയ ശാസ്ത്ര നേട്ടങ്ങള്‍ക്കൊന്നും പ്രതിരോധിക്കാനാവാത്ത തരത്തില്‍ കടുത്ത ദുരന്തങ്ങള്‍ ഇനിയും നമ്മെ കാത്തിരിക്കുന്ന ആപല്‍ സന്ധിയിലൂടെ ലോകം കടന്നു പോകുമ്പോള്‍ സ്വന്തം സംഘശക്തിയുടെ കരുത്തു മുതല്‍ക്കൂട്ടാക്കി ജീവകാരുണ്യ പ്രവര്‍ത്തന മേഖലയിലടക്കം കേവല രാഷ്ട്രീയത്തിന്റെ വേലിക്കെട്ടുകള്‍ക്കപ്പുറത്തേക്ക് രാഷ്ട്രീയ പ്രവര്‍ത്തനം വ്യാപിപ്പിച്ച് ചരിത്രം സൃഷ്ടിച്ച മുസ്‌ലിംലീഗ് പ്രസ്ഥാനം പരിസ്ഥിതി പുനരുജ്ജീവനം ഒരു പ്രധാന അജണ്ടയായി സ്വീകരിക്കുന്നത് ഈ സാഹചര്യത്തില്‍ തികച്ചും ആനന്ദിക്കാന്‍ വക നല്‍കുന്നു. കേരളത്തെ സംബന്ധിച്ചിടത്തോളം പരിസ്ഥിതി നാശം അതിന്റെ പാരമ്യത്തിലെത്തിയിട്ടും ചില മാധ്യമങ്ങളുടെയും സംഘടനകളുടെയും ഒറ്റപ്പെട്ട ശ്രമങ്ങളിലും സെമിനാറുകളിലുമൊതുങ്ങുന്ന പ്രവര്‍ത്തനങ്ങള്‍ മാത്രം നടക്കുന്ന സാഹചര്യത്തിലാണ് മുസ്‌ലിം ലീഗിന്റെ ''നിത്യഹരിത ഭൂമി വീണ്ടെടുക്കപ്പെട്ട പ്രകൃതി'' എന്ന തീരുമാനമെന്നത് ശ്രദ്ധേയമാണ്.
ജനങ്ങളുടെ ആര്‍ത്തിപൂണ്ട പ്രവര്‍ത്തനങ്ങള്‍ മൂലവും അധികാരികളുടെ നിസ്സംഗഭാവവും കാരണം മനോഹരമായ കേരളം ഇതിനകം തന്നെ വികൃതമായിക്കഴിഞ്ഞു. വിവിധങ്ങളായ മാലിന്യങ്ങള്‍ മൂലം മണ്ണും ജലവും അന്തരീക്ഷവും മലീമസമായി. ദിനേന വര്‍ധിക്കുന്ന മാരകരോഗങ്ങള്‍ സ്വസ്ഥത കെടുത്തുന്നു. കീടനാശിനികളുടെയും, രാസവളങ്ങളുടെയും അവശിഷ്ടങ്ങള്‍ ഇല്ലാത്ത ഭക്ഷണം ലഭ്യമല്ലാത്ത സ്ഥിതി വന്നു. വര്‍ദ്ധിച്ച തോതില്‍ വായു മലിനീകരിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നു. സംസ്ഥാനത്തെ ജലാശയങ്ങളെല്ലാം വിവിധതരം മാലിന്യങ്ങള്‍ കാരണം നേരിട്ട് ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. പ്ലാസ്റ്റിക്ക് അടക്കം പാഴ്‌വസ്തുക്കള്‍ നിക്ഷേപിച്ച് മണ്ണിന്റെ ഉര്‍വരത നഷ്ടമാകുകയും ജലസംവഹന-സംഭരണ ശേഷികള്‍ നഷ്ടമാകുകയും ചെയ്തു. ഭൂമിയില്‍ ജീവജാലങ്ങളുടെ നിലനില്‍പിന്നാധാരമായ മേല്‍മണ്ണ് കുത്തിയൊലിച്ച് നഷ്ടപ്പെടുകയും മണ്ണിന്റെ ഉല്‍പാദനക്ഷമത ഗണ്യമായി കുറയുകയും ചെയ്തു.
പരിസ്ഥിതി പുനരുജ്ജീവനം എളുപ്പമുള്ള പ്രവര്‍ത്തനമല്ല. വര്‍ഷങ്ങളായി മനുഷ്യന്റെ അറിവില്ലായ്മയുടെയും നിരുത്തരവാദ സമീപനങ്ങളുടെയും ഫലമായി പ്രകൃതിക്കേല്‍പിച്ച ആഘാതങ്ങള്‍ കടുത്തതാണ്. പരിക്കുകള്‍ പരിഹരിച്ച് പൂര്‍വ്വസ്ഥിതി വീണ്ടെടുക്കുക എന്നത് തീര്‍ത്തും സാധ്യമല്ലെങ്കിലും കൂട്ടായ ശ്രമങ്ങളിലൂടെ വലിയ ഫലങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നതിന് തെളിവുകള്‍ ധാരാളമുണ്ട്.
പരിസ്ഥിതി പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കേണ്ടതു പ്രാദേശിക തലത്തില്‍ നിന്നാണ്. കേരളത്തിലെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോര്‍പറേഷനുകളും ഹ്രസ്വകാല- ദീര്‍ഘകാല പരിപ്രേക്ഷ്യത്തോടെ പദ്ധതികളാവിഷ്‌കരിച്ചു നടപ്പാക്കാന്‍ മുന്നോട്ടു വന്നാല്‍ അല്‍ഭുതകരമായ ഫലം ലഭ്യമാക്കാന്‍ കഴിയും. ഇതിനായി പുതിയ ഫണ്ടു കണ്ടെത്തേണ്ട ആവശ്യമില്ല. നിലവിലുള്ള കേന്ദ്ര സംസ്ഥാനാവിഷ്‌കൃത പദ്ധതികളെ സംയോജന സാധ്യതകള്‍ ഉപയോഗപ്പെടുത്തി നടപ്പിലാക്കാനുള്ള ഭാവനാപൂര്‍ണമായ സമീപനവും സന്നദ്ധതയുമുണ്ടായാല്‍ മതി. നീര്‍ത്തട വികസനത്തിനും കാര്‍ഷിക വികസനത്തിനുമൊക്കെ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ ലക്ഷ്യം കൈവരിക്കാതെയും തുക പാഴാക്കി കളഞ്ഞും ദുഷ്‌പേര് പേറുന്നവരാണ് കേരളരീയര്‍.
ഉദാഹരണത്തിന് തൊഴിലുറപ്പ് പദ്ധതി തന്നെ. 2005ല്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ഈ പദ്ധതി അടിസ്ഥാനപരമായി ഒരു തൊഴില്‍ദാന പദ്ധതിയാണെങ്കിലും അതിന്റെ ലക്ഷ്യങ്ങളില്‍ പ്രധാനമായി പറയുന്ന മണ്ണ്, ജലം, ജൈവസമ്പത്ത് , പരിസ്ഥിതി എന്നിവയുടെ സംരക്ഷണവും പരിപോഷണവും, കഴിഞ്ഞ 7 വര്‍ഷക്കാലത്ത് എത്ര സാധ്യമായി എന്നത് ആത്മാര്‍ത്ഥമായി കണക്കെടുക്കാന്‍ തയാറാകേണ്ടതാണ്. ചില ഒറ്റപ്പെട്ട മാതൃകകള്‍ സംസ്ഥാനത്ത് അങ്ങിങ്ങ് കാണാമെങ്കിലും കൃത്യതയാര്‍ന്ന ദിശാബോധത്തിന്റെയും ഗൗരവതരമായ സമീപനങ്ങളുടെയും കുറവ് ഈ പദ്ധതി ലക്ഷ്യങ്ങള്‍ ആര്‍ജ്ജിക്കുന്നതിന് വിലങ്ങുതടിയായി നില്‍ക്കുന്നു.
കാര്‍ഷികോല്‍പാദനം വര്‍ധിപ്പിക്കല്‍, മണ്ണ് ജല സംരക്ഷണം, ഭൂമിക്ക് സസ്യാവരണം തീര്‍ക്കല്‍ മുതല്‍ ഖരമാലിന്യ സംസ്‌ക്കരണവും ക്ഷീരവികസന പ്രവര്‍ത്തനങ്ങള്‍ വരെ വിപുലമായ പ്രവര്‍ത്തന സൗകര്യമുള്ളതാണ് തൊഴിലുറപ്പ് പദ്ധതി. പഞ്ചായത്തുകളിലൂടെ നടപ്പിലാക്കുന്ന സംയോജിത നീര്‍ത്തട പരിപാലന പദ്ധതി മഹിളാ കിസാന്‍ ശാക്തീകരണ്‍ പരിയോജന, പശ്ചിമ ഘട്ട വികസന പരിപാടി, രാഷ്ട്രീയ കൃഷി വികാസ് യോജന, ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍, സമ്പൂര്‍ണ ശുചിത്വയജ്ഞം, മാലിന്യ വിമുക്ത കേരളം, ഖരമാലിന്യ പരിപാലനം, ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം, ജൈവ വൈവിധ്യ ബോര്‍ഡ് പ്രൊജക്ടുകള്‍ തുടങ്ങിയവയൊക്കെയും പരിസ്ഥിതി പരിപാലന- പുനരുജ്ജീവന ഘടകങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ത്രിതല പഞ്ചായത്തുകളിലൂടെ നടപ്പിലാക്കുന്ന പദ്ധതികളാണ്. സംസ്ഥാന കൃഷി, മണ്ണു സംരക്ഷണം, ജല വിഭവ- മൃഗസംരക്ഷണ വകുപ്പുകളുടെയൊക്കെ കുറെയേറെ പദ്ധതികളും ഈ ദിശയില്‍ ഉള്ളതാണ്.
പ്രാദേശിക തലത്തില്‍ ഏറെ സാധ്യതകളുള്ള പ്രവര്‍ത്തനമാണ് നദികളുടെ സംരക്ഷണവും പുനരുജ്ജീവനവും. നദി ഒരു പൊതു നീര്‍ച്ചാലെന്ന നിലക്ക് അതിലേക്ക് വെള്ളം ഒഴുകിയെത്തുന്ന ഇരുകരകളിലേയും ഭൂപ്രദേശങ്ങള്‍ ഒരു മെഗാനീര്‍ത്തടമാണ്. നദിയുടെ വീണ്ടെടുപ്പിന് ആവശ്യമായ എന്തെല്ലാം ഇടപെടലുകളാണ് നീര്‍ത്തട പ്രദേശങ്ങളില്‍ ചെയ്യേണ്ടതെന്ന് വിദഗ്ദ്ധ സഹായത്തോടെ പ്രൊജക്ട് രൂപേണ തീരുമാനിച്ചു പ്രാവര്‍ത്തികമാക്കിയാല്‍ ചുരുങ്ങിയ കാലം കൊണ്ട് പുഴകളെ പുനരുജ്ജീവിപ്പിക്കാന്‍ സാധിക്കും.
ഓരോ പഞ്ചായത്തിലും കിലോമീറ്റര്‍ കണക്കിന് ചെറുതും വലുതുമായ തോട് ശൃംഖലയുണ്ട്. മുമ്പ് അതൊക്കെ വര്‍ഷം മുഴുവന്‍ ജലമൊഴുകിയതായിരുന്നെങ്കില്‍ ഇന്നതൊക്കെ വറ്റിവരണ്ട സ്ഥിതിയിലാണ്. ഭൂമിയില്‍ പെയ്യുന്ന മഴ മുഴുവന്‍ കുത്തിയൊലിച്ചു 48 മണിക്കൂറിനകം അറബിക്കടലില്‍ പതിക്കുന്നു. ഓരോ പഞ്ചായത്തും ഒരു നയസമീപനത്തിന്റെ അടിസ്ഥാനത്തില്‍ പെയ്യുന്ന വെള്ളം ഭൂമിയിലിറക്കി സംഭരിക്കാന്‍ പദ്ധതികളാവിഷ്‌കരിക്കണം. ഒപ്പം പുഴ മലിനീകരണം, പരിധി വിട്ട മണലെടുപ്പ് എന്നിവ തടയുന്നതിന്നും ദീര്‍ഘകാല പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചു ജനപങ്കാളിത്തം കൂടി ഉറപ്പുവരുത്താനായാല്‍ വരണ്ട തോടുകളും ചോലകളും വെള്ളം ചുരത്തി തുടങ്ങും. പുഴകള്‍ ജലസമൃദ്ധമാകും. പുഴയുടെ കരയിടിച്ചില്‍ തടയാന്‍ കയറ്റുപായ വിരിച്ച് രാമച്ചവും മറ്റു പുല്‍വര്‍ഗങ്ങളും നട്ടുപിടിപ്പിക്കാനുള്ള പ്രവൃത്തികള്‍ തൊഴിലുറപ്പു പദ്ധതി പ്രകാരം സാധ്യമാണ്. കന്നുകാലി വളര്‍ത്തലില്‍ വന്‍ കുതിച്ചുചാട്ടം സാധ്യമാകുന്ന തരത്തില്‍ തീറ്റപ്പുല്ലും നടാനാകും.
ത്രിതല പഞ്ചായത്തുകളുടെ കീഴിലുള്ള സ്‌കൂളുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, അംഗന്‍വാടികള്‍ തുടങ്ങി എല്ലാ സ്ഥാപനങ്ങളോടും ചേര്‍ന്ന് രക്ഷാകര്‍തൃസമിതികളും സ്ഥാപന മാനേജ്‌മെന്റ് കമ്മിറ്റികളും വെല്‍ഫെയര്‍ കമ്മിറ്റികളും കുടുംബശ്രീ അയല്‍ക്കൂട്ട ശൃംഖലകളുമൊക്കെ ഈ പ്രവര്‍ത്തനത്തില്‍ കണ്ണികളാകുന്ന ബോധപൂര്‍വമായ ഇടപെടലുകളാണ് പ്രാദേശിക ഭരണകൂടങ്ങളില്‍ നിന്നുമുണ്ടാവേണ്ടത്. അത്തരമൊരു ജനകീയ മുന്നേറ്റത്തിലൂടെ മാത്രമേ പരിസ്ഥിതി സംരക്ഷണരംഗത്ത് എന്തെങ്കിലും ഗുണപരമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയൂ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ