ഭൂമിയും മരണവും മുഖാമുഖം 2
ഉല്‍പാദന മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാരുകള്‍ വിവിധ ആനുകൂല്യങ്ങളാണ് കര്‍ഷകര്‍ക്ക് നല്‍കുന്നത്. പക്ഷേ അത്യുഷ്ണമാണ് ഇവിടെയും വിഘാതം. അന്തരീക്ഷ താപനം കാര്‍ഷിക വിളവുകളില്‍ കനത്ത തകര്‍ച്ചയാണുണ്ടാക്കിയത്.
യൂറോപ്യന്‍, ആഫ്രിക്കന്‍, അമേരിക്കന്‍ രാജ്യങ്ങളൊന്നും ഇതില്‍നിന്നും മുക്തമല്ല. ഉയര്‍ന്ന താപനില കാരണം മഴക്കാടുകള്‍ നശിച്ചുകൊണ്ടിരിക്കുന്നു. ഉഷ്ണ മേഖലാ പ്രദേശങ്ങള്‍ ചുഴലിക്കാറ്റുകള്‍ക്ക് വഴിമാറുന്നു.
ധ്രുവപ്രദേശങ്ങളിലെ ഹിമപാളികള്‍ പോലും അപ്രതീക്ഷിതമായി അലിഞ്ഞു തുടങ്ങിയതോടെ ഓരോ വര്‍ഷവും രണ്ടിരട്ടി വേഗതയില്‍ സമുദ്ര ജലനിരപ്പ് ഉയര്‍ന്നു കൊണ്ടിരിക്കുന്നു. ഓരോ പതിറ്റാണ്ടിലും പത്തിലൊന്ന് എന്ന കണക്കിലാണ് മഞ്ഞു പാളികള്‍ ഉരുകുന്നത്.
ആര്‍ട്ടിക്ക് തീരം അപ്രത്യക്ഷമാകുന്നതായാണ് പത്തു രാജ്യങ്ങളില്‍ നിന്നുള്ള മുപ്പതോളം ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തില്‍ വ്യക്തമായത്. കിഴക്കന്‍ സൈബീരിയ, ബ്യുഫോര്‍ട്ട്, ലാപ്‌തെവ് തുടങ്ങിയ തീരപ്രദേശങ്ങളില്‍ പ്രതിവര്‍ഷം മുപ്പതോളം മീറ്റര്‍ കര കടല്‍ കവരുന്നതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തുകയുണ്ടായി.
ശാന്തസമുദ്രത്തിലെ മുങ്ങിക്കൊണ്ടിരിക്കുന്ന കൊച്ചു ദ്വീപുകളില്‍ നിന്ന് ഇതിനകം രണ്ടായിരത്തോളം കുടുംബങ്ങള്‍ പലായനം ചെയ്തുകഴിഞ്ഞു. ബ്രിട്ടണ്‍, മാലദ്വീപ്, അന്തമാന്‍ തുടങ്ങിയവ മുങ്ങല്‍ ഭീഷണി നേരിടുന്നു. അന്തരീക്ഷ താപനം തുടരുന്ന പക്ഷം 2035 ഓടുകൂടി ഹിമാലയത്തിലെ ഹിമ പരപ്പ് ക്രമാതീതമായി ശുഷ്‌ക്കിച്ചു പോകുമെന്ന് ഇന്റര്‍ ഗവണ്മെന്റല്‍ പാനല്‍ (inter governmental panel) നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്. നിലവില്‍ അഞ്ചു ലക്ഷം കി. മീ. വ്യാപ്തിയുള്ള ഹിമപരപ്പ് ഒരു ലക്ഷം കി. മീ. ആയി ചുരുങ്ങും.
ക്യോട്ടോ ഉടമ്പടിയുടെ ഭാഗമായി ദോഹ ക്ലൈമറ്റ് ചെയ്ഞ്ചു കോണ്‍ഫ്രന്‍സിനോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച യുനൈറ്റഡ് നേഷന്‍ എണ്‍വയോണ്‍മെന്റ് പ്രോഗ്രാം (യു.എന്‍.ഇ.പി) പഠന റിപ്പോര്‍ട്ടില്‍ അന്തരീക്ഷത്തിലെ ഗ്രീന്‍ഹൗസ് ഗ്യാസി (greenhouse gsa) ന്റെ അളവ് 2012 ല്‍ അമ്പതു ജിഗാ ടണ്‍ ആണ്. നിയന്ത്രണ വിധേയമാകാത്തപക്ഷം 2020 ഓടെ ഇത് അമ്പത്തെട്ട് ജിഗാ ടണ്‍ ആയി വര്‍ധിക്കുമെന്നു റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഗ്രീന്‍ഹൗസ് ഗ്യാസിന്റെ ആധിക്യം അന്തരീക്ഷോഷ്മാവ് വര്‍ധിപ്പിക്കും.
കാര്‍ബണ്‍ഡയോക്‌സൈഡിന്റെ വര്‍ധനവ് ഓസോണ്‍ പാളിയുടെ നിലനില്‍പ്പിനെ തന്നെ സാരമായി ബാധിച്ചു. അന്റാര്‍ട്ടിക് പ്രദേശത്ത് കണ്ടെത്തിയ ഓസോണ്‍ സുഷിരത്തിന് 26 മില്യണ്‍ സ്‌ക്വയര്‍ കി. മി. വ്യാപ്തിയുണ്ടെന്ന് ഗവേഷകര്‍ സ്ഥിരീകരിക്കുകയുണ്ടായി. പ്രകൃതി മലിനീകരണം ഇപ്പോള്‍ നിയന്ത്രണ വിധേയമാക്കുന്ന പക്ഷം ഇവ പൂര്‍വ്വ സ്ഥിതി കൈവരിക്കാന്‍ അറുപത് വര്‍ഷമെങ്കിലും എടുക്കുമെന്ന് പഠനത്തില്‍ പറയുന്നു.
ഇന്ന് ലോകത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്ന കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍, എ.സി, ഫ്രിഡ്ജ് തുടങ്ങിയവയില്‍ നിന്നുള്ള കാഡ്മിയം, ലഡ്, ക്രോമിയം 6, ഫ്രെയോണ്‍, ക്ലോറോ ഫ്‌ലോറോ കാര്‍ബണ്‍ തുടങ്ങിയവയാണ് ഓസോണ്‍ പാളിക്ക് ഭീഷണി സൃഷ്ടിക്കുന്നത്. ക്ലോറൊ ഫ്‌ലോറോ കാര്‍ബണിന്റെ അന്തരീക്ഷ കാലാവധി നൂറു വര്‍ഷമാണ്. അന്തരീക്ഷ മലിനീകരണം തുടരുന്ന പക്ഷം ഓസോണ്‍ പാളിയുടെ സംരക്ഷണം അസാധ്യമായി മാറുമെന്ന് അമേരിക്കന്‍ നേഷണല്‍ ഓഷ്യാനിക് ആന്റ് അറ്റ്‌മൊസ്ഫിയറിക് അഡ്മിനിസ്‌ട്രേഷന്‍ (എന്‍.ഒ.എ.എ) മുന്നറിയിപ്പ് നല്കുന്നുണ്ട്.
പരിസ്ഥിതിക്ക് ഇത്തരമൊരു അപകടാവസ്ഥ നിലനില്‍ക്കുമ്പോള്‍ തന്നെ അമേരിക്ക, ബ്രിട്ടണ്‍ അടക്കമുള്ള ഒന്നാംകിട രാഷ്ട്രങ്ങള്‍ ഇലക്ട്രോണിക് മാലിന്യങ്ങള്‍ തള്ളുന്നത് ഇന്ത്യ പോലുള്ള മൂന്നാംകിട രാഷ്ട്രങ്ങളിലേക്കാണ്.
വ്യാവസായിക വളര്‍ച്ചയും യാന്ത്രിക വല്‍ക്കരണവും മനുഷ്യന് ഏറെ സഹായകമായെങ്കിലും പില്‍ക്കാലത്ത് അത് ഭൂമിയുടെയും അതിലെ ജീവജാലങ്ങളുടെയും നിലനില്‍പ്പിനു തന്നെ ഭീഷണിയായി മാറുകയായിരുന്നു.
ആരോഗ്യ, ഉല്‍പ്പാദന, സാമ്പത്തിക മേഖലകളില്‍ മനുഷ്യന് ഏറെ സാധ്യതകളുണ്ടാക്കി മുന്നോട്ടുവന്ന വ്യാവസായിക വിപ്ലവം ലോകം ഏറെ പ്രതീക്ഷയോടെയാണ് വരവേറ്റത്. പില്‍ക്കാലത്ത് മാനവ രാശിയുടെ നിലനില്പ്പിനു തന്നെ ഏറെ സഹായകമായി വരികയും ചെയ്തു. രാജ്യത്തെ സാമ്പത്തിക ഘടന ഉയര്‍ത്തുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് സ്വന്തം രാജ്യങ്ങളില്‍ സാധ്യത കണ്ടെത്തിയപ്പോള്‍ ഓരോ രാജ്യവും നൊടിയിടകൊണ്ട് സമസ്ത മേഖലകളെയും യാന്ത്രികവല്‍ക്കരണത്തിലേക്കു ഗതിമാറ്റി. എന്നാല്‍ ഈ യാന്ത്രിക വല്‍ക്കരണം ദ്രുതഗതിയില്‍ ഭൂമിയെ കാര്‍ന്നു തിന്നുന്ന കാഴ്ചയാണ് പില്‍ക്കാലത്ത് കാണാന്‍ സാധിച്ചത്.
ജെ.സി.ബി. ഡൈനാമിറ്റ്, കംപ്രസ്സര്‍, ഗ്യാസ് ചേമ്പര്‍ തുടങ്ങി ആധുനിക സാമഗ്രികള്‍ മലകളെയും കുന്നുകളെയും ജലസ്രോതസ്സുകളെയും വയലുകളേയും നൊടിയിടകൊണ്ട് അപ്രത്യക്ഷമാക്കി. ഈ പ്രവണത കാലക്രമേണ ഭൂമിയുടെ ഉപരിതല സാന്ദ്രതാ വിന്യാസത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുകയും ഭൂചലനം, ഉരുള്‍പൊട്ടല്‍, വരള്‍ച്ച, കാലാവസ്ഥാ വ്യതിയാനം തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക് ആക്കം കൂട്ടുകയും ചെയ്തു. ഭ്രംശ മേഖലകളില്‍ അണക്കെട്ടുകളും കൂറ്റന്‍ കെട്ടിടങ്ങളും നിര്‍മ്മിക്കുന്നത് ഭൂകമ്പത്തിനു സാധ്യത വര്‍ധിപ്പിക്കുമെന്ന് ഭൗമ ശാസ്ത്രജ്ഞന്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
വ്യാവസായിക രംഗത്ത് മാറ്റങ്ങള്‍ പാലിക്കാത്തതിനാല്‍ തന്നെ വര്‍ധിച്ച തോതില്‍ വിഷ വാതകങ്ങള്‍ പുറംതള്ളുന്നത് ജൈവ സമ്പത്ത് നഷ്ടപ്പെടാനും ഭൂമിയുടെ ആവാസവ്യവസ്ഥ തകിടം മറിയാനും അവസരമൊരുക്കുന്നു.
ഇരുമ്പുരുക്കു ഫാക്ടറികള്‍, എണ്ണ ശുദ്ധീകരണ ശാലകള്‍, പേപ്പര്‍ മില്ലുകള്‍, രാസവള നിര്‍മ്മാണ ശാലകള്‍, പ്ലാസ്റ്റിക് ഫാക്ടറികള്‍, എണ്ണ കല്‍ക്കരി താപ വൈദ്യുത നിലയങ്ങള്‍, മോട്ടോര്‍ വാഹനങ്ങള്‍ തുടങ്ങിയവയാണ് പരിസ്ഥിതി മലിനീകരണത്തിന് പ്രധാനമായും പങ്കു വഹിക്കുന്നതും ആക്കം കൂട്ടുന്നതും. ഇവയുടെ പ്രവര്‍ത്തനം മൂലം പുറംതള്ളുന്ന നൈട്രജന്‍ ഓക്‌സൈഡുകള്‍, സള്‍ഫര്‍ ഡയോക്‌സൈഡ്, അമോണിയ, കാര്‍ബണ്‍ഡയോക്‌സൈഡ്, കാര്‍ബണ്‍ മോണോക്‌സൈഡ്, കത്താത്ത ഹൈഡ്രോ കാര്‍ബണുകളുടെയും നൈട്രജന്റെയും ഓക്‌സൈഡുകള്‍, ക്ലോറോ ഫ്‌ലോറോ കാര്‍ബണ്‍ തുടങ്ങിയവ പരിസ്ഥിതിക്ക് ഭീഷണിയാണ്.
കല്‍ക്കരി ചൂടാക്കുന്നത് വഴി അന്തരീക്ഷോഷ്മാവ് വര്‍ധിക്കുമെന്നു ആഗോള പരിസ്ഥിതി സംഘടന ഗ്രീന്‍ പീസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇക്കാരണത്താല്‍ തന്നെ 2007 നു ശേഷം യൂറോപ്പില്‍ പുതിയ കല്‍ക്കരി ഫാക്ടറികള്‍ തുറക്കുകയോ അവയ്ക്ക് അനുമതി നല്‍കുകയോ ചെയ്തില്ല. എന്നാല്‍ യൂറോപ്പിന് പുറത്തു വരാനിരിക്കുന്ന കല്‍ക്കരി ഫാക്ടറികളാവട്ടെ ആയിരത്തി ഇരുനൂറ് കവിയും.
വ്യവസായ വിപ്ലവം പരിസ്ഥിതിയുടേയോ, മനുഷ്യന്റെയോ മറ്റു ജീവജാലങ്ങളുടെയോ നാശത്തിനു കാരണമാവരുത് എന്നായിരുന്നു. 1750 ല്‍ അതിനു തുടക്കം കുറിച്ച യൂറോപ്പില്‍ നിന്ന് തന്നെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉദ്‌ബോധനം നടത്തിയത്.
ലോകത്തെ ഒന്നാംകിട രാഷ്ട്രങ്ങളിലൊന്നായ ബ്രിട്ടണ്‍ ഇന്നും ഈ നിലപാട് തന്നെയാണ് ഇക്കാര്യത്തില്‍ നിലനിര്‍ത്തി പോരുന്നത്. എന്‍ഫീല്‍ഡ് (ഋിളശലഹറ) ഗണ്‍ പൗഡര്‍ പാര്‍ക്ക് അതിനുദാഹരണം മാത്രം. ലോക മഹായുദ്ധ ആയുധ നിര്‍മ്മാണ ശാലകള്‍ നീക്കം ചെയ്ത് ഇവിടെ കാടും മരങ്ങളും പുഴകളും അരുവികളും സൃഷ്ടിച്ച് പ്രകൃതിക്ക് അനുകൂലമാക്കിയിരിക്കുന്നു.
വിവിധ ജന്തുക്കളുടെയും പക്ഷികളുടെയും വാസ കേന്ദ്രമാണിപ്പോള്‍ ഇവിടെ. ബ്രിട്ടനിലും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും ഇത്തരം ദൃശ്യങ്ങള്‍ ധാരാളം കാണാന്‍ സാധിക്കും.
196 രാജ്യങ്ങള്‍ ഒപ്പുവെച്ച ക്യോട്ടോ ഉടമ്പടിയില്‍ 2012ഓടെ ഓരോ രാജ്യവും മലിന വാതക വിസര്‍ജ്യം കുറച്ചു കൊണ്ടുവരണമെന്ന് നിഷ്‌കര്‍ഷിച്ചിരുന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ എട്ടിന് ദോഹയില്‍ അവസാനിച്ച കോണ്‍ഫ്രന്‍സിലും ഗ്രീന്‍ ക്ലൈമറ്റ് ഫണ്ട് (പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി വികസിത രാജ്യങ്ങള്‍ വികസ്വര രാജ്യങ്ങള്‍ക്ക് നല്‍കുന്ന ഫണ്ട്) ബാധ്യത ഏറ്റെടുക്കാന്‍ വികസിത രാജ്യങ്ങള്‍ തയ്യാറായില്ല. ഉടമ്പടി 2020 വരെ ദീര്‍ഘിപ്പിച്ചു എന്നല്ലാതെ കാര്യമായ പുരോഗതിയൊന്നും ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല.
ലോക ജനസംഖ്യയുടെ 4.6 ശതമാനം മാത്രമുള്ള അമേരിക്കയിലാണ് കാര്‍ബണ്‍ഡയോക്‌സൈഡ് കൂടുതലും ഉത്സര്‍ജ്ജിക്കപ്പെടുന്നത് എന്നത് കൊണ്ടുതന്നെ അമേരിക്കയടക്കമുള്ള രാജ്യങ്ങളുടെ നിസ്സഹകരണം മൂലം ക്യോട്ടോ ഉടമ്പടി എത്രത്തോളം വിജയിക്കുമെന്നതില്‍ ഇന്നും ആശങ്ക നിലനില്‍ക്കുന്നുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ