2013, ഏപ്രിൽ 12, വെള്ളിയാഴ്‌ച

നിള സാക്ഷി പരിസ്ഥിതിയെ വീണ്ടെടുക്കാം


മലപ്പുറം: പരന്നൊഴുകിയിരുന്ന നിള വറ്റി വരണ്ട് നീര്‍ച്ചാലുകളായി മാറിയിരിക്കുന്നു. എല്ലാ പുഴകളുടെയും ഗതിയിതാവുകയാണ്. പുഴകളും കാടുകളും തോടുകളും കുന്നുകളും മനുഷ്യന്റെ പരാക്രമങ്ങളില്‍ ഇല്ലാതായിതീരുന്നതിന്റെ ദു:ഖങ്ങള്‍ നിളയോരത്ത് പങ്കുവെച്ചു. പ്രകൃതിക്കെതിരെയുള്ള കയ്യേറ്റത്തിന്റെ ദുരന്തഫലമാണിപ്പോള്‍ അനുഭവിക്കുന്നതെന്ന് മുസ്‌ലിംലീഗ് നിളാ സംഗമം ഉണര്‍ത്തി. കഥകളിലും കവിതകളിലും സംസ്‌കാരങ്ങളുടെ നിറച്ചാര്‍ത്ത് പകര്‍ന്ന് നിറഞ്ഞൊഴുകിയ നിള ഇന്ന് ചുക്കിചുളിഞ്ഞ് നരബാധിച്ച് കിടക്കുന്നത് കണ്ടാല്‍ ആര്‍ക്കാണ് വേദനിക്കാതിരിക്കുക, ഈ വേദന ഓരോരുത്തരും തിരിച്ചറിയേണ്ടിയിരിക്കുന്നു. എല്ലാവരും ഒന്ന് കൈകോര്‍ത്താല്‍ പുഴകളെയും തോടുകളെയും കാടുകളെയും നമുക്ക് സംരക്ഷിക്കാനാവും. ഈ ദൗത്യത്തിന് ഇറങ്ങിപുറപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ചരിത്രങ്ങളുറങ്ങുന്ന ഭാരതപ്പുഴയോരത്തെ ഒത്തുചേരല്‍ വെറും വര്‍ത്തമാനത്തിന് വേണ്ടിയുള്ളതല്ല. കര്‍മപരിപാടികളിലൂടെ പ്രകൃതിയെ വീണ്ടെടുക്കാനുള്ളതാണെന്നും നിത്യ ഹരിത ഭൂമിയാണ് ലക്ഷ്യമെന്നും സംഗമം ഉണര്‍ത്തി.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പണിത കുറ്റിപ്പുറം പാലത്തിന്റെ ചുവട്ടില്‍ വിശാലമായ മണല്‍പരപ്പില്‍ പ്രകൃതിക്കായി ഒരു രാഷ്ട്രീയ സംഘടനയുടെ ഒത്തു ചേരല്‍ അക്ഷരാര്‍ത്ഥത്തില്‍ നിളയുടെ ചരിത്രത്തില്‍ ആദ്യത്തേത് കൂടിയായിരുന്നു. മറ്റൊരു പാര്‍ട്ടിയും ഏറ്റെടുക്കാത്ത പരിസ്ഥിതിക്കായി എല്ലാവരും കൈകോര്‍ക്കേണ്ടതിന്റെ ആവശ്യകത സംഗമം വരച്ചു കാട്ടി. ജില്ലാ മുസ്‌ലിംലീഗിന്റെ ആഭിമുഖ്യത്തില്‍ വരും ദിനങ്ങളില്‍ ജില്ലയില്‍ നടപ്പിലാക്കുന്ന പരിസ്ഥിതി പ്രവര്‍ത്തനങ്ങളുടെ വിളംബരം കൂടിയായിരുന്നു നിളയിലേത്. പരിസ്ഥിതിക്കായി പുരുഷായുസ്സ് മുഴുവന്‍ യത്‌നിച്ച കെഎ റഹ്മാന്റെ സ്മരണയിലായിരുന്നു നിളയിലെ ഒത്തുചേരല്‍,
ഇനിയും പരിസ്ഥിതി സംരക്ഷണത്തിന് ഇറങ്ങിയില്ലെങ്കില്‍ തലമുറകളോട് ചെയ്യുന്ന അനീതിയാവുമെന്നായിരുന്നു ഉദ്ഘാടന പ്രസംഗത്തില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വിശദീകരിച്ചത്. പരിസ്ഥിതി നാശം ലോകത്തിന് തന്നെ വന്‍ ഭീഷണിയാവുന്നതായും മലപ്പുറം ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍ പരിസ്ഥിതി സംരക്ഷണത്തിന് കര്‍മപരിപാടികള്‍ ശക്തമായി നടപ്പാക്കണമെന്നും പി അബ്ദുല്‍ ഹമീദ് സ്വാഗത പ്രസംഗത്തില്‍ ഉണര്‍ത്തി.
പരിസ്ഥിതി സംരക്ഷണത്തിന് മുസ്‌ലിംലീഗ് എല്ലാവരുമായി സഹകരിക്കുമെന്ന് അധ്യക്ഷ പ്രസംഗത്തില്‍ കെ കുട്ടി അഹമ്മദ് കുട്ടി പറഞ്ഞു. പരിസ്ഥിതിക്കേറ്റ പരിക്ക് ഭേദമാക്കാന്‍ എല്ലാവരും ഒരുമിക്കേണ്ട സമയമാണിത്. മുസ്‌ലിംലീഗിന് ഇക്കാര്യത്തില്‍ രാഷ്ട്രീയ ലാഭേച്ഛയില്ല. ജീവിക്കുന്നവരുടെയും വരാനിരിക്കുന്ന തലമുറയുടെയും ഭാവിയാണ്ഇക്കാര്യത്തില്‍ മുസ്‌ലിംലീഗ് ആഗ്രഹിക്കുന്നത്. ജനുവരി 30ന് കോഴിക്കോട്ട് തുടക്കം കുറിച്ച പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ അടിത്തട്ടിലേക്ക് എത്തിക്കുകയാണിപ്പോള്‍-അദ്ദേഹം പറഞ്ഞു.
പരിസ്ഥിതി സംരക്ഷണത്തിനിറങ്ങിയ മുസ്‌ലിംലീഗ് പ്രസ്ഥാനത്തെ അഭിനന്ദിക്കുന്നതായി മുന്‍ വനം മന്ത്രി ബിനോയ് വിശ്വം പറഞ്ഞു. ഒരു മതവും ഒരു പ്രത്യയശാസ്ത്രവും പ്രകൃതിയെ ചൂഷണം ചെയ്യാന്‍ പറയുന്നില്ല. എന്നാല്‍ ലോകം മുഴുക്കെ കാണുന്നത് പ്രകൃതിക്കെതിരെയുള്ള കടന്നാക്രമണമാണ്. ഇത് ലാഭക്കൊതിയില്‍ നിന്നാണ്. പ്രകൃതിയെ തുരന്നുള്ള വികസനമാണ് ഇന്ന് ലോകത്ത് നടക്കുന്നത്. ഈ വികസനമാണ് ആഗോളതാപനത്തിന് വരെ കാരണമാകുന്നത് - അദ്ദേഹം പറഞ്ഞു.
പ്രകൃതി സംരക്ഷണം നടപ്പാക്കാന്‍ മുസ്‌ലിംലീഗ് ആത്മാര്‍ത്ഥമായി ശ്രമിക്കുമെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. മറുതലക്കല്‍ ആരായാലും ആരില്‍ നിന്ന് എതിര്‍പ്പുണ്ടായാലും പരിപാലനം ശക്തമായി നിര്‍വഹിക്കും. ഇതിന് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കും. പരിസ്ഥിതി സംരക്ഷണം കാലം ആവശ്യപ്പെടുന്ന പ്രധാന കാര്യമായി മാറിയിരിക്കുന്നു. ഒരിറ്റ് ദാഹജലത്തിന് വേണ്ടി മനുഷ്യന്‍ കേഴുന്ന അവസ്ഥയിലേക്ക് എത്തിപ്പെട്ടതിന്റെ കാരണം പ്രകൃതിക്കെതിരെ നടത്തിയ ചൂഷണം തന്നെയാണ്. പ്രപഞ്ചത്തിന്റെ സന്തുലിതാവസ്ഥയാണ് പ്രകൃതിനാശത്തിലൂടെ തകരുന്നത്.
ഭൂമിയില്‍നിന്ന് മനുഷ്യന്‍ ഇല്ലാതായാല്‍ പ്രകൃതിയെ ബാധിക്കില്ലെന്നും എന്നാല്‍ ജീവജാലങ്ങള്‍ ഇല്ലാതായാല്‍ മനുഷ്യനെയാണ് ഏറെ ബാധിക്കുകയെന്നും സിപിഎം നേതാവ് പ്രഫ. സി. രവീന്ദ്രനാഥ് എംഎല്‍എ പറഞ്ഞു. പ്രകൃതിയെ സംരക്ഷിക്കേണ്ട ബാധ്യത ഓരോരുത്തരും നിര്‍വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വയലും നീര്‍ത്തടവും നികത്തുന്നവര്‍ക്കെതിരെ ഒത്താശചെയ്യരുതെന്ന് വി.ടി. ബല്‍റാം എംഎല്‍എ പറഞ്ഞു. മണ്ണും മണലും കടത്തുന്ന വാഹനങ്ങള്‍ വിട്ടുകൊടുക്കാന്‍ പറയരുത്. ഒരേക്കര്‍ കൃഷിയിടത്തിന് പരിസ്ഥിതിക്ക് നല്‍കുന്നത് അമ്പത് ലക്ഷത്തിന്റെ മൂല്യമാണ്. കൃഷിഭൂമി നികത്തുന്നതിലൂടെ ഈ മൂല്യമാണ് നഷ്ടമാകുന്നത്, അദ്ദേഹം പറഞ്ഞു.
ലോകം നേരിടുന്ന വന്‍ പ്രതിസന്ധി പ്രകൃതി നാശമാണെന്ന് റഹ്മത്തുല്ല ഖാസിമി മൂത്തേടം പറഞ്ഞു. പ്രകൃതിയെയും ജലത്തെയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഖുര്‍ആനിലുടനീളം പറയുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രകൃതിയെ വീണ്ടെടുക്കാന്‍ എല്ലാവരും രംഗത്തിറങ്ങണമെന്നും പ്രകൃതിക്കെതിരെ കൈവെക്കുന്നതിലൂടെ സ്വയം മുറിവേല്‍പ്പിക്കുന്നതായും കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍ പറഞ്ഞു.
പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ നാം ഇനിയും അലംഭാവം കാണിച്ചാല്‍ ഭൂമിതന്നെ നിലനില്‍ക്കുമോ എന്ന ഗുരുതരമായ ആശങ്കയിലാണ് ലോകമെന്ന് സംഗമം ഉണര്‍ത്തി.
നന്മയുടെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് മറ്റുള്ളവര്‍ക്കെന്നും മാതൃകയാകാന്‍ ശ്രമിച്ച് വന്നിട്ടുള്ള മുസ്‌ലിംലീഗ് കാലഘട്ടത്തിന്റെ ഈ ആവശ്യം ഏറ്റെടുക്കുന്നതിനെ എല്ലാവരും അഭിനന്ദിച്ചു. പ്രകൃതിയും മനുഷ്യനും ഒരു സഹജീവനമാര്‍ഗ്ഗം സ്വീകരിച്ച് മുന്നോട്ട് പോകണമെന്ന സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയുടെ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട നയം വ്യക്തമാക്കുന്ന രേഖ മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പാര്‍ട്ടി പ്രാദേശിക നേതാക്കള്‍ക്കും പ്രാദേശിക ഭരണകര്‍ത്താക്കള്‍ക്കും ഇത്‌സംബന്ധിച്ച അവബോധം നല്‍കുന്നതിനുള്ള പരിപാടികള്‍ സംസ്ഥാനവ്യാപകമായി നടന്നുവരികയാണെന്ന് നേതാക്കള്‍ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ