2013, ഏപ്രിൽ 11, വ്യാഴാഴ്‌ച

പരിസ്ഥിതി സംരക്ഷണത്തിന് ഊര്‍ജം പകര്‍ന്ന് മുസ്‌ലിംലീഗിന്റെ നിളാസംഗമം





കുറ്റിപ്പുറം: മെലിഞ്ഞുണങ്ങുന്ന നിളയെ സാക്ഷിയാക്കി മുസ്‌ലിംലീഗ് രാഷ്ട്രീയത്തിന് പുതിയമാനം നല്‍കി. ഇടതുനേതാക്കള്‍കൂടിയെത്തിയപ്പോള്‍ നിളയുടെ മണല്‍പ്പരപ്പ് വേറിട്ടൊരുസംഗമത്തിന് വേദിയായി. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായാണ് മുസ്‌ലിംലീഗ് മലപ്പുറം ജില്ലാകമ്മിറ്റി 'നിളാസംഗമം' സംഘടിപ്പിച്ചത്. 'നിത്യഹരിത ഭൂമി, വീണ്ടെടുക്കപ്പെട്ട പ്രകൃതി' എന്ന മുദ്രാവാക്യവുമായി സംഘടിപ്പിച്ച പരിപാടി പരിസ്ഥിതി സംരക്ഷണത്തിനുള്ള ഊര്‍ജമായി.

രാഷ്ട്രീയ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നതോടൊപ്പം സാമൂഹികപരമായ ഉത്തരവാദിത്വങ്ങള്‍ക്കൂടി പാര്‍ട്ടികളുടെ അജന്‍ഡയിലേക്ക് കടന്നുവരണമെന്ന് സംഗമം ഉദ്ഘാടനംചെയ്ത സയ്യിദ് സാദിഖലി ശിഹാബ്തങ്ങള്‍ പറഞ്ഞു. മനുഷ്യന്റെ കൈകടത്തലുകളാണ് പരിസ്ഥിതിയെ ദുര്‍ബലപ്പെടുത്തുന്നതെന്നും ജൈവവൈവിധ്യങ്ങള്‍ ചൂഷണംചെയ്യുകയാണ് നാം എന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ചൂഷണങ്ങളുടെ പ്രത്യാഘാതം തലമുറകളെ ബാധിക്കും. ഈ സാഹചര്യത്തില്‍ ഒരു ഉത്തരവാദിത്വമായി ഏറ്റെടുത്ത് പ്രകൃതി സംരക്ഷണത്തിന് മുസ്‌ലിംലീഗ് നേതൃത്വം നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പരിസ്ഥിതി സംരക്ഷണവുമായി മുസ്‌ലിംലീഗ് പോലുള്ളൊരു രാഷ്ട്രീയപ്പാര്‍ട്ടി രംഗത്തിറങ്ങുമ്പോള്‍ അത് പാര്‍ട്ടിക്കുള്ളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുമെന്ന് സംഗമത്തില്‍ പങ്കെടുത്ത മുന്‍ മന്ത്രി ബിനോയ്‌വിശ്വം പറഞ്ഞു. ചര്‍ച്ചകള്‍ പിന്നീട് താല്‍പര്യങ്ങളെ ചുറ്റിപ്പറ്റിയുള്ള സംഘര്‍ഷങ്ങളിലേക്ക് വഴിമാറുമെന്നും അപ്പോള്‍ പ്രകൃതി ഒരുഭാഗത്തും താത്പര്യക്കാരുടെ ഒരുകൂട്ടം മറുഭാഗത്തുമുണ്ടാകുമ്പോള്‍ പ്രകൃതിക്കൊപ്പം നില്‍ക്കാന്‍ മുസ്‌ലിംലീഗിന് കഴിയുമെങ്കില്‍ ഈ കാമ്പയിന്‍ വിജയിക്കുമെന്നും അങ്ങനെ നിന്നാല്‍ സി.പി.ഐയും അതോടൊപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

വികസനത്തിന്റെ മറപറ്റി പ്രകൃതിയെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും ജൈവവൈവിധ്യങ്ങളെ നശിപ്പിച്ചുകൊണ്ടുള്ള വികസനമാണ് ആഗോളതാപനമുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. വികസനം ലാഭംമാത്രം പ്രതീക്ഷിച്ചുകൊണ്ടുള്ളതാകരുത്. പരിസ്ഥിതിയെ മുന്‍നിര്‍ത്തിയുള്ള തീരുമാനങ്ങള്‍ മുസ്‌ലിംലീഗില്‍ മാത്രമല്ല തന്റെ പാര്‍ട്ടിയിലും ഉണ്ടാകേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിയായിരുന്നപ്പോള്‍ കാട് സംരക്ഷിക്കണമെന്ന് പറഞ്ഞതിന് തന്നെ വികസന വിരോധിയായി ചിത്രീകരിക്കുകയും പരിഹസിക്കുകയും ചെയെ്തങ്കിലും ശരിക്കുവേണ്ടി നിലകൊണ്ടു എന്നുള്ള ചാരിതാര്‍ഥ്യമുണ്ട്. പുത്തന്‍ വികസന കാഴ്ചപ്പാടാണ് ഇപ്പോള്‍ വേണ്ടതെന്നും നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തില്‍ ഉദ്യോഗസ്ഥര്‍ വെള്ളം ചേര്‍ക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സാക്ഷരതാപ്രസ്ഥാനത്തിന്‍േറയും ജനകീയാസൂത്രണ പ്രസ്ഥാനത്തിന്‍േറയും തുടര്‍ച്ചയാകണം പരിസ്ഥിതി സംരക്ഷണമെന്ന് തുടര്‍ന്ന് സംസാരിച്ച സി.പി.എം എം.എല്‍.എ സി. രവീന്ദ്രനാഥ് പറഞ്ഞു.

പ്രകൃതിവിഭവങ്ങള്‍ ചൂഷണംചെയ്തുള്ള മാഫിയാവത്കരണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും പ്രകൃതി സംരക്ഷണത്തിന് പ്രായോഗിക മാര്‍ഗങ്ങള്‍ തേടണമെന്നും വി.ടി. ബല്‍റാം എം.എല്‍.എ പറഞ്ഞു.

പരിപാടിയില്‍ കെ. കുട്ടി അഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ഇ.ടി. മുഹമ്മദ്ബഷീര്‍, അബ്ദുസ്സമദ് സമദാനി എം.എല്‍.എ, അബ്ദുറഹിമാന്‍ രണ്ടത്താണി എം.എല്‍.എ, കെ.പി.എ. മജീദ്, പി. അബ്ദുല്‍ഹമീദ്, സി.എച്ച്. അബുയൂസഫ് ഗുരുക്കള്‍ എന്നിവര്‍ പ്രസംഗിച്ചു.mathrbhoomi .......

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ